നടക്കാതെപോയ സ്വപ്നപദ്ധതികളെയോർത്ത് ഞാനൊരിക്കലും വിലപിച്ചിട്ടില്ല -കമൽഹാസൻ | Interview


ഭാനുപ്രകാശ്

"മറ്റേതെല്ലാം മേഖലകളിലൂടെ ഞാൻ സഞ്ചരിച്ചാലും എന്റെ അവസാനയിടം സിനിമതന്നെയാണ്. എന്റെ ശരീരത്തിലെ അവസാനത്തെ ഒരു തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയുള്ളതാണ്"

കമൽ ഹാസൻ | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി

ന്ത്യൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ നടക്കുന്നതിനിടയിൽ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനാണ് അടുത്തദിവസം കമൽഹാസൻ ഷൂട്ടിങ് ലൊക്കേഷനിൽ വരുന്ന കാര്യം പറഞ്ഞത്. മൂന്നുവർഷം മുൻപ് ഇന്ത്യന്റെ ചിത്രീകരണവേളയിലാണ് കമലിനെ ഒടുവിൽ കാണുന്നത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ക്രെയിൻ വീണ് മൂന്നുപേർ മരിക്കാനിടയായതും ഭീതിവിതച്ച കോവിഡ് നാളുകളുമെല്ലാം ചേർന്ന് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. മൂന്നുവർഷത്തിനുശേഷം ഇന്ത്യൻ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമ്പോൾ കമൽഹാസന്റെ മനസ്സും ഏറെ ആഹ്ലാദത്തിലാണ്. വിക്രം' നൽകിയ അദ്ഭുതകരമായ വിജയം ഒരേ സമയം കമലിലെ നടനും മനുഷ്യനും നൽകിയത് വലിയൊരു തിരിച്ചുവരവാണ്. ജീവിതം മുഴുവൻ സിനിമയ്ക്കായി സമർപ്പിച്ച നടന്റെ ഹൃദയസ്വരങ്ങൾ അപൂർവമായേ മലയാളിക്ക് മുന്നിലെത്താറുള്ളൂ.

“സിനിമയ്ക്കപ്പുറം ജീവിതത്തിൽ ഞാൻ മറ്റൊന്നും സ്വപ്നം കണ്ടിരുന്നില്ലെന്ന് കൃത്യമായി പറയാൻ എനിക്കാവും, കാരണം സിനിമയിൽ തുടങ്ങി സിനിമയിൽ തന്നെ അവസാനിക്കുന്നൊരു ജീവിതമാണ് എന്റേതെന്ന് കാലം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, പലവട്ടം. മറ്റേതെല്ലാം മേഖലകളിലൂടെ ഞാൻ സഞ്ചരിച്ചാലും എന്റെ അവസാനയിടം സിനിമതന്നെയാണ്. എന്റെ ശരീരത്തിലെ അവസാനത്തെ ഒരു തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയുള്ളതാണ്, കമൽഹാസൻ സംസാരിച്ചുതുടങ്ങി.

കമൽഹാസനൊപ്പം ലേഖകൻ | ഫോട്ടോ: മാതൃഭൂമി

സിനിമ താങ്കളെ എപ്പോഴെങ്കിലും പരാജയപ്പെടുത്തിയിരുന്നോ?

സാമ്പത്തികകാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചോദ്യം താങ്കൾ ചോദിച്ചതെങ്കിൽ ആ പരാജയങ്ങൾ സിനിമയെ സംബന്ധിച്ചിടത്തോളം, വിജയംപോലെ അനിവാര്യമാണ്. ഞാനതിനെക്കുറിച്ച് ആശങ്കപ്പെടാറില്ല. സിനിമയിൽ കാലെടുത്തുവെക്കുമ്പോൾ എന്റെ ഇൻവെസ്റ്റ്മെന്റ് എന്തായിരുന്നുവെന്ന് എനിക്കറിയാം. ഒരു രൂപപോലും ചെലവാക്കി സിനിമയുടെ സ്പേസിലേക്ക് കടന്നുവന്നവനല്ല ഞാൻ. "കളത്തൂർ കണ്ണമ്മ'യിൽ നിന്നും 'ഇന്ത്യൻ' വരെ നീണ്ട അറുപത്തിരണ്ടുവർഷങ്ങൾ, ഞാനൊഴുക്കിയ വിയർപ്പിൽനിന്നും കഠിനാധ്വാനത്തിൽനിന്നും നേടിയതാണെല്ലാം. അതുചിലപ്പോൾ ഒന്നായിട്ട് സിനിമതിരിച്ചെടുത്താലും എനിക്ക് വേദനയില്ല.

