``ഞാനാണ് ആ ഡ്രൈവർ''-- ശബ്ദത്തിലെ  വികാരാധിക്യം മറച്ചുവെക്കാതെ രഘു പറയുന്നു.
പ്രിയഗായികയായ എസ് ജാനകിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി വണ്ടിയോടിച്ച മനുഷ്യനാണ് ഫോണിന്റെ മറുതലയ്ക്കൽ. ഫെയ്സ്ബുക്കിലെ കുറിപ്പ് വായിച്ചിരുന്നു രഘു. ``പതിനേഴു വർഷങ്ങൾക്കപ്പുറത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി നിങ്ങളുടെ എഴുത്ത്.''-- കൊല്ലം അഞ്ചൽ സ്വദേശിയായ രഘു പറഞ്ഞു. ``എല്ലാം ഓർമ്മയുണ്ട്, ഇന്നലെ നടന്നപോലെ. എന്ത് വിലകൊടുത്തും എത്രയും പെട്ടെന്ന് അമ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നല്ലോ ദൗത്യം. അങ്ങേയറ്റം അവശസ്ഥിതിയിലായിരുന്നു അവർ. ഒരു വ്യത്യാസം മാത്രം. കാറിലായിരുന്നില്ല ഞങ്ങളുടെ യാത്ര; വാനിലായിരുന്നു-ആംബുലൻസിൽ.''

അഞ്ചലിൽ ടിപ്പർ ഓടിച്ചു ഉപജീവനം നടത്തുന്ന രഘുകുമാർ ചെന്നൈയോട് വിടപറഞ്ഞിട്ട് കാലമേറെയായി. എങ്കിലും അന്നത്തെ സാഹസിക യാത്രയെക്കുറിച്ചോർക്കാത്ത ദിനങ്ങൾ കുറവാണെന്ന് പറയും അദ്ദേഹം. 

കടുത്ത ശ്വാസതടസ്സവുമായി സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ജാനകി. പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടർ  പെനിസിലിൻ അടങ്ങിയ മരുന്ന് കുത്തിവെക്കുന്നു. പണ്ടേ പെനിസിലിൻ  അലർജിയാണ് ജാനകിക്ക്. ഇത്തിരി അകത്തുചെന്നാൽ  തളർച്ച  വരെ സംഭവിക്കാമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്.  കാര്യമറിയാതെ  ഡോക്ടർ നടത്തിയ ``പെനിസിലിൻ ചികിത്സ''യുടെ തിക്തഫലങ്ങൾ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷം.  ശ്വാസം അൽപ്പാൽപ്പമായി നിലച്ചുപോകും പോലെ. ശരീരമാകെ വിയർപ്പിൽ മുങ്ങുന്നു. ഡോക്ടറെ വിളിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിൽ എത്തണമെന്നാണ് കിട്ടിയ നിർദേശം.
ഇനിയുള്ള കഥ രഘുവിന്റെ വാക്കുകളിൽ: ``അഡയാറിലെ മലർ ഹോസ്പിറ്റലിന് വേണ്ടിയാണ്  ഞങ്ങളുടെ സ്ഥാപനത്തിന്റെ ആംബുലൻസ്‌ സർവീസ്. ഉടൻ എത്തണമെന്ന് ജാനകിയമ്മയുടെ മകൻ വിളിച്ചു പറയുമ്പോൾ ഞാനാണ് ഡ്രൈവറുടെ ഡ്യൂട്ടിയിൽ. ഉടൻ വണ്ടിയുമായി നീലാങ്കരയിലെ അവരുടെ വീട്ടിലേക്ക് കുതിച്ചു. പിന്നീടെല്ലാം മിന്നൽ വേഗത്തിലാണ് നടന്നത്. അറ്റൻഡറുടെ സഹായത്തോടെ അമ്മയെ സ്‌ട്രെച്ചറിൽ വണ്ടിയിൽ കയറ്റി.  അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു അവർ.  നല്ല ദൂരമുണ്ട് ആശുപത്രിയിലേക്ക്. റോഡിലാണെങ്കിൽ വാഹനത്തിരക്കും. ഏകാഗ്രമായിത്തന്നെ വണ്ടിയോടിച്ചു. അതൊരു ശീലമായിരുന്നതുകൊണ്ട് വലിയ പ്രയാസം തോന്നിയില്ല. വിചാരിച്ചതിലും നേരത്തെ അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്. എങ്കിലും ആ നിമിഷങ്ങളെക്കുറിച്ച് ഇന്നോർക്കുമ്പോൾ  അത്ഭുതം തോന്നും. ''-- വിനയപൂർവം രഘു പറയുന്നു.

അസുഖം ഭേദമായി ആശുപത്രി വിട്ട ശേഷം ഒരൊറ്റ തവണയേ അമ്മയെ കണ്ടിട്ടുള്ളു രഘുകുമാർ. നീലാങ്കരയിലെ വീട്ടിൽ ചെന്ന രഘുവിനെ സ്നേഹവാത്സല്യങ്ങളോടെ സ്വീകരിച്ചു ജാനകിയമ്മ. സ്വന്തം മകനോടെന്നപോലെ പെരുമാറി. ``രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരു കലാകാരിയെ ആണല്ലോ എന്നോർക്കുമ്പോൾ സന്തോഷവും സംതൃപ്തിയും മാത്രം. ഞാൻ ഒരു ചെറുകിട പാട്ടുകാരൻ ആയതുകൊണ്ട് പ്രത്യേകിച്ചും. ഇന്നും അമ്മയുടെ പാട്ടുകൾ കേൾക്കുമ്പോൾ സംഭവബഹുലമായ ആ ദിവസം ഓർമ്മവരും.''
ജീവിച്ചിരിക്കുന്ന ജാനകിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്ന നെറി കെട്ടവരോട് രഘുവിന് സഹതാപം മാത്രം. ``എങ്ങനെ മനുഷ്യന് ഇത്രയും ക്രൂരന്മാരാകാൻ കഴിയുന്നു? ഇത്രയും വലിയ മനസ്സുള്ള സ്നേഹനിധിയായ ഒരു അമ്മയെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ തെറ്റാണ്.'' ജാനകിയമ്മയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ മനുഷ്യൻ വികാരാധീനനാകുന്നു.

എന്തുകൊണ്ടാണ് ഇത്രയും കാലത്തിനിടയിൽ പിന്നീടൊരിക്കലും അമ്മയെ കാണാൻ ചെല്ലാത്തത്? -- രഘുവിനോട് ഒരു കൗതുകചോദ്യം. "അവർക്ക് ഞാൻ ഒരു ശല്യം ആകേണ്ടെന്നു കരുതി. കണ്ടില്ലെങ്കിലും എന്റെ മനസ്സിൽ അവരുണ്ടല്ലോ. കാതിൽ ആ ശബ്ദവും...."

അസുഖം ഭേദമായി ആദ്യം നേരിൽ കണ്ടപ്പോൾ നിറഞ്ഞ കണ്ണുകളോടെ, കൈകൾ രണ്ടും ചേർത്തുപിടിച്ച്  ജാനകിയമ്മ പറഞ്ഞ ഹൃദയസ്പർശിയായ വാക്കുകളാണ് രഘുവിന്റെ ഓർമ്മയിൽ: ``എന്റെ ജീവൻ രക്ഷിക്കാൻ അവതരിച്ച  ഭഗവാൻ ശ്രീകൃഷ്ണനാണ് നിങ്ങൾ..''