മോഹൻലാലിന്റെ ഒടിയൻ തിയ്യറ്ററുകളിൽ ആളെ കൂട്ടിയാലും ഇല്ലെങ്കിലും തൃത്താലയിലെ എഴുത്തുകാരൻ ആര്യൻ ടി കണ്ണനൂരിന്റെ മനസ്സിൽ നിറഞ്ഞോടുന്നുണ്ട് ഒരുപാട് ഒടിയൻ കഥകൾ. സിനിമാലോകത്തും സാമൂഹിക മാധ്യമങ്ങളിലും ഒടിയൻ ചർച്ചകൾ  പൊടിപൊടിക്കുമ്പോൾ തൃത്താലയുടെ പുരാവൃത്തങ്ങളിൽ പൊടിപിടിച്ചു കിടന്ന പഴയകാല ഒടിയൻ കഥകൾ വീണ്ടും തട്ടിക്കുടഞ്ഞെടുക്കുകയാണ് ആര്യൻ ടി കണ്ണനൂർ.

തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിക്ക് സമീപമുള്ള 'ഒടിയന്‍പടി'ക്ക് ആ പേര് കിട്ടിയത് തന്നെ ഓടിയന്മാരില്‍ നിന്നാണ്.  തോട്ടപ്പായ എന്നറിയപ്പെട്ടിരുന്ന ഈ  പ്രദേശത്ത്  ഏകദേശം നാല്പതു വര്‍ഷം മുന്‍പ് ഒരു ഒടിയനെ  നാട്ടുകാര്‍ പിടികൂടുകയും കെട്ടിയിടുകയും ചെയ്തതിനെത്തുടര്‍ന്നാണ്  ഈ പേര് ലഭിക്കുന്നത്. എന്നാല്‍ കഥയ്ക്ക് രണ്ടു പക്ഷമുണ്ട്. പിടിച്ചത് യഥാര്‍ഥ ഓടിയനെതന്നെയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ രാത്രിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടയാളിനെ പിടികൂടിയത് ഒടിയനാണെന്ന രീതിയില്‍ കഥകള്‍ പ്രചരിച്ചതാണെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.

ഇതിനു പുറമെ വേറെ ചിലതു കൂടിയുണ്ട് ഒടിയന്‍പടിക്ക് പറയാന്‍. ഇരുട്ടില്‍  മറ്റാരും കാണാത്ത ഒടിയന്റെ പിന്നാലെ വാളെടുത്തു ഉറഞ്ഞു തുള്ളി ഓടിയിരുന്ന  കോച്ചി എന്ന അമ്മൂമ്മയാണ് അതിലൊന്ന്. അമ്മൂമ്മയുടെ ഭര്‍ത്താവിന്റെ  സഹോദരങ്ങള്‍ മന്ത്രവാദികളായിരുന്നു. ഒടിവിദ്യ പറ്റിയവരെ മറു വിദ്യയിലൂടെ ഭേദമാക്കിയ കഥകളൊക്ക അമ്മൂമ്മക്കിപ്പോഴും ഓര്‍മയുണ്ട്. കരിങ്കുട്ടി, പറക്കുട്ടി  തുടങ്ങിയ  ദേവതകളെ കുടിയിരുത്തിയ മണ്ഡപം  ഇവരുടെ പൊറ്റെക്കാട് തറവാട്ടിലിപ്പോഴുമുണ്ട്.  എഴുത്തുകാരന്‍ ആര്യന്‍ ടി.കണ്ണനൂരിന്റെ ബാല്യകാല ഓര്‍മകളില്‍ നിറയെ ഒടിയനെക്കുറിച്ചുള്ള കഥകളാണ്. മാഷിന്റെ തറവാടായ കണ്ണനൂരിലെ തൃക്കഴിപ്പുറത്ത്  മനയുടെ പരിസരത്തുള്ള മുടവന്നൂര്‍ കുന്നിന്‍ ചരിവുകള്‍ പണ്ട് കാലത്ത് ഒടിയന്മാരുടെ   കേന്ദ്രമായിരുന്നു.

