ഫോട്ടോ: ബി. മുരളീകൃഷ്ണൻ
മലയാളസിനിമയിലെ പോയ ദശാബ്ദത്തിന്റെ നടന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ഫഹദ് ഫാസില്‍. സൂക്ഷ്മാഭിനയംകൊണ്ട് അഭിനയത്തിന്റെ കാമ്പ് മലയാളിക്ക് കാണിച്ചുകൊടുക്കുകയാണ് ഫഹദ്. മഹേഷ് ഭാവന, അയ്മനം സിദ്ധാര്‍ഥന്‍, അലോഷി, തൊണ്ടിമുതലിലെ കള്ളന്‍, ഷമ്മി... അങ്ങനെ അഭിനയിച്ച ഓരോ കഥാപാത്രവും ചരിത്രത്തിലെ അടയാളപ്പെടുത്തലുകളായി. കള്ളനായിട്ടാണ് ഫഹദ് വരുന്നതെങ്കില്‍ തനി കള്ളനാകും, ചുള്ളനായിട്ടാണ് വരുന്നതെങ്കിലോ തനി ചുള്ളനും. ആദ്യ വരവില്‍ നിലംപൊത്തിവീണ ഷാനു രണ്ടാംവരവില്‍ ഫഹദ് ഫാസിലായി ഫിനീക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്നു. ട്രാന്‍സ്, മാലിക് തുടങ്ങി പുതിയ അഭിനയദൂരങ്ങള്‍ തേടുന്ന ഫഹദ് ഫാസില്‍ ജീവിതത്തെയും സിനിമയെയും കുറിച്ച് മനസ്സുതുറക്കുന്നു.
ഫഹദ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്. ഈ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാവുമെന്ന് തോന്നുന്നു?
ഒരു അഭിനേതാവ് എത്ര വിഷമിച്ചാണ് ഒരു സിനിമ ചെയ്യുന്നത് എന്നത് സിനിമ കാണുന്ന സമയത്ത് പ്രേക്ഷകന്‍ ചിന്തിക്കണമെന്നില്ല. ചെയ്ത എല്ലാ കഥാപാത്രങ്ങളും ഓരോ വെല്ലുവിളിയായാണ് അനുഭവപ്പെട്ടിട്ടുള്ളത്. അനായാസമായി അഭിനയിക്കുക എന്നൊക്കെ വെറുതെ പറയുന്നതാണെന്ന് തോന്നുന്നു. അഭിനേതാവായി ജനിച്ചുവീണ ആളൊന്നുമല്ല ഞാന്‍. അഭിനയത്തിനുപിന്നില്‍ നല്ല പരിശ്രമം ആവശ്യമാണ്. ചെയ്യുന്ന ഓരോ കഥാപാത്രവും വ്യത്യസ്തമാകാന്‍ പരിശ്രമിക്കാറുണ്ട്. ചെറിയ ശതമാനമെങ്കിലും അത്തരം ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ട്രാന്‍സിലെ കഥാപാത്രം പ്രത്യക്ഷത്തില്‍തന്നെ ഏറെ വ്യത്യസ്തമായ ഒന്നാണ്. ഞാന്‍ ഇതിനുമുന്‍പ് ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. അത് എത്രമാത്രം വിജയിച്ചെന്ന് പറയേണ്ടത് പ്രേക്ഷകരാണ്.
ഫഹദ് സമീപകാലത്ത് ചെയ്ത കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും വിചിത്രമായ ആന്തരികലോകമുള്ളവയാണ്. കുമ്പളങ്ങി നൈറ്റ്സും അതിരനുമെല്ലാം ഉദാഹരണം. എന്താണ് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍തിരഞ്ഞെടുക്കാനുള്ള കാരണം?
വരത്തന്‍, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്സ്, അതിരന്‍-സമീപകാലത്ത് ചെയ്ത നാല് ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഭിന്നമായ മാനസികാവസ്ഥയിലുള്ളവരാണ്. ഇതില്‍ അതിരനില്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ജോണറാണ് പരീക്ഷിച്ചത്. സൈക്കോട്ടിക്ക് ത്രില്ലറൊന്നും അതുവരെ കരിയറില്‍ ഞാന്‍ ചെയ്തിരുന്നില്ല. ബാക്കി മൂന്ന് സിനിമകളും വളരെ പൊളിറ്റിക്കലാണ്. അതിനുമുന്‍പ് വന്ന കാര്‍ബണും തൊണ്ടിമുതലും ദൃക്സാക്ഷിയും എല്ലാം നന്നായി പൊളിറ്റിക്സ് സംസാരിക്കുന്നുണ്ട്.
വളരെ നോര്‍മലായ ആളെ അബ്നോര്‍മലായ സിറ്റുവേഷനില്‍ എത്തിക്കുക, അല്ലെങ്കില്‍ അബ്നോര്‍മലായ ഒരാളെ നോര്‍മലായ സ്ഥലത്ത് എത്തിക്കുക... ഇങ്ങനെയൊക്കെയേ എനിക്ക് ഒരു കഥാപാത്രത്തെ സമീപിക്കാന്‍ പറ്റൂ. കുമ്പളങ്ങി നൈറ്റ്സില്‍ വളരെ നോര്‍മലായ സ്ഥലത്തേക്ക് അബ്നോര്‍മലായ ഷമ്മി എന്നൊരാള്‍ വരുന്നതാണ്. തൊണ്ടിമുതലില്‍ ഒരു തിരിച്ചറിയല്‍കാര്‍ഡുപോലുമില്ലാത്ത കഥാപാത്രം മോഷണം നടത്തിയിട്ട് അതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. വളരെ പൊളിറ്റിക്കലായാണ് ആ സിനിമ അവതരിപ്പിച്ചത്. എന്റെ സിനിമകളിലെ കഥകള്‍ ഭൂരിഭാഗവും പത്രത്തില്‍ വായിച്ച വാര്‍ത്തപോലെ ആള്‍ക്കാര്‍ക്ക് എളുപ്പത്തില്‍ പറഞ്ഞുകൊടുക്കാനാവുന്നതാണ്. അത്രയ്ക്ക് ലളിതമാണെന്ന് ഞാന്‍ പറയും.
എന്നാല്‍ സ്‌ക്രീനില്‍ അത് ഫലിപ്പിക്കാന്‍ ഏറെ അധ്വാനം വേണമെന്ന് തോന്നിയിട്ടുണ്ട്?