അപ്പോഴും ഞാൻ സിനിമയെ സ്നേഹിക്കും. സിനിമയിൽ തന്നെ ജോലിചെയ്യും. ഒന്നുമില്ലെങ്കിൽ കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായോ ഞാൻ വർക്ക് ചെയ്തെന്നുവരാം. കാരണം സിനിമയ്ക്കപ്പുറം കമൽഹാസന് മറ്റൊരു ജീവിതമില്ലെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കുമറിയാമല്ലോ.

കമൽ ഹാസൻ | ഫോട്ടോ: അജീബ് കോമാച്ചി \ മാതൃഭൂമി

പരാജയങ്ങളുടെ ആവർത്തനങ്ങളിൽനിന്നും വിജയത്തിന്റെ കൊടുമുടിയായി 'വിക്രം’മാറിയപ്പോൾ എന്തു തോന്നി?

ഞാൻ നേരത്തേ പറഞ്ഞപോലെ അറുപത്തിരണ്ടുവർഷങ്ങൾക്കുള്ളിൽ പലപ്പോഴും സംഭവിച്ച കാര്യം തന്നെ. എല്ലാ സിനിമകളും വലിയ വിജയമാകുമെന്ന് നമ്മൾ കരുതും. പക്ഷേ, പലപ്പോഴും അങ്ങനെ സംഭവിച്ചില്ലെന്നുവരാം. അതുപോലെ ഒരിക്കലും ഒരു സിനിമ കനത്തപരാ ജയമേറ്റു വാങ്ങുമെന്നും നമ്മൾക്ക് പറയാനാവില്ല. എന്നാലും സാമ്പത്തികമായി വിക്രം' എന്നെ കൈപിടിച്ചുയർത്തിയെന്ന് പറയാൻ എനിക്ക് മടിയില്ല. ഈ സിനിമ എനിക്ക് നേടിത്തന്ന സാമ്പത്തിക സുരക്ഷിതത്വം സിനിമയ്ക്കുവേണ്ടിത്തന്നെ ഞാൻ വിനിയോഗിക്കും. അല്ലാതെ വലിയ മാളുകൾ കെട്ടിപ്പൊക്കില്ല. ഒരു കാര്യം കൂടി ഞാൻ പറയാം, സിനിമയിൽ ഞാനിന്നും ഒരു വിദ്യാർഥിയാണ്. ആ മനസ്സാണെന്നെ പുതിയ പരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിക്കാനും കഠിനാധ്വാനം ചെയ്യാനുമുള്ള മനസ്സുമായി മരണം വരെ ഞാൻ സിനിമയിലുണ്ടാകും.

വിക്രം സിനിമയിൽ കമൽ ഹാസൻ | ഫോട്ടോ: പി.ടി.ഐ

'ഇന്ത്യൻ' ചെയ്യുമ്പോൾ മലയാളത്തിൽനിന്ന് താങ്കൾ നെടുമുടിയെ കൊണ്ടു പോയി. 'വിക്ര’മിൽ ഫഹദിനെയും...

നാച്വറൽ ആക്ടിങ്ങിൽ എന്നെ അദ്ഭുതപ്പെടുത്തിയ നടന്മാർ മലയാളത്തിൽനിന്നുള്ളവരാണ്. നെടുമുടി വേണുവിനും ശങ്കരാടിക്കും ഭരത്ഗോപിക്കും കൊട്ടാരക്കര ശ്രീധരൻ നായർക്കുമൊന്നും പകരക്കാരില്ല എന്നുപറയുമ്പോലെയാണ് ഫഹദിന്റെ ആക്ടിങ്. സൂക്ഷ്മാഭിനയം എന്നുവിളിക്കാവുന്ന ടാലന്റ്. ഫഹദിന്റെ അഭിനയം കാണുമ്പോൾ കൊതിതോന്നും. 'വിക്രം സിനിമയുടെ വലിയ വിജയങ്ങളിലൊന്നാണ് ഫഹദ്. ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആർട്ടിസ്റ്റുകളാണ്.

