അഞ്ജന ജയപ്രകാശ് | ഫോട്ടോ: രാഹുൽ ജി ആർ
'പാച്ചുവും അത്ഭുത വിളക്കും' എന്ന അഖിൽ സത്യൻ ചിത്രത്തിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുകയാണ് നടി അഞ്ജന ജയപ്രകാശ്. കോളേജ് കാലയളവിൽ ഷോർട്ട് ഫിലിമുകളിലൂടെയാണ് അഞ്ജന അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മോഡലിങ്, ഷോർട്ട്ഫിലിമുകൾ, വെബ്സീരിസുകൾ എന്നിവയിലൂടെ അഞ്ജന തന്റെ സാന്നിധ്യം അറിയിച്ചു. തമിഴിൽ ജയലളിതയുടെ ജീവിത കഥ പറഞ്ഞ 'ക്വീൻ' എന്ന വെബ്സീരിസിലൂടെയാണ് അഞ്ജന ശ്രദ്ധ നേടിയത്. 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിൽ ഹംസധ്വനിയെന്ന കഥാപാത്രമായി മലയാളികളുടെ മനസിൽ ചേക്കേറുകയാണ് താരം. അഞ്ജന ജയപ്രകാശ് തന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനൊപ്പം പങ്കുവെക്കുന്നു.
ഹംസധ്വനിയായി അഞ്ജന
അഖിൽ സത്യൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. മുകേഷ്, ഇന്നസെന്റ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. ഹംസധ്വനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫഹദ് അവതരിപ്പിക്കുന്ന പാച്ചുവിന്റെ നായികയായിട്ടാണ് ഹംസധ്വനി എത്തുന്നത്. പാച്ചു എന്ന കഥാപാത്രത്തിനാണ് സ്ക്രീൻ സ്പേസ് കൂടുതൽ കിട്ടുന്നത്. ഇടയ്ക്കേ വരുന്നുള്ളൂവെങ്കിലും കഥയിൽ നല്ലൊരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്ന തരം കഥാപാത്രമാണ് ഹംസധ്വനിയുടേത്.
ഇടവേളക്ക് ശേഷം ഫഹദ്
ഇന്റൻസീവ് ആയിട്ടുള്ള നിരവധി കഥാപാത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ ജോളി ആയിട്ടുള്ള നായകനായി എത്തുകയാണ് പാച്ചുവും അത്ഭുത വിളക്കിലൂടെ. അതുകൊണ്ടുതന്നെ ഫഹദിനൊപ്പം നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. ആക്ഷൻ പറയുന്നത് വരെ മാത്രമേയുള്ളൂ ഫഹദ് എന്ന സ്റ്റാർ. ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹം പാച്ചുവായി മാറും. പിന്നെ നമ്മൾ പാച്ചുവിനോട് സംസാരിക്കുന്ന പോലെയാണ്. നല്ലൊരു അനുഭവമായിരുന്നു അദ്ദേഹത്തോടൊപ്പം സെറ്റിലുണ്ടായിരുന്നത്. മുംബെെയിൽ നിന്നാണ് പാച്ചുവിന്റെ കഥ ആരംഭിക്കുന്നത്. പിന്നെ അത് മൂന്നു സിറ്റിയിലൂടെ കടന്നു പോവുകയാണ്. പാച്ചുനൊപ്പം നമ്മൾ സഞ്ചരിക്കുകയാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന എന്തോ ഒന്ന് പാച്ചുവിലുണ്ട്. മുംബൈയിൽ കഥ തുടങ്ങുമ്പോൾ പാച്ചുവിന് കല്യാണം കഴിക്കണമെന്നുണ്ട്. അത് ട്രെയിലറിലും പറയുന്നുണ്ട്. ഭയങ്കര നന്മ നിറഞ്ഞ കഥാപാത്രമോ ദുഷ്ടനോ അല്ല. എല്ലാവരെയും പോലെ ദേഷ്യവും സങ്കടവും എല്ലാം ഉള്ള ഒരു കഥാപാത്രമാണ് പാച്ചുവിന്റേത്.
അഭിനയം തുടങ്ങിയത് കോളേജിൽവെച്ച്
കോയമ്പത്തൂരിലാണ് പഠിച്ചത്. അവിടെയുള്ള സുഹൃത്തുക്കൾ വഴിയാണ് ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത്. അവിടെ നിന്നാണ് ഇതാണ് അഭിനയം എന്നെല്ലാം പഠിച്ചത്. ബിടെക് ഫാഷൻ ടെക്നോളജിയാണ് പഠിച്ചത്. അതിന്റെ ഫെെനലിയർ ആയിരിക്കുമ്പോഴാണ് ആദ്യമായി ഷോർട്ട് ഫിലിമിൽ അഭിനയിച്ചത്. അതിനു മുന്നേ എവിടെയും അഭിനയിച്ചിട്ടില്ല. ചിലരൊക്കെ സ്കൂളിൽ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ടാകും. ഞാൻ അങ്ങനെ പോലും എവിടെയും അഭിനയിച്ചിട്ടില്ല. ധ്രുവങ്ങൾ പതിനാറ് ആണ് എന്റെ ആദ്യത്തെ തമിഴ് സിനിമ. അതിന്റെ സംവിധായകൻ എന്റെ ജൂനിയർ ആയിരുന്നു. അഭിനയം തുടങ്ങുന്നത് കോളേജിൽ നിന്നാണ്.
മോഡലിങ് എളുപ്പമാണ്
മോഡലിങ് എന്നത് കുറച്ചു ജോലിയിൽ പെട്ടെന്ന് പൈസ കിട്ടുന്ന ഷോർട്ട് ഫോർമാറ്റ് ആണ്. ഒരു ദിവസം ഒരു പരസ്യം ചെയ്താൽ അത് കഴിയും. അങ്ങനെ നോക്കുമ്പോൾ മോഡലിങ് ആണ് എളുപ്പം. എന്നാൽ സിനിമയിലോ വെബ് സീരീസിലോ ചെയ്യുന്ന കഥാപാത്രങ്ങൾ ആയിരിക്കും ആൾക്കാർ ഒരുപാട് കാലം ഓർത്തിരിക്കുന്നത്. ഒരു പരസ്യം കണ്ടാൽ ഇന്ന് അത് കാണും നാളെ നമ്മൾ മറക്കും. ക്വീൻ എന്ന വെബ് സീരീസിൽ ജയലളിതയ്ക്ക് വേണ്ടി ചെയ്ത കഥാപാത്രമാണ് ഏറ്റവും പ്രിയപ്പെട്ടത്. ജയലളിതയുടെ ചെറുപ്പകാലത്തെ അഭിനയിച്ചിരിക്കുന്നത് ഞാനാണ്. സ്ത്രീകളടക്കം ഒരുപാട് പേര് അഭിനന്ദനം അറിയിച്ചുകൊണ്ട് വിളിക്കുകയും മെസേജ് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.
സത്യൻ അന്തിക്കാട് ഫ്ലേവേഴ്സ് മകനിലുമുണ്ട്
സത്യൻ അന്തിക്കാട് സാറിനെ അസിസ്റ്റ് ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ അതിന്റെയൊരു എക്സ്പീരിയൻസ് അദ്ദേഹത്തിനുണ്ട്. ഷെഡ്യൂളിങ് അടക്കം അതിൽ കാണാനുണ്ടായിരുന്നു. സത്യൻ സാർ സ്കൂൾ ഓഫ് സിനിമയിൽ നിന്നുള്ളയാളല്ലേ...മൂന്ന് സിറ്റികളിൽ വെച്ച് ഷൂട്ടിങ് ചെയ്തതൊക്കെ ആ ഒരു എക്സ്പീരിയൻസ് കൊണ്ട് തന്നെയാണ്. സത്യൻ സാറിന്റെയൊരു ഫ്ലേവേഴ്സൊക്കെ മകനിലും ഉണ്ട്. ന്യൂജനറേഷന്റെ ഒരു ഫ്രഷ്നെസും അദ്ദേഹത്തിനുണ്ട്. പാച്ചുവും സംവിധായകൻ അഖിലും ഒരേ പ്രായത്തിലുള്ള ആൾക്കാരാണ്. അതിന്റെയൊരു ഫ്രഷ്നസ് സിനിമക്കുമുണ്ട്.
ഒരു നെഗറ്റീവ് റോൾ ചെയ്യണം
സിനിമയിലോ വെബ്സീരിസിലോ ഒരു വില്ലൻ ക്യാരക്ടർ ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. അഭിനയിക്കാൻ ഒരുപാട് പോസിബിലിറ്റീസ് ഉള്ളതാണ് വില്ലൻ കഥാപാത്രങ്ങൾക്ക്. ഫീമെയിൽ നെഗറ്റീവ് ക്യാരക്ടറിന് കഥയിലും ക്യാരക്ടറിലും കുറേ ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. ഓരോ നെഗറ്റീവ് കഥാപാത്രങ്ങൾക്കും ഓരോ ഷേഡ് ആണ്. അത് തിരിച്ചറിയാനും അത് ചെയ്യാനും കഴിയണമെന്നത് വലിയ ആഗ്രഹമാണ്.
Content Highlights: fahad fazil movie pachuvum athbutha vilakkum heroin anjana jayaprakash interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..