ഇത്തരം കഥകള്‍ തിരഞ്ഞെടുക്കുമ്പോഴുള്ള വെല്ലുവിളിയും അതാണ്. നമ്മള്‍ ജനലിലൂടെ കാഴ്ചകള്‍ കാണുന്ന അത്ര യാഥാര്‍ഥ്യത്തിലായിരിക്കണം അവതരണവും അഭിനയവും. അത്തരമൊരു കാഴ്ച സ്‌ക്രീനില്‍ സൃഷ്ടിക്കുക എന്നതിനനുസരിച്ചിരിക്കും സിനിമയുടെ വിജയം. ഞാന്‍ ഇന്ന് സിനിമയില്‍ ഏറ്റവും ആസ്വദിക്കുന്നതും അതാണ്. ഞാന്‍ വായിച്ചതോ കണ്ടതോ കേട്ടതോ ആയ സംഭവങ്ങള്‍ അതേപടി പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. ശ്യാമിനെപ്പോലുള്ള (ശ്യാംപുഷ്‌കരന്‍) കഥാകൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചുകൂടി എളുപ്പമാകും. പല താളത്തില്‍ ആ സംഭവത്തെ പുനഃസൃഷ്ടിക്കാനാകും. അത്തരം സിനിമകളുടെ വിജയങ്ങള്‍ എന്റേത് മാത്രമായി കാണുന്നില്ല. മറിച്ച് ടീംവര്‍ക്കിന്റേതാണ്.
ട്രാന്‍സിന് പിന്നാലെ വരുന്നത് ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ്. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിനായി ശരീരഭാരം 10 കിലോ കുറച്ചിരുന്നു. അതാണ് പതിവിലധികം ഞാന്‍ മെലിഞ്ഞിരിക്കുന്നത്. അതിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. അടുത്തത് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
കഥാപാത്രത്തിനായി ഹോംവര്‍ക്ക് ചെയ്യാറുണ്ടോ? അല്ല, ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സംഭവിക്കുന്നതാണോ?
അടിസ്ഥാനപരമായി കുറച്ച് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രത്തെക്കുറിച്ച് പറയാം. ട്രാന്‍സ്, മാലിക് തുടങ്ങിയ റിലീസാകാത്ത സിനിമകളെക്കുറിച്ച് പറയാന്‍ ഭയമുണ്ട്. കാരണം പ്രേക്ഷകര്‍ ഞാന്‍ ഇപ്പോള്‍ പറയുന്നത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. കുമ്പളങ്ങിയിലെ ഷമ്മി എന്ന കഥാപാത്രം ബാര്‍ബറാണ്. സ്വന്തം മീശയും താടിയും കട്ട് ചെയ്തിട്ടുണ്ട് എന്നല്ലാതെ ആ ജോലി ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ ഞാന്‍ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ താടി ഷേവ് ചെയ്യുന്നുണ്ട്. നമ്മള്‍ മറ്റൊരാളുടെ മുഖം ഷേവ് ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലും ഭാവമാറ്റങ്ങളുണ്ടാകും. അതിനായി കുറച്ച് മുന്നൊരുക്കങ്ങള്‍ വേണം. ഞാന്‍ കഥാപാത്രത്തിലേക്കും കഥയിലേക്കും എത്താനായി രണ്ടുദിവസംമുന്‍പേ സെറ്റിലെത്തി ആ സ്ഥലം പരിചിതമാക്കും. അല്ലാതെ തലേന്ന് റൂമിലിരുന്ന് എല്ലാം ചെയ്ത് പഠിക്കുന്ന പരിപാടിയൊന്നുമില്ല.
ശരീരഭാഷയ്ക്കപ്പുറം ഓരോ കഥാപാത്രത്തിന്റെയും മാനസികാവസ്ഥയുണ്ടല്ലോ, അതിലേക്ക് എത്തുന്നത് എങ്ങനെയാണ്?
തീര്‍ച്ചയായും, ഓരോ കഥാപാത്രത്തിനും വേണ്ടി വിവിധ തരത്തിലുള്ള ടെക്നിക്കുകള്‍ നമ്മള്‍ ഉപയോഗിക്കുമല്ലോ. അത് ഞാന്‍ മാത്രമല്ല എന്റെ കൂടെ അഭിനയിക്കുന്ന ഓരോ അഭിനേതാക്കളും അവരുടെതായ രീതിയില്‍ അത്തരം ടെക്നിക്കുകള്‍ പ്രയോഗിക്കും. പലപ്പോഴും പോസ്റ്റ് പ്രൊഡക്ഷനില്‍ ഇരിക്കുമ്പോള്‍ ചില സീനുകള്‍ കാണുമ്പോള്‍ അയ്യോ അതല്ലായിരുന്നു അവിടെ ചെയ്യേണ്ടതെന്ന് തോന്നും. ഉടന്‍ നമ്മള്‍ എഡിറ്ററോട് ആ സീന്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. ഒരു രക്ഷയുമില്ലെന്ന് എഡിറ്റര്‍ പറഞ്ഞാല്‍ അടുത്ത ഓപ്ഷന്‍ സംഗീതസംവിധായകനാണ്. എന്തെങ്കിലും രീതിയില്‍ അഭിനയത്തില്‍ ഉണ്ടായ പാളിച്ച സംഗീതംകൊണ്ട് മറികടക്കാനാകുമോ എന്നാണ് സംഗീതസംവിധായകന്‍ നോക്കുക. അങ്ങനെ ഒരു സിനിമയുടെ ഭാഗമായ എല്ലാ ആള്‍ക്കാരുടെയും കഴിവിന്റെ മിക്സ്ച്ചറാണ് പ്രേക്ഷകന് മുന്നിലെത്തുന്ന സിനിമ. അതിരന്‍ എന്ന പടം പൂര്‍ണമായും വിവേക് തോമസ് എന്ന സംവിധായകന്റെ പടമാണ്. ആ സിനിമയുടെ കഥ നടക്കുന്ന കാലഘട്ടംപോലും നമുക്ക് തിരിച്ചറിയാന്‍ പറ്റില്ല. ദേശവും കാലവും ഒന്നും പറയാതെതന്നെ ആ സിനിമ പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. ആ സിനിമയുടെ ടെക്നിക് അതാണ്. അതുപോലെ എന്റെ അഭിനയത്തിലും ഓരോ കഥാപാത്രത്തിലേക്ക് എത്തുമ്പോഴും ഓരോ ടെക്നിക്ക് ഞാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം.