ഇന്ത്യൻ എന്ന ചിത്രത്തിൽ കമൽ ഹാസൻ | ഫോട്ടോ: ജ്ഞാനം \ മാതൃഭൂമി

നാച്വറൽ ആക്ടിങ്ങിനെക്കുറിച്ച് താങ്കൾ പറഞ്ഞു. അറുപത്തിരണ്ടു വർഷത്തെ ചലച്ചിത്രജീവിതത്തിൽ അഭിനയത്തെ എത്രമാത്രം നവീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്?

അഭിനയമായാലും സംവിധാനമായാലും നിർമാണമായാലും ഞാനാദ്യം ചിന്തിക്കുന്നത് പ്രേക്ഷകന്റെ ഭാഗത്തുനിന്നാണ്. എന്റെ മുപ്പതാമത്തെ വയസ്സിൽ അറുപതുകാരന്റെ വേഷത്തിൽ ഞാനഭിനയിച്ചിട്ടുണ്ട്. ഈ അറുപത്തിയെട്ടാം വയസ്സിൽ ഞാൻ മുപ്പത്തുകാരനായും അഭിനയിച്ചേക്കാം. അതിന് മനസ്സുമാത്രം പോര, പഠനവും വേണം. അല്ലാതെ ചെയ്താൽ അത് ഫാൻസി ഡ്രസ്സായി മാറും. വിദേശത്ത് നടന്ന പല ശില്പശാലകളിലും പങ്കെടുത്തതിലൂടെ സിനിമയെക്കുറിച്ച് പുതിയ പല കാര്യങ്ങളും പഠിക്കാനായിട്ടുണ്ട്. അതെല്ലാം അഭിനയത്തിനൊരുപാട് ഗുണവും ചെയ്തിട്ടുണ്ട്. എങ്കിലും സിനിമയെ സംബന്ധിച്ചിടത്തോളം ഞാൻ നേരത്തേ പറഞ്ഞപോലെ പ്രേക്ഷകന്റെ മനസ്സോടെ ചിന്തിച്ചശേഷം മാത്രമേ പഠിച്ച കാര്യങ്ങൾ സിനിമയിലുപയോഗിക്കാറുള്ളൂ.

കമൽ ഹാസനും സം​ഗീത സംവിധായകൻ കണ്ണൂർ രാജനും പടക്കുതിര എന്ന ചിത്രത്തിലെ ​ഗാനത്തിന്റെ റെക്കോർഡിങ് വേളയിൽ | ഫോട്ടോ: മാതൃഭൂമി

സിനിമയിൽ വിപ്ലവകരമായ പരീക്ഷണങ്ങൾ നടത്തുന്ന താങ്കൾ എപ്പോഴെങ്കിലും സ്വന്തം പരിമിതികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

കഴിവുകളെ തിരിച്ചറിയുന്നപോലെ പരിമിതികളെയും നടൻ തിരിച്ചറിയണം. കാൽപ്പനികവേഷങ്ങൾ സുന്ദരമായി ചെയ്ത നടനല്ലേ നസീർ സാർ. അദ്ദേഹത്തിനൊപ്പമെത്താൻ എനിക്കാവില്ല. സത്യൻ മാഷിന്റെയോ ശിവാജി ഗണേശൻ സാറിന്റെയോ പോലെ ഞാൻ അഭിനയിക്കാമെന്ന് വെച്ചാൽ അത് നടക്കുന്ന കാര്യമല്ല. എന്റെ കഴിവിനെക്കുറിച്ച് ഞാൻ തന്നെ മനസ്സിലാക്കിയില്ലെങ്കിൽ ഒരിക്കലും വിജയിക്കാൻ കഴിയില്ല. പരിമിതികളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവർക്കേ സ്വന്തം പരിമിതികളെ മറികടക്കാനാവൂ.

കമൽ ഹാസനും ശിവാജ് ​ഗണേശനും | ഫോട്ടോ: ജ്ഞാനം \ മാതൃഭൂമി

'കണ്ണും കരളി'ലൂടെ മലയാളത്തിലെത്തിയിട്ട് അറുപത് വർഷങ്ങൾ പിന്നിട്ടു. എങ്ങനെ കാണുന്നു?

