'നമുക്കിത് ദുല്‍ഖറിനെക്കൊണ്ട് ലൈവായി ചെയ്യിക്കാനുള്ള വഴിയുണ്ടാക്കാമെന്ന് മമ്മൂക്ക പറഞ്ഞു' -ശിവദാസ്


അഞ്ജയ് ദാസ്. എൻ.ടി / ശിവദാസ് പൊയിൽക്കാവ്

കണ്ടപാടേ മമ്മൂക്ക പറഞ്ഞു താന്‍ തകര്‍ത്തല്ലോടോ എന്ന്. മഹാനടനില്‍ നിന്ന് കിട്ടിയ വാക്കുകള്‍ അവാര്‍ഡുപോലെയാണ് തോന്നിയത്.

ശിവദാസ് പൊയിൽക്കാവ് മമ്മൂട്ടിക്കൊപ്പം

ന്നില്‍ നിന്നും ഓടിയെളിച്ച പരീക്ഷിത്ത് മഹാരാജാവിനെ പുഴുവിന്റെ വേഷത്തിലെത്തി ദംശിച്ച നാഗമാണ് തക്ഷകന്‍. ആധുനികകാലത്ത് തക്ഷകന്‍ ഒരു പ്രതീകമാണ്. പ്രതികാരത്തിന്റെ, പ്രതിരോധത്തിന്റെ. ഈ ആശയത്തെ പുഴു എന്ന ചിത്രത്തിന്റെ ഒഴുക്കിലേക്ക് ലയിപ്പിച്ചുചേര്‍ത്ത ഒരു കലാകാരനുണ്ട്. നാടക സംവിധായകനായ ശിവദാസ് പൊയില്‍ക്കാവാണ് തക്ഷകനെന്ന നാഗത്തിനെ പുഴുവിലെ പ്രതീകാത്മക കഥാപാത്രമായി, അപ്പുണ്ണി ശശിയുടെ കുട്ടപ്പനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. തക്ഷകനെ രൂപപ്പെടുത്തിയ കഥ പറയുകയാണ് ശിവദാസ് പൊയില്‍ക്കാവ്.

പുഴുവിലേക്കെത്തിയ വഴി

പുഴുവിലേക്കെത്താന്‍ കാരണമായത് അപ്പുണ്ണി ശശിയേട്ടനും ആര്‍.കെ പേരാമ്പ്ര എന്ന നാടകപ്രവര്‍ത്തകനുമാണ്. തിരക്കഥയുടെ ചര്‍ച്ചയ്ക്കിടയില്‍ ഈ നാടകം സംവിധാനം ചെയ്യാന്‍ ആരെയേല്‍പിക്കും എന്ന വിഷയം വന്നു. ശശിയേട്ടനും ആര്‍.കെയുമായി വളരെ കാലത്തെ ബന്ധമുണ്ട്. പുഴുവിന്റെ തിരക്കഥാകൃത്ത് ഷറഫു എന്റെ നാടകങ്ങള്‍ കണ്ടിട്ടുണ്ട്. അങ്ങനെയെല്ലാം കൂടി ഇവരുടെ തീരുമാനപ്രകാരമാണ് ഞാന്‍ പുഴുവിലേക്കെത്തുന്നത്.

അദ്ഭുതപ്പെടുത്തിയ തിരക്കഥ

സിനിമയുടെ തിരക്കഥ ഞാന്‍ വായിച്ചിരുന്നു. വല്ലാതെ അദ്ഭുതപ്പെട്ടു. തിരക്കഥ വായിച്ചതുകൊണ്ടുതന്നെ നാടകം ഏത് രീതിയില്‍പ്പോവണമെന്നും നാടകത്തിലൂടെ സിനിമയുടെ തിരക്കഥാകൃത്തും സംവിധായികയും എന്താണ് ആവശ്യപ്പെടുന്നതെന്ന് എനിക്ക് ബോധ്യംവന്നിട്ടുണ്ടായിരുന്നു. അതിനനുസരിച്ചാണ് നാടകം ചിട്ടപ്പെടുത്തിയത്. കാരണം നാടകവും സിനിമയും ഒരുമിച്ച് പോവുകയാണല്ലോ. എവിടെയെല്ലാമാണ് നാടകം വരുന്നതെന്ന സൂചനയും എനിക്ക് തന്നിരുന്നു.

പുഴു വിജയാഘോഷത്തിൽ താരങ്ങൾക്കും സംവിധായിക റത്തീനയ്ക്കുമൊപ്പം ശിവദാസ് പൊയിൽക്കാവ്

തക്ഷകന്‍ എന്ന ആശയം

തക്ഷകന്‍ പുരാണത്തിലെ ചെറിയൊരു കഥയാണ്. ആ ത്രെഡില്‍ നിന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള സ്വതന്ത്രസ്വഭാവമുള്ള 20 മിനിറ്റ് നാടകമാണ് തക്ഷകന്‍. 12 മിനിറ്റ് വരുന്ന നാടകം വേണ്ടിവരുമെന്നാണ് റത്തീനയും ഹര്‍ഷാദും പറഞ്ഞത്. 20 മിനിറ്റ് നാടകത്തില്‍ കുറച്ച് കട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നു. കൊറോണക്കാലമായിരുന്നു. സ്‌കൂളില്ല. വിഷയത്തേക്കുറിച്ച് ഒരുപാട് അന്വേഷണങ്ങള്‍ നടത്താനും വായിക്കാനും പറ്റി. സംഗീതം, സെറ്റ് എന്നിവയേക്കുറിച്ചെല്ലാം ഇതിനിടയ്ക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു. കൊവിഡ് കാലത്ത് നാടകം ചെയ്യാന്‍പറ്റി എന്നതൊരു ഭാഗ്യമായി. എഴുത്തും അന്വേഷണവും എല്ലാം കൂടി 25 ദിവസത്തോളമെടുത്തു. പൂക്കാട് കലാലയത്തിലാണ് നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നത്.

തക്ഷകന്‍ എന്ന പ്രതീകം

തക്ഷകന്‍ ആ കഥയില്‍ത്തന്നെ വലിയ പ്രാധാന്യമുള്ള കഥാപാത്രമാണല്ലോ. നിങ്ങളുടെ വെറുപ്പിന്റെ, സടകുടഞ്ഞെഴുന്നേറ്റ് നിങ്ങളെയെല്ലാം പരാജയപ്പെടുത്താന്‍ പോന്ന ഒരു ശക്തി ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് തക്ഷകന്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഇന്നത്തെ കാലത്ത് പ്രസക്തമായ ഇമേജ് തന്നെയാണ് തക്ഷകന്‍. നാടകത്തിലേയും സിനിമയിലെ കഥാപാത്രങ്ങളുമൊക്കെത്തന്നെ എടുത്ത് പരിശോധിക്കുമ്പോള്‍ അറിയാം. ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായി തക്ഷകന്‍ നില്‍ക്കുന്നുണ്ട്.

പാർവതിക്കൊപ്പം ശിവദാസ് പൊയിൽക്കാവ്

മഹാനടന്റെ അഭിനന്ദനവും പ്രോത്സാഹനവും

മമ്മൂക്കയുമായുള്ള ബന്ധം