പ്രണയം അത്രമേല്‍ ഹ്രസ്വമാം വിസ്മൃതി അതിലും എത്രയോ ദീര്‍ഘം!-പാബ്ലോ നെരൂദ

ഒരു ജീവിതം മുഴുവന്‍ ഒരാള്‍ക്കായി കാത്തിരിക്കുക. അയാളുടെ ഓര്‍മ്മകളില്‍ ഇപ്പോഴും പ്രണയത്തിനു ജീവന്‍ നല്‍കുക. ഇങ്ങനെയും ഒരു പ്രണയം സാധ്യമോ എന്നാണ് മൊയ്തീന്‍ കാഞ്ചനമാല പ്രണയം ആദ്യമായി വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്. എന്നാല്‍ അതിനുള്ള ഉത്തരം എന്ന്  നിന്റെ മൊയ്തീന്‍ എന്ന സിനിമയിലുണ്ടായിരുന്നു. അതില്‍ അപ്പു എന്ന കഥാപാത്രം കാഞ്ചനമാലയോട് പറയുന്നുണ്ട്:'

കാഞ്ചനേ, നിന്നെപ്പോലൊരു പെണ്ണ് ഈ ഭൂമിയില്‍ നീ മാത്രമേ കാണൂ. ഇതുപോലൊരു പ്രണയവും!'
അതെ; സിനിമയില്‍ പറയുന്ന പോലെ ഇരുവഴിഞ്ഞിപ്പുഴ കടലിനുള്ളതാണെങ്കില്‍ കാഞ്ചനമാല മൊയ്തീനുള്ളതാണ് എന്ന വാക്കിന്റെ സത്യത്തില്‍ അവര്‍ ഇന്നും ജീവിക്കുന്നു. സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലൊളിച്ച വെള്ളാരങ്കണ്ണുള്ള മൊയ്തീന്‍ വല്ലാത്തൊരു നൊമ്പരമായി അവശേഷിക്കുന്നു. അപ്പോള്‍ കാഞ്ചനമാലയില്‍ അതെത്ര തീവ്രമായിരിക്കും? സിനിമക്കു വേണ്ടി നാടകീയ രംഗങ്ങള്‍ കോര്‍ത്തിണക്കുകയല്ല പുതുമുഖസംവിധായകനായ വിമല്‍ ചെയ്തത്. മൊയ്തീന്റെയും കാഞ്ചനമാലയുടേയും ജീവിതം ഒട്ടും അതിഭാവുകത്വം കലരാതെ ദൃശ്യവത്കരിച്ചിരിക്കുന്നു.

പ്രണയത്തിന്റെ ഏറ്റവും തീവ്രമായ ഭാവങ്ങളായി മഴയെ പലതരത്തില്‍ മാറ്റിയെടുത്ത ജോമോന്‍ ടി.ജോണിന്റെ ക്യാമറയെ അഭിനന്ദിക്കാതെ വയ്യ. മഴ ഇരുവഴിഞ്ഞിപ്പുഴയുടെ അക്കരെയും ഇക്കരെയും നിറഞ്ഞു പെയ്യുന്നു. ചിലപ്പോള്‍ സന്തോഷത്തോടെ, മറ്റു ചിലപ്പോള്‍ വിരഹത്തോടെ, ഇനിയും ചിലപ്പോള്‍ വലിയ സങ്കടത്തോടെ. എന്തായാലും കാഞ്ചനക്കും മൊയ്തീനുമൊപ്പം ഈ മഴയെല്ലാം നമ്മളും നനയുന്നുണ്ട്. കാഞ്ചനയുടെ കൈക്കുമ്പിളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ കൈക്കുമ്പിളിലാക്കാന്‍ മൊയ്തീനെപ്പോലെ അറിയാതെ നമ്മളും കൈ നീട്ടുന്നു. സംഭാഷണത്തിന്റെ അകമ്പടികളില്ലാതെ നമ്മളോട് സംവദിക്കുന്ന ഒട്ടേറെ മനോഹരരംഗങ്ങള്‍ ജോമോന്റെ ക്യാമറക്കുള്ളില്‍ നിന്നും വരുന്നുണ്ട്. ആരോ പതുക്കെ നമ്മുടെ ചെവിയില്‍ മൂളുന്ന ഒരു മനോഹര കവിത പോലെ.

പത്തിരുപത്തിയഞ്ച് വര്‍ഷക്കാലം വീട്ടുതടങ്കലില്‍ പരസ്പരം കണാതിരുന്നപ്പോള്‍ കാഞ്ചനമാലയും മൊയ്തീനും ഉണ്ടാക്കിയെടുത്ത പ്രണയത്തിന്റെ ഭാഷ മറ്റാര്‍ക്കും മനസ്സിലാവാതെ പോകുന്നത് സ്വാഭാവികം മാത്രം. അത് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ പ്രണയകഥ മറ്റൊന്നാകുമായിരുന്നു. തങ്ങള്‍ക്കുമാത്രം മനസ്സിലാവുന്ന ആ പ്രണയഭാഷ മൊയ്തീനെ ആശുപത്രിക്കിടക്കയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുമ്പോള്‍, എത്രയോ ആളുകള്‍ തിങ്ങിനിറഞ്ഞ സിനിമാക്കൊട്ടകയിലെ തിരശ്ശീലയില്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്ന ആ ഭാഷ കാഞ്ചനമാല മാത്രം വായിച്ചു ചിരിക്കുമ്പോള്‍... ഒരു തവണയെങ്കിലും ചിന്തിക്കും ഇത്രനാളും നമ്മള്‍ ആഘോഷിച്ചതായിരുന്നോ പ്രേമം!
മാംസനിബദ്ധമല്ലാത്ത മൊയ്തീന്റെ രാഗത്തെ ഇരുവഴിഞ്ഞിപ്പുഴയും മോഹിച്ചിരിക്കണം. അതുകൊണ്ടായിരിക്കും ആരും ചെന്നെത്താത്ത ആഴങ്ങളിലേക്ക് ചുഴിയുടെ കൈപ്പിടിയിലൊതുക്കിഅവള്‍ മൊയ്തീന്റെ പ്രണയത്തെ കൊണ്ടുപോയത്. ഓരോ മഴയിലും അതിന്റെ ഓര്‍മകള്‍ നിറച്ച് നിറഞ്ഞുകവിഞ്ഞൊഴുകുന്നത്.

മൊയ്തീനും കാഞ്ചനമാലക്കും ജീവന്‍ കൊടുത്ത പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം എടുത്തു പറയേണ്ട നടനാണ് സായ്കുമാര്‍. മൊയ്തീന്റെ ഉപ്പ, അഭിമാനിയായ ഉണ്ണിമൊയ്തു ഹാജിയായി സായ്കുമാര്‍ അസാധ്യമായി അഭിനയിച്ചു.സിനിമയോട് ഏറ്റവും ഇഴുകിച്ചേര്‍ന്നു കൊണ്ട് ഒട്ടും വേറിട്ടു നില്‍ക്കാതെ നമ്മിലേക്കിറങ്ങുന്നു ഇതിലെ ഗാനങ്ങളും. രചയിതാവായ റഫീക്ക് അഹമ്മദും സംഗീതസംവിധായകരായ എം.ജയചന്ദ്രനും രമേശ് നാരായണനും എത്രത്തോളം മൊയ്തീനേയും കാഞ്ചനമാലയേയും ഹൃദയത്തിലേറ്റി എന്നതിന്റെ തെളിവാണ് ഓരോ ഗാനവും.

പുന്നാരപ്പനംതത്ത ദൂരെ നിന്ന് കണ്ണോണ്ട് ചൊല്ലുന്നതും മിണ്ടാതെ മിണ്ടുന്നതും അത്രതന്നെ തീവ്രമായി നമ്മിലേക്കെത്തുമ്പോള്‍, ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഒഴിഞ്ഞ ഇരുവഴിഞ്ഞിപ്പുഴയുടെ കടവ് കണ്ണില്‍നനവോടെ മാത്രമേ ഓര്‍ക്കാനാവൂ. ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും ഒന്നിനൊന്ന് മികച്ചതാകുമ്പോള്‍ എല്ലാത്തിനുമൊടുവില്‍ കാഞ്ചന മൊയ്തീനോട് ചോദിക്കുന്ന പോലെ നമ്മള് തോറ്റോ? എന്ന വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നിസ്സംശയം മൊയ്തീന്റെ ഭാഷ കടമെടുത്ത് പറയാം :'എവടെ?'

 

maoideenമലയാളിയുടെ കേട്ടറിവിന്റെ ബോധ്യങ്ങളിലെ ഏറ്റവും തീവ്രമായ പ്രണയാനുഭവമാണ് കോഴിക്കോട്ടെ മുക്കത്ത് ജീവിച്ചിരുന്ന ബി.പി മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയം. 

പുസ്തകം വാങ്ങാം