ഈ കത്ത് വായിച്ചതിന് ശേഷം കീറി കളയണം; ഗീത സഹദേവന് എഴുതുന്നു


വിവേക് ചന്ദ്രന്‍

എനിക്കീ കളി കളിച്ചേ മതിയാവുമാരുന്നുള്ളൂ സഹദേവാ, സ്റ്റേഷന്റെ തറയ്ക്കകത്ത് വരുണിന്റെ അസ്ഥി കിടപ്പുണ്ടെങ്കില്‍ ആ തറ പൊളിച്ച് അതെടുക്കാന്‍ കേസൊന്നു റീ-ഓപ്പൺ ചെയ്യിപ്പിക്കാന്‍ എനിക്ക് ടോണിയെ അവിടെ വേണമായിരുന്നു.

ദൃശ്യം ആദ്യഭാഗത്തിൽ ആശ ശരത്തും കലാഭവൻ ഷാജോണും

2021ല്‍ വരുണ്‍ പ്രഭാകര്‍ കൊലപാതക കേസില്‍ വിധി വന്നതിന് ശേഷം റിട്ടയേഡ് ഐ.ജി. ഗീത പ്രഭാകര്‍ ഈ കേസിന്റെ ആദ്യത്തെ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ ഉണ്ടായിരുന്ന, പിന്നീട് സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ട, ഹെഡ് കോണ്‍സ്റ്റബിള്‍ സഹദേവന് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം. (വായിച്ചു തീരുന്നതോടെ ഈ കത്ത് കത്തിച്ചുകളയാന്‍ അപേക്ഷ !)

സഹദേവന്‍,

സുഖമാണോ ? ശ്രീജയുടെ മരണവിവരം അറിഞ്ഞാരുന്നു, വരാന്‍ തോന്നിയില്ല. വല്ലാത്തൊരു കാലമായിരുന്നല്ലോ അത്. അതിനിടയ്ക്ക് എന്റെ അമ്മയും പോയി, ചടങ്ങിനൊന്നും ഞങ്ങള്‍, ഞാനും പ്രഭയും (പ്രഭാകര്‍), നിന്നില്ല. അനിയത്തി ഉണ്ടാരുന്നു, എല്ലാം അവള് നോക്കി. ഒടുക്കം അമ്മയെ ചിതയിലേക്ക് എടുക്കുന്ന നേരത്ത് എനിക്കേതാണ്ട് കാഴ്ച മങ്ങുന്നപോലെ തോന്നി, വരുണ്‍മോനെ ഓര്‍മ്മ വന്നുപോയി. അമ്മ ചിതയില്‍ വെക്കാനും എരിക്കാനുമായി ശരീരം ഇവിടെ വിട്ടിട്ടാണ് പോയത്. എന്റെ മോന്‍ അങ്ങനല്ലല്ലോ, അവന്‍ ചുമ്മാ മാഞ്ഞു പോകുവാരുന്നില്ലേ ? അമ്മയ്ക്ക് മോക്ഷം കിട്ടും, ശ്രീജയ്ക്കും മോക്ഷം കിട്ടും, പക്ഷെ എന്റെ മോന് അങ്ങനൊന്ന് ഉണ്ടാവില്ല എന്നോര്‍ത്തപ്പം സങ്കടം സഹിച്ചില്ല.അവസാനമായി വേളാങ്കണ്ണിയിലുള്ള കാന്‍സര്‍ സെന്ററില്‍ വെച്ച് ശ്രീജയെ കണ്ട ദിവസം എനിക്കോര്‍മ്മയുണ്ട്, അന്ന് നിങ്ങളുടെ നാലുവയസ്സുള്ള മോളും (ഗീത എന്നായിരുന്നില്ലേ ആ മോളുടേം പേര്, അവളുടെ ചിരിച്ചുകൊണ്ടുള്ള വര്‍ത്താനം ഓര്‍മ്മ വരുന്നു) കൂടെ ഉണ്ടായിരുന്നു. സഹദേവന്‍ ഓര്‍ക്കുന്നുണ്ടോ ആ ദിവസം ? വരുണിന്റെ കേസ് ക്ലോസ് ചെയ്ത് നിങ്ങള്‍ ഫോഴ്‌സില്‍ നിന്നും പിരിഞ്ഞതിനു ശേഷമാണ്. ആ കാലത്തൊക്കെ ഞാനും പ്രഭയും കൂടി ഇങ്ങു സൗത്തില്‍ കേറി കാണിക്കയിട്ട് പ്രാര്‍ത്ഥിക്കാത്ത ദേവാലയങ്ങളില്ല. അത്രേം അലഞ്ഞിട്ടുണ്ട്. ഒടുക്കം ചിദംബരത്ത് വന്ന് നേര്‍ച്ചയിട്ട് തിരുവാരൂരിലേക്കുള്ള ബൈപ്പാസിലേക്ക് കയറുമ്പോഴാണ് വേളാങ്കണ്ണി പോന്ന വഴിക്കാണെന്ന് ഡ്രൈവര്‍ നാരായണേട്ടന്‍ പറയുന്നത്. എന്നാ ആട്ടെ എന്ന് ഞങ്ങളും കരുതി. വേളാങ്കണ്ണീ വന്ന് പുറത്തെ നേര്‍ച്ചതോണിയില്‍ ചില്ലറയിട്ട് തിരിയുമ്പോഴാണ് നമ്മള്‍ തമ്മീ കാണുന്നതും ശ്രീജ ഇവിടെ അടുത്തുള്ള കാന്‍സര്‍ സെന്ററിലുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ സഹദേവന്‍ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുന്നതും, ഓര്‍ക്കുന്നുണ്ടോ ? ഹാ ! എന്നാലാ ദിവസം അങ്ങനെകൊണ്ട് തീര്‍ന്നില്ലെന്നെ.

നിങ്ങളോട് യാത്രപറഞ്ഞ് ഞങ്ങള്‍ പള്ളിപ്പരിസരത്ത് വന്നിട്ട് മേടയിലോട്ടു മുട്ടുകുത്തി കേറാന്‍ നിക്കുമ്പോഴാണ് ഞങ്ങള്‍ക്ക് മുന്നില്‍ തോള് ചെരിച്ച് തലകുനിച്ച് ഇരുന്നു ധ്യാനിക്കുന്ന ഒരാളെ ശ്രദ്ധിക്കുന്നത്. ആ മനുഷ്യന്റെ മുഖം കണ്ടപ്പം എനിക്ക് ചെന്നിയീന്ന് ചൂട് തലയ്ക്ക് കയറിവന്നു, കണ്ണ് ചിമ്മിപോകുന്നത് പോലെ തോന്നി, പറഞ്ഞാ വിശ്വസിക്കത്തില്ല, അത് ജോര്‍ജുകുട്ടിയായിരുന്നു ! അല്ലെങ്കില്‍ അങ്ങനാണ് ഒരു നിമിഷത്തേക്ക് തോന്നിയത്. പക്ഷെ അടുത്തുചെന്നു നോക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ ജോര്‍ജുകുട്ടിയുടെ നല്ല ഛായ ഉണ്ടെന്നേയുള്ളൂ. ജോര്‍ജിനെക്കാള്‍ ചടച്ച്, സ്വല്പം കൂടി പ്രായക്കുറവു തോന്നുന്ന, താടിയൊക്കെയുള്ള ഒരാളായിരുന്നു അത്. ചോദിച്ച് പിടിച്ച് വന്നപ്പം ആളുടെ പേര് ടോണി, മാന്നാനം കുരിശിങ്കല്‍ തറവാട്ടില്‍ ഉള്ളതാ. ടോണി കുരിശിങ്കല്‍ എന്ന് പറഞ്ഞാല്‍ തൊണ്ണൂറില്‍ സിഎംഎസ്സില്‍ പഠിച്ചവര്‍ക്കൊക്കെ അറിയാമെന്നാണ് പറഞ്ഞത്. അയാള്‍ എന്നെ കാണുന്നത് നല്ലപ്പഴാ. എന്നാലും വര്‍ത്താനോം എടപഴകുന്ന രീതിയും ഒക്കെ തനി ജോര്‍ജുകുട്ടി.

ആള് വലിയ രസിക്കനാണ്, ജോര്‍ജുകുട്ടിയെപോലെ സിനിമ പ്രേമി തന്നാ, മമ്മുട്ടിയേടെയൊക്കെ വന്‍ ആരാധകന്‍. മമ്മുട്ടിയെ കാണാന്‍ ചെറുപ്പത്തീ യെവനും കൂട്ടുകാരും കൂടി ട്രെയിനീ മദ്രാസിലോട്ടൊരു ട്രിപ്പിട്ടിട്ടുണ്ട്. അന്ന് പാളം തെറ്റിയതാ അവന്റെ ജീവിതം, ആ യാത്ര തീരുമ്പഴത്തിനും അവന്റെ പേരിലേക്ക് ഒരു റേപ്പ് അറ്റംറ്റും മര്‍ഡറും ഒക്കെ കേറുന്നുണ്ട്. അതീന്നൊക്കെ ഊരി പോന്നെങ്കിലും അതിന്റെ പേരില്‍ അപ്പച്ചനുമായി ഒടക്കിയതുകൊണ്ട് വീട്ടീ കേറാന്‍ പറ്റിയിട്ടില്ല, ജീവിതത്തീ തനിച്ചായിപ്പോയി. ഇതിനിടയ്ക്ക് പല പണികളും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പം നാഗപട്ടണത്ത് ഒരു തിയറ്റര്‍ നോക്കി വെച്ചിട്ടുണ്ട്, അതെടുത്ത് നടത്തണം, അതിനുള്ള കാഷ് ഒപ്പിക്കാനുള്ള കറക്കത്തിലാണ് എന്ന് പറഞ്ഞപ്പം എന്റെ മനസ്സ് പതിയെ ചില കണക്കുകൂട്ടലുകള്‍ നടത്തിത്തുടങ്ങി.

ഞാന്‍ നിന്നനില്‍പ്പില്‍ നമ്മുടെയാ റിക്കൊര്‍ഡ്‌സിലെ സലീമിനെ വിളിച്ച് അവന്‍ പറഞ്ഞ കേസിന്റെ ഫയല്‍ എടുപ്പിച്ചു. അതില്‍ വിഷയമുണ്ട്, ഒന്നും തീര്‍ന്നിട്ടില്ല ! എന്നാലും അവന്‍ പറഞ്ഞ ബാക്കി കാര്യങ്ങളൊക്കെ ഉള്ളതാ. തീര്‍പ്പാക്കാത്ത ആ കേസിന്റെ പേരില്‍ അവന്റെ പുറത്ത് അന്നൊരു കൊളുത്തിട്ടുവെച്ചു. നമ്മള്‍ ഉന്നം വെക്കുന്നവന്റെ അപരനെക്കൊണ്ട് എന്നേലും കാര്യമുണ്ടാവും എന്നെനിക്കറിയാമായിരുന്നു. അവനോട് യാത്ര പറഞ്ഞ് പള്ളിയിലോട്ട് കയറിയപ്പം കഴുത്തിലുണ്ടായിരുന്ന ഏഴ് പവന്റെ ജഗന്നാഥന്‍-ചിറ്റുള്ള താലിമാല താലി അഴിച്ച് ബാക്കിയുള്ളത് നേര്‍ച്ചപ്പെട്ടിയിലിട്ടു. ഒന്നോര്‍ത്താല്‍ കര്‍ത്താവ് കാണിച്ചു തരുകായിരുന്നല്ലോ ടോണിയെ.

ഇതിനിടയ്ക്ക് ജോര്‍ജുകുട്ടിയേയും കുടുംബത്തെയും നിരീക്ഷിക്കാനായി രാജാക്കാട് സ്റ്റേഷനിലോട്ട് നമ്മളിടപെട്ട് സ്ഥലംമാറ്റിക്കൊടുത്ത ഹെഡ് കോണ്‍സ്റ്റബിള്‍ ആന്റണി വിളിച്ചു. അവന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീടങ്ങോട്ടു ചില നിഗമനങ്ങളില്‍ എത്താന്‍ വലിയ സഹായമായി. അവന്‍ പറഞ്ഞത് വരുണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കഴിഞ്ഞ് അധികം വൈകാതെ ജോര്‍ജിന്റെ മൂത്ത കൊച്ച് അഞ്ജു പഠിത്തം നിര്‍ത്തിയെന്നാണ്. അവളിപ്പം ഒരു അസുഖക്കാരിയായിട്ടുണ്ടെന്നും അവളെ ചികിത്സിക്കാനായി ജോര്‍ജും കുടുംബവും തൊടുപുഴയും കോട്ടയത്തും ഒക്കെയായി അലഞ്ഞു നടക്കുവാണ് എന്നുമാണ് അതിന്റെയൊരു ഫോളോ ആപ്പ്. ഇത് കൂടാതെ ജോര്‍ജിന്റെ ഭാര്യ റാണി ഇന്‍സോംനിയക്കും ഡിപ്രഷനും ഒക്കെ കഴിഞ്ഞ മൂന്നുവര്‍ഷമായി കഴിച്ച മരുന്നിന്റെ ചീട്ടും എനിക്ക് വാട്‌സാപ്പില്‍ അയച്ചുതന്നു. ആന്റണി എന്നെ വിളിക്കുന്നതിന്റെ തലേന്ന് ആ അഞ്ജുക്കൊച്ച് ഒരു പ്രകോപനവും ഇല്ലാണ്ട് ആത്മഹത്യക്ക് ശ്രമിച്ചാരുന്നു. എന്നാല്‍ ഇങ്ങനൊക്കെ ആന്നെങ്കിലും ജോര്‍ജും ഇളയ കൊച്ച്, എന്നാ അതിന്റെ പേര്, അനുമോള്, ആ അവളും വലിയ ചേതാരമൊന്നും ഏല്‍ക്കാതെ പഴയ പോലെ നോര്‍മ്മലായി തന്നാണത്രെ ജീവിച്ചുപുലരുന്നത്. എന്ന് പറയുമ്പം സഹദേവന് കിട്ടിയോ ? റാണിയും അഞ്ജുവും മാത്രമേ ഈ ക്രൈമില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്ന്. ഈ ക്രൈമിന്റെ ട്രോമ അവരെയേ ബാധിച്ചിട്ടുള്ളൂ, ജോര്‍ജും ഇളയമോളും ആ കേസ് ഒതുക്കിതീര്‍ക്കാന്‍ കുടുമ്മത്തിന്റെ കൂടെ നിന്നെന്നേയുള്ളൂ. അവര്‍ക്ക് പേടി പോലീസിനെയാ, കൊല നടന്ന ആ രാത്രിയെ അല്ല !

ഇത്രേം കേട്ടപ്പൊ എനിക്കെതാണ്ട് ഉറപ്പായി, വരുണ്‍ ആ മൂത്ത കൊച്ചിനോട് എന്തേലും കന്നന്തിരിവ് കാണിച്ചിരിക്കും. താങ്ങാന്‍ പറ്റാതെ വന്നപ്പോഴായിരിക്കും ആ അമ്മയും മോളും അവനെ കൈ വെച്ചത്. ന്യായം നോക്കിയാ അവനു കിട്ടിയത് കിട്ടേണ്ടത് തന്നെയാ, പ്രായം തികയാത്ത കോച്ചാണ് അന്ന് അഞ്ജു. നേരുപറഞ്ഞാല്‍ ഇതിന്റെയൊരു മിന്നല്‍ അവനെ കാണാതായതിന്റെ പിറ്റേന്ന് അവന്റെ ലാപ്‌ടോപ്പും ബ്രൌസര്‍ ഹിസ്റ്ററിയും ഒക്കെ തപ്പിനോക്കിയ എനിക്കും പ്രഭയ്ക്കും അടിച്ചതാ, അവന്‍ കൊള്ളത്തില്ലായിരുന്നു സഹദേവാ ! എന്നാലും ഏത് അമ്മയ്ക്ക് സഹിക്കുമെടോ മോനെ വെട്ടിയരിഞ്ഞു ചാക്കിലാക്കി വല്ല കായലിലോ കൊളത്തിലോ കൊണ്ടുപോയി കലക്കി എന്ന് കേട്ടാല്‍ ? വരുണിന്റെ ശരീരത്തോട് ജോര്‍ജുകുട്ടി ചെയ്തത് നെറികേടാ, പാപമാ. അപ്പോഴും ഞാന്‍ പറയുന്നു, എനിക്കാ പെണ്‍കൊച്ചിനോടും അവളുടെ അമ്മയോടും പകയില്ല, അവര് വരുണിനെ എന്നതേലും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ആ സാഹചര്യം എനിക്ക് മനസ്സിലാവും. നേരുപറഞ്ഞാല്‍ ജോര്‍ജുകുട്ടി ഏല്‍ക്കേണ്ട കുറ്റമാ ഇത്. കൊന്നത് മറയ്ക്കാനല്ല രക്ഷകന്‍ കളിക്കേണ്ടത്. എല്ലാം പോട്ടെ, എന്നിട്ട് എന്റെ കൊച്ചിന്റെ ശരീരം പോലും കാണിക്കാതെ...

ആ കാലത്താണ് കേരളത്തീ മഴ തുടങ്ങുന്നത്. പതിയെ മലയോരത്തോട്ട് വെള്ളം കയറിത്തുടങ്ങി. ഇടിച്ചുകുത്തി പെയ്യുന്ന മഴയില്‍ ഒരു രാത്രി മലയിടിഞ്ഞു. രാത്രി കടയടച്ച് വീട്ടില്‍ പോകാനായി സൈക്കിളെടുത്ത് ഇറങ്ങിയ ജോര്‍ജുകുട്ടി ആ രാത്രി വഴിയിലുള്ള പാറക്കൂട്ടങ്ങളിലേക്ക് തെന്നി വീണുപോയി. ഒരു രാത്രി അവനവിടെ കിടന്നുകാണും. മഴ കനത്തപ്പം മുകളിലെ തട്ടാമല എസ്റ്റേറ്റില്‍ കുടുങ്ങിപ്പോയ പണിക്കാരെ താഴെയിറക്കാന്‍ പഴയ എസ്.ഐ. സുരേഷ്ബാബുവിന്റെ കൂടെ ചെന്ന ആന്റണിയാണ് വഴിയില്‍ വീണുകിടന്ന ജോര്‍ജിന്റെ സൈക്കിള്‍ കാണുന്നത്. എസ്റ്റേറ്റില്‍ നിന്ന് തിരിച്ചുപോരും വഴി ആന്റണി വഴിയിലറങ്ങി പാറയിലൂടെ ഊര്‍ന്ന് അങ്ങ് താഴെവരെ പോയിനോക്കി. അവിടെ മുട്ട് ചിന്നി എഴീക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കിടന്ന ജോര്‍ജിനെ ഒറ്റയ്ക്ക് താങ്ങി മുകളില്‍ എത്തിക്കാന്‍ ഏതായാലും ആന്റണിക്ക് പറ്റത്തില്ലായിരുന്നു. ഹോം സ്റ്റേഷനിലും മൂന്നാറുള്ള എസ്.പി. ഓഫീസിലും വിളിച്ച് കിട്ടാതായപ്പം അവന്‍ ഐ.ജിയുടെ ഓഫീസിലോട്ട് വിളിച്ചു. എന്റെ ബാച്ച്‌മേറ്റായിരുന്ന ഐ.ജി. തോമസ് ബാസ്റ്റിന്‍ ആണ് എന്നെ വിളിച്ച് കാര്യം പറയുന്നത്.

ഞങ്ങള്‍, എന്ന് പറയുമ്പം ഞാനും പ്രഭയും, വൈകീട്ട് കോടയിറങ്ങുന്നതിന് മുന്നേ ഹൈറേഞ്ചിലെത്തി. എന്നാല്‍ ഞങ്ങളുടെ കാറ് മുകളിലോട്ട് കയറത്തില്ലായിരുന്നു, അതുകൊണ്ട് ബാസ്റ്റിന്റെ ഫോര്‍ വീല്‍ ഡ്രൈവുള്ള കോമ്പസ്സിലാണ് സ്‌പോട്ടില്‍ എത്തുന്നത്. ജോര്‍ജിന്റെ ശരീരം വല്ലാതെ തേഞ്ഞു പോയിരുന്നു, മുട്ടിലും നെറ്റിയിലും ചോര വാര്‍ന്ന് നീലിച്ച് തുടങ്ങിയിരുന്നു. ഷുഗറുണ്ട്, അതിന്റെയൊരു തലകറക്കം അവനുണ്ടായിരുന്നു. എന്നാലും വേഗന്നെ ആശുപത്രിയിലെത്തിച്ചാലൊക്കെ പിഴയ്ക്കുമായിരുന്നു. അവിടാകെ ഒരു കാട്ടാനയുടെ കളിയുണ്ടെന്ന് ബാസ്റ്റിന്‍ പറഞ്ഞു, പച്ച വിടാത്ത ആനപിണ്ഡം മഴവെള്ളത്തില്‍ കലങ്ങി ഒഴുകിക്കൊണ്ടിരുന്നു. അതുകൊണ്ട് അവിടെ വിട്ടിട്ടു പോയാല്‍ അവന്‍ ഒരു രാത്രി താണ്ടില്ല എന്നുറപ്പായിരുന്നു, അത് അവനും അറിയാമായിരുന്നു. അപ്പഴും വീട്ടിലുള്ള പെണ്ണുങ്ങളെ ഒറ്റികൊടുക്കില്ല എന്ന വല്ലാത്തൊരു വീറിലായിരുന്നു അവന്‍ കിടന്ന് പിടച്ചിരുന്നത്. അവനീ കളിയൊക്കെ കളിച്ചത് വീട്ടിലുള്ളവരെ സംരക്ഷിക്കാനാണ്, ഇവിടെ കിടന്ന് അവനെന്തെങ്കിലും പിണഞ്ഞാല്‍ ഞങ്ങള് വീട്ടീ കേറിത്തുടങ്ങും എന്ന് ആന്റണി പറഞ്ഞപ്പം അവനൊന്ന് അയഞ്ഞു. ഒടുക്കം വരുണിന്റെ ശരീരം പുതച്ച ഇടം പറഞ്ഞുതരാം എന്നായി. അത് കേട്ടതും പ്രഭ ഒന്നും മിണ്ടാതെ ജീപ്പില്‍ പോയിരുന്നു. വരുണ്‍ കിടക്കുന്നത് രാജാക്കാട് സ്റ്റേഷന്റെ തറയ്കടിയിലാണ് എന്ന് കേട്ടതോടെ ഞങ്ങളാകെ വല്ലാതായി. അവനിത് ചുമ്മാ ഇവിടെ നിന്നും രക്ഷപ്പെടാനായി നുണ പറയുകയാണ് എന്നാണ് ഞങ്ങള്‍ക്കൊക്കെ തോന്നിയത്, സ്റ്റേഷന്റെ തറ അങ്ങനെ ചെന്ന് പൊളിച്ചുനോക്കാന്‍ ഒക്കത്തില്ലല്ലോ. ബാസ്റ്റിനന്നേരം പോക്കറ്റില്‍ സൂക്ഷിച്ച പേഴ്‌സണല്‍ റിവോള്‍വര്‍ എടുത്ത് കൈയ്യില്‍ വെച്ച് തന്നു, കേസ് നടത്തിയാ ഇവനൊന്നും തൂങ്ങുകേല, നിനക്ക് തീര്‍ക്കണേല്‍ തീര്‍ത്തേക്കാന്‍ ചെവിയില്‍ പറഞ്ഞു. വേദന കൊണ്ട് പുളഞ്ഞുകൊണ്ടിരിക്കുന്ന ജോര്‍ജിന്റെ മുഖം കാണുമ്പം എനിക്ക് നേരുപറഞ്ഞാല്‍ എന്റെ അച്ഛനെ ഓര്‍മ്മവന്നു. എന്നിട്ടും ഞാന്‍ ജോര്‍ജിനെ നോക്കി, പിന്നെയും നോക്കി, ഒത്തിരി നേരം കനപ്പിച്ച് നോക്കി. എനിക്കീ മനുഷ്യനെ കൊല്ലാന്‍ കഴിയില്ലെന്ന് തോന്നി. എന്നാല്‍ എടുത്തുകൊണ്ടുപോയി ആശുപത്രീ ചേര്‍ക്കാനും മനസ്സുവന്നില്ല. കരഞ്ഞുകൊണ്ട് ഞാന്‍ റിവോള്‍വര്‍ തിരിച്ചുകൊടുത്തു. ചുരമിറങ്ങി സൂക്ഷം അവസാനത്തെ ഹെയര്‍പിന്‍വളവില്‍ എത്തുമ്പം ഞങ്ങള്‍ ചെന്നായ്ക്കളുടെ കൂട്ട ഓരി വളരെ അടുത്തൂന്ന് കേട്ടു. 'മനുഷ്യന്‍ കിടന്ന് ചീയുന്നതിന്റെ മണം ഇതുങ്ങക്ക് പെട്ടന്ന് കിട്ടും, ബാക്കി അവര് നോക്കിക്കോളും. ഇനി ജോര്‍ജുകുട്ടി ഉണ്ടാവില്ല !' എന്ന് പറഞ്ഞ ബാസ്റ്റിനോട് എനിക്കന്നേരം വെറുപ്പ് തോന്നി. എനിക്ക് ജോര്ജുകുട്ടിയെ പതിയെ മനസ്സിലായിത്തുടങ്ങുവായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു വെള്ളം കയറിയതിനെ പേരില്‍ ക്രിസ്തുജ്യോതി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന റാണിക്കും പിള്ളാര്‍ക്കും ജോര്‍ജ്ജുകുട്ടിയുടെ ഫോണ്‍ വന്നു. അങ്ങേത്തലയ്ക്കല്‍ ടോണിയാണ് സംസാരിക്കുന്നത് എന്ന് പിടികിട്ടാതെ അവര് മനസ്സുതുറന്ന് കരഞ്ഞു സംസാരിച്ചു. പിറ്റേന്ന് പതിയെ താടിയൊക്കെ വടിച്ച് ജോര്‍ജിന്റെത് പോലുള്ളൊരു ഷര്‍ട്ടും ഇടീപ്പിച്ച് ടോണിയെ അടിവാരത്ത് കൊണ്ടെയിറക്കി. അവന്‍ നടന്ന് സ്‌കൂളില്‍ ചെന്ന് കയറുമ്പോഴേക്കും റാണിയും പിള്ളാരും അവനെ വന്ന് പൊതിഞ്ഞു. ഇന്ന് സംശയിച്ചിട്ടില്ലെങ്കില്‍ അവരിനി ഒരിക്കലും സംശയിക്കില്ലാന്നു തോന്നി. സത്യമായിരുന്നു, ആദ്യത്തെ രണ്ട് ബട്ടണ്‍ തുറന്നു വെള്ള ബനിയന്‍ കാണിച്ചോണ്ടുള്ള ജോര്‍ജിന്റെത് പോലുള്ള നടപ്പ് രണ്ടുദിവസം കൊണ്ട് ടോണി നിര്‍ത്തി. വീട്ടീ ഉപയോഗിച്ചുകൊണ്ടിരുന്ന സ്വര്‍ണ്ണമാല ഇട്ടു തുടങ്ങിയപ്പോഴും, വിലയുള്ള തുണി കൊണ്ടുള്ള ഷര്‍ട്ട് തുന്നിച്ചിട്ടപ്പോഴും,താടി നീട്ടി തുടങ്ങിയപ്പോഴും റാണിയ്ക്കും പിള്ളാര്‍ക്കും യാതൊരു സംശയവും തോന്നിയില്ല എന്നുള്ളതാ. ടോണിക്ക് മദ്യപിക്കാതിരിക്കാന്‍ പറ്റില്ലല്ലോ, അവനതും വീട്ടീ പതിവാക്കി. ജോര്‍ജ് നടത്തിക്കൊണ്ടിരുന്ന കേബിള്‍ ടിവിയെ കുറിച്ചോ കൃഷിയെ കുറിച്ചോ അവനൊന്നും അറിയത്തില്ലായിരുന്നു, അവന്‍ പതിയെ റാണിയുടെ പേരിലുള്ള നിലം വിറ്റു, എന്നിട്ട് ടൗണില്‍ ഒരു തിയേറ്ററും തുടങ്ങി. അങ്ങനെ ടോണി ജോര്‍ജ് പോയ വിടവിലേക്ക് നൈസായി ഊര്‍ന്നു കയറി.

എനിക്കീ കളി കളിച്ചേ മതിയാവുമാരുന്നുള്ളൂ സഹദേവാ, സ്റ്റേഷന്റെ തറയ്ക്കകത്ത് വരുണിന്റെ അസ്ഥി കിടപ്പുണ്ടെങ്കില്‍ ആ തറ പൊളിച്ച് അതെടുക്കാന്‍ കേസൊന്നു റീ-ഓപ്പൺ ചെയ്യിപ്പിക്കാന്‍ എനിക്ക് ടോണിയെ അവിടെ വേണമായിരുന്നു. അതിനായി ഷാഡോ പോലീസിങ്ങും ലോക്കല്‍ പോലീസിനെ വിട്ടുള്ള അന്വേഷണവും ഒക്കെ ബാസ്റ്റിന്‍ ഒരുവഴിക്ക് നടത്തിക്കൊണ്ടിരുന്നു. നമുക്ക് അനുമാനങ്ങള്‍ അല്ലെ ഉള്ളൂ, എവിഡന്‍സ് ഇല്ലല്ലോ. എന്നാ കളി കളിച്ചിട്ടും റാണിയുടെയോ പിള്ളാരുടെയോ കയ്യീന്ന് കേസ് വീണ്ടും തുറക്കാനുള്ള തുമ്പോ തുരുമ്പോ വീണു കിട്ടണ്ടേ ? റാണിയുടെ ചോദ്യം മൊത്തം ടോണിയോടാണ്, വരുണിനെ എവിടെയാ കുഴിച്ചിട്ടത്, ഇനി പോലീസ് തപ്പി തിരക്കി അങ്ങെത്തുമോ എന്നൊക്കെ. പാവം ടോണി എന്നാ പറയാനാണ്, 'അത് പറഞ്ഞാല്‍ നമ്മള്‍ എല്ലാരും കുടുങ്ങും', 'അത് പറയാന്‍ മനസാക്ഷി അനുവദിക്കുന്നില്ല' എന്നൊക്കെ പറഞ്ഞു തഞ്ചത്തിന് അവന്‍ ഒഴിഞ്ഞുകൊണ്ടിരുന്നു. അതിന്റെ പേരില്‍ ആ കുടുമ്മത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

പക്ഷെ കളി തിരിഞ്ഞത് ജയിലീന്നിറങ്ങിയ ഒരു പഴയ കുറ്റവാളി ബാസ്റ്റിന്റെ കൈയ്യില്‍ വന്നു കുടുങ്ങിയപ്പോഴാണ്. അവനാണ് ഞങ്ങള്‍ കാത്തിരുന്ന സാക്ഷി, ജോര്‍ജ് സ്റ്റേഷനില്‍ ബോഡി കുഴിച്ചിട്ട് ഇറങ്ങുന്നത് കണ്ട സാക്ഷി. പിന്നെ എല്ലാം എളുപ്പമാരുന്നു, സ്റ്റേഷന്റെ തറ പൊളിച്ച് വരുണിന്റെ അസ്ഥികള്‍ എടുത്തു. അത് അന്ന് രാത്രി തന്നെ ബാസ്റ്റിന്‍ വീട്ടില്‍ എത്തിച്ചു തന്നു. പകരം പഴയ ഏതോ അസ്ഥികൂടം പരിശോധനയ്ക്ക് വിട്ടു, അതില്ലേല്‍ കുടുങ്ങുന്നത് ടോണിയല്ലേ ! ടോണിയുടെ പൊസിഷന്‍ ഒന്നൂടെ സേഫ് ആക്കാന്‍ ഒരു പഴയ എഴുത്തുകാരനെ ഇറക്കി ബാസ്റ്റിന്‍ ഏതാണ്ടൊരു ഹരികഥയും നാടകവും ഒക്കെ ഐ.ജി. ഓഫീസില്‍ വെച്ച് നടത്തി. ഒടുക്കം വിചാരണ കഴിഞ്ഞ് ഇന്നലെ ടോണി ചുമ്മാ സ്‌കോട്ട് ഫ്രീയായി ഇറങ്ങി. അതുകഴിഞ്ഞ് ഇന്ന് കാലത്ത് ഞാനും പ്രഭയും കുത്തുങ്കലടുത്തുള്ള പുഴയുടെ കൈവഴിയില്‍ പോയി വരുണിന് ബലിയിട്ടു. അതുകഴിഞ്ഞ് പോരുന്ന വഴിക്ക് റാണിയുടേയും പിള്ളാരുടെയും കൂടെ സ്വസ്ഥമായിരുന്നുകൊണ്ട് ടോണി എന്നെ വിളിച്ചു. സന്തോഷത്തോടെ സംസാരിച്ച് ഒടുക്കം വെക്കാന്‍ നേരത്ത് ടോണി ചോദിച്ചു, 'പഠിക്കുന്ന കാലത്ത് നിങ്ങളും ഒരുപാട് മമ്മുക്കാന്റെ പടങ്ങളൊക്കെ കണ്ടിട്ടുണ്ടല്ലേ ?'
പ്രഭ ഇടയ്ക്കുകയറി ചോദിച്ചു, 'അതെന്താ ടോണി, അല്ല ജോര്‍ജുകുട്ടി ?'
'അതിപ്പം ആ കാലത്തൊക്കെ ഇറങ്ങിയ ഒരു മമ്മുട്ടി പടമുണ്ട് 'ചരിത്രം', അതിലും ഇതുക്കൂട്ട് ഒരുപോലിരിക്കുന്ന ആളെ ഇറക്കിയാണ് പോലീസ് കേസ് തീര്‍ക്കുന്നത്.'
'അതിപ്പം എല്ലാം സിനിമാക്കഥ തന്നല്ലേ ജോര്‍ജുകുട്ടി. പിന്നെ അങ്ങനെ പിടിക്കാന്‍ പറ്റാത്ത കേസെന്ന് പറയുന്നതൊക്കെ ഉണ്ടോ, നമ്മള് ശ്രമിക്കുന്നില്ല എന്നല്ലേയുള്ളൂ.'
'പിന്നല്ലാതെ, കേരളാ പോലീസ് ന്നാ സുമ്മാവാ' ടോണി ചിരിച്ചു കൊണ്ട് തുടര്‍ന്നു, 'ഗീതസാറും രാജാക്കാട് പോലീസ് സ്‌റെഷനും ഇനിയും എന്നേ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്.' ടോണി കോള്‍ കട്ട് ചെയ്തു. എന്നാല്‍ ആ വരി കേട്ടതും എനിക്കെന്തോ വല്ലായ്മ തോന്നി, ടോണിയെന്നാത്തിനാ അങ്ങനൊരു വരി പറഞ്ഞേ ? ഇനിയെങ്ങാനും...ഹേയ് അങ്ങനെ വരത്തില്ലല്ലോ.

കത്ത് നീണ്ടു. എന്നാലും ഇത്രയും നിങ്ങളെ അറിയിക്കണം എന്ന് തോന്നി. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സൊന്നു തണുത്തുകാണും അല്ലെ ? സര്‍വീസിലിരിക്കുമ്പോള്‍ ഉറപ്പുള്ള കാര്യത്തിനുവേണ്ടി ആവേശം കാണിച്ച് ഒടുക്കം പണി കളഞ്ഞതോര്‍ത്ത് ചുമ്മാ തോറ്റുകൊടുക്കരുത്. നിങ്ങളുടെ ചുറ്റുപാട് എനിക്കറിയാം, എത്ര പണിപ്പെട്ടാണ് നിങ്ങള്‍ അവിടെയൊക്കെ എത്തിയതെന്നും. ഇപ്പഴ് എങ്ങനാ ജീവിക്കുന്നത് എന്നറിയില്ല, ഒരു ചെറിയ തുകയുമായി നാളെ കഴിഞ്ഞ് നാരായണേട്ടന്‍ അങ്ങ് വരും, അത് കൈപ്പറ്റണം. ഇനിയുള്ള കാലം നന്നായിരിക്കണം. മോളെ പഠിപ്പിക്കണം. അവള് യൂണിഫോമില്‍ കേറണം. അവള്‍ക്കതിന് സാധിക്കും, കാരണം ഇതുപോലെ അടിവാരത്ത് പോച്ച ചെത്തി നടന്നിരുന്ന ഒരു പാവം അച്ഛന്റെ മോളാണ് ഞാനും, പേരിനു പിന്നിലെ വാലും പ്രഭയും ഒക്കെ ജീവിതത്തിലേക്ക് വരുന്നത് പിന്നെയല്ലേ, അതുകൊണ്ടു എനിക്ക് നിങ്ങളെ മനസ്സിലാവും.

കത്ത് വായിച്ചിട്ട് കത്തിച്ചുകളയാന്‍ വേറെ പറയേണ്ട എന്നറിയാം, എന്നാലും ചെയ്‌തേക്കണം. കാരണം ടോണിക്ക് ഇന്ന് നല്ലൊരു ജീവിതമുണ്ട്, റാണിക്കും പിള്ളാര്‍ക്കും. കോടതി ജോര്‍ജുകുട്ടിയെ വെറുതെവിട്ടപ്പം എന്നെ തോല്‍പ്പിച്ചു എന്നൊരു തോന്നല്‍ ആ അമ്മയ്ക്കും മക്കള്‍ക്കും ഇപ്പൊ കാണുമായിരിക്കും. അങ്ങനെ കരുതിക്കോട്ടെ, ഒന്നും അവര്‍ അറിയണ്ട. ഇനിയെങ്കിലും നല്ലൊരു ജീവിതത്തിനു അവര്‍ക്കും അവകാശമുണ്ട്, അവരും ജീവിക്കട്ടെ.

എന്ന്,

ഗീത പ്രഭാകര്‍

Content Highlights: Drishyam 2 movie an imaginary letter from Geetha Prabhakar IPS to Sahadevan, Mohanlal, jeethu joseph


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented