മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ഒരേസമയം ആഹ്ലാദവും ആകാംക്ഷയും നിറഞ്ഞുനിന്നു. ലൂസിഫര്‍ മലയാളത്തില്‍ ഏറ്റവും വലിയ വിജയചിത്രമായി മാറിയതിന്റെ സന്തോഷത്തിലായിരുന്നു അണിയറപ്രവര്‍ത്തകരെങ്കില്‍, ലൂസിഫര്‍-2 ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ആകാംക്ഷയായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികളില്‍ കണ്ടത്.

200 കോടിയിലേക്കുള്ള ലൂസിഫറിന്റെ പ്രയാണം ആരംഭിച്ച മോഹന്‍ലാലിന്റെ വീട്ടിലെ അതേ മരച്ചുവട്ടില്‍ അവര്‍ വീണ്ടും ഒന്നിച്ചിരുന്നു. 2017-ല്‍ അവിടെവെച്ചാണ് മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് ലൂസിഫറിനെക്കുറിച്ച് ആദ്യമായി പ്രേക്ഷകരോട് സംസാരിച്ചത്.

ലൂസിഫര്‍ എന്ന ചിത്രം പ്രഖ്യാപിച്ച ഭാഗ്യമണ്ണില്‍ ഇരുന്നുതന്നെ ചിത്രത്തിന്റെ തുടര്‍ച്ചയും പറയാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പുതുമുഖസംവിധായകന്റെ ആദ്യ സിനിമയ്ക്ക് ഇത്ര വലിയൊരു സ്വീകരണം നല്‍കിയതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും നന്ദിപറഞ്ഞുകൊണ്ടാണ് സംവിധായകന്‍ പൃഥ്വിരാജ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രണ്ടാംവരവിനെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്.

ലൂസിഫര്‍ സിനിമയുടെ അവസാനരംഗത്തിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം യഥാര്‍ഥത്തില്‍ ആരാണെന്ന് വെളിപ്പെടുത്തുന്നത്. ടെയില്‍ എന്‍ഡ് ഗാനത്തില്‍ നിറയെ 'എമ്പുരാനേ'യെന്ന പ്രയോഗം നിറഞ്ഞുനില്‍ക്കുന്നുണ്ട്. തിയേറ്ററില്‍ പാട്ട് വേണ്ടരീതിയില്‍ ശ്രദ്ധിക്കാതെപോയ പ്രേക്ഷകര്‍ക്കായി ലൂസിഫര്‍ ടീം പിന്നീട് പാട്ട് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഉഷാ ഉതുപ്പ് ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് തിരക്കഥാകൃത്തുകൂടിയായ മുരളി ഗോപിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരന്‍ റഷ്യയില്‍ വേരുകളുള്ള ഖുറേഷി അബ്രാം എന്ന ഡോണാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഗാനത്തിനൊപ്പം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെനിന്നാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ തുടങ്ങുന്നത്.

എമ്പുരാന്‍ എന്ന പേരിന് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം

‘Empuran-more than a King, less than a God’- എന്നാണ്.

ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ചമാത്രമായിരിക്കില്ല പുതിയചിത്രമെന്ന് സംവിധായകന്‍ പൃഥ്വിരാജ് പറയുന്നു. ഇതിനോടകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പു നടന്ന കഥയും അതിന്റെ തുടര്‍ക്കഥയും ചേര്‍ത്തുവെച്ചാകും രണ്ടാംഭാഗം ഒരുക്കുക. ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനുമുന്‍പുതന്നെ അവതരിപ്പിച്ച കഥയുടെ മുന്‍പും പിന്‍പും സംഭവിച്ചതെന്തായിരിക്കുമെന്നതിനക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. താരതമ്യേന ലൂസിഫറിനെക്കാള്‍ വലിയ സിനിമയായിരിക്കും എമ്പുരാന്‍. 2020 പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ എന്ന് തിയേറ്ററുകളിലെത്തുമെന്ന് ഇപ്പോള്‍ പറയാന്‍ പ്രയാസമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ആദ്യ ചിത്രത്തിന് ലഭിച്ച മിന്നും വിജയം തന്നെയാണ് രണ്ടാംഭാഗത്തിനായുള്ള ചുവടുവെപ്പിന് കരുത്തുനല്‍കുന്നത്. മലയാളസിനിമയുടെ ബിസിനസ്സില്‍ പുതിയ ചരിത്രം തീര്‍ത്ത ലൂസിഫര്‍ ലോകവിപണിയിലേക്ക് മലയാളത്തെ കൈപിടിച്ചുയര്‍ത്തി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കോടികള്‍ കൊയ്ത ചിത്രത്തിന് വിദേശരാജ്യങ്ങളിലും വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

വലിയ കാന്‍വാസില്‍ പറയേണ്ട കഥയാണ് മനസ്സില്‍ കണ്ട ചിത്രമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. ഒരു സിനിമ നല്‍കുന്ന സമയപരിധിയില്‍ ഒതുക്കിനിര്‍ത്താനാകാത്ത കഥയായതിനാല്‍ സീക്വന്‍സുകളായി ഓണ്‍ലൈന്‍ ചാനല്‍വഴി അവതരിപ്പിക്കാനായിരുന്നു തുടക്കത്തില്‍ ഉദ്ദേശിച്ചത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഐസ് മലയുടെ മുകള്‍ഭാഗം മാത്രമാണ് ലൂസിഫര്‍. അവതരിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ഇനി വരാനുണ്ട്. വിജയചിത്രത്തിന്റെ തുടര്‍ച്ച രചിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍, ലൂസിഫര്‍ ചിത്രീകരിക്കുമ്പോള്‍ തന്നെ രണ്ടാംഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു, അതുകൊണ്ടുതന്നെ കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ് -മുരളി ഗോപി വിശദീകരിച്ചു.

എമ്പുരാന്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തെ ജീവിതത്തിലെ ധന്യനിമിഷം എന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വിശേഷിപ്പിച്ചത്. നിലവില്‍ തീരുമാനിച്ചുറപ്പിച്ച പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയശേഷമാകും മോഹന്‍ലാല്‍ ലൂസിഫറിന്റെ രണ്ടാംഭാഗത്തിലേക്ക് പ്രവേശിക്കുക. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കേരളത്തില്‍ ഭൂരിഭാഗവും ചിത്രീകരിക്കുന്ന എമ്പുരാന് വിദേശത്തും ലൊക്കേഷനുകളുണ്ടാകും. സ്ഥലങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവിടങ്ങളിലെല്ലാം ചിത്രീകരിക്കാനുള്ള അനുമതി ലഭിക്കുകയും ഷൂട്ടിങ്ങിനായി വലിയൊരു ടീമിനെ അവിടെ എത്തിക്കുകയെന്ന ഭാരിച്ചജോലിയും മുന്നിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

താരനിര്‍ണയം പുരോഗമിക്കുകയാണ്, ആദ്യഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെല്ലാം രണ്ടാംഭാഗത്തിലും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറയുന്നു. സയീദ് മസൂദെന്ന പൃഥ്വിരാജ് കഥാപാത്രത്തിന് രണ്ടാംവരവില്‍ പ്രാധാന്യംകൂടുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: empuran movie lucifer second part mohanlal prithviraj sukumaran murali gopy