ഞങ്ങളുടെത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാല്‍ തന്നെ അത്യാവശ്യം വലിയ അടുക്കളയായിരുന്നു അന്ന് വീട്ടില്‍. അടുക്കളയില്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. ഞാന്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ. വീട്ടിലെത്തിയാല്‍ അടുക്കളയില്‍ പുരുഷന്മാര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്തോ അറപ്പ് തോന്നും. ഞാന്‍ വളരെ അണ്‍കംഫേര്‍ട്ടബിളാകും. എന്തിനാണ് അവര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നതെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല.
കുമ്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടെന്നൊന്നും എനിക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നില്ല. കാരണം ശ്യാമുമായി വര്‍ക്ക് ചെയ്യുമ്പോള്‍ അതത് ദിവസം ഷൂട്ടില്‍ മാത്രമേ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഒരുദിവസം ഷൂട്ട് ചെയ്തത് കണ്ടുകഴിഞ്ഞിട്ടാണ് അടുത്ത ദിവസം എങ്ങനെ വേണമെന്ന് പദ്ധതി തയ്യാറാക്കുക. അങ്ങനെ ശ്യാം ഒരുദിവസം എന്നോട് പറഞ്ഞു രണ്ട് സഹോദരിന്മാര്‍ അവരുടെ സ്വകാര്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്. നിങ്ങള്‍ എന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചേദിക്കുന്നത്. ആ സീന്‍ ഒരു രസമുള്ള സംഭവമായി എനിക്ക് തോന്നി. അങ്ങനെ ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസ്സിലായില്ല. എന്നാലും ഞാന്‍ ഷര്‍ട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് പണ്ട് വീട്ടിലെ അടുക്കളയില്‍ എനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍പറ്റി. അതുകൊണ്ട് അടുത്ത ടേക്കില്‍ എനിക്ക് നന്നായി തന്നെ ആ രംഗം അഭിനയിക്കാനായി. ഇങ്ങനെ ചില രംഗങ്ങളിലെയും മൈന്യൂട്ട് ഡീറ്റെയ്ലിങ് ചിലപ്പോള്‍ നമ്മള്‍പോലും വിചാരിക്കാതെ വന്നുവീഴുന്നതാണ്. അല്ലാതെ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല. ചിലപ്പോള്‍ സെറ്റിലെ ആരെങ്കിലും ഒരാളുടെ തലയിലാണ് ഇത്തരം ആശയം ഉദിക്കുക. അവരത് പറയുമ്പോള്‍ നമുക്ക് പെട്ടെന്ന് ക്യാച്ച് ചെയ്യാനാകും.

ഇന്ത്യന്‍ പ്രണയകഥയില്‍ ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ഞാനും ഇന്നസെന്റേട്ടനും സമരത്തിന്റെ മുന്‍നിരയില്‍ നടന്നുപോകുകയാണ്. പോലീസ് ലാത്തിവീശാന്‍ വരുമ്പോള്‍ ഞാന്‍ കീശ പൊത്തിപ്പിടിച്ച് ഓടുന്ന ഒരു ഓട്ടമുണ്ട്. ഏറെ അഭിനന്ദനങ്ങള്‍ കിട്ടിയ സീനാണത്. അതും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല. രാവിലെ സത്യേട്ടന്‍ (സത്യന്‍ അന്തിക്കാട്) വേണുച്ചേട്ടനോട് ഫഹദ് ഓടുന്ന സീനാണ് ചിത്രീകരിക്കേണ്ടതെന്ന് പറഞ്ഞു. അപ്പോള്‍ വേണുച്ചേട്ടന്‍ പറഞ്ഞു ''പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഫാസില്‍ ഓടിയ ഒരു ഓട്ടമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പഠിക്കുന്ന സമയം. അന്ന് ഫാസില്‍ ബസ് കൂലി ഇല്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ല. ഷര്‍ട്ടിന്റെ കീശയിലാണ് ഈ കാശ് സൂക്ഷിക്കുക. ഞാനും ഫാസിലും ഇ.സി. തോമസുമെല്ലാം കൂടി ഒരു ദിവസം തിരുവനന്തപുരം കാണാന്‍ പോകാന്‍ പദ്ധതിയിട്ടു. ഫാസിലിന് ആദ്യമേ ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. അങ്ങനെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. കുറച്ചുദൂരം ചെന്നപ്പോള്‍ തനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഫാസില്‍ കാര്‍ നിര്‍ത്തിപ്പിച്ചു. കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ ഫാസിലിനെ കാണാതെ ഇരുന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി നോക്കി. അപ്പോള്‍ നാട്ടിലേക്കുള്ള ബസിന് പിന്നാലെ ഓടുകയാണ്. കാശ് വീഴാതിരിക്കാന്‍ കൈകൊണ്ട് കീശ പൊത്തിപ്പിടിച്ചിട്ടുണ്ട്.'' സത്യേട്ടന്‍ എന്നോട് വന്ന് ഈ സംഭവം പറഞ്ഞു. അങ്ങനെയാണ് കീശ പൊത്തിപ്പിടിച്ച് ഓടാം എന്ന തീരുമാനം വന്നത്.
ചില സിനിമകളില്‍ സീന്‍ ഓര്‍ഡറില്‍തന്നെ ഷൂട്ട് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടാകാറുണ്ടോ?
ഇപ്പോള്‍ അങ്ങനെ ഷൂട്ട് ചെയ്യാന്‍ നോക്കാറുണ്ട്. പണ്ട് അങ്ങനെയൊന്നുമല്ലായിരുന്നു. അക്കാര്യത്തില്‍ ഞാനൊരു ഭാഗ്യവാനാണെന്ന് തോന്നുന്നു. മഹേഷിന്റെ പ്രതികാരംമുതല്‍ ട്രാന്‍സ് വരെയുള്ള സിനിമകള്‍ സീന്‍ ഓര്‍ഡറിലാണ് ഷൂട്ട് ചെയ്തത്. അങ്ങനെ ഷൂട്ട് ചെയ്യുമ്പോള്‍ അത് എല്ലാ അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്‍സിനും ഗുണകരമാണ്. അതുപോലെ ഓര്‍ഡറില്‍ പോകുമ്പോള്‍ കാര്യങ്ങള്‍ ക്ലിയറാണ്. അധികം സംശയങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോഴും സീന്‍ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യാതെ സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്. പിന്നെ ഓരോ കാലത്തും ഓരോ രീതികളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പുതിയ കഥകള്‍ എന്തായാലും ഉണ്ടാകാന്‍ പോകുന്നില്ല. കാരണം മലയാളസിനിമ പറയാത്ത കഥകളില്ല. അപ്പോള്‍ കഥ പഴയതാണെങ്കിലും പുതിയ രീതിയില്‍ അതിനെ അവതരിപ്പിക്കുക എന്ന് മാത്രം. ഇപ്പോഴത്തെ പ്രതിഭാസമായേ ഞാന്‍ ഈ രീതിയെ കാണുന്നുള്ളൂ. രണ്ടുവര്‍ഷം കഴിഞ്ഞ് പുതിയ സംവിധായകര്‍ വരുമ്പോള്‍ മറ്റൊരു രീതി വരുമെന്നത് തീര്‍ച്ചയാണ്.
