-
അഭിനയരംഗത്ത് എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയിരിക്കുകയാണ് ഡി.ക്യു. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി അതിര്‍ത്തികള്‍ ഭേദിച്ച ഡിക്യു ഇന്ന് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഏറ്റവും കൂടുതല്‍ പേര്‍ പിന്തടരുന്ന മലയാള നടനാണ്. നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുകയാണ് 2020ല്‍ ദുല്‍ഖര്‍ സല്‍മാന്‍. വരനെ ആവശ്യമുണ്ട്, കുറുപ്പ്, തുടങ്ങി ഒരുപിടി പുതിയ ചിത്രങ്ങള്‍ അണിയറയില്‍ പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ കടന്നുവന്ന വഴികളെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ മനസുതുറക്കുന്നു
സെയ്ഫുദ്ദീന്‍ ഷക്കീല്‍ എന്ന ബംഗ്ലാദേശ് സ്വദേശി ഒരിക്കല്‍ സുഹൃത്തിന്റെ രോഗം മാറിയ കഥ ട്വിറ്ററില്‍ കുറിച്ചു... കടുത്ത വിഷാദരോഗിയായ അയാളുടെ സുഹൃത്ത് 'ചാര്‍ളി'യെന്ന സിനിമ പല തവണ കാണുകയും അതിലൂടെ അയാളുടെ രോഗം ഭേദമാകുകയും ചെയ്ത വിവരമാണ് സെയ്ഫുദ്ദീന്‍ പങ്കുവെച്ചത്. രോഗം മാറി ജീവിതത്തിലേക്ക് കയറിയ സുഹൃത്ത് സന്തോഷകരമായി ജീവിക്കുകയും, പിന്നീട് അയാള്‍ക്കൊരു മകന്‍ പിറന്നപ്പോള്‍ അവന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തുവെന്ന വാചകത്തോടെയാണ് സെയ്ഫുദ്ദീന്‍ ഷക്കീല്‍ ട്വീറ്റ് അവസാനിപ്പിച്ചത്.
സിനിമ സ്വാധീനിച്ച് ജീവിതം മാറിയ ഒരുപാട് കഥകള്‍ കണ്ടും കേട്ടും അറിഞ്ഞ മലയാളികള്‍ക്ക് ബംഗ്ലാദേശുകാരന്റെ ട്വീറ്റില്‍ അതിശയിക്കാനൊന്നുമില്ലായിരുന്നു. ദുല്‍ഖര്‍ സല്‍മാന് സംസ്ഥാനപുരസ്‌കാരം നേടിക്കൊടുത്ത ചാര്‍ളിയെ പ്രണയിച്ച് മീശപ്പുലിമലയിലേക്കും വാഗമണ്ണിലേക്കുമൊക്കെ വണ്ടികയറിയവര്‍ കേരളക്കരയില്‍ തന്നെ നിരവധിയായിരുന്നു. ഡി.ക്യു. എന്ന ദ്വയാക്ഷരംകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് പ്രേക്ഷകര്‍ക്കിടയില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടുകഴിഞ്ഞു. മലയാളത്തിന്റെ അതിരുകള്‍കടന്ന് ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം അത് നിറഞ്ഞപുഞ്ചിരി തീര്‍ത്തു. ചെറിയകാലംകൊണ്ടുതന്നെ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിനപ്പുറത്തേക്ക് ദുല്‍ഖര്‍ വളരുകയായിരുന്നു.
കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന്റെ ഫോട്ടോഷൂട്ടിനായി എത്തുമ്പോള്‍ വേഷം മുണ്ടും ഷര്‍ട്ടുമാകാമെന്ന് ദുല്‍ഖര്‍ തന്നെ മുന്നോട്ടുവെച്ച അഭിപ്രായമായിരുന്നു. ചുവന്ന ഷര്‍ട്ടും കസവുമുണ്ടുമണിഞ്ഞ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോള്‍ കുഞ്ഞിക്കയെന്ന വിളിപ്പേരിനെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്.
''കുഞ്ഞിക്കയെന്ന് ആരാണ് ആദ്യം വിളിച്ചതെന്ന് ഓര്‍മയില്ല. പക്ഷേ, ആ വിളിയില്‍ ഒരു സ്നേഹം നിറഞ്ഞുനില്‍ക്കുന്നതായി തോന്നി. അതുകൊണ്ടുതന്നെ ഇപ്പോഴാ പേര് എനിക്കും ഇഷ്ടമാണ്. ദുല്‍ഖര്‍ സല്‍മാന്‍ എന്നു കേള്‍ക്കുന്നത് ഭയങ്കര ഫോര്‍മലായാണ് ഇന്ന് ഫീല്‍ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേര് സ്‌കൂള്‍കാലത്തേ ഒപ്പം പഠിക്കുന്നവര്‍ക്ക് ഒരു പ്രശ്നമായിരുന്നു ഡി.ക്യു. എന്ന വിളികളെല്ലാം അങ്ങനെ ഉയര്‍ന്നുവന്നതാണ്. ചിലരെന്നെ അന്ന് സല്‍മ എന്നെല്ലാം വിളിച്ചു. അതൊന്നും തിരുത്താന്‍ ശ്രമിച്ചിട്ടില്ല.''
വിളിപ്പേരിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേക്കും ഫ്ളോറില്‍ ആര്‍ക്ക്‌ലൈറ്റുകള്‍ മിന്നിത്തെളിഞ്ഞു. ഡി.ക്യു. ക്യാമറയ്ക്കുമുന്നിലേക്ക്...
അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി, വിദേശത്തു കഴിയുന്ന കാലത്താണ് സിനിമയുടെ വിളി ദുല്‍ഖറിനെ തേടിയെത്തുന്നത്. രാഷ്ട്രീയത്തിലും സിനിമയിലും ബിസിനസിലുമെല്ലാം പേരെടുത്തവരുടെ മക്കള്‍ സമാനപാതയിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് കുടുംബം ചിന്തിക്കുന്നതിന് മുന്‍പേ സമൂഹം അത് ചര്‍ച്ചയ്ക്കെടുക്കും. ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യം മമ്മൂട്ടിയുടെ ചുറ്റും സുഹൃദ്‌സംഘങ്ങള്‍ ചോദിച്ചുതുടങ്ങിയ സമയമായിരുന്നു അത്.
വിദേശത്തുനിന്ന് തിരിച്ചെത്തിയ ദുല്‍ഖര്‍ ബിഗ് സ്‌ക്രീനിലേക്കിറങ്ങുന്നതിന് ആമുഖമായി മുംബൈയിലെ ചില അഭിനയ പഠനക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഷാരൂഖ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പഠിച്ചിറങ്ങിയ മുംബൈയിലെ ക്ലാസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ അവിടുത്തെ പഴയ തെരുവുജീവിതത്തിന്റെ നാളുകള്‍ ഓര്‍ത്തെടുത്ത് വിവരിച്ചു.
''അഭിനയം പഠിപ്പിക്കുന്ന ആക്ടിങ് സ്റ്റുഡിയോയാണ് മുംബൈയിലെ ബാരി ജോണ്‍. നാലുമാസത്തോളം അവിടെ കഴിഞ്ഞു. സ്‌കൂള്‍, കോളേജ് സമയം കഴിഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും ഇങ്ങനെയൊരു അവസരം ലഭിക്കാന്‍ പ്രയാസമാണ്. സിനിമയെ പ്രണയിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഒത്തുചേരലുകളായിരുന്നു അവിടത്തെ ക്ലാസുകള്‍. ആള്‍ക്കുട്ടത്തിന് മുന്നില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാമെന്നതായിരുന്നു ഏറ്റവും വലിയ നേട്ടം. പഠനത്തിന്റെ ഭാഗമായി മുംബൈയിലെ തെരുവുകളില്‍ പോയി ഞാന്‍ നാടകം കളിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും ഒരു പ്രോജക്ട് ചെയ്യണം എന്നത് ക്ലാസ്സിന്റെ ഭാഗമായിരുന്നു. കഥാപാത്ര പഠനങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത്. കഥാപാത്രങ്ങളെ കണ്ടെത്താനായി ദിവസങ്ങളോളം തെരുവില്‍ അലഞ്ഞു. പലരെയും കണ്ട് മണിക്കൂറുകളോളം സംസാരിച്ചും അവരുടെ ചെറുചലനങ്ങളും പെരുമാറ്റരീതികളും നോക്കിക്കണ്ടുമാണ് പഠനം മുന്നോട്ടുപോയത്.
നമ്മുടെ ജീവിതരീതിയുമായി യാതൊരു രീതിയില്‍ അടുത്തുനില്‍ക്കാത്തവരുമായി ഇടപഴകി, അവരുടെ മാനറിസങ്ങള്‍ അവതരിപ്പിക്കേണ്ടത് ഒരു പ്രധാന പ്രോജക്ടായിരുന്നു. തെരുവിലെ ഒരു ചെരുപ്പുകുത്തിയെയാണ് ഞാന്‍ കഥാപാത്രപഠനത്തിനായി തിരഞ്ഞെടുത്തത്. മൂന്നുദിവസത്തോളം ഞാന്‍ അയാള്‍ക്കൊപ്പം ചെലവിട്ടു. എന്തിനാണ് ഞാനെത്തിയതെന്ന് അയാള്‍ ആദ്യം സംശയിച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയതോടെ ഞങ്ങള്‍ ചങ്ങാത്തത്തിലായി, എനിക്ക് ജോലിയുടെ രീതികള്‍ പഠിപ്പിച്ചുതന്നു. അയാളുടെ പെരുമാറ്റത്തിലെ കയറ്റിറക്കങ്ങള്‍ ഞാന്‍ പകര്‍ത്തിയെടുത്തു. മൂന്നാംനാള്‍ യാത്രപറഞ്ഞ് മടങ്ങുമ്പോള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജോലികിറ്റ് ആ മനുഷ്യന്‍ എനിക്ക് തന്നു.
ഞാന്‍ തെല്ല് മടിച്ചപ്പോള്‍ കഥാപാത്രത്തിന്റെ അവതരണം നന്നാകട്ടെയെന്നും ആവശ്യം കഴിഞ്ഞ് തിരിച്ചുതന്നാല്‍മതിയെന്നും അദ്ദേഹം പറഞ്ഞു. തിങ്കള്‍ മുതല്‍ വ്യാഴംവരെ കഥാപാത്രങ്ങളെ പഠിക്കാന്‍ ഞങ്ങള്‍ തെരുവിലിറങ്ങി, വെള്ളിയാഴ്ച അവയെല്ലാം അവതരിപ്പിക്കും. അങ്ങനെയായിരുന്നു അവിടത്തെ രീതി. അന്ന് പഠിച്ച അഭിനയത്തിന്റെ സൂക്ഷ്മപാഠങ്ങള്‍ പിന്നീട് ഏറെ ഗുണംചെയ്തിട്ടുണ്ട്.''
അഭിനയം പഠിച്ച നാള്‍വഴികളെക്കുറിച്ച് പറയുമ്പോള്‍ ഡി ക്യു ആ കാലത്തേക്ക് ഇറങ്ങിച്ചെന്നതായി തോന്നി.
* * *
ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പം സെക്കന്‍ഡ് ഷോയെന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറിയത്. മമ്മൂട്ടിയുടെ മകന്റെ സിനിമയെന്ന പേരിലാണ് തുടക്കത്തില്‍ ദുല്‍ഖര്‍ചിത്രത്തിലേക്ക് പ്രേക്ഷകര്‍ എത്തിയതെങ്കിലും കഥാപാത്രങ്ങളുടെ അവതരണമികവിലൂടെ ദുല്‍ഖര്‍ വെള്ളിത്തിരയില്‍ സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്തു. കരുത്തുള്ള കഥാപാത്രങ്ങള്‍ വിശ്വസിച്ചേല്‍പ്പിക്കാമെന്ന ബോധ്യം നേടിയെടുത്തത്തോടെ മലയാളത്തിന് പുറത്തുനിന്നും ഡി.ക്യു.വിനെതേടി സിനിമകള്‍ എത്തി. മണിരത്നത്തിന്റെ ഓകെ കണ്‍മണിയും തെലുഗിലെ മഹാനടിയും ബോളിവുഡ് ചിത്രം കര്‍വാനുമെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നു. മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടാണ് ദുല്‍ഖര്‍ തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോയത്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലായിരുന്നു രണ്ടാമത്തെ ചിത്രം. കോഴിക്കോടന്‍ സ്നേഹത്തിന്റെയും രുചിയുടെയും കഥപറഞ്ഞ സിനിമയില്‍ തേനൂറുന്ന ഇഷലായി ഫൈസിയെന്ന നായകന്‍ മാറി.
അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്നതിന്റെ ചുരുക്കപ്പേരില്‍ എത്തിയ എ.ബി.സി.ഡി.യില്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുന്ന യു.എസ് പയ്യനായി ദുല്‍ഖര്‍ വേഷമിട്ടു. അഭിനയത്തിന്റെ അനായാസമായ ഒഴുക്ക് പ്രകടിപ്പിച്ചുകൊണ്ടുള്ള ഡി.ക്യു.വിനെയാണ് എ.ബി.സി.ഡി.യില്‍ കണ്ടത്. സിനിമയിലിറങ്ങി ഏഴുവര്‍ഷത്തിനുള്ളില്‍ ദുല്‍ഖര്‍ചിത്രങ്ങള്‍ പിന്നെയുമേറെ പിറന്നു... കാത്തിരിപ്പിന്റെ സുഖം പകര്‍ന്ന ചാര്‍ളിയും മൂക്കിന്‍തുമ്പില്‍ ദേഷ്യം കൊണ്ടുനടന്നവന്റെ കഥപറഞ്ഞ കലിയും ചെറിയലക്ഷ്യങ്ങളില്‍ തട്ടിവീണാലും വലിയ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാകുമെന്ന് കാണിച്ചുതന്ന വിക്രമാദിത്യനുമെല്ലാം പ്രേക്ഷക ഹൃദയത്തിലിടം നേടി. ഏഴുകടലും പിന്നെ കാടും മലയും പുഴയും കടന്ന് കാമുകിയെ തേടിപ്പോയ സി.ഐ.എ.യിലെ കാമുകന്‍ യുവാക്കളുടെ ഹരമായിമാറി. സോഷ്യല്‍ മീഡിയയില്‍ ഡി.ക്യു. ആഘോഷിക്കപ്പെട്ടു.
* * *
അതിരുകള്‍ മായ്ച്ച് അന്യഭാഷകളില്‍ ദുല്‍ഖര്‍ സജീവമായതോടെ മലയാളത്തില്‍ താരത്തെ കാണാന്‍ കിട്ടുന്നില്ലെന്ന് ആരാധകര്‍ പരാതിപറഞ്ഞുതുടങ്ങി. ബഹുഭാഷകളിലെത്തിയ സോളോയ്ക്കുശേഷം ഒന്നരവര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് മലയാളത്തില്‍ ഒരു ഡി.ക്യു. ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടിയെങ്കിലും പതിവുരീതികളെ പൊളിച്ചെഴുതിക്കൊണ്ട് ഒരു തനി നാടന്‍പയ്യനായി ദുല്‍ഖര്‍ യമണ്ടന്‍ പ്രേമകഥയില്‍ കൈയടിനേടി.

കാതല്‍ മന്നന്‍ ജെമിനി ഗണേശന്റെയും സാവിത്രിയെന്ന മഹാനടിയുടെയും കഥപറഞ്ഞ തെലുഗുചിത്രത്തിലേക്ക് ദുല്‍ഖറിനെ ക്ഷണിച്ചുകൊണ്ട് സംവിധായകന്‍ നാഗ് അശ്വിന്‍ മലയാളത്തിലേക്കെത്തുകയായിരുന്നു. തെലുഗിലും തമിഴിലും ഒരേസമയം പ്രദര്‍ശത്തിനെത്തിയ ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തില്‍ ദുല്‍ഖര്‍ നിറഞ്ഞാടി. സിനിമയുടെ പേര് സൂചിപ്പിച്ചപോലെ സ്ത്രീപ്രാധാന്യമുള്ള സിനിമയായിരുന്നു 'മഹാനടി.' എന്നിട്ടും യാതൊരു സങ്കോചവും കൂടാതെ ദുല്‍ഖര്‍ സിനിമയുടെ ഭാഗമായി.
''ജെമിനി ഗണേശന്റെ നിറമുള്ള ജീവിതം തന്നെയാണ് ആ കഥാപാത്രത്തിലേക്ക് എന്നെ അടുപ്പിച്ചത്. മഹാനടി സാവിത്രിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. എന്നാലും എനിക്കതില്‍ ഒരുപാട് ചെയ്യാനുണ്ടായിരുന്നു. കഥാപാത്രത്തെ ഏറെ ഇഷ്ടമായി,ആര്‍ക്കും അദ്ദേഹത്തെക്കുറിച്ച് മോശം പറയാന്‍ ഉണ്ടായിരുന്നില്ല. എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരു വ്യക്തി. അത്തരമൊരു വേഷം എന്നെ അതിശയിപ്പിച്ചു.
തെലുഗില്‍ പോയി ഹീറോ ആകാനൊന്നും പ്ലാനില്ല. എന്നാല്‍ പിന്നെ അവിടെ നല്ലൊരു വേഷം അവതരിപ്പിച്ചുകളയാം എന്നേ ചിന്തിച്ചുള്ളൂ. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമയായി മഹാനടിയെ കാണുന്നു. വലിയ ബാനറിനൊപ്പം മികച്ച സെറ്റുകളില്‍ അഭിനയിച്ച അനുഭവം സമ്മാനിക്കാന്‍ ചിത്രത്തിനായി. കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തന്നെ തെലുഗു തീരെ വശമില്ലെന്നും ഭാഷ പ്രശ്നമാകുമെന്നും ഞാനവരോട് പറഞ്ഞിരുന്നു. കാഴ്ചയില്‍ എന്റെ രൂപം ജെമിനി ഗണേശനോട് ചേര്‍ന്നുനില്‍ക്കുന്നതല്ല. പിന്നെയെന്തുകൊണ്ട് അവര്‍ എന്നെ തേടിവന്നു എന്നത് ഇനിയുമെനിക്ക് മനസ്സിലായിട്ടില്ല.''
മഹാനടിയിലെ ജെമിനി ഗണേശനുവേണ്ടി വേണ്ടി ദുല്‍ഖര്‍ തന്നെയാണ് ശബ്ദം നല്‍കിയത്. തെലുങ്ക് അറിയാത്ത താരം സിനിമക്കായി സംഭാഷണങ്ങള്‍ പഠിച്ചെടുത്തു പറയുകയായിരുന്നു തന്റെ ശബ്ദം പ്രേക്ഷകര്‍ക്ക് പരിചിതമായതിനാല്‍ സ്വന്തമായി ഡബ്ബുചെയ്യുന്നതാകും ഉചിതമെന്ന് ദുല്‍ഖര്‍ തീരുമാനിക്കുകയായിരുന്നു. ഏഴുദിവസമെടുത്താണ് ഡബ്ബിങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.
* * *
മണിരത്‌നം ചിത്രം ഓ കാതല്‍ കണ്‍മണി, സോളോ, കര്‍വാന്‍, കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, വാന്‍, സോയാഫാക്ടര്‍- മലയാളത്തിന് പുറത്തേക്ക് ഡി.ക്യു ശക്തമായി ബ്രാന്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.
സിനിമക്കുവേണ്ടി വലിയ മുന്നൊരുക്കങ്ങള്‍ നടത്തുന്ന വ്യക്തിയാണോ ദുല്‍ഖര്‍?
മുന്നൊരുക്കങ്ങള്‍ ആവശ്യമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്, ആദ്യ കാഴ്ച്ചയില്‍ തന്നെ പ്രകടമായ മാറ്റം ആവശ്യപ്പെടുന്ന ചിലത്, അവക്കുവേണ്ടിയെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജീവിച്ചിരുന്ന വ്യക്തിയുടെ കഥ സിനിമയാക്കുമ്പോള്‍ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കൂടുതലായി അന്വേഷണങ്ങള്‍ നടത്താറുണ്ട്. അവര്‍ സഞ്ചരിച്ചവഴികളിലൂടെയും അവരുമായി പരിചയമുള്ള ആളുകളുമായെല്ലാം സംസാരിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കും
ദുല്‍ഖറിനു പറ്റിയൊരു കഥകൈയ്യിലുണ്ട്, പക്ഷെ ആളെ കാണാന്‍ കിട്ടുന്നില്ല, കഥപറയാന്‍ എന്താണൊരു വഴി-ഇങ്ങനെയൊരുചോദ്യം അടുത്തായി ഒരുപാട് കേള്‍ക്കുന്നുണ്ട്. ഞാന്‍ നോക്കുമ്പോള്‍ എല്ലാവരുടെ കയ്യിലും കഥയുണ്ട്. ഫ്ളൈറ്റില്‍ യാത്രചെയ്യുമ്പോഴും ഹോട്ടലിലും ബാങ്കുകളിലും ഇരിക്കുമ്പോള്‍ കണ്ടുമുട്ടുന്നവരും കൂട്ടുകാര്‍വഴിയും ബന്ധുക്കള്‍ വഴിയും വരുന്ന പരിചയക്കാരും അങ്ങിനെ സംസാരിച്ചുതുടങ്ങുമ്പോഴേക്കും കഥപറയാന്‍ ഒരുങ്ങുന്ന ഒരുപാട് പേരുണ്ട് ചുറ്റും. കഥപറയാന്‍ പലര്‍ക്കും എളുപ്പമാണ് എന്നാല്‍ അത് കേട്ട് തിരഞ്ഞെടുക്കാനാണ് പ്രയാസം.
ഒരുപാട് കഥകള്‍ കേട്ട് ചെയ്യാന്‍ പോകുന്ന സിനിമകളെ വരിവരിയായി നിര്‍ത്തുന്ന പതിവെനിക്കില്ല. പലപ്പോഴും എനിക്കു മുന്‍പില്‍ ഒന്നോ രണ്ടോ സിനിമകളേ ഉണ്ടാകു, ഒരു സിനിമ ചെയ്യണമെന്ന് കരുതുകയും രണ്ടോ മൂന്നോവര്‍ഷത്തിനുശേഷം ചിത്രീകരണം തുടങ്ങാമെന്ന് പറയുന്നതിലും കാര്യമില്ല,അപ്പോഴേക്കും ഒരുപക്ഷേ ആ വിഷയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടേക്കാം. പുതുമയുള്ള കഥകള്‍ വരുമെന്ന പ്രതീക്ഷതന്നെയാണ് അതിനുപിന്നില്‍. ആവശ്യത്തിന് ചെയ്യാന്‍ സിനിമയുള്ളപ്പോള്‍ ഞാന്‍ കഥകേള്‍ക്കാറേയില്ല.
* * *
തന്റെ സിനിമകളില്‍ വാപ്പച്ചിയില്‍ നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകാറില്ലെന്ന് ഡി.ക്യു പറയുന്നു
''സിനിമാ ചിത്രീകരണം കഴിഞ്ഞാണ് ഞാനും വാപ്പച്ചിയും പലപ്പോഴും വീട്ടിലേക്കെത്തുന്നത്, അതിനുശേഷം അവിടെവച്ചും സിനിമതന്നെ ചര്‍ച്ചചെയ്യുകയെന്നത് പലപ്പോഴും രണ്ടുപേര്‍ക്കും പ്രയാസമാകും. സിനിമകളെ സ്വയം വിലയിരുത്തി മുന്നോട്ടുപോകണം എന്നതാണ് വാപ്പച്ചി എനിക്കു നല്‍കിയ നിര്‍ദ്ദേശം.''
ദുല്‍ഖറിന് പ്രിയപ്പെട്ട മമ്മൂട്ടി സിനിമകള്‍?
കുഴക്കുന്ന ചോദ്യമാണ്.ഏറെ പ്രിയപ്പെട്ട ഒരുപാട് സിനിമകളുണ്ട്,ഒറ്റ ശ്വാസത്തില്‍ പറയാന്‍തന്നെ പ്രയാസമാണ്. അടുത്തിടെ ഇറങ്ങിയ യാത്രയും പേരമ്പും മധുരരാജയുമെല്ലാം ഏറെ ആസ്വദിച്ചാണ് കണ്ടത്. പണ്ട് സ്‌കൂള്‍ കാലം കഴിഞ്ഞ് യു.എസിലേക്ക് ഉപരിപഠനത്തിനായി പറക്കുമ്പോള്‍ ബാഗില്‍ ദളപതിയുടെ സിഡി ഉണ്ടായിരുന്നു. ദുബായില്‍ കഴിയുന്ന സമയത്ത് കുറേക്കാലം ബിഗ് ബിയുടെ സിഡി ഇടക്കിടെ കാണുന്ന പതിവുണ്ടായിരുന്നു. അഴകിയരാവണന്‍ എനിക്കിഷ്ടപ്പെട്ട മറ്റൊരു സിനിമയാണ്.
* * *
സിനിമാ ചിത്രീകരണമില്ലാത്ത ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവിടാനാണിഷ്ടമെന്ന് ദുല്‍ഖര്‍ പറയുന്നു. മകള്‍ മറിയത്തിന്റെ വിശേഷങ്ങള്‍ വിവരിക്കുമ്പോള്‍ ദുല്‍ഖറിന്റെ മുഖത്ത് നിറഞ്ഞ ചിരി.
''ടി.വിയില്‍ കാണുന്നവരെയെല്ലാം വീട്ടിലും കാണുന്നതുകൊണ്ട് അവളാകെ ഇപ്പോള്‍ കണ്‍ഫ്യൂസ്ഡാണ്. മകള്‍ക്കൊപ്പമിരുന്ന് കാര്‍ട്ടൂണ്‍ ചാനല്‍ കാണുന്നതാണ് ഇപ്പോഴത്തെ പ്രധാന പരിപാടി. യു.ട്യൂബില്‍ വീഡിയോ കണ്ടിരിക്കും ചിലതെല്ലാം നമുക്ക് ബോറായിരിക്കും. കുഞ്ഞുപാട്ടുകള്‍ കേട്ട് കേട്ട് പലതുമിന്ന് മനപ്പാഠമാണ്, ഒറ്റയ്ക്കുള്ള യാത്രയിലെല്ലാം അറിയാതെ അത്തരം പാട്ടുകള്‍ മൂളിപോകാറുണ്ട്''
ഡി.ക്യു.വില്‍ നിന്ന് ഒരു മാസ് ചിത്രം പ്രതീക്ഷിക്കുന്നു, മമ്മൂക്കയും കുഞ്ഞിക്കയും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്?
ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല, എന്റെ മനസ്സില്‍ ഞാനിന്നും ഒരു ന്യൂകമറാണ്. വാപ്പച്ചി ചെയ്യുന്ന മധുരരാജ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല. വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരു പാട് പേര്‍ ചോദിക്കുന്നു. മുന്‍പ് നല്‍കിയ അതേ ഉത്തരം, അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചര്‍ച്ചയില്‍പോലും വന്നിട്ടില്ല.
(2019 മെയ് മാസം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)
Content highlights : Dulquer salmaan Interview Star And Style Dulquer new movie varane Aavasyamund
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..