ഓരോ പ്രതിസന്ധിയും ഓരോ സാധ്യതയുടെ വാതിലുംകൂടി തുറന്നിടുന്നു. കോവിഡ് നമ്മുടെ തിയേറ്ററുകളെയും ഒന്നിച്ചിരുന്ന് സിനിമ കാണലിനെയും അല്പകാലത്തേക്കെങ്കിലും അപഹരിച്ചു. എന്നാല്‍, ഇതിനെ മറികടക്കാനും മനുഷ്യന്‍ ഒരുവഴി കണ്ടെത്തി. അതാണ് ഡ്രൈവ് ഇന്‍ സിനിമ. ഇത് നൂറ്റിയഞ്ചുവര്‍ഷം മുമ്പ് നടപ്പായിട്ടുണ്ട്.

സിനിമ ഒരു കൂട്ടായ്മയുടെ കലയാണ്. അതുകൊണ്ടുതന്നെ സിനിമയുടെ ആസ്വാദനവും കൂട്ടായ്മയിലാണ് പൂര്‍ണത നേടുന്നത്. തിയേറ്ററുകളിലേക്ക് പലയിടങ്ങളില്‍നിന്ന് പല അഭിരുചികളുമായി എത്തുന്നവരാണ് കാഴ്ചക്കാര്‍. അവര്‍ ഒരുമിച്ച് ഒരുഹാളില്‍ ഇരുന്നുള്ള ആസ്വാദനം.സ്‌ക്രീനിലെ കാഴ്ചകള്‍ പിന്നീട് മനസ്സിനും കാഴ്ചയ്ക്കുമിടയിലെ അവനവന്‍ തുരുത്തായി മാറുന്നു. ഇടവേളയിലെ പ്രകാശത്തില്‍ ചുറ്റുപാടും ആള്‍ക്കൂട്ടം. പോപ്പ്കോണും കോഫിയും. ഇടവേള അവസാനിച്ചാല്‍ വീണ്ടും ആള്‍ക്കൂട്ടത്തിനുനടുവിലെ ഏകാന്തത. സിനിമയെന്ന അനുഭവം ഒരുമിച്ച് ആസ്വദിച്ച് പുറത്തേക്കിറങ്ങുന്നതിന്റെ മാസ്മരികത. ഇതെല്ലാംകൂടിച്ചേര്‍ന്ന അനുഭവമാണ് തിയേറ്റര്‍ എന്നവവിസ്മയത്തിന്റെ ആകെത്തുക. ഹോംതിയേറ്റര്‍ മുതല്‍ കൈയിലെ ഫോണ്‍തിയേറ്റര്‍ വരെ സജീവമാകുമ്പോഴും തിയേറ്റര്‍ അനുഭവം വേറിട്ടുനില്‍ക്കുന്നത് ഇതുകൊണ്ടുതന്നെയാണ്. കോവിഡ്കാലം സിനിമാതിയേറ്ററുകളെ ആളൊഴിഞ്ഞ ഇടങ്ങളാക്കിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് സമീപകാലത്തൊന്നും തിയേറ്ററുകളിലേക്ക് മടങ്ങിയെത്താന്‍ പ്രേക്ഷകര്‍ക്കാവുമെന്ന് കരുതാനുംവയ്യ. കോവിഡിന്റെ മെഗാഷോയില്‍ പിടിച്ചുനില്‍പ്പിന്റെ പുതുവഴികള്‍തേടുന്ന ലോകത്തിനുമുമ്പില്‍ സിനിമാപ്രദര്‍ശനത്തിന്റെ ഒരു മാതൃകയുണ്ട് -ഡ്രൈവ്ഇന്‍ സിനിമ.

കോവിഡ്കാലത്തിന്റെ കണ്ടുപിടിത്തമല്ലയിത്. 1915- ല്‍ ന്യൂമെക്സിക്കോയിലെ ലാസ്‌ക്രൂസസിലാണ് ഈ വ്യത്യസ്ത സിനിമാപ്രദര്‍ശനത്തിന്റെ തുടക്കം. ഈ സിനിമാഅനുഭവത്തിനുവേണ്ട സംവിധാനങ്ങള്‍ ഇത്രയും മാത്രമാണ്: വിശാലമായ പാര്‍ക്കിങ് സംവിധാനമുളള ഒരു മൈതാനം, വലിയ സ്‌ക്രീന്‍ അല്ലെങ്കില്‍ സ്‌ക്രീനിങ്ങിന് അനുയോജ്യമായ ഭിത്തി. കൃത്യമായ കാഴ്ചനല്‍കുന്നരീതിയില്‍ കാറുകള്‍ പാര്‍ക്കുചെയ്യുന്നു.