നെടുമുടി വേണു ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് ഫാസില്‍ മികച്ച അഭിനേതാവാണെന്ന്. കോളേജ് കാലഘട്ടത്തില്‍ ഒരുമിച്ച് നാടകത്തില്‍ അഭിനയിക്കുമ്പോള്‍ മികച്ച നടനുള്ള സമ്മാനം ലഭിച്ചിരുന്നത് മിക്കപ്പോഴും ഫാസിലിനായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. അതുപോലെ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അഭിനേതാക്കള്‍ക്ക് ഫാസില്‍ ഓരോ സീനും അഭിനയിച്ച് കാണിച്ചുകൊടുക്കുമെന്നും കേട്ടിട്ടുണ്ട്. ബാപ്പയുടെ അഭിനയത്തോടുള്ള ഈ പാഷന്‍ ഫഹദിന് പ്രചോദനമായിട്ടുണ്ടോ?
അങ്ങനെ പ്രചോദനമായി മാറിയിട്ടൊന്നുമില്ല. എന്നാല്‍ ബാപ്പ നല്ലൊരു അഭിനേതാവാണെന്ന് ഞാന്‍ ചെറുപ്പത്തിലെ മനസ്സിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുമ്പോള്‍ ബാപ്പ പല കഥകളും പറയും. പലപ്പോഴും ആ കഥയിലെ കാര്യങ്ങള്‍ ബാപ്പ അഭിനയിച്ച് കാണിക്കും. ഞാനടക്കം എല്ലാവരും കൗതുകത്തോടെ ആ അഭിനയവും കഥയും കേട്ടിരിക്കും. അടുത്തിടെ ലൂസിഫറിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ പൃഥ്വി എന്നെ വിളിച്ചു. അങ്ങനെ എറണാകുളത്ത് ചെന്ന് ഞാന്‍ ബാപ്പ അഭിനയിച്ച ഭാഗം കണ്ടു. ബാപ്പ ഇപ്പോഴും വളരെ മികച്ചൊരു അഭിനേതാവാണെന്ന് അത് കണ്ടപ്പോഴും എനിക്ക് തോന്നി. റിലീസിനൊരുങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയനങ്കിളിന്റെ പടത്തിലും ബാപ്പ ഒരു റോള്‍ ചെയ്തിട്ടുണ്ട്.
അഭിനയജീവിതത്തില്‍ ആരുടെയെങ്കിലും സ്വാധീനമുണ്ടായിട്ടുണ്ടോ?
തീര്‍ച്ചയായും. റോബര്‍ട്ട് നീനോ, അല്‍പച്ചിനോ തുടങ്ങിയ നടന്മാര്‍ ഞാനടങ്ങുന്ന തലന്മുറയെ സ്വാധീനിച്ചവരാണ്. മോഹന്‍ലാലും മമ്മൂട്ടിയും 80-കളിലും 90-കളിലും ചെയ്ത സിനിമകള്‍ എന്നും നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. ന്യൂഡല്‍ഹിപോലൊരു സിനിമ മമ്മൂക്ക അല്ലാതെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. തൂവാനത്തുമ്പികളില്‍ ലാലേട്ടനെ അല്ലാതെ മറ്റാരെയുംവെച്ച് നമുക്ക് ചിന്തിക്കാനാവില്ല. ചില കഥകള്‍ക്ക് ചില അഭിനേതാക്കള്‍ അത്യാവശ്യമാണ്. ഒരു സിനിമയെ അസാധ്യമായ പ്രകടനംകൊണ്ട് നടന്റെതാക്കി മാറ്റുക എന്നതാണ്. അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്തവര്‍ മമ്മൂക്കയും ലാലേട്ടനുമാണ്.
പൊന്മുട്ടയിടുന്ന താറാവിന്റെ വേറൊരു വേര്‍ഷനാണ് മഹേഷിന്റെ പ്രതികാരം എന്ന് ഞാന്‍ പറയും. കോപ്പിയടിയോ ഇമിറ്റേഷനോ ഒന്നും അല്ലെങ്കിലും രണ്ടിന്റെയും കഥാതന്തു നോക്കിയാല്‍ സാമ്യതകള്‍ കണ്ടെത്താം. ഞാനും ദിലീഷ് പോത്തനും കൂടി മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. എന്നാല്‍പ്പോലും ഈ സിനിമകള്‍ ചെയ്യുമ്പോള്‍ എന്നെയും ദിലീഷിനെയും സ്വാധീനിച്ച സിനിമകള്‍ ഒന്നായിരിക്കണമെന്നില്ല. നമ്മളെ രണ്ടാളെയും പോലെയായിരിക്കണമെന്നില്ല രാജീവ് രവിയുടെ ചിന്ത. അദ്ദേഹം ഒരു ഇറാനിയന്‍ സിനിമ പോലെയായിരിക്കാം ചിലപ്പോള്‍ മഹേഷിന്റെ പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇത് പെര്‍ഫോം ചെയ്യാന്‍ ആഗ്രഹിക്കുന്നത് കാസര്‍കോട് ബസ്സ്റ്റാന്‍ഡില്‍ കണ്ട ഒരാളെ വെച്ചിട്ടായിരിക്കും. അതേസമയം ദീലിഷ് ആഗ്രഹിക്കുന്നത് നാടോടിക്കാറ്റ് പോലൊരു സിനിമയുണ്ടാക്കാനായിരിക്കും. ഇങ്ങനെ ചിന്തകള്‍ വ്യത്യാസമുണ്ടായിരിക്കാം. എന്നാല്‍ ഇതെല്ലാംകൂടി ഒരുമിച്ച് ചേര്‍ന്ന് അവസാനം ഒരു പുഴയായി മാറുമ്പോഴാണ് പ്രേക്ഷകന്‍ കാണുന്ന സിനിമ ഉണ്ടാകുന്നത്.
ഫഹദ് അഭിനയിക്കുന്ന സമയത്ത് സൂക്ഷ്മമായ കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഉദാഹരണം മഹേഷിന്റെ പ്രതികാരത്തില്‍ ഫിഷറിന്റെ ചെരുപ്പ് ഉരച്ച് കഴുകുന്ന രംഗം. അങ്ങനെ പല സിനിമകളില്‍. അത്തരം കാര്യങ്ങളില്‍ മനഃപൂര്‍വം ശ്രദ്ധചെലുത്തുന്നത് തന്നെയാണോ?
എന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചെരുപ്പ് അങ്ങനെ ഉരച്ച് കഴുകിയിട്ടില്ല. എന്റെ ചെറുപ്പത്തില്‍ ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ പറമ്പ് വൃത്തിയാക്കാന്‍ ഒരു പ്രകാശന്‍ വരുമായിരുന്നു. ദിവസക്കൂലിക്കാണ് പ്രകാശന്‍ പണിക്ക് വരുന്നത്. രാവിലെ പ്രകാശന്‍ വീട്ടില്‍ വന്ന് ഇട്ടുകൊണ്ടുവന്ന വസ്ത്രം മാറ്റി മറ്റൊന്നിട്ട് തോട്ടത്തിലേക്ക് പോകും. വൈകുന്നേരം വരെ പണിയെടുത്ത ശേഷം തിരിച്ചുവന്ന് വീട്ടിനരികില്‍നിന്ന് വെള്ളമെടുത്ത് ആദ്യം ചെരുപ്പ് ഉരച്ചുകഴുകും. അത് വെട്ടിത്തിളങ്ങുന്നപോലെ ആക്കിയശേഷം മാത്രമേ അയാള്‍ കുളിക്കുകയൂള്ളു. കുളിച്ച് വീണ്ടും ഡ്രസ് മാറി പൈസയും വാങ്ങി പ്രകാശന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകും. പ്രകാശന്‍ ചെരുപ്പ് കഴുകുന്ന ആ കാഴ്ച ഇന്നും എന്റെ മനസ്സില്‍ അതുപോലെയുണ്ട്. അങ്ങനെ ജീവിതത്തില്‍ ഞാന്‍ കണ്ട ഒരുപാട് കാഴ്ച ഓര്‍മയിലുണ്ട്. സിനിമയില്‍ അനുയോജ്യമായൊരു സന്ദര്‍ഭം വരുമ്പോള്‍ ആ ഓര്‍മ ഒന്ന് പൊടിതട്ടിയെടുത്ത് ഉപയോഗിക്കും.
ചെറുപ്പകാലത്ത് നടനാകണം എന്നൊരു കാര്യം ഫഹദിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നോ?
ഒരിക്കലുമില്ല, മറ്റൊരു ജോലിയും കിട്ടാത്തതുകൊണ്ടാണ് ഞാന്‍ നടനായത്. തമാശയായി തോന്നാമെങ്കിലും അതാണ് സത്യം. ഡിഗ്രിപോലും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പഠിക്കാന്‍ മോശമായത് കൊണ്ടല്ല, മറിച്ച് ഒന്നിലും എനിക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റിയില്ല. ചാപ്പാകുരിശില്‍ അഭിനയിക്കുമ്പോള്‍പോലും സിനിമയില്‍ ഞാന്‍ തുടരണോ എന്ന് ഉറപ്പിച്ചിരുന്നില്ല. എന്നാല്‍ ആ സിനിമ ഇറങ്ങിയശേഷം കിട്ടിയ അഭിനന്ദനങ്ങള്‍ ഇത് തന്നെയാണ് എന്റെ വഴിയെന്ന് ഉറപ്പിച്ചു. എന്ന് കരുതി ഒട്ടും കഷ്ടപ്പെടാതെ സ്വര്‍ണത്താലത്തില്‍ സിനിമ കൈവന്ന് ചേര്‍ന്ന ഒരാളൊന്നുമല്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ജീവിതകാലം മുഴുവന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഈ ജോലി ചെയ്യാനാകുന്ന അത്രയും കാലം ചെയ്യും. അല്ലെങ്കില്‍ വേറെന്തെങ്കിലും ജോലി നോക്കും.
അമേരിക്കയിലെ പഠനകാലം ഒന്ന് പറയാമോ?
കൈയെത്തും ദൂരത്ത് എന്ന സിനിമ ചെയ്യുന്നതിന് മുന്നേ അമേരിക്കയില്‍ പഠിക്കാന്‍ പോകാന്‍ തീരുമാനിച്ചതാണ്. സിനിമ ചെയ്തിട്ട് പോകാം എന്നുപറഞ്ഞപ്പോള്‍ ഒരുവര്‍ഷം യാത്ര നീട്ടിയതാണ്. അമേരിക്കയില്‍ മയാമിയിലാണ് ഞാന്‍ പഠിച്ചത്. മയാമിയിലെ ജീവിതമാണ് ഇന്ന് കാണുന്ന ഞാന്‍. മറിച്ച് ഞാന്‍ ദുബായിലോ മറ്റോ ആണ് പോയിരുന്നെങ്കില്‍ സിനിമയിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലായിരുന്നു. 18 വയസ്സും ആറുമാസവും ഉള്ളപ്പോഴാണ് ഒറ്റയ്ക്ക് മയാമിയിലേക്ക് പോയത്. ആദ്യ ഒന്നരവര്‍ഷം എന്‍ജിനീയറിങ്ങ് പഠിച്ചു. പിന്നീടത് എനിക്ക് ശരിയാവില്ലെന്ന് തോന്നി. മുഴുവന്‍ കണക്കുകളും അളവുകളും ആണ്. അങ്ങനെ എന്‍ജിനീയറിങ് പഠിക്കാനാകില്ലെന്ന് ഞാന്‍ ബാപ്പയോട് വിളിച്ചുപറഞ്ഞു. നിനക്ക് ഇഷ്ടമുള്ള കോഴ്സ് ചെയ്തോളൂ എന്ന മറുപടി കിട്ടി. അങ്ങനെ അവിടെ തന്നെ ഫിലോസഫിക്ക് ചേര്‍ന്നു. അവസാന സെമസ്റ്റര്‍ സമയത്ത് ഞാന്‍ നാട്ടിലേക്ക് വന്നു.