x
ഒടിയന്‍ പടിയിലെ കോച്ചിയമ്മൂമ്മ

കാളയായും മുള കൊണ്ടുള്ള പടിയായും പാമ്പായുമെല്ലാം പ്രത്യക്ഷപ്പെട്ടിരുന്ന ഓടിയന്മാര്‍. രാത്രിയില്‍ ഗര്‍ഭിണികളെ ആകര്‍ഷിച്ച് വീടിനു പുറത്തെത്തിച്ച് ഗര്‍ഭ നീരൂറ്റിയെടുത്തു ഇടത്തേ ചെവിയില്‍ പുരട്ടുന്നതും ഇരുട്ടിന്റെ മറവില്‍ ഇരയുടെ കഴുത്തില്‍ ഓടിക്കോലു കൊണ്ടമര്‍ത്തി പ്രധാന ഞരമ്പ് ഞെരിച്ചു കൊല്ലുന്നതും കുന്നിന്‍ മുകളിലെ അലര്‍ച്ചകളും അവിടെ നിന്ന്  അതിവേഗം ഉരുണ്ടുണ്ടുരുള്ള വരവും എല്ലാം അതിലുണ്ട്. രൂപത്തിലെ അപൂര്‍ണതയാണ് ഒടിയനെ തിരിച്ചറിയാനുള്ള മാര്‍ഗം. കാളയാണെങ്കില്‍ മൂന്നു കാല്, പടിയാണെങ്കില്‍ മൂന്നു പടി എന്നിങ്ങനെ.

തൃത്താല മേഖലയിലെ ഒരു പ്രധാന ഒടിയനായിരുന്നു കോട്ടപ്പറമ്പില്‍ അയ്യപ്പന്‍. കാലമാപിനി എന്ന നോവലിലെ ഒരധ്യായത്തില്‍ ഒടിയനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും ആ അദ്ധ്യായം അവസാന നിമിഷം ഒഴിവാക്കി. അതിലെ ഒരു കഥ ഇങ്ങനെയാണ്: കണ്ണനൂര്‍ ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ഒരിക്കല്‍ രാത്രിയില്‍ ശാന്തി കഴിഞ്ഞ് വരുമ്പോള്‍ ക്ഷേത്രത്തിനു സമീപമുള്ള  ഇടവഴയില്‍  ഒരു മുള കൊണ്ടുള്ള പടി കണ്ടു. അങ്ങോട്ട് പോകുമ്പോള്‍ അതവിടെ ഉണ്ടായിരുന്നില്ല. കാര്യം മനസ്സിലായ പൂജാരി കൈയിലെ താക്കോല്‍ക്കൂട്ടം ഒടിയനു നേരെ എറിഞ്ഞു. അപ്പോള്‍ പടിയുടെ സ്ഥാനത്ത് യഥാര്‍ഥ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

d

ശാന്തിക്കാരന്‍ ഒടിയനെ കണ്ടുവെന്ന് പറയുന്ന കണ്ണനൂര്‍ ക്ഷേത്രത്തിലേക്കുള്ള വഴി. പിന്നില്‍ ക്ഷേത്രം കാണാം

കല്ലടിക്കോടന്‍ മല നിരകളില്‍ 41 ദിവസം വ്രതമെടുത്താണ് ഒടിയന്മാര്‍ സിദ്ധി നേടിയിരുന്നത്. 'ഒറ്റമുലച്ചി'എന്ന ദേവതയെയാണിവര്‍ ഉപാസിക്കുന്നത്. ഒടിവിദ്യക്ക് ശേഷം സ്വന്തം വീടിനു ചുറ്റും ഇവരോടും. ഭാര്യ ചൂടുവെള്ളം ദേഹത്തൊഴിച്ചാലേ പഴയ രൂപം ലഭിക്കുകയുള്ളൂ. ഇത്തരത്തില്‍ വെള്ളമൊഴിക്കാന്‍ വൈകിയതിനാല്‍ സ്വന്തം ഭാര്യയെ കൊന്ന ഒടിയന്റെ കഥയും പ്രശസ്തമാണ്. 

സവര്‍ണരുടെ തോട്ടം കാവല്‍ക്കാരായിരുന്നു ഒടിയന്‍മാരില്‍ മിക്കവരും. കുടിപ്പക തീര്‍ക്കാനും മറ്റുമാണ് ഇവരെ പലപ്പോഴും ഉപയോഗിച്ചിരുന്നത്. മാഷിന്റെ അഭിപ്രായത്തില്‍ കടുത്ത ജാതീയതയുടെ ഉല്‍പ്പന്നങ്ങളാണ് ഒടിയന്മാര്‍. സവര്‍ണരില്‍ നിന്നും നാലു കണ്ടം അകലെ നില്‍ക്കാന്‍ മാത്രം അര്‍ഹതയുണ്ടായിരുന്ന പറയ സമുദായത്തില്‍ നിന്നുള്ളവരാണ് ഓടിയന്മാരില്‍ അധികവുമുള്ളത്‌. സ്വന്തം സ്ഥലത്ത് മൃതദേഹം അടക്കാന്‍ പോലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. മുറ്റം വരെ പ്രവേശനമുണ്ടായിരുന്ന പാണ സമുദായക്കാരില്‍ ഒടിയന്മാര്‍ താരതമ്യേന കുറവാണ്. 'അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്' ഒടിയനെ  ഒറ്റവാക്കില്‍  വിശേഷിപ്പിക്കാവുന്നതാണ്.

Content Highlights: Feature about odiyan, myth of odiyan, malayalam movie odiyan, mohanlal, sreekumar menon, manju warrior