``The Good,The Bad and The Ugly...''

ഓർമ്മയിലെ ചെന്നായയും ചൂളംവിളിയും
------------------
എന്യോ മൊറീക്കോൺ എന്ന പേരിനൊപ്പം ഒരു ചെന്നായയുടെ ഓരിയിടൽ മുഴങ്ങും കാതിൽ; ഒപ്പം ഒരു ചൂളംവിളിയും. എന്റെ മാത്രമല്ല, ഒരു തലമുറയുടെ മുഴുവൻ ഉറക്കം കെടുത്തിയ ശബ്ദശകലങ്ങൾ....

``ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി'' (1968) എന്ന സിനിമ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ ഈ ജന്മം മറക്കാനിടയില്ല ആ തീം മ്യൂസിക്. സെർജിയോ ലിയോൺ സംവിധാനം ചെയ്ത ആ ക്ലാസിക് കൗബോയ് ചിത്രത്തെയും, അതിലെ പേരില്ലാത്ത നായകനെയും അനശ്വരനാക്കിയത് ആ പ്രമേയ സംഗീതം കൂടിയല്ലേ? ഒരിക്കലും ചിരിക്കാത്ത, ചുണ്ടുകളിൽ കടിച്ചുപിടിച്ച ചുരുട്ടും ഇടുങ്ങിയ കണ്ണുകളിൽ നിസ്സംഗതയുമായി നടന്നുനീങ്ങുന്ന ആ ക്ലിന്റ് ഈസ്റ്റ് വുഡ് കഥാപാത്രത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം മൊറീക്കോൺ ചിട്ടപ്പെടുത്തിയ സംഗീത ശകലം കൂടി മനസ്സിൽ വന്നു നിറയും; അര നൂറ്റാണ്ടിനിപ്പുറവും.

എത്രയോ വൈൽഡ് വെസ്റ്റ് ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മൊത്തമായും ചില്ലറയായും ആവർത്തിക്കപ്പെട്ടു ആ മ്യൂസിക്കൽ ബിറ്റ് -- ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായ ഷോലെയിൽ വരെ.

മൊറീക്കോൺ യാത്രയായി -- തൊണ്ണൂറ്റിയൊന്നാം വയസ്സിൽ; കാലത്തെ അതിജീവിച്ച ഒരുപാട് സംഗീതശകലങ്ങൾ ഓർമ്മയിൽ അവശേഷിപ്പിച്ചുകൊണ്ട്.

പശ്ചാത്തല സംഗീതം എന്ന സങ്കൽപ്പത്തെ തന്നെ കീഴ്മേൽ മറിച്ചിട്ടയാളാണ് മൊറീക്കോൺ. ദൃശ്യങ്ങൾക്കിണങ്ങുന്ന പശ്ചാത്തല സംഗീതമല്ല തനിക്ക് വേണ്ടതെന്ന് ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലിയുടെ ചിത്രീകരണം തുടങ്ങും മുൻപേ സംവിധായകൻ സെർജിയോ ലിയോൺ മൊറീക്കോണിനോട് പറഞ്ഞിരുന്നു. `` താങ്കളുടെ സംഗീതം ആദ്യം വരട്ടെ; അതിന് അനുസരിച്ചാണ് എന്റെ സിനിമ പിറക്കുക'' -- സെർജിയോ ലിയോൺ പറഞ്ഞു. `` മൊറീക്കോണിന്റെ സംഗീതത്തെ സൂക്ഷ്മമായി പിന്തുടർന്നുകൊണ്ടാണ് ഞാൻ എന്റെ ഷോട്ടുകളും ക്യാമറാ മൂവ്മെന്റ്സ് പോലും നിശ്ചയിച്ചത്.''-- ലിയോണിന്റെ വാക്കുകൾ.

ലിയോണിന്റെ ഇറ്റാലിയൻ സ്പഗേറ്റി വെസ്റ്റേൺ ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമായിരുന്നു ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി. ആദ്യ ചിത്രമായ എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സിലും, പിന്നാലെ വന്ന ഫോർ എ ഫ്യു ഡോളേഴ്സ് മോറിലും സംഗീത സംവിധാനം നിർവഹിച്ചത് മൊറീക്കോൺ തന്നെ. ചുരുങ്ങിയ ബജറ്റിൽ നിർമിച്ച പടങ്ങളായിരുന്നു രണ്ടും. ഇലക്ട്രിക് ഗിറ്റാറും കുറെ സ്പെഷൽ ഇഫക്റ്റ്സും മാത്രം ഉപയോഗിച്ച് രണ്ടു ചിത്രങ്ങളിലും മൊറീക്കോൺ സൃഷ്ടിച്ച മായികാന്തരീക്ഷം ഇന്നുമുണ്ട് ഓർമ്മയിൽ.

``ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി''യിൽ കുറേ കൂടി സ്വാതന്ത്ര്യം ലഭിച്ചു അദ്ദേഹത്തിന്. മൂന്ന് മുഖ്യ കഥാപാത്രങ്ങൾക്കും വെവ്വേറെ പ്രമേയ സംഗീതം എന്ന ആശയം പിറന്നത് അങ്ങനെ. ക്ലിന്റ് ഈസ്റ്റ് വുഡിന് ഫ്ലൂട്ട്, ലീ വാൻ ക്ലിഫിന് ഒക്കറീനാ എന്ന വിൻഡ് ഇൻസ്ട്രുമെന്റ്, ഇലൈ വാലക്ക് അവതരിപ്പിച്ച ``അഗ്ലി''ക്ക് മനുഷ്യ ശബ്ദം... സിനിമയുടെ മെയിൻ തീമിൽ ചെന്നായയുടെ അസ്സൽ ഓരിയിടൽ ശബ്ദത്തോടൊപ്പം ജോൺ ഒനീലിന്റെ ചൂളം വിളിയും യോഡലിംഗും വരെ കലർത്തി മൊറീക്കോൺ. ഇലക്ട്രിക് ഗിറ്റാറും ഫ്ളൂട്ടും ഡ്രംസും കൂടി ചേർന്നപ്പോൾ ലോക സിനിമയിലെ തന്നെ എക്കാലത്തെയും ക്ലാസിക് ആയ പ്രമേയ സംഗീതമായി മാറി അത്. ``രണ്ടു ശൂന്യതകളാണ് ആ സംഗീതത്തിലൂടെ ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചത് -- കഥ നടക്കുന്ന ഭൂപ്രദേശത്തിന്റെ ശൂന്യത; പിന്നെ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കണ്ണുകളിലെ ശൂന്യതയും.'' -- മൊറീക്കോൺ പിന്നീടൊരിക്കൽ പറഞ്ഞു.

``ശൂന്യത''യിൽ നിന്ന് പിറന്ന ആ സംഗീതം ഇന്ന് ചരിത്രം.1967 ലെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിക്കൊണ്ടായിരുന്നു ജൈത്രയാത്രയുടെ തുടക്കം. റീമിക്സുകളിലൂടെ, കവർ വേർഷനുകളിലൂടെ ഇന്നും ലോകമെങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ആ സംഗീത ശകലം.

വിട, മൊറീക്കോൺ....

Content Highlights :ennio morricone Oscar Winning Composer The Good,The Bad and The Ugly