സ്വാധീനിച്ച ഫിലോസഫമാര്‍ ആരൊക്കെയാണ് ?
ഒരു മിസ്റ്റേക്കിന്റെ അല്ല ഒരുപാട് മിസ്റ്റേക്സിന്റെ ഉത്പന്നമാണ് ഞാന്‍. ഒരാളോ, ഒരു സ്ഥലമോ അങ്ങനെ പ്രത്യേകിച്ച് എന്നെ സ്വാധീനിച്ചിട്ടില്ല. മറിച്ച് ഒരുപാട് പേരും സ്ഥലങ്ങളും എന്നെ സ്വാധീനിച്ചിട്ടുമുണ്ട്. റൂമി, ജീന്‍പോള്‍ തുടങ്ങിയവരുടെ ഫിലോസഫി എനിക്ക് ഇഷ്ടമാണ്. പക്ഷേ, അതൊരിക്കലും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നോക്കിയിട്ടില്ല.
ഫഹദ് ശരിക്കും ഒരു 'അണ്‍മലയാളി'ആണെന്ന് തോന്നിയിട്ടുണ്ട്?
(ചിരിക്കുന്നു) അത് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ മലയാളിയായതിനാലാണ് ഇത്രയധികം വ്യത്യസ്തമായ സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നത്. ഡയമണ്ട് നെക്ലേസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളൊന്നും വേറൊരു ഭാഷയിലാണെങ്കിലും എനിക്ക് ചെയ്യാന്‍ പറ്റില്ല. ഈ സിനിമകളൊന്നും മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുമില്ല. മലയാളികള്‍ക്ക് മാത്രം ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണിവയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ, ലോകത്ത് എല്ലായിടത്തും സംഭവിക്കാവുന്ന ഒരു കഥ പറഞ്ഞതുകൊണ്ടാണ് തൊണ്ടിമുതലൊക്കെ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായത്. എനിക്ക് മലയാളത്തിനായി എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടോ എന്നൊന്നും അറിയില്ല. എന്നാല്‍ മലയാളത്തിലായതുകൊണ്ട് മാത്രമാണ് എനിക്ക് സിനിമ ചെയ്യാന്‍ പറ്റുന്നത്. മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കണമെന്ന് പോലും എനിക്ക് ആഗ്രഹമില്ല. അങ്ങനെ ചെയ്യുന്ന സിനിമകള്‍ ഞാന്‍ ആസ്വദിക്കുന്നില്ല എന്നതാണ് വാസ്തവം. ഞാന്‍ സിനിമ ചെയ്യുന്നിടത്തോളം കാലം എനിക്ക് മലയാളം വളരെ പ്രധാനമാണ്.
ആക്ടര്‍, സ്റ്റാര്‍ ഈ രണ്ടുകാര്യങ്ങളില്‍ ആക്ടര്‍ എന്ന പദവിയാണ് ഫഹദ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് തോന്നുന്നു. ഫാന്‍സ് അസോസിയേഷനുകള്‍, ഫോട്ടോഷൂട്ടുകള്‍ ഒന്നിലും ഫഹദ് താത്പര്യം കാണിക്കാറില്ല. ഒരിക്കലും ഒരു താരപദവി ഫഹദ് ആഗ്രഹിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. എന്താണ് അത്തരമൊരു തീരുമാനത്തിന് പിറകില്‍?
ഒരുപാട് ഉത്തരങ്ങളുള്ള ചോദ്യമാണത്. പ്രാഥമികമായി നടനാണെന്നുള്ള ഒരു പരിഗണനയും എനിക്ക് വേണ്ട. എനിക്ക് ആകെ വേണ്ടത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാളാണ്, എന്റെ ജോലി ഇന്നതാണ് എന്ന ഐഡന്റിറ്റി മാത്രമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ നല്ലതാണെങ്കില്‍ എല്ലാവരും കാണുക. അല്ലാതെ ഞാന്‍ നടനായതുകൊണ്ട് ഞാനഭിനയിക്കുന്ന എല്ലാ സിനിമകളും എല്ലാവരും കാണണമെന്ന അവകാശവാദമോ നിര്‍ബന്ധമോ എനിക്കില്ല. നല്ല സിനിമയാണെങ്കില്‍ മാത്രം കണ്ടാല്‍ മതി. നിങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന സഹജീവി എന്നൊരു പരിഗണന മാത്രം എനിക്ക് തന്നാല്‍മതി. അല്ലാതെ ഞാന്‍ സിനിമയ്ക്കായി എടുക്കുന്ന കഷ്ടപ്പാടുകള്‍ പ്രേക്ഷകര്‍ അറിയണം എന്ന ഒരു നിര്‍ബന്ധവും എനിക്കില്ല. എഡിറ്റ് ടേബിളില്‍ ചെല്ലുമ്പോള്‍ ഞാന്‍ പോലും അത് മറക്കും. ഒരു സീന്‍ ഒരു ദിവസം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരിക്കും. എന്നാല്‍ എഡിറ്റ് ടേബിളില്‍ പ്രേക്ഷകന് ആ സീന്‍ ആസ്വദിക്കുമോ ഇല്ലയോ എന്ന് മാത്രമാണ് നോക്കുക. അല്ലാതെ നമ്മള്‍ കഷ്ടപ്പെട്ടു എന്നതുകൊണ്ട് മാത്രം സിനിമയില്‍ ആ സീന്‍ ഉള്‍പ്പെടുത്തില്ല. വളരെ സത്യസന്ധമായിട്ടും ആത്മാര്‍ഥമായിട്ടുമാണ് ഞാന്‍ ഓരോ സിനിമയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതില്‍നിന്ന് വേറൊന്നും വേണ്ട എന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് സിനിമകള്‍ ചെയ്യാന്‍ പറ്റിയാല്‍ മാത്രം മതി. പിന്നെ എന്റെ സംതൃപ്തി എന്ന് പറയുന്നത് ഞാന്‍ അഭിനയിച്ച സിനിമകള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് നിര്‍മാതാവിന് പൈസ കിട്ടുക എന്നുള്ളത് തന്നെയാണ്. അതിനപ്പുറം ഒന്നും ഇല്ല. അവാര്‍ഡുകളൊന്നും ഒരിക്കലും എന്നെ എക്സൈറ്റ് ചെയ്തിട്ടില്ല. കമേഴ്സ്യല്‍ സിനിമകള്‍ ചെയ്യാന്‍ തന്നെയാണ് ശ്രമിക്കുന്നത്. എന്റെ സിനിമകള്‍ ജനകീയമായപ്പോള്‍ തന്നെയാണ് ഏറ്റവും വലിയ സംതൃപ്തിയും സന്തോഷവും എനിക്ക് കിട്ടിയത്.
കള്ളന്‍, മനോരോഗി എന്നീ റോളുകള്‍ പല നടന്മാരും താരപദവിക്ക് യോജിക്കില്ല എന്നുപറഞ്ഞ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഫഹദ് അത്തരം കാര്യങ്ങളൊന്നും പരിഗണിക്കാറില്ല അല്ലേ?
താരപദവി എന്ന സംഭവമൊന്നും ഇപ്പോഴില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപരിധിവരെ അതെല്ലാം നാടുനീങ്ങി. എല്ലാവരും എല്ലാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരുതലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. അവിടത്തെ സൂപ്പര്‍സ്റ്റാറുകളാണ് അതില്‍ അഭിനയിക്കാന്‍ പോകുന്നത്.
നായകവേഷമായിരിക്കണമെന്ന നിര്‍ബന്ധവും ഇല്ല അല്ലേ?
ഒരിക്കലുമില്ല. കുമ്പളങ്ങി നൈറ്റ്സില്‍ ഞാന്‍ നായകനല്ലല്ലോ. കഥയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സിനിമകളെയും കഥാപാത്രങ്ങളെയും വിലയിരുത്തുന്നത്. നടന്‍ മാത്രം നല്ലതായതുകൊണ്ട് സിനിമ നന്നാകില്ലല്ലോ. അതൊരു കൂട്ടായ അധ്വാനമാണ്. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഏത് സിനിമയും ചെയ്യും.
ഫഹദ് ഉറ്റുനോക്കുന്ന സംവിധായകരുണ്ടോ?
ഒപ്പം ജോലിചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് സംവിധായകരുണ്ട്. അവരില്‍ പലരും എന്നെ സിനിമ ചെയ്യാന്‍ വിളിച്ചിട്ടുമുണ്ട്. അവരോടെല്ലാം ഞാന്‍ മലയാളത്തില്‍ സിനിമ ചെയ്യാമോ എന്നാണ് ചോദിച്ചത്. അനുരാഗ് കശ്യപ്, വെട്രിമാരന്‍ തുടങ്ങി ഞാന്‍ ഇഷ്ടപ്പെടുന്ന സംവിധായകര്‍ വിളിച്ചിട്ടുണ്ട്.
അതെന്താ മലയാളത്തില്‍ മാത്രം സിനിമ ചെയ്യണമെന്ന് നിര്‍ബന്ധം?
ഞാന്‍ ചിന്തിക്കുന്നത് മലയാളത്തിലാണ്. അതുതന്നെയാണ് കാരണം. ഞാന്‍ സൂപ്പര്‍ ഡീലക്സ് എന്ന തമിഴ് സിനിമ അടുത്തിടെ ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തായ കുമാര്‍രാജയുടെ കൂടെയാണ് പടം ചെയ്തത്. എല്ലാം ഓക്കെയാണ്. പക്ഷേ, എന്റെ പ്രശ്‌നം എന്നുപറയുന്നത് ഞാന്‍ ആ സിനിമ മലയാളത്തില്‍ മനസ്സിലാക്കി, പിന്നെ അത് ഇംഗ്ലീഷിലാക്കി, പിന്നെ അത് തമിഴിലാക്കി വേണം ഉള്‍ക്കൊള്ളാന്‍. ഓരോരുത്തര്‍ക്കും സിനിമ ചെയ്യാന്‍ ഓരോ രീതിയുണ്ടല്ലോ. ഞാന്‍ സിനിമ മനസ്സിലാക്കുന്നതും അഭിനയിക്കുന്നതുമായ രീതി വളരെ ലളിതമാണ്. എന്നാല്‍ തമിഴില്‍ ചെന്നപ്പോള്‍ ഞാന്‍ കുറേ പണിയെടുക്കുന്നത് പോലെ തോന്നി. പണിയെടുക്കുന്നതുപോലെ തോന്നുമ്പോള്‍ സിനിമ നിര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം.
ഫഹദിന്റെ ഭാര്യ നസ്രിയ ഒരു അഭിനേത്രിയാണ്. അതുകൊണ്ട് നടന്‍ എന്ന നിലയില്‍ എന്തെങ്കിലും നേട്ടമുണ്ടോ?
ഇല്ല, ഉദാഹരണത്തിന് നസ്രിയ ഡോക്ടറായതുകൊണ്ട് എനിക്ക് പനി വരാതിരിക്കണം എന്നില്ലല്ലോ. അതിലൊന്നും ഒരുകാര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. വീട്ടില്‍ ഒരിക്കലും നസ്രിയയുമായി ഞാന്‍ സിനിമ ചര്‍ച്ച ചെയ്യാറില്ല. ട്രാന്‍സില്‍ ഞങ്ങള്‍ ഒന്നിച്ചാണ് അഭിനയിച്ചത്. അപ്പോള്‍പോലും വീട്ടിലെത്തിയാല്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. ഞാന്‍ അഭിനയിക്കുന്ന ചില സിനിമകളുടെ സെറ്റില്‍ ചിലപ്പോള്‍ നസ്രിയയ്ക്ക് വരാന്‍ സാധിക്കാറില്ല. അപ്പോള്‍ ഞാന്‍ വീട്ടിലെത്തുന്ന സമയത്ത് എന്താണ് ആ സിനിമയുടെ കഥ എന്നൊക്കെ അവള്‍ ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കും. അല്ലാതെ അതിനപ്പുറം സീരിയസ് സിനിമ ചര്‍ച്ചകളൊന്നുമില്ല. സിനിമകള്‍ ഒരുമിച്ച് കാണാറുണ്ട്.

ഫഹദ് ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യ പരിഗണന എന്തിനാണ്?
കഥയ്ക്കുതന്നെയാണ് ആദ്യ പരിഗണന. കേള്‍ക്കുമ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്ന ഒന്നാണോ എന്ന് നോക്കും. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെ പറയാറുണ്ട് ഇത് എന്നെക്കാളും യോജിക്കുന്നത് വേറൊരു നടനാണെന്ന്. കഥാപാത്രത്തിന് വേണ്ടിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. മറിച്ച് ടോട്ടലി ആ സിനിമ ഉണ്ടാക്കുന്ന പ്രതികരണമുണ്ടല്ലോ അതിനുവേണ്ടിയാണ്.
ഒരു കഥാപാത്രത്തിലേക്ക് എത്താന്‍ കുറച്ചധികം സമയം എടുക്കുന്നുണ്ടോ?
കുറച്ച് സമയം എടുക്കും. അതുകൊണ്ടാണല്ലോ മൊത്തം കേസും ബഹളവും. ഒരു ടൈംലൈനിലും എനിക്ക് സിനിമ ചെയ്ത് തീര്‍ക്കാനോ റിലീസ് ചെയ്യാനോ പറ്റില്ല. അത് ഇപ്പോള്‍ എന്റെ സിനിമയുടെ നിര്‍മാതാക്കള്‍ക്കും മനസ്സിലായിത്തുടങ്ങി, ഞാന്‍ നന്നാവില്ലെന്ന് (ചിരി). ഇപ്പോള്‍ അതുകൊണ്ട് വലിയ പ്രശ്‌നങ്ങളില്ല. മുമ്പ് അതല്ലായിരുന്നു അവസ്ഥ.
സിനിമ ഫഹദിനെ തിരഞ്ഞെടുക്കുകയാണ് എന്ന് തോന്നിയിട്ടുണ്ടോ?
അതാണ് സത്യം, ഞാനല്ല സിനിമ തിരഞ്ഞെടുക്കുന്നത്. സിനിമ എന്നെ തിരഞ്ഞെടുക്കുകയാണ്. അതുകൊണ്ട് ഒരു പ്രോജക്ട് ഉണ്ടാക്കാനോ ഒന്നും എനിക്കറിയില്ല. ഒരു സിനിമയില്‍ ഒരാളെ ആവശ്യമുണ്ടെങ്കില്‍ സിനിമ തന്നെ പോയി അയാളെ കണ്ടെത്തും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലാതെ അടുത്തതായി ഒരു വക്കീല്‍ കഥാപാത്രം ചെയ്യാം എന്നുപറഞ്ഞ് ഒരു സിനിമ ഉണ്ടാക്കാന്‍ എനിക്കറിയില്ല.
പുസ്തകങ്ങളുമായി കൂട്ടുണ്ടോ?
കൈയില്‍ കിട്ടുന്നതെല്ലാം ഞാന്‍ വായിക്കും. അതിന് പ്രത്യേക ജോണറുകളൊന്നുമില്ല. അവസാനമായി വായിച്ച് കഴിഞ്ഞത് ജോസി ജോസഫിന്റെ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ് എന്നൊരു പുസ്തകമാണ്. ആരെങ്കിലും നല്ല പുസ്തകമാണെന്ന് നിര്‍ദേശിക്കുന്നവ തേടിപ്പിടിച്ച് വായിക്കാറുണ്ട്. എന്തുകിട്ടിയാലും വായിക്കും എന്നതാണ് തത്ത്വം.
നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ വായനയ്ക്ക് നല്ലൊരു പങ്കുണ്ടെന്നാണ് എന്റെ വിശ്വാസം. അഭിനയമടക്കം ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും എന്റെ വായന സ്വാധീനിക്കുന്നുണ്ട്. സഹോദരിമാരുടെ കുട്ടികളോട് ഞാന്‍ പറയാറുണ്ട് സ്‌കൂളില്‍ പോയി പരീക്ഷ എഴുതിയില്ലെങ്കിലും എപ്പോഴും എന്തെങ്കിലുമൊക്കെ വായിക്കണമെന്ന്. കുട്ടികള്‍ അങ്ങനെ വായിച്ചാല്‍ തന്നെ നല്ല ചിന്തകള്‍ രൂപപ്പെട്ടോളും. അല്ലാതെ പരീക്ഷ എന്നുപറയുന്നതൊക്കെ വെറുതയാണെന്ന് എനിക്ക് തോന്നാറുണ്ട്.
ധാരാളം യാത്രചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്?
പതിനേഴ് വയസ്സുമുതല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയ ആളാണ്. അതുകൊണ്ട് യാത്രകള്‍ എന്നും ഇഷ്ടപ്പെടുന്നു. കെനിയ, നയ്റോബി എന്നിവിടങ്ങളിലൊക്കെ പഠിക്കുന്ന സമയത്തുതന്നെ പോയിട്ടുണ്ട്. ഞാന്‍ നസ്രിയയുടെ അടുത്ത് ഇപ്പോള്‍ തമാശയ്ക്ക് പറയും ടെക്സസിലൊക്കെ പോയാല്‍ മലയാളം അറിയില്ലെങ്കില്‍ കഷ്ടപ്പെട്ടുപോകും കാരണം അവിടെ അത്രയും മലയാളികളാണ്. ഡള്ളാസ് എന്ന സ്ഥലത്തെ റോഡില്‍ കൂടിയൊക്കെ നടന്നിട്ടുണ്ടെങ്കില്‍ ദേ, ഫഹദ് ഫാസില്‍ പോകുന്നു എന്ന് പറയുന്നത് നമുക്ക് കേള്‍ക്കാം. അവിടെയൊക്കെ അത്രമാത്രം മലയാളികളുണ്ട്.
സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ തമാശയായി പറഞ്ഞു, ഫഹദ് ഒരു ഫാന്‍സ് അസോസിയേഷന്‍ എന്നെങ്കിലും ഉണ്ടാക്കുന്നുവെങ്കില്‍ പ്രസിഡന്റ് ആയി എന്നെ പരിഗണിക്കണമെന്ന്. അപ്പോള്‍ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. നര്‍മമോ അസ്വസ്ഥതയോ വിരക്തിയോ സ്‌നേഹമോ എന്തായിരുന്നു ആ ചിരിയില്‍നിന്ന് എനിക്ക് തിരിച്ചറിയാനായില്ല. പിന്നീട് എനിക്ക് തോന്നി കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി ചിരിച്ച ചിരിയാണതെന്ന്.
Content Highlights : Fahad Faasil Interview On New Movies Nazriya Fazil Star And Style


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..