ഷമീർ മുഹമ്മദ് | ഫോട്ടോ: www.instagram.com/shameer__muhammed/
സ്പോട്ട് എഡിറ്ററായാണ് തുടക്കം. ആദ്യം ചെറിയ ചിത്രങ്ങള്‍. പതിയെപ്പതിയെ മുഖ്യധാരയിലേക്ക്. പ്രഗത്ഭര്‍ക്കൊപ്പം അസിസ്റ്റന്റായി മുന്നോട്ട്. പിന്നെ സിനിമാ എഡിറ്റിങ് മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തി. പിന്നെ നിര്‍മാതാവിന്റെ വേഷം. ഇതിനിടയില്‍ വമ്പന്‍ ചിത്രങ്ങളുടെ എഡിറ്റിങ് ജോലികളും. മലയാളത്തിലേയും അന്യഭാഷകളിലേയും തിരക്കുള്ള ആ യുവ എഡിറ്ററാണ് ഷമീര്‍ മുഹമ്മദ്. പുതിയ ചിത്രങ്ങളേക്കുറിച്ചും സിനിമാ അനുഭവങ്ങളേക്കുറിച്ചും ഷമീര്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
സ്പോട്ട് എഡിറ്ററായി തുടക്കം
2011ലാണ് സ്പോട്ട് എഡിറ്ററായി ജോലി തുടങ്ങുന്നത്. ഒരു സുഹൃത്തുവഴി തമിഴിലെ ഒരു എഡിറ്റര്‍ക്കൊപ്പമായിരുന്നു തുടക്കം. ആദ്യം ചെറിയ ചിത്രങ്ങള്‍ ചെയ്തു. പിന്നെ ആടുകളം, വിസാരണൈ ഒക്കെ എഡിറ്റ് ചെയ്ത കിഷോറിനൊപ്പം അസിസ്റ്റന്റായി ചേര്‍ന്നു. പിന്നെ നേരത്തെ തമിഴിലേക്ക് എന്നെ എത്തിച്ച അതേ സുഹൃത്താണ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എനിക്ക് അവസരം തന്നത്. എന്ന് നിന്റെ മൊയ്തീനാണ് സ്പോട്ട് എഡിറ്ററായി ചെയ്ത അവസാനപടം.

സ്വതന്ത്ര എഡിറ്റിങ്ങിലേക്ക്
എന്ന് നിന്റെ മൊയ്തീന്റെ സെറ്റില്‍വെച്ചാണ് ജോമോന് ടി ജോണിനെ പരിചയപ്പെടുന്നത്. ആ സൗഹൃദമാണ് പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിലേക്കെല്ലാം എത്തിച്ചത്. ആ സമയത്ത് സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് പുതിയ ഒരു എഡിറ്ററെ നോക്കുന്ന സമയമാണ്. ജോമോനാണ് ചാര്‍ലിയിലേക്ക് എന്റെ പേര് നിര്‍ദേശിക്കുന്നത്. കൂടാതെ നടന് ജോജു ജോര്‍ജും എന്നെക്കുറിച്ച് മാര്ട്ടിന് ചേട്ടനോട് പറഞ്ഞിരുന്നു. ജോജു ജോര്‍ജുമായി രാജാധിരാജയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുതലുള്ള പരിചയമാണ്. ജോജു ചേട്ടനും ചാര്‍ലിയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു.
കാപ്പയും മാളികപ്പുറവും
മലയാളത്തില്‍ ചെയ്തതില്‍ കാപ്പയും മാളികപ്പുറവുമാണ് ഒടുവില്‍ വന്നത്. എഡിറ്റ് ചെയ്യുമ്പോള്‍ അങ്ങനെ ജോണര്‍ വ്യത്യാസമൊന്നും നോക്കാറില്ല. നമ്മുടെ മനസില്‍ ഒരു കഥയുണ്ടാവും. അത് എത്രസമയം കൊണ്ട് പറയണം എന്നുള്ളത് കിട്ടിയ വിഷ്വലില്‍ നിന്ന് മനസിലാക്കണം. ചില സാധനങ്ങള്‍ രസകരമായി കണ്ടുകൊണ്ടിരിക്കാം. മറ്റുചിലത് ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എന്തായാലും ഒരു സ്പീഡും ടൈമുമെല്ലാം എന്റെ മനസിലുണ്ടാവും. കാപ്പയുടെ കാര്യമെടുത്താല്‍ മൂന്ന് നാല് ആക്ഷനുണ്ടെങ്കിലും സാധാരണ ഇടിപ്പടമല്ല അത്. കുറച്ച് ഇമോഷണലാണ് പടം. മാളികപ്പുറമാണെങ്കില് മൊത്തം കുട്ടികളാണ്. ആളുകളുടെ ഇടയില്‍ അതെങ്ങനെ വര്‍ക്കൗട്ട് ആവും എന്ന് ആദ്യം സംശയം തോന്നിയിരുന്നു.
നന്നായി വെട്ടിച്ചുരുക്കിയായിരുന്നു മാളികപ്പുറത്തിന്റെ എഡിറ്റിങ്ങ്. വളരെ ചെറിയ കണ്ടന്റാണ്. കൂടുതല്‍ വലിച്ച് നീട്ടാനോ ഗിമ്മിക്ക് കാണിക്കാനോ പറ്റില്ല. കുട്ടി ശബരിമലയ്ക്ക് പോകുന്നതിന് മുമ്പ് കുറച്ച് സീനുകള്‍ കൂടിയുണ്ടായിരുന്നു. കട്ട് ചെയ്ത് കളഞ്ഞതാണ്. പിന്നെ നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മറ്റും വന്നപ്പോള്‍ നന്നായി വന്നു. ആളുകള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. ആ സിനിമ രണ്ടര മണിക്കൂര്‍കൊണ്ട് പറയാന്‍ പറ്റില്ലല്ലോ.

സംഘട്ടനം മാത്രം ചെയ്തിട്ടുണ്ട്
സംഘട്ടനം മാത്രം എഡിറ്റ് ചെയ്യുന്നത് ഇപ്പോഴുമുണ്ട്. പ്രശാന്ത് നീലിന്റെ സലാറാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഗബ്ബര്‍ ഈസ് ബാക്ക്, സിംഗം 3 ഒക്കെ അങ്ങനെ ചെയ്തതാണ്. ഫൈറ്റ് സീനിനേക്കുറിച്ച് പറയുകയാണെങ്കില്‍ ഒരേ ആക്ഷന്‍ തന്നെ പത്ത് ആംഗിളില്‍ ഒക്കെ എടുത്തിട്ടുണ്ടാവും. അതില്‍ ഏറ്റവും ഇംപാക്റ്റ് വരുന്ന ഭാഗം തിരഞ്ഞെടുക്കണം. താരങ്ങള്‍ റോപ്പ് ഇട്ടിട്ടുണ്ടാവും. അത് കാണാത്ത രീതിയില്‍ വേണം എഡിറ്റ് ചെയ്യാന്‍. നമ്മള് ഇവിടെ മൂന്നോ നാലോ ദിവസം കൊണ്ട് സംഘട്ടനമെടുക്കും. അപ്പോള്‍ റോപ്പ് ഉണ്ടെന്ന് തോന്നാത്ത രീതിയില്‍ വേണം ചെയ്യാന്‍. പുറത്തൊക്കെ കൂടുതല്‍ ദിവസമെടുത്താണ് ഫൈറ്റ് സീന്‍ ചിത്രീകരണം. പത്ത് പന്ത്രണ്ട് മണിക്കൂര്‍ ഉണ്ടാവും ഫൂട്ടേജ്. നല്ല ദൃശ്യങ്ങള്‍ നോക്കി എടുക്കാന്‍ ഒത്തിരി സമയമെടുക്കും.
പോയത് രാംചരണിന്റെ പടത്തിന്, മുഴുവനാക്കിയത് മാളികപ്പുറം സംഘട്ടനം
മാളികപ്പുറത്തില്‍ ആകെ ഒരു സംഘട്ടനമേയുള്ളൂ. നല്ല സമയമെടുത്താണത് ചെയ്തത്. എന്റെ രീതിയനുസരിച്ച് ഒറ്റയടിക്ക് ഇരുന്ന് ചെയ്യില്ല. ഷങ്കര്‍ സാര്‍ രാംചരണിനെ വെച്ച് ചെയ്യുന്ന പടത്തിന്റെ എഡിറ്റിങ് ഞാനാണ്. വൈകുന്നേരങ്ങളിലാണ് സാര്‍ എഡിറ്റിങ്ങിന് വരിക. അപ്പോള്‍ പകല്‍ മുഴുവന്‍ സമയമുണ്ടാവും. അപ്പോള്‍ കുറേശ്ശേ ചെയ്ത് മാളികപ്പുറം തീര്‍ത്തു. ഞാന്‍ വീട്ടില്‍, അല്ലെങ്കില്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ചെയ്യുന്ന പതിവില്ല. ട്രിപ്പ് പോകുമ്പോള്‍ വരെ ലാപ്പ്ടോപ്പും ഹാര്‍ഡ് ഡിസ്കുകളും കയ്യില്‍ക്കരുതും. ഈയിടെ ദുബായില്‍ കുടുംബത്തോടൊപ്പം പോയപ്പോള്‍ വരെ ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയിരുന്നു. അവിടെയിരുന്ന് എന്തെങ്കിലുമൊക്കെ ചെയ്യും. ആകെ ഒന്നോ രണ്ടോ വട്ടമാണ് ഹാര്‍ഡ് ഡിസ്ക് കയ്യിലില്ലാതെ പുറത്തേക്ക് പോയത്. എപ്പോള്‍ പുറത്തുപോയാലും ഒന്നോ രണ്ടോ പടം എന്റെ കയ്യിലുണ്ടാവും.

എഡിറ്റിങ്ങും പ്രൊഡക്ഷനും ഒരുപോലെ ടെന്‍ഷന്‍
എഡിറ്റിങ്ങും പ്രൊഡക്ഷനും ഒരുപോലെ ടെന്‍ഷനാണ്. നിര്‍മാണം ചെയ്യുമ്പോള്‍ പൈസയുമായി ബന്ധപ്പെട്ടുള്ള ടെന്‍ഷന്‍ കൂടിയുണ്ടാവും. അതുവെച്ച് നോക്കുമ്പോള്‍ എഡിറ്റിങ്ങില്‍ ടെന്‍ഷന്‍ കുറച്ച് കുറവാണ്. പക്ഷേ സിനിമയിറങ്ങുമ്പോള്‍ എന്തായാലും ഒരു കത്തലുണ്ടാവും ഉള്ളില്‍.
Content Highlights: editor shameer muhammed interview, kaapa, malikappuram, rc 15, salaar updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..