സബെല്‍ ഓര്‍മ്മയായത് ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന്; ഭര്‍ത്താവ് ഫെലിക്‌സ് ആറു നാള്‍ കഴിഞ്ഞ് ഫെബ്രുവരി 18 നും. തുടര്‍ച്ചയായ രണ്ട് മരണങ്ങളും  നല്‍കിയ ആഘാതത്തില്‍ നിന്ന് പതുക്കെ കരകയറുന്നതേയുള്ളൂ കെ.എസ് സേതുമാധവന്‍. ``സിനിമയേക്കാള്‍ നാടകീയത നിറഞ്ഞതാവും ചിലപ്പോള്‍ ജീവിതമുഹൂര്‍ത്തങ്ങള്‍ എന്ന് നമ്മെ മനസ്സിലാക്കിത്തരുക ഇത്തരം അനുഭവങ്ങളാണ്. ഒരൊറ്റ ഉയിരും ഉടലുമായി ജീവിച്ചവര്‍ മരണത്തിലും ഒന്നിക്കണമെന്നത് ഈശ്വര നിയോഗമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?'' -ഒട്ടനവധി സാഹിത്യ കൃതികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളിലൂടെ മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട സംവിധായകന്‍ വികാരാധീനനാകുന്നു. 

കെ.ടി മുഹമ്മദ് തിരക്കഥയും സംഭാഷണവുമെഴുതി സേതുമാധവന്‍ സംവിധാനം ചെയ്ത കല്‍പ്പന (1970) എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു ഫെലിക്‌സ് ഫെര്‍ണാണ്ടസ് എന്ന ``ശെല്‍വന്‍''. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിനപ്പുറത്ത് ഗാഢമായ ഒരു ആത്മബന്ധം കാത്തുസൂക്ഷിച്ചു ഇരുവരും; കാലത്തിനതീതമായി വളര്‍ന്ന അപൂര്‍വ സൗഹൃദം. ``കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഫെലിക്സും ഭാര്യയും ആശംസ നേരാത്ത ഒരു പുതുവര്‍ഷപ്പുലരി പോലും ഉണ്ടായിട്ടില്ല എന്റെ ജീവിതത്തില്‍. ന്യൂ ഇയറിന് മാത്രമല്ല ഓണത്തിനും വിഷുവിനും  വിവാഹ വാര്‍ഷികത്തിനുമെല്ലാം മുടങ്ങാതെ ഇരുവരും ഫോണില്‍ വിളിക്കും. അങ്ങോട്ടും അതുപോലെ തന്നെ.''  താന്‍ നിര്‍മ്മിച്ച  ഒരേയൊരു പടത്തിന്റെ സംവിധായകനെ ഇത്രകാലവും ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടക്കാന്‍ ഫെലിക്‌സിനെ പ്രേരിപ്പിച്ചതെന്താവാം? ``അറിയില്ല. ചിലപ്പോള്‍ ഞങ്ങളുടെ സ്വഭാവ വിശേഷങ്ങളിലെ പൊരുത്തം കൊണ്ടാകാം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലല്ലോ..'' സ്വന്തം സിനിമകളുടെ നിര്‍മ്മാതാക്കളില്‍ അധികം പേരുമായി ഇത്ര സുദീര്‍ഘമായ കുടുംബബന്ധം കാത്തുസൂക്ഷിച്ചിട്ടുണ്ടാവില്ല സേതുമാധവന്‍.

അവസാനമായി ഫെലിക്സും ഭാര്യയും സേതുമാധവനെ വിളിച്ചത് കഴിഞ്ഞ ഫെബ്രുവരി 11 നാണ്. പ്രിയസുഹൃത്തിന് വിവാഹ വാര്‍ഷികാശംസകള്‍ നേരാന്‍.  പതിവുപോലെ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് സന്തോഷപൂര്‍വമാണ് സുഹൃത്തുക്കള്‍ സംസാരിച്ചു ഫോണ്‍ വെച്ചത്.``പിറ്റേന്ന് കാലത്ത് മകന്‍ വിതുമ്പിക്കൊണ്ട് എന്നെ വിളിച്ചു, അങ്കിള്‍, അമ്മ പോയി എന്ന് പറയാന്‍. ഹൃദയസ്തംഭനമായിരുന്നു. ആ വാര്‍ത്ത കേട്ട് തരിച്ചിരുന്നു ഞാന്‍. എണ്‍പത്തൊന്നാം വയസ്സില്‍ ഫെലിക്‌സ് ഒറ്റയ്ക്കായിപ്പോയി എന്ന സത്യം ഉള്‍ക്കൊള്ളാനായില്ല എനിക്ക്.''- സേതുമാധവന്‍ പറഞ്ഞു. കന്യാകുമാരി ജില്ലയിലെ വില്ലുകുരിയില്‍ വെച്ച് 14 നായിരുന്നു ഇസബെല്ലിന്റെ സംസ്‌കാര ചടങ്ങുകള്‍. അഞ്ചേ അഞ്ചു ദിവസങ്ങള്‍ക്കകം മകന്‍ വീണ്ടും വിളിക്കുന്നു; ഇത്തവണ അച്ഛന്റെ വിയോഗ വാര്‍ത്ത അറിയിക്കാന്‍. ഒരാഴ്ചയുടെ ഇടവേളയില്‍ വേദനാജനകമായ രണ്ട് വിയോഗങ്ങള്‍.

ഒരു പാട് ഓര്‍മ്മകള്‍ വന്ന് മനസ്സിനെ മൂടിയ നിമിഷങ്ങളായിരുന്നു അവയെന്ന് സേതുമാധവന്‍. `കല്‍പ്പന'യുടെ ചിത്രീകരണവേളയില്‍ ഉണ്ടായ ഒരു സംഭവം മറക്കാനാവില്ല. പ്രേംനസീറും ഷീലയും കാറില്‍ പോകുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യണം. നസീര്‍ സ്ഥലത്തില്ല. ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാന്‍  തീരുമാനിച്ചപ്പോള്‍ ഫെലിക്‌സിന്റെ രൂപമാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്. ഡ്യൂപ്പ് ആയി അഭിനയിക്കാന്‍ ഫെലിക്‌സിനും സമ്മതം. അങ്ങനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഫെലിക്‌സ് ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഇനിയാണ് ആന്റി ക്‌ളൈമാക്‌സ്. ``മൂന്നു നാലു ദിവസം കഴിഞ്ഞൊരു നാള്‍ അതികാലത്ത് ഫെലിക്‌സ് ടി നഗറിലുള്ള എന്റെ വീടിന്റെ വാതിലില്‍ മുട്ടുന്നു. സാന്റോ ബനിയനും കൈലിയുമാണ് വേഷം. കിടക്കയില്‍ നിന്ന് എണീറ്റ് നേരെ  ഓടിവരികയാണ്. പ്രശ്‌നം എന്തെന്ന് ആരാഞ്ഞപ്പോള്‍  കിതച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ``എനിക്ക് സേതുവിന്റെ   അമ്മയെ ഇപ്പോള്‍ തന്നെ കാണണം.'' അമ്മ മുന്നിലെത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് ഫെലിക്‌സ് പറഞ്ഞുതുടങ്ങി:  ``എന്നെ രക്ഷിക്കണം. ഭാര്യയുടെ ഉപദ്രവം സഹിക്കാതെ ഓടിവന്നതാണ്. ഏതോ നടിയുടെ  കൂടെ ഞാന്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചുവെന്ന് വിരോധികളാരോ അവളോട് പറഞ്ഞു കൊടുത്തിരിക്കുന്നു. എനിക്ക് സിനിമയില്‍ ആരുമായോ അവിഹിതബന്ധം ഉണ്ടെന്നാണ് ഇസബെല്‍ പറയുന്നത്. ആത്മഹത്യ ചെയ്യാന്‍ പോകയാണത്രെ. എത്ര പറഞ്ഞിട്ടും അവള്‍ വഴങ്ങുന്നില്ല. രാത്രി മുഴുവന്‍ ശകാരം കേട്ടു. ഇനി വയ്യ. രക്ഷിക്കണം.''

sethumadhavan
സേതുമാധവന്‍

ചിരിക്കണോ കരയണോ എന്നറിയാതെ അമ്പരന്നു നിന്നു സേതുമാധവനും അമ്മയും. ``ഇസബെല്ലിനെ കുറ്റം പറഞ്ഞുകൂടാ. നിഷ്‌കളങ്കയായതുകൊണ്ടാണല്ലോ ഇങ്ങനെയൊരു സംശയം അവര്‍ക്കുണ്ടായത്.  പിന്നെ സംശയിച്ചില്ല. അമ്മ നേരെ ഫെലിക്‌സിന്റെ വീട്ടില്‍ ചെന്ന്  ഇസബെല്ലിനെ വിളിച്ചു ദീര്‍ഘമായി സംസാരിച്ചു. സ്വന്തം മകളെയെന്നപോലെ ഉപദേശിച്ചു.  ഇസബെലിന് ഭര്‍ത്താവിന്റെ ആത്മാര്‍ത്ഥതയെ കുറിച്ചുള്ള സംശയങ്ങളെല്ലാം അതോടെ നീങ്ങി. ഫെലിക്സും ഇസബെലും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകാനും അത് സഹായകമായി. ഞങ്ങളുടെ കുടുംബങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തമായതും അതിനു ശേഷമാണ്.'' ഫെലിക്‌സിന്റെ മക്കളായ കിഷോറും ശര്‍മ്മിളയും  സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണ് സേതുമാധവനും ഭാര്യക്കും. 

നാഗര്‍കോവില്‍ സ്വദേശികളായ ഫെലിക്സും ഇസബെലും വിവാഹിതരായ ശേഷം 1960 കളുടെ അവസാനമാണ് ചെന്നൈയില്‍ എത്തുന്നത്. സുഹൃത്തായ ആന്റണി വഴി സേതുമാധവനെ പരിചയപ്പെടുന്നു അവര്‍. സിനിമാ നിര്‍മ്മാണം എന്ന ആശയം മുന്നോട്ടുവെച്ചതും ആന്റണി വഴി തന്നെ. സത്യന്‍, നസീര്‍, ഷീല, അടൂര്‍ ഭാസി തുടങ്ങി അന്നത്തെ പ്രമുഖ താരങ്ങള്‍ എല്ലാം അണിനിരന്ന `കല്‍പ്പന' ബോക്സാഫീസില്‍ ശരാശരി വിജയമായിരുന്നു. ``ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു കാറിന്റെ ഉടമയാകുന്നത് ആ സിനിമക്ക് ശേഷമാണ്.'' സേതുമാധവന്റെ ഓര്‍മ്മ. ``സന്തോഷ സൂചകമായി ഫെലിക്‌സ് വാങ്ങിത്തന്ന ആ അംബാസഡര്‍ കാറില്‍ എം ജി ആര്‍ ഉള്‍പ്പെടെയുള്ള എത്രയോ മഹാരഥന്മാര്‍ക്കൊപ്പം ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്നിപ്പോള്‍ എല്ലാം ഓര്‍മ്മ മാത്രം. സ്നേഹനിര്‍ഭരമായ ഒരു സിനിമാക്കാലത്തിന്റെ ഓര്‍മ്മ...''

Content Highlights: felix fernandes selvan kalpana movie wife esabel prem nazir movie director sethumadhavan flash back malayalam cinema