സ്വന്തം കുഞ്ഞിനായി അമ്മ നടത്തുന്ന പോരാട്ടം; മാമാട്ടിക്കുട്ടിയമ്മയും നൊമ്പരപ്പെടുത്തിയ ദത്ത്സിനിമകളും


എന്‍.പി.മുരളീകൃഷ്ണന്‍

ഭാര്യാഭര്‍ത്തൃ ബന്ധവും കുഞ്ഞുങ്ങളും ജീവിതത്തില്‍ അവിചാരിതമായുണ്ടായേക്കാവുന്ന സ്വാഭാവിക സംഘര്‍ഷങ്ങളും ശുഭപര്യവസായിയായ അന്ത്യവും എണ്‍പതുകളിലെ മലയാള സിനിമയുടെ ഇഷ്ടവിഷയമായിരുന്നു. ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് ദത്ത് ഒരു പ്രമേയമായി മലയാള സിനിമയിലേക്കു കടന്നുവന്നതും.

-

സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി ഒരമ്മ നടത്തുന്ന സമര പോരാട്ടമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ തിരികെ നല്‍കണമെന്നാഗ്രഹിക്കുന്നവരും കുഞ്ഞിനെ ദത്തെടുത്തവരുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന ആവശ്യമുന്നയിക്കുന്നവരും നമുക്കുചുറ്റുമുണ്ട്. ആര്‍ക്കൊപ്പം നില്‍ക്കണമെന്നറിയാത്ത ഒരു വിഭാഗവും..

ഇത്തരം മാനുഷിക വികാരങ്ങള്‍ പ്രമേയമാക്കിയ നിരവധി സിനിമകള്‍ ഒരുകാലത്ത് മലയാളത്തിലിറങ്ങിയിരുന്നു. ഭാര്യാഭര്‍ത്തൃ ബന്ധവും കുഞ്ഞുങ്ങളും ജീവിതത്തില്‍ അവിചാരിതമായുണ്ടായേക്കാവുന്ന സ്വാഭാവിക സംഘര്‍ഷങ്ങളും ശുഭപര്യവസായിയായ അന്ത്യവും എണ്‍പതുകളിലെ മലയാള സിനിമയുടെ ഇഷ്ടവിഷയമായിരുന്നു. ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് ദത്ത് ഒരു പ്രമേയമായി മലയാള സിനിമയിലേക്കു കടന്നുവന്നതും.

മലയാളികള്‍ എക്കാലത്തും ഗൃഹാതുരതയോടെയും തെല്ല് നൊമ്പരത്തോടെയും ഓര്‍മ്മിക്കുന്ന സിനിമയാണ് ഫാസിലിന്റെ സംവിധാനത്തില്‍ 1983 ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്. ദത്തെടുക്കല്‍ വിഷയമാക്കി മലയാളത്തിലുണ്ടായ ഏറ്റവും ജനപ്രിയ സിനിമയും ഇതുതന്നെ. ഈ സിനിമയിലൂടെ ശാലിനിയെന്ന ബാലതാരം മലയാളത്തിന്റെ സ്വന്തം മാമാട്ടിക്കുട്ടിയമ്മയായി ഏറെ രസിപ്പിക്കുകയും പിന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്തു. ഈ സിനിമയുടെ പ്രമേയം മലയാളി പ്രേക്ഷകരിലുണര്‍ത്തിയ നൊമ്പരത്തിന്റെ അല നാലു പതിറ്റാണ്ടോളമെത്തുമ്പോഴും ഒടുങ്ങിയിട്ടില്ല. ഒരു വ്യക്തിയില്‍ ഏറ്റവുമധികം ഉള്ളടങ്ങിയിട്ടുള്ള മാതൃത്വം, പിതൃത്വം എന്നീ വികാരങ്ങളിലായിരുന്നു ആ സിനിമ തൊട്ടത്. സിനിമയുടെ കഥാസാരം ഇങ്ങനെയായിരുന്നു:

കായല്‍പരപ്പിലെ ബോട്ടില്‍ ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ദമ്പതിമാരായ സേതുലക്ഷ്മി(സംഗീതാ നായിക്)ക്കും വിനോദി(ഗോപി)നും ജീവിതത്തിലെ ദാരുണമായ ഒരു അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. ബോട്ടിന്റെ മുകള്‍ത്തട്ടില്‍ തന്റെ പ്രിയപ്പെട്ട കളിപ്പാട്ടമായ പാവയുമായി മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയുടെ പാവ വെള്ളത്തില്‍ വീഴുകയും കുട്ടി പിറകെ ചാടുകയും ചെയ്യുകയായിരുന്നു. മകളെ നഷ്ടപ്പെട്ട ദമ്പതിമാര്‍ക്ക് അത് വലിയ ആഘാതമാകുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ടിന്റു (ബേബി ശാലിനി) എന്ന ഒരു ബാലികയെ ദത്തെടുക്കാന്‍ വിനോദ് തീരുമാനിക്കുന്നു. എന്നാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ സേതു ആഗ്രഹിച്ചില്ല. എന്നിരുന്നാലും അനാഥാലയത്തില്‍ ടിന്റുവിനെ കാണാനായി പോകുവാന്‍ വിനോദ് സേതുവിനെ നിര്‍ബന്ധിക്കുന്നു. തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട സേതു ഒരു കുട്ടിയെ വളര്‍ത്തുവാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാല്‍ നിഷേധം പ്രകടിപ്പിക്കുന്നു. വിനോദ് അവളെ പറഞ്ഞു മനസ്സിലാക്കിയതോടെ സേതു ദത്തെടുക്കുവാന്‍ സമ്മതിക്കുന്നു. അവര്‍ ടിന്റുവിനെ സ്വീകരിക്കുന്നതോടെ നഷ്ടമായ സന്തോഷം ജീവിതത്തില്‍ തിരികെയെത്തുന്നു. എന്നാല്‍ കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍ (പൂര്‍ണിമ ജയറാം, മോഹന്‍ലാല്‍) കുട്ടിയെ തേടിയെത്തുന്നതോടെ കാര്യങ്ങള്‍ മറിച്ചാകുന്നു. തുടക്കത്തില്‍ സേതു നിരസിച്ചെങ്കിലും പിന്നീട് കുട്ടിയെ കൈമാറാന്‍ തയ്യാറാകുന്നു.

ഈ സിനിമയുടെ പ്രമേയത്തിന്റെ ഏറെക്കുറെ സമാന പശ്ചാത്തലമാണ് ഇപ്പോള്‍ കേരളം വീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിലും ഉണ്ടായിട്ടുള്ളത്. അതീവ ദു:ഖകരമായ ഈ ജീവിതാവസ്ഥ തന്നെയായിരുന്നു മാമാട്ടുക്കുട്ടിയമ്മയിലൂടെ മലയാളിയെ നൊമ്പരപ്പെടുത്തിയത്.

1997ല്‍ സത്യന്‍ അന്തിക്കാടിന്റെ 'ഇരട്ടക്കുട്ടികളുടെ അച്ഛന്‍' ആണ് ദത്ത് പ്രമേയമാക്കി കാണികളെ നൊമ്പരപ്പെടുത്തിയ മറ്റൊരു സിനിമ. ഇതില്‍ രാജീവനും (ജയറാം) അനുപമയ്ക്കും (മഞ്ജു വാര്യര്‍) ഇരട്ടക്കുട്ടികളാണ് ജനിക്കുന്നത്. മക്കളില്ലാതെ വിഷമിച്ചിരുന്ന മറ്റൊരു ദമ്പതികള്‍ക്ക് ഇതില്‍ ഒരു കുഞ്ഞിനെ അനുപമ അറിയാതെ കൈമാറാന്‍ രാജീവന്‍ തയ്യാറാകുകയാണ്. കുഞ്ഞിനെ ലഭിക്കുന്നതോടെ ദമ്പതികളുടെ ജീവിതം ആനന്ദം നിറഞ്ഞതാകുന്നു. എന്നാല്‍ സ്വന്തം കുഞ്ഞിനെ ദത്ത് നല്‍കേണ്ടി വന്നതിന്റെ കുറ്റബോധം രാജീവനെ അലട്ടുന്നു. സത്യം അറിയുന്നതോടെ കുഞ്ഞിനെ തിരിച്ചു കിട്ടിയേ മതിയാകൂവെന്ന് അനുപമയിലെ മാതാവ് വാശിപിടിക്കുന്നു. പക്ഷേ ഒടുവില്‍ കുഞ്ഞിനെ വളര്‍ത്തമ്മയ്ക്ക് നല്‍കി തിരിച്ചുപോരുകയാണ് ആ അമ്മ. കമല്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത തൂവല്‍സ്പര്‍ശത്തില്‍ മാമാട്ടുക്കുട്ടിയമ്മയിലെയും ഇരട്ടക്കുട്ടികളുടെ അച്ഛനിലെയും പോലെ ദത്ത് പ്രത്യക്ഷമായി വിഷയമാകുന്നില്ലെങ്കിലും കുട്ടിയുടെ ഉടമസ്ഥാവകാശം തന്നെയാണ് പ്രമേയം. ബാച്ചിലേഴ്‌സായ മൂന്ന് ചെറുപ്പക്കാര്‍ക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കുഞ്ഞിനെ കിട്ടുകയും അവര്‍ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയുമാണ്. ക്രമേണ കുട്ടിയോട് അടുപ്പം കൂടുന്ന ചെറുപ്പക്കാര്‍ അവളെ കിങ്ങിണി എന്നു പേരിട്ട് വളര്‍ത്തുന്നു. അവരുടെ ദൈനംദിന ജീവിതത്തിലെ സന്തോഷമായി ആ കുഞ്ഞ് മാറുമ്പോഴാണ് യഥാര്‍ഥ അമ്മ അവകാശവാദവുമായി എത്തുന്നത്. ഓമനയായി ചുറ്റുമുള്ളവരെ രസിപ്പിക്കുന്ന കുഞ്ഞ് പെട്ടെന്നൊരു നാള്‍ അനിവാര്യമായ വിടപറച്ചിലിന് വിധേയമാകുമ്പോഴത്തെ നൊമ്പരമാണ് തൂവല്‍സ്പര്‍ശത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം.