ആറാമത്തെ വയസ്സിൽ ഞാനാദ്യമായി ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ സത്യൻ മാസ്റ്റർ വലിയ നടനാണ്. അദ്ദേഹത്തിനൊപ്പം തുടക്കംകുറിക്കാനായതുതന്നെ എന്റെ കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണ്. പിന്നീട്, സേതുമാധവൻ സാർ തന്നെ നായകനായി എന്നെ അവതരിപ്പിച്ചു. കന്യാകുമാരി'യിലൂടെ. മലയാളത്തിൽ സജീവമായിരുന്ന ആ കാലമൊന്നും ഞാൻ മറന്നിട്ടില്ല. അക്കാലത്തെ പ്രഗത്ഭരായ എല്ലാ നടീനടന്മാർക്കൊപ്പവും അഭിനയിക്കാൻ സാധിച്ചു. എന്നെ നായകനായി അംഗീകരിച്ചത് മലയാളമാണ്. എഴുത്തുകാർ, അഭിനേതാക്കൾ, രാഷ്ട്രീയനായകന്മാർ തുടങ്ങി വലിയൊരു സൗഹൃദവലയം കേരളത്തിലെനിക്കുണ്ട്. ഒരിക്കൽ പോലും കമൽഹാസനെ മലയാളികൾ തമിഴകത്തിന്റെ പുത്രനായി കണ്ടിട്ടില്ല. ആ സ്നേഹം ഞാനെങ്ങനെ മറക്കും?

മദനോത്സവത്തിൽ കമൽ ഹാസനും സെറീന വഹാബും | ഫോട്ടോ: മാതൃഭൂമി

സ്വപ്നങ്ങളിലേക്ക് പിടിച്ചുകയറുകയായിരുന്നു താങ്കൾ. എന്നിട്ടും പല സ്വപ്നപദ്ധതികളും നടക്കാതെ പോയിട്ടുണ്ടല്ലോ...

സത്യൻ മാഷിനൊപ്പം ഒറ്റ ചിത്രത്തിലേ അഭിനയിക്കാൻ കഴിഞ്ഞുള്ളൂ. തങ്കപ്പൻ മാസ്റ്ററുടെ അസിസ്റ്റന്റായി കുറെക്കാലം കൊറിയോഗ്രാഫറായി ജോലി ചെയ്തു. ഇവരുടെയൊക്കെ ജീവിതത്തിൽ ഞാൻ വലിയ സിനിമകൾ കണ്ടു. പക്ഷേ, സിനിമയാക്കാൻ കൊതിച്ച അത്തരം ആഗ്രങ്ങൾ "മരുതനായക'ത്തോളം വളർന്നു. ആ സംരംഭങ്ങളൊന്നും തന്നെ പൂർണതയിലെത്തിയില്ല. നടക്കാതെപോയ അത്തരം സ്വപ്നപദ്ധതി കളെയോർത്ത് ഞാനൊരിക്കലും വിലപിച്ചിട്ടില്ല. പുതിയസ്വപ്നങ്ങളിലേക്ക് പിടിച്ചുകയറാതിരുന്നിട്ടുമില്ല. ഒരു കവിതയോ കഥയോ നോവലോ വായിക്കുമ്പോൾ മനസ്സിൽ ഒരു സിനിമ തെളിയുന്നപോലെ, കലാപരമായ ആവിഷ്കാരങ്ങൾക്കുനേരെ വാളോങ്ങുമ്പോഴും എന്റെ മനസ്സിൽ പുതിയ ആശയങ്ങൾ ജനിക്കും. അത് സിനിമയായി പരിണമിക്കും. എന്റെ സ്വപ്നങ്ങൾ എന്റെ മാധ്യമത്തിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പത്തുസ്വപ്നങ്ങൾ കാണുമ്പോൾ അതിൽ അഞ്ചെണ്ണം മാത്രമേ ചിലപ്പോൾ സഫലീകരിക്കാൻ കഴിയൂ.

ആളവന്താൻ എന്ന ചിത്രത്തിൽ കമൽ ഹാസൻ | ഫോട്ടോ: മാതൃഭൂമി

ജീവിതത്തിൽ ഒരു വർഷം കൂടി പിന്നിടുമ്പോൾ താങ്കൾ സപ്തതിയിലേക്ക് കടക്കുകയാണ്. സിനിമയുടെ ചരിത്രത്തിനൊപ്പം കടന്നുപോയ താങ്കളുടെ ജീവിതം എന്നെങ്കിലും സിനിമയായി പുറത്തു വരുമോ?

എന്റെ ജീവിതയാത്രയിൽ ഞാൻ കണ്ടതും അനുഭവിച്ചതുമായ പല കാര്യങ്ങളും സിനിമയുടെ ഫ്രെയിമുകളിലേക്ക് ഞാൻ പലപ്പോഴായി പകർത്തിവെച്ചിട്ടുണ്ട്. അതിനപ്പുറം എന്റെ ജീവിതം അഭ്രപാളിയിലേക്ക് പകർത്താനൊന്നും ഞാനാഗ്രഹിച്ചിട്ടില്ല. സിനിമയിൽ ജീവിച്ച് എനിക്ക് കൊതിതീർന്നിട്ടില്ല. അതെപ്പോൾ തീരുമെന്ന് പറയാനാവില്ല. എന്നാലും ഞാൻ അടിവരയിട്ടു പറയാം. അവസാനശ്വാസംവരെ ഞാൻ സിനിമയ്ക്കൊപ്പം തന്നെയുണ്ടാവും.

കമൽ ഹാസൻ | ഫോട്ടോ: പി.ടി.ഐ

സ്വന്തം സിനിമകളെ പോലും ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാടോടെ താങ്കൾ വിലയിരുത്തുന്നുണ്ട്. ആ അർഥത്തിൽ 'ഇന്ത്യൻ 2'നെ എങ്ങനെ കാണുന്നു?

വളരെ സങ്കീർണമായ ഒരു കാലഘട്ട ത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കാലം ആവശ്യപ്പെടുന്ന ഒരു ചിത്രം തന്നെയാകും 'ഇന്ത്യൻ 2'. 'ഇന്ത്യൻ ഫസ്റ്റി'നുവേണ്ടി എന്തെല്ലാം പരീക്ഷണങ്ങൾ വേണ്ടി വന്നോ, അത്രയൊന്നും പരീക്ഷണങ്ങളിപ്പോൾ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. പരീക്ഷണങ്ങളെക്കാളും പ്രതിഷേധങ്ങളാണ് ഇനി വേണ്ടത്. പക്ഷേ, സിനിമ എന്ന കലയ്ക്ക് കാലം ആവശ്യപ്പെടുന്ന പലതും ഇന്ത്യനി'ൽ നിങ്ങൾക്ക് കണ്ടെത്താം. അതിനപ്പുറം ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ഈ സിനിമയെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.

കമൽ ഹാസനും സംവിധായകൻ ഷങ്കറും | ഫോട്ടോ: വി. രമേഷ് \ മാതൃഭൂമി

അറുപത്തിരണ്ടുവർഷത്തെ ചലച്ചിത്രജീവിതത്തിൽ വിജയപരാജയങ്ങളുടെ കഥകളേറെ പറയാനുണ്ടെങ്കിലും അതിലൊന്നും അഭിരമിക്കാതെ കമൽഹാസൻ എന്ന ഇന്ത്യൻ ജീവിക്കുന്നത് സിനിമയ്ക്കുവേണ്ടിയാണ്. അദ്ദേഹത്തിന്റെ കാൽവെപ്പുകളോരോന്നും ഓരോ സ്വപ്നവും നിലപാടുകളുമാണ്. ആ ചിന്തകൾ ചോദ്യങ്ങളായി പലപ്പോഴും പലരുടെയും മുഖത്ത് പൊള്ളലേൽപ്പിച്ചെന്നുവരാം. കാരണം, ചോദിക്കുന്നത് കമൽഹാസനാണ്. ഇന്ത്യക്കാരനായി ജീവിച്ച് ഇന്ത്യയിലെ നെറികേടുകളെ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്ന യഥാർഥ ഇന്ത്യൻ.

(2022 ഒക്ടോബർ ലക്കം മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: exclusive interview with kamal haasan, indian 2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented