ച്ഛന്റെ തൊഴില്‍ മകനും മകളും പിന്തുടരുന്നത് പഴയകാലത്തെ പതിവാണ്. ആശാരിയുടെ മകന്‍ ആശാരി, അലക്കുകാരന്റെ മകന്‍ അലക്കുകാരന്‍, വൈദ്യരുടെ മകന്‍ വൈദ്യര്‍...ഇങ്ങനെ പിന്തുടര്‍ച്ച നമുക്ക് പതിവായിരുന്നു. കാലം മാറി, വ്യവസ്ഥിതിയും മാറി തൊഴില്‍പരമായ പിന്തുടര്‍ച്ചയും അവസാനിച്ചു. പക്ഷേ, സിനിമാ ലോകത്ത്, പ്രത്യേകിച്ചും ഇന്ത്യന്‍ സിനിമയില്‍ കാര്യങ്ങള്‍ മറിച്ചാണ്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വലിയൊരു ശതമാനം പേരും മക്കളെ സിനിമയിലേക്കുതന്നെ നയിക്കുന്നു. അല്ലെങ്കില്‍ അച്ഛനേയും അമ്മയേയും പിന്തുടര്‍ന്ന് മക്കളും ആ രംഗത്തേക്ക് എത്തിപ്പെടുന്നു. 

ഹിന്ദി സിനിമയിലെ ആദ്യ സൂപ്പര്‍താരമായ പൃഥ്വിരാജ് കപൂറില്‍ നിന്നാവും തുടക്കം. നാലു തലമുറകളിലേക്ക് നീണ്ട സിനിമാപാരമ്പര്യത്തിന്റെ ഉടമകളാണ് കപൂര്‍ കുടുംബം. ഈ കുടുംബത്തില്‍ സിനിമയില്‍ മുഖം കാണിക്കാത്തവര്‍ വിരളമാണ്. കപൂര്‍ കുടുംബാംഗങ്ങള്‍ മിക്കവരും വിവാഹം കഴിച്ചിരിക്കുന്നതും സിനിമാബന്ധമുള്ള കുടുംബങ്ങളില്‍ നിന്നാണ്. അമിതാഭ് ബച്ചന്‍ മുതല്‍ സെയ്ഫ് അലി ഖാന്‍ വരെ കപൂര്‍ കുടുംബവുമായി ചാര്‍ച്ചയുള്ളവരാണ്. പൃഥ്വിരാജിന്റെ മൂന്ന് ആണ്‍മക്കളായ രാജ് കപൂറും ഷമ്മി കപൂറും ശശി കപൂറും ഹിന്ദി സിനിമയിലെ സൂപ്പര്‍ താരങ്ങളായിരുന്നു. അടുത്ത തലമുറയില്‍ രണ്‍ധീര്‍, ഋഷി, രാജീവ്, ആദിത്യ രാജ്, കരണ്‍, കുനാല്‍, സഞ്ജന എല്ലാവരും അഭിനേതാക്കള്‍ തന്നെ. നാലാം തലമുറയില്‍നിന്ന് കരിഷ്മ, കരീനാ, രണ്‍ബീര്‍, അര്‍മന്‍ ജയിന്‍ എന്നിവരും ബോളിവുഡിലെ വിലയേറിയ താരങ്ങളായി മാറി. അത് കപൂര്‍ കുടുംബത്തിന്റെ കാര്യം. 

അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, വിനോദ് ഖന്ന, രാജേഷ് ഖന്ന തുടങ്ങി അനില്‍ കപൂര്‍, ജാക്കി ഷെറോഫ് , ശക്തി കപൂര്‍, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരുടെ മക്കള്‍ വരെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചു. സമാനമായ അവസ്ഥയാണ് തമിഴിലും. ഇന്ന് തമിഴിലെ വലിയ താരങ്ങളായ വിജയ്യും സൂര്യയും സിനിമാ പാരമ്പര്യമുള്ളവര്‍തന്നെ. സംവിധായകനായ എസ്. എ. ചന്ദ്രശേഖരന്റെ മകനാണ് വിജയ്. സിന്ധു ഭൈരവി എന്ന സിനിമയിലൂടെ പ്രശസ്തനായ നടന്‍ ശിവ കുമാറിന്റെ മകനാണ് സൂര്യ. ശിവകുമാറിന്റെ രണ്ടാമത്തെ മകന്‍ കാര്‍ത്തിയും തമിഴ് സിനിമയിലെ താരമാണ്. സംവിധായകനും നടനുമായിരുന്ന ടി. രാജേന്ദ്രന്റെ മകന്‍ ചിമ്പു, നടന്‍ ത്യാഗരാജന്റെ മകന്‍ പ്രശാന്ത് എന്നിവരും തിരക്കുള്ള നടന്‍മാര്‍ തന്നെ. ദേശീയ അവാര്‍ഡ് നേടിയ നടനായ ധനുഷിന്റെ പിതാവ് കസ്തൂരി രാജ സംവിധായകനാണ്. രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധായികയാണ്. അവരെ വിവാഹം കഴിച്ചത് ധനുഷും. കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ തെന്നിന്ത്യയിലും ബോളിവുഡിലും തിരക്കുള്ള അഭിനേത്രിയാണ്. 

ഇപ്പോള്‍ ഹിന്ദിയേയും തമിഴിനേയും വെല്ലുന്ന വിധത്തില്‍ മക്കള്‍ പ്രവണത മലയാള സിനിമയില്‍ ശക്തമാവുകയാണ്. നസീറിന്റെ മകന്‍ ഷാനവാസും കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ സായികുമാറും സത്യന്റെ മകന്‍ സതീഷ് സത്യനുമാവും മലയാളത്തില്‍ ഇക്കാര്യത്തില്‍ മുന്‍പേ നടന്നവര്‍. അതിനുശേഷം ഇങ്ങോട്ട് മലയാള സിനിമയിലേക്ക് താരപുത്രന്‍മാരുടെ കുത്തൊഴുക്ക് കണ്ടു. ഇന്ന് മലയാള സിനിമയിലെ യുവനായക നടന്‍മാരില്‍ സൂപ്പര്‍താര പദവി നേടിയ മൂന്നു പേര്‍ സിനിമാ പാരമ്പര്യമുള്ളവരാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, സുകുമാരന്റെ മകന്‍ പൃഥ്വിരാജ്, സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ്. മൂന്നുപേരും മികച്ച അഭിനേതാക്കളെന്ന നിലയിലും അംഗീകാരം നേടിയവരാണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഓരോ തവണ സ്വന്തമാക്കി കഴിഞ്ഞു. ബോക്സോഫീസിലും വിലയേറിയ താരങ്ങള്‍ തന്നെയാണിവര്‍. സുകുമാരന്റെ തന്നെ മകനായ ഇന്ദ്രജിത്ത്, ശ്രീനിവാസന്റെ മക്കളായ വിനീത്, ധ്യാന്‍, ഉദയാകുടുംബത്തില്‍ നിന്നുള്ള കുഞ്ചാക്കോ ബോബന്‍ എന്നിവരും താരപദവിയില്‍ എത്തിയവരാണ്. 

ഇതുവരെ സിനിമയിലേക്ക് കാലെടുത്തു വെക്കാന്‍ മടിച്ചു നിന്നിരുന്ന പ്രണവ് മോഹന്‍ലാല്‍ കൂടി വരുന്നതോടെ ഒരു വൃത്തം പൂര്‍ത്തിയാവുകയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലേക്ക് വന്ന എല്ലാ പ്രധാന നടന്‍മാരുടെയും മക്കള്‍ സിനിമയിലേക്കെത്തി കഴിഞ്ഞു. ജയറാമിന്റെ മകന്‍ കാളിദാസ്, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍, സിദ്ദിഖിന്റെ മകന്‍ ഷഹീന്‍, മുകേഷിന്റെ മകന്‍ ശ്രാവണ്‍, തിലകന്റെ മക്കളായ ഷോബി, ഷമ്മി, ഷിബു, കരമന ജനാര്‍ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമന, ടി.ജി. രവിയുടെ മകന്‍ ശ്രീജിത്ത് രവി, ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി, രതീഷിന്റെ മക്കളായ പാര്‍വതി, പത്മരാജ്, ബാലന്‍ കെ നായരുടെ മകന്‍ മേഘനാഥന്‍, മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ്, കുതിര വട്ടം പപ്പുവിന്റെ മകന്‍ വിനു പപ്പു, അബിയുടെ മകന്‍ ഷെയ്ന്‍ നിഗം, ക്യാമറാമാന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹന്‍, ശോഭ മോഹന്റെ മകന്‍ വിനു മോഹന്‍,സംവിധായകന്‍ കമലിന്റെ മകന്‍ ജനുസ് മുഹമദ്, സംവിധായകന്‍ ഭരതന്റെയും കെ.പി.എസി. ലളിതയുടെയും മകന്‍ സിദ്ധാര്‍ഥ് ഭരതന്‍, ആലംമൂടന്റെ മകന്‍ ബോബന്‍, ജഗന്നാഥ വര്‍മയുടെമകന്‍ മനു വര്‍മ, മണിയന്‍ പിള്ള രാജുവിന്റെ മക്കള്‍ നിരഞ്ജന്‍, സച്ചിന്‍, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍, ലാലു അലക്സിന്റെ മകന്‍ ബെന്‍, സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ, ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ്  ഇങ്ങനെ ആ പട്ടിക നീണ്ടു പോവുന്നു. 

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കൂടാതെ ജയസൂര്യയുടെ മകന്‍ അദ്വൈതും സുധീഷിന്റെ മകന്‍ രുദ്രാഷും ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും ബാലതാരങ്ങളായും അഭിനയിച്ചു കഴിഞ്ഞു. തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ മമ്മൂട്ടിയുടെ കസബയിലൂടെ സംവിധായകനായും രംഗത്തെത്തി. സിനിമാ താരങ്ങളുടെ മക്കള്‍ ഇങ്ങനെ സിനിമയിലേക്ക് കൂട്ടത്തോടെ ചേക്കേറുവാന്‍ എന്താവും കാരണം? സിനിമാ അന്തരീക്ഷമുള്ള കുടുംബത്തില്‍ ജനിച്ചു വളരുമ്പോള്‍ തീര്‍ച്ചയായും സിനിമയോടുള്ള വാസന ലഭിക്കുക സാധാരണമാണെന്നാണ് മിക്കവരും നല്‍കുന്ന ഉത്തരം. ' മക്കള്‍ മാതാപിതാക്കളെ കണ്ടു പടിക്കുന്നത് സ്വാഭാവികമാണ്. പിന്നെ നല്ല കാര്യമല്ലേ പഠിക്കുന്നത്. മോശമായ കാര്യങ്ങളൊന്നുമല്ലല്ലോ?' - ഇങ്ങനെയാണ് മിക്ക താരങ്ങളുടെയും മറുപടി. എത്ര കഴിവുണ്ടായാലും സിനിമയിലേക്ക് ഒരവസരം കിട്ടുക ഏറെ ബുദ്ധിമുട്ടാണ്. അറിയപ്പെടുന്ന സിനിമാതാരത്തിന്റെയോ സംവിധായകന്റെയോ മകനോ മകളോ ആണെങ്കില്‍ കുറേകൂടി കാര്യങ്ങള്‍ എളുപ്പമാണെന്നു മാത്രം. പക്ഷേ, സിനിമയിലേക്ക് എത്തിപ്പെടാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചാലും ദീര്‍ഘകാലം സിനിമാരംഗത്ത് പിടിച്ചു നില്‍ക്കാനും ചരിത്രത്തില്‍ സ്വന്തമായി ഒരിടം നേടാനും കഴിവുള്ളവര്‍ക്ക് മാത്രമേ സാധിക്കുള്ളൂ. അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദും ദുല്‍ഖറും പൃഥ്വിരാജുമെല്ലാം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത് അവരുടെ പ്രതിഭ കൊണ്ടുതന്നെയാണെന്ന് സമ്മതിക്കാതെ നിര്‍വാഹമില്ല. അല്ലെങ്കിലും ജന്‍മവാസന എന്നൊന്നുണ്ടല്ലോ?