സ്വന്തംകാറുകള്‍ക്ക് അകത്തിരുന്ന് വലിയ സ്‌ക്രീനില്‍ പ്രൊജക്ട്ചെയ്യുന്ന സിനിമ ആസ്വദിക്കുന്നു. സൗണ്ട് സിസ്റ്റത്തിനുവേണ്ടി ഓരോ കാറുകള്‍ക്കും സമീപം പ്രത്യേകം സജ്ജീകരിക്കുന്ന സൗണ്ട്‌ബോക്സുകള്‍. സിനിമയുടെ ഇടവേളകളില്‍ പോപ്കോണും കോഫിയുമായി എത്തുന്ന ഫുഡ്‌ബോയ്സ്. സിനിമ അവസാനിക്കുമ്പോള്‍ ഒന്നൊന്നായി മടങ്ങിപ്പോകുന്ന കാറുകള്‍. ഇതാണ് ഡ്രൈവ് ഇന്‍ സിനിമയുടെ ഫോര്‍മാറ്റ്.

ഡ്രൈവ് ഇന്‍ സിനിമയില്‍ ആദ്യമായി ലോകത്ത് പ്രദര്‍ശിപ്പിച്ച സിനിമ സിഗ്മണ്ട് ലൂബിന്‍ നിര്‍മിച്ച 'എ ബാഗ് ഓഫ് ഗോള്‍ഡ്' ആണ്. ഈ സിനിമാഅനുഭവം പക്ഷേ, നിലനിന്നില്ല. ഡീലക്സ് തിയേറ്റര്‍ എന്ന് പുനര്‍നാമകരണംചെയ്തെങ്കിലും 1916- ല്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. 1921- ല്‍ വീണ്ടും ക്ലോഡ്.വി കേവര്‍ എന്നയാള്‍ ടെക്സാസിലെ കൊമാഞ്ചേയില്‍ ഈ പരീക്ഷണതിയേറ്റര്‍ വീണ്ടും തുടങ്ങി. ഇതിനു ചുവടുപിടിച്ച് ഒട്ടേറെ ഡ്രൈവ് ഇന്‍ സിനിമകള്‍ ആരംഭിച്ചു. അക്കാലത്തെ വേനല്‍ക്കാലവിനോദങ്ങളിലൊന്നായിരുന്നു മൈതാന തിയേറ്ററിനകത്ത് കാറിലിരുന്ന് കാണുന്ന സിനിമാഅനുഭവം. ഭക്ഷണവും പാനീയങ്ങളുമായി വേനല്‍ക്കാലം വലിയ സ്‌ക്രീനിലെ സിനിമയ്ക്കൊപ്പം അവര്‍ ആഘോഷിച്ചു.

2012- ലെ കത്തിരി ചൂടില്‍ ഉരുകുന്ന ചെന്നൈയിലെ ഒരു പകലിന്റെ അവസാനമാണ് ഈസ്റ്റ്‌കോസ്റ്റ് റോഡിലേക്ക് എത്തുന്നത്. ചെന്നൈയിലെ സുഹൃത്ത് വിഘ്നേശ് രാമസ്വാമിക്കൊപ്പംസണ്‍ ടി.വി. നെറ്റ്വര്‍ക്കിലെ പ്രോജക്ട് ചര്‍ച്ചകളുടെ ക്ഷീണത്തില്‍നിന്നും മറീന ബീച്ചിലെ കടല്‍ക്കാറ്റില്‍ ഒരു വൈകുന്നേരം എന്നുമാത്രംകരുതിയ എനിക്ക് വിഘ്നേശ് തന്നത് ഒരു ഗംഭീര സിനിമാഅനുഭവം. പ്രാര്‍ഥനാതിയേറ്ററിന്റെ ഡ്രൈവ് ഇന്‍ സിനിമ. ചെന്നൈ നഗരത്തില്‍നിന്ന് പുതുച്ചേരിയിലേക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരദേശഭൂമിയിലൂടെ നീളുന്ന നെടുമ്പാതയോരത്ത്, കാറ്റാടിമരങ്ങളും വേപ്പുമരങ്ങളും നിറഞ്ഞ ഒരു മതില്‍ക്കെട്ടിനകത്താണ് പ്രാര്‍ഥനാ ഡ്രൈവ് ഇന്‍സിനിമ. ചെടിപ്പടര്‍പ്പുകളും പുല്‍മൈതാനവും ചെറിയ നടപ്പാതകളും ക്രമീകരിച്ചയിടം. നടുവിലായി ഓപ്പണ്‍തിയേറ്റര്‍. 4500 സ്‌ക്വയര്‍ ഫീറ്റുള്ള വലിയ സ്‌ക്രീന്‍, കാറുകള്‍ പാര്‍ക്കുചെയ്യാന്‍ പ്രത്യേക ഇടങ്ങള്‍. ഇന്‍ ആന്‍ഡ് ഔട്ട്വഴികള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. കാഴ്ചയ്ക്ക് സൗകര്യപ്രദമായരീതിയിലാണ് ഓരോ കാര്‍പാര്‍ക്കിങ്ങും ക്രമീകരിച്ചിരിക്കുന്നത്. സിനിമ 7.30-ന് തുടങ്ങി. സ്‌ക്രീനില്‍ ഗൗതംമേനോന്‍ ചിത്രം 'വിണ്ണൈ താണ്ടിവരുവായാ' സ്‌ക്രീനില്‍ കാര്‍ത്തിക്കും ജെസ്സിയും. അവരുടെ ജീവിതത്തിലേക്ക് കടക്കുന്നതിനുമുമ്പ് തിയേറ്ററിന്റെ പരിസരമായിരുന്നു ശ്രദ്ധിച്ചത്. നിര്‍ത്തിയിട്ടിരിക്കുന്ന ഓരോ കാറുകള്‍ക്കും സമീപത്തെ സൗണ്ട് ബോക്സില്‍നിന്ന് മ്യൂസിക്. കാറിനുള്ളിലേക്ക് തടസ്സമില്ലാതെ കടന്നുവരുന്ന കടല്‍ക്കാറ്റ്. മുകള്‍ ആകാശത്തില്‍ കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍ പുതിയ തിയേറ്റര്‍ എക്സ്പീരിയന്‍സ് ഒരു കൗതുകമായി തോന്നിയത് കുറച്ചുസമയംമാത്രം. വളരെപ്പെട്ടെന്നുതന്നെ വിണ്ണൈ താണ്ടി വരുവായിലെ കാര്‍ത്തിക്കിന്റെയും ജെസ്സിയുടെയും പ്രണയവഴികളിലേക്കായി. ഇടവേളയില്‍ പോപ്കോണും ഫില്‍ട്ടര്‍ കോഫിയും സ്നാക്സുമായി ഡെലിവറിബോയ്സ് വന്നു. കാറിലിരുന്ന് കോഫി കഴിക്കുന്ന സ്നാക്സ് ആസ്വദിക്കുന്ന സിനിമാപ്രേമികള്‍. ഇടവേള കഴിഞ്ഞു, സിനിമ തുടര്‍ന്നു. കടല്‍ക്കാറ്റിന് തണുപ്പുകൂടിവരുന്നു. വലിയ സിനിമാസ്‌ക്രീനിലെ പ്രണയവും വിരഹവും കൂടുതല്‍ ഊഷ്മളതയോടെ. അവസാനരംഗം കഴിയുമ്പോള്‍ കാറുകള്‍ ഒന്നൊന്നായി ഔട്ട്വേയിലൂടെ പുറത്തുകടന്നു.

തിരികെപ്പോരുമ്പോള്‍ ഒരു പുതിയ സിനിമാക്കാഴ്ചയുടെ ഹരത്തിലായിരുന്നു. പ്രാര്‍ഥനാ ഡ്രൈവ് ഇന്‍ സിനിമയുടെ സ്ഥാപകന്‍ ഡോക്ടര്‍ എന്‍. ദേവനാഥനാണ്. തമിഴ്‌സിനിമകളും ഹോളിവുഡ് സിനിമകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. എല്ലാദിവസവും വൈകുന്നേരം 7.30- നും 10.30- നും രണ്ട് പ്രദര്‍ശനങ്ങളാണ് ഇവിടെയുള്ളത്. ചെറുകാറുകള്‍ക്കും എസ്.യു.വികള്‍ക്കും പ്രത്യേക സ്ഥാനം. 4500 സ്‌ക്വയര്‍ ഫീറ്റ് സ്‌ക്രീന്‍. 1973-ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച സണ്‍സെറ്റ് ഡ്രൈവ് ഇന്‍ സിനിമയില്‍ 665 കാറുകള്‍ക്ക് പാര്‍ക്കുചെയ്യാം. ഏഷ്യയിലെ ഏറ്റവുംവലിയ സ്‌ക്രീനാണ് ഇതെന്ന് ഇവര്‍ അവകാശപ്പെടുന്നു. രാത്രി 7.30-നും 10.30- നും രണ്ട്പ്രദര്‍ശനങ്ങള്‍.

2016- ല്‍ വിശാഖപട്ടണത്ത് ആരംഭിച്ച ബാലാജി ഡ്രൈവ് ഇന്‍ സിനിമയാണ് ഏറ്റവും പുതിയ സംരംഭം. മുംബെയില്‍ പി.വി.ആര്‍. 300 കാര്‍പാര്‍ക്കിങ് ഉള്ള ഡ്രൈവ് ഇന്‍ സിനിമ ആരംഭിച്ചു. 1000 രൂപയാണ് ഓരോ കാറുകള്‍ക്കും ചാര്‍ജ് ഈടാക്കുന്നത്. കേരളത്തില്‍ ഇത്തരമൊരു ശ്രമം കഴിഞ്ഞ വാലന്റെയിന്‍സ് രാത്രിയില്‍ ബൊള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്നു. ഗ്രൂവ്യാര്‍ഡ് എന്ന ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പ് നടത്തിയ സിനിമാപ്രദര്‍ശനത്തില്‍ 'ടൈറ്റാനിക്കും 'ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ'യും പ്രദര്‍ശിപ്പിച്ചു. ആസ്വാദകരില്‍നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് സംഘാടകര്‍. ഇതുവരെ ഡ്രൈവ് ഇന്‍ സിനിമകള്‍ പുതുമയാര്‍ന്ന സിനിമാനുഭവത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഈ രോഗകാലത്ത് സിനിമയുടെ തിയേറ്റര്‍ എക്സ്പീരിയന്‍സിന് അത്യന്താപേക്ഷിതമാണ് ഈ ഡ്രൈവ് ഇന്‍ സിനിമകള്‍. ഇറാനില്‍ ആദ്യത്തെ ഡ്രൈവ് ഇന്‍ സിനിമ പ്രദര്‍ശനം നടന്നത് ഈ കോവിഡ്കാലത്താണ്. സിനിമ 'എക്സോഡസ്സ്' ജര്‍മനിയില്‍ 30 ഡ്രൈവ് ഇന്‍ സിനിമാകേന്ദ്രങ്ങള്‍ കോവിഡ് കാലത്ത് ആരംഭിച്ചു. ദുബായില്‍ മാള്‍ഓഫ് എമിറേറ്റ്സിന്റെ ടെറസ്സിലും കാറിലിരുന്ന് സിനിമ കാണാനുള്ള വഴി ഇക്കാലത്ത് ഒരുങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ഡ്രൈവ് ഇന്‍ സിനിമ ഈ രോഗകാലത്ത് ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പ്രവേശനം നേടുന്ന കാറുകള്‍ നിശ്ചിതസ്ഥലത്ത് പാര്‍ക്കുചെയ്ത് സിനിമ അവസാനിക്കുമ്പോള്‍ പുറത്തേക്കുപോകുന്നു. കഴിയുന്നത്ര ശൗചാലയസൗകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നതും മുഖാവരണം ധരിച്ചുമാത്രം ആവശ്യത്തിന് പുറത്തിറങ്ങുക എന്നതുമാണ് നിബന്ധന.

Content Highlights : drive in cinema new cinema theatre idea after corona virus lockdown