-
സിനിമയിൽ എട്ടാംവർഷം പിന്നിടുമ്പോൾ മലയാള നടൻ എന്ന ലേബലിൽനിന്ന് പാൻഇന്ത്യ ആക്‌ടർ എന്നനിലയിലേക്ക് ദുൽഖർ സൽമാൻ നടന്നടുക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളുടെ അതിർത്തിക്കപ്പുറത്തേക്ക് വളർന്നിരിക്കുന്നു ഡിക്യു എന്ന ബ്രാൻഡ്. ദേസിങ് പെരിയസാമി സംവിധാനം ചെയ്ത 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കുശേഷം കോളിവുഡിൽ എത്തിയിരിക്കുകയാണ് ദുൽഖർ. ഫൺ ക്രൈം കോമഡി എന്റർടെയിനറായ ചിത്രത്തെക്കുറിച്ചും പുതിയസിനിമാവിശേഷത്തെക്കുറിച്ചും താരം സംസാരിക്കുന്നു
പ്രദർശനത്തിനെത്തിയ തമിഴ്ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ വിശേഷങ്ങൾ
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് എന്റെ തമിഴ് സിനിമ പ്രദർശനത്തിനെത്തുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ പോകുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് എന്നെ എല്ലാവരും മറന്നുകാണും എന്നാണ്. എന്നാൽ എല്ലാവരും ഇടവേളയെ കുറിച്ചാണ് ചോദിച്ചത്. ദുൽഖറിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ വളരെ സന്തോഷമായി. കാരണം മലയാളത്തിൽ നിന്നു വന്ന എന്നെേപ്പാലൊരു നടനെ അവർ ഇത്രമാത്രം സ്‌നേഹിക്കുന്നു എന്നത് അഭിനേതാവെന്ന നിലയിൽ വളരെ ഊർജം നൽകുന്ന ഒന്നായിരുന്നു. സംവിധായകനായ ദേസിങ് പെരിയസാമിയാണ് എന്നോട് വന്ന് കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ വളരെ ഇഷ്ടപ്പെടുകയും ഈ സിനിമ ഉടൻ ചെയ്യണമെന്നും തോന്നി. എന്നാൽ അതിനുമുന്നേ തീരുമാനിച്ച പ്രോജക്ടുകൾ ഉണ്ടായിരുന്നതിനാൽ രണ്ടു വർഷത്തിന് ശേഷമാണ് സിനിമ തുടങ്ങാൻ സാധിച്ചത്.
സെറ്റിലേക്ക് ആദ്യമായി പോകുമ്പോൾ ടെൻഷനുണ്ടായിരുന്നു. കാരണം സംവിധായകനായ ദേസിങ് പെരിയസാമിയെ അല്ലാതെ ആരെയും എനിക്കറിയില്ലായിരുന്നു. എന്നാൽ യുവാക്കളടങ്ങുന്ന ടീമായിരുന്നു എന്നെ കാത്തിരുന്നത്. അതിനാൽത്തന്നെ എല്ലാവരോടും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും ആസ്വദിച്ച് ഷൂട്ടിങ് പൂർത്തിയാക്കാനും സാധിച്ചു. റിതു വർമയാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. ഞങ്ങൾ ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.

ചിത്രത്തിലൊരു പ്രധാനവേഷത്തിൽ ഗൗതം മേനോനുമുണ്ട്. അദ്ദേഹത്തിനൊപ്പമുള്ള ക്യാമറക്കുമുന്നിലെ അനുഭവങ്ങൾ
കണ്ണുംകണ്ണും കൊള്ളയടിത്താൽ എന്ന സിനിമയിലെ നിർണായക വേഷമാണ് ഗൗതം മേനോൻ സാർ ചെയ്തത്. ആദ്യ ഘട്ടത്തിൽ ആ റോൾ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഗൗതം സാർ ആണെന്നറിഞ്ഞപ്പോൾ വളരെ എക്‌സൈറ്റഡ് ആയി. ഈ സിനിമയുടെ നട്ടെല്ലെന്ന് പറയുന്നത് അദ്ദേഹമാണ്, കാരണം പ്രതാപ് എന്ന ആ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
അദ്ദേഹത്തിന്റെ ഒരു ഫാൻ ബോയ് ആണ് ഞാൻ. ഷൂട്ടിങ് സമയത്ത് വളരെ അടുത്ത് സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനാകണം എന്നത് എന്റെ സ്വപ്‌നമാണ്. ഭാവിയിൽ അത്തരമൊരു സിനിമ സംഭവിക്കട്ടെ.
വരനെ ആവശ്യമുണ്ട് വിജയകരമായി പ്രദർശനം തുടരുന്നു, നിർമാതാവെന്ന നിലയിലുള്ള സന്തോഷം..

എന്റെ ആദ്യ നിർമാണ സംരംഭം പ്രേക്ഷകർ ഏറ്റെടുത്തതിൽ വളരെ സന്തോഷമുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആദ്യം നിർമാതാവിന്റെ റോൾ മാത്രമായിരുന്നു എനിക്ക്. അനൂപ് സത്യൻ കഥ പറഞ്ഞപ്പോൾ തന്നെ ഞാൻ നിർമാണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഓരോ തവണയും കഥ ചർച്ച ചെയ്യുമ്പോൾ ഫ്രോഡ് എന്ന കഥാപാത്രത്തോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി. അവസാനം ഞാൻ ഈ കഥാപാത്രം ചെയ്‌തോട്ടെ എന്ന് അനൂപിനോട് ചോദിക്കുകയായിരുന്നു. അവൻ ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു. അതുപോലെ കല്യാണിയെ കാസ്റ്റ് ചെയ്തപ്പോൾ അവൾക്ക് മലയാളം ശരിയാകുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ അനൂപ് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല. കല്യാണി വന്നത് സിനിമയ്ക്ക് എക്‌സ്ട്രാ മൈലേജ് നൽകി എന്ന് ഇപ്പോൾ തോന്നുന്നു. കാരണം വളരെ ആത്മാർഥമായി തന്നെ കല്യാണി കഥാപാത്രത്തിനായി മുന്നൊരുക്കങ്ങൾ നടത്തി. അതിനാൽ തന്നെ അവളുടെ ഊർജം ഒന്നിച്ച് അഭിനയിച്ചപ്പോൾ എനിക്കു കൂടി കിട്ടി.
സത്യൻ അന്തിക്കാടിനൊപ്പം സിനിമ, പിന്നീട് അദ്ദേഹത്തിന്റെ മകന്റെ ചിത്രത്തിൽ സംവിധാനത്തിൽ ഇരുവർക്കും സമാനതകൾ ഏറെയുണ്ടോ
രണ്ടുപേരും രണ്ട് തലമുറയാണ്. ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. സത്യനങ്കിളിന്റെ സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അദ്ദേഹത്തോടുള്ള ആരാധനയും മനസ്സിൽ െവച്ച് കൊണ്ടാണ് പോയത്. അവരെപ്പോലുള്ള മുതിർന്ന സംവിധായകരുടെയും അഭിനേതാക്കളുടെയും കൂടെ വർക്ക് ചെയ്യുമ്പോൾ വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റ് നമുക്കുണ്ടാകും. ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ ചെയ്യാനായത് എനിക്ക് അഭിനയ ജീവിതത്തിൽ കിട്ടിയ അപൂർവ നേട്ടമായാണ് ഞാൻ കാണുന്നത്. സത്യനങ്കിളിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരുപാട് കഥകൾ കേൾക്കാം. നമ്മൾ കണ്ട ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ അണിയറ വിശേഷങ്ങൾ അദ്ദേഹം പറഞ്ഞുതരും. അത്തരം കുെറ കഥകൾ ഞാൻ ജോമോന്റെ സുവിശേഷങ്ങളുടെ സെറ്റിൽെവച്ച് കേട്ടിട്ടുണ്ട്. സത്യനങ്കിൾ, പ്രിയനങ്കിൾ, മണി സാർ തുടങ്ങി മുതിർന്ന സംവിധായകരുടെകൂടെ വർക്ക് ചെയ്യുക എന്നത് വേറൊരു തരം അനുഭവമാണ്. ഷൂട്ടിങ്ങിനിടയിൽ ഒരു രീതിയിലും സമയം വെറുതേ കളയില്ല, വേണ്ടാത്ത ടേക്കുകൾ എടുക്കില്ല, എന്താണ് വേണ്ടതെന്ന് അവർക്ക് കൃത്യമായി അറിയാം. അത് വർഷങ്ങളുടെ അനുഭവങ്ങളിലൂടെ അവർ നേടിയെടുത്ത കാര്യമാണ്.
അനൂപിനെ ഞാൻ താരതമ്യം ചെയ്യുന്നത് പുതിയ തലമുറയിലെ സംവിധായകരുമായാണ്. അനൂപിന് ഒരുപാട് നല്ല വശങ്ങളുണ്ട്. കൃത്യമായി പ്ലാൻ ചെയ്ത ശേഷം മാത്രമേ അനൂപ് ഓരോ സീനും ഷൂട്ട് ചെയ്യുകയുള്ളൂ. നിർമാതാവെന്ന നിലയിൽ ബജറ്റിന് ഒരുപരിമിതിയും ഞാൻ അവനോട് പറഞ്ഞിരുന്നില്ല. എന്നാൽപ്പോലും അവൻ കൃത്യമായി ബജറ്റ് ശ്രദ്ധിക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും ചെയ്തു.
കുറുപ്പിന്റെ വിശേഷങ്ങൾ

എന്റെ ആദ്യ സിനിമയായ സെക്കൻഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിക്കാനായി എന്നതാണ് കുറുപ്പിന്റെ സന്തോഷങ്ങളിലൊന്ന്. മറക്കാനുള്ളതല്ല, തിരിച്ചറിയപ്പെടാനുള്ളതാണ് സത്യം എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. അഞ്ചുവർഷം ഈ സിനിമയുമായി ബന്ധപ്പെട്ട് ശ്രീനാഥ് പഠനങ്ങൾ നടത്തിയ ശേഷമാണ് തിരക്കഥ തയ്യാറാക്കിയത്. വ്യത്യസ്തമായ ഗെറ്റപ്പുകളിൽ വരുന്ന കഥാപാത്രമാണ് കുറുപ്പിലേത്. വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ഷൂട്ടിങ് പൂർത്തിയാക്കി കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടും.
Content Highlights: Dulquer Salmaan Interview, kannum kannum kollaiyadithaal, Varane Avashyamundu, Kuruppu Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..