ഒരു വിങ്ങലോടെ മാത്രം മലയാളി ഓര്‍മ്മിക്കുന്ന സിബി മലയിലിന്റെ 'ആകാശദൂതി'ല്‍ ഗതികേടുകൊണ്ട് സ്വന്തം മക്കളെ ദത്ത് നല്‍കേണ്ടി വന്ന അമ്മയാണുള്ളത്. ഭര്‍ത്താവ് മരണപ്പെടുകയും താന്‍ രോഗിയായി മരണത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ ആനിയെന്ന അമ്മയ്ക്ക് തന്റെ പൊന്നോമനകളെ മറ്റുള്ളവര്‍ക്ക് വളര്‍ത്താന്‍ നല്‍കുകയെന്നതല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു. ഈ അമ്മയുടെയും മക്കളുടെയും ഗതികേടും കണ്ണീരും വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്.

വിവാഹം കഴിക്കാനോ ദത്തെടുക്കാനോ താത്പര്യമില്ലാത്ത കോടീശ്വരനും മാതാപിതാക്കളെ നഷ്ടപ്പെട്ടയാളുമായ രാജീവ് മേനോന് ഒരു കുഞ്ഞിനെ വളര്‍ത്തണമെന്ന് ആഗ്രഹമുണ്ട്. ഇതിനായി കൃത്രിമ ബീജസങ്കലനത്തിലൂടെ ആനിയെന്ന സ്ത്രീയില്‍ ഒരു വാടക ഗര്‍ഭപാത്രം കണ്ടെത്തുകയാണ് അയാള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന സിബി മലയിലിന്റെ ദശരഥത്തിന് പ്രമേയം ഇതായിരുന്നു. കുട്ടിയുടെ ജനനസമയത്ത് ആനി തന്റെ ഗര്‍ഭപാത്രത്തില്‍ രൂപം കൊള്ളുന്ന ജീവനുമായി വൈകാരികമായി അടുക്കുകയും കുഞ്ഞിനെ പിരിയാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ആനിയുടെ ഭര്‍ത്താവ് ചന്ദ്രദാസിലും ഇത് തന്റെ തന്നെ കുഞ്ഞാണെന്ന വൈകാരികാടുപ്പമാണ് പീന്നീട് ഉടലെടുക്കുന്നത്. ഒടുവില്‍ കുട്ടിയെ ആനിക്ക് കൈമാറുന്ന രാജീവ് വീണ്ടും അനാഥനായി തുടരുകയാണ്. രാജീവ്, ആനി, ചന്ദ്രദാസ് എന്നിവരുടെ വൈകാരികാവസ്ഥകള്‍ക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകര്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നും ആരാണ് ശരിയെന്നുമുള്ള സന്ദിഗ്ധാവസ്ഥയില്‍ അകപ്പെട്ടുപോകുന്നു. ഒടുക്കം രാജീവിനെപ്പോലെ തന്റെ അനാഥത്വത്തെക്കാളും മാതൃത്വം എന്ന പ്രാപഞ്ചിക വികാരത്തിനൊപ്പം നില്‍ക്കാനാണ് അവരും തീരുമാനിക്കുന്നത്.

ഫാസിലിന്റെ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയില്‍ ദത്തായ പെണ്‍കുട്ടി തന്റെ യഥാര്‍ഥ മാതാപിതാക്കളെ അന്വേഷിച്ചു കണ്ടെത്തുന്നതാണ് പ്രമേയമാക്കുന്നത്. മകളാണെന്ന അംഗീകാരം അമ്മയില്‍ നിന്ന് ലഭിക്കാനായുള്ള പെണ്‍കുട്ടിയുടെ പരിശ്രമങ്ങളും അംഗീകരിക്കപ്പെടുമ്പോള്‍ അമ്മയുടെ ജീവന്‍ നഷ്ടമാകുകയും ചെയ്യുമ്പോഴാണ് മായയെന്ന കഥാപാത്രം പ്രേക്ഷകരില്‍ വേദനയായി അവശേഷിക്കുന്നത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented