-
സിനിമയിലെ ചില രംഗങ്ങളിലെ മൈന്യൂട്ട് ഡീറ്റെയ്‌ലിങ് ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ലെന്നും വന്നു വീഴുന്നതാണെന്നും നടന്‍ ഫഹദ് ഫാസില്‍. ഫെബ്രുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ശരീരഭാഷയ്ക്കപ്പുറം ഓരോ കഥാപാത്രത്തിന്റെയും മാനസികാവസ്ഥയിലേക്ക് എത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഫഹദ്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ കഥാപാത്രം ഷമ്മിയുടെ ചില മാനറിസങ്ങള്‍ ഉദാഹരണമാക്കിയാണ് ഫഹദ് മറുപടി നല്‍കിയത്.
' ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാല്‍ തന്നെ അത്യാവശ്യം വലിയ അടുക്കളായിരുന്നു അന്ന് വീട്ടില്‍. അടുക്കളയില്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. ഞാന്‍ ബോര്‍ഡിങ് സ്‌കൂളില് പഠിക്കുന്നതിനാല്‍ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാല്‍ അടുക്കളയില്‍ പുരുഷന്മാര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്തോ അറപ്പ് തോന്നും. അത് കാണുമ്പോള്‍ ഞാന്‍ വളരെ അണ്‍കംഫേര്‍ട്ടബിളാകും. എന്തിനാണ് അവര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നതെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല.
കുമ്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടെന്നൊന്നും എനിക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നില്ല. കാരണം ശ്യാമുമായി വര്‍ക്ക് ചെയ്യുമ്പോള്‍ അതത് ദിവസം ഷൂട്ടില്‍ മാത്രമേ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഒരുദിവസം ഷൂട്ട് ചെയ്തത് കണ്ടുകഴിഞ്ഞിട്ടാണ് അടുത്ത ദിവസം എങ്ങനെ വേണമെന്ന് പദ്ധതി തയ്യാറാക്കുക. അങ്ങനെ ശ്യാം ഒരുദിവസം എന്നോട് പറഞ്ഞു 'രണ്ട് സഹോദരിന്മാര് അവരുടെ സ്വകാര്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്. നിങ്ങള് എന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചേദിക്കുന്നത്.' ആ സീന്‍ ഒരു രസമുള്ള സംഭവമായി എനിക്ക് തോന്നി.
അങ്ങനെ ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസ്സിലായില്ല. എന്നാലും ഞാന്‍ ഷര്‍ട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ പണ്ട് വീട്ടിലെ അടുക്കളയില്‍ എനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍ പറ്റി. അതുകൊണ്ട് അടുത്ത ടേക്കില്‍ എനിക്ക് നന്നായി തന്നെ ആ രംഗം അഭിനയിക്കാനായി.
ഇങ്ങനെ ചില രംഗങ്ങളിലെയും മൈന്യൂട്ട് ഡീറ്റെയ്‌ലിങ് ചിലപ്പോള്‍ നമ്മള്‍ പോലും വിചാരിക്കാതെ വന്നുവീഴുന്നതാണ്. അല്ലാതെ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല. ചിലപ്പോള്‍ സെറ്റിലെ ആരെങ്കിലും ഒരാളുടെ തലയിലാണ് ഇത്തരം ആശയം ഉദിക്കുക. അവരത് പറയുമ്പോള്‍ നമുക്ക് പെട്ടെന്ന് ക്യാച്ച് ചെയ്യാനാകും.'ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.
Content Highlights : Fahad Faazil Interview For Mathrubhumi Star And Style Fahad About cinema And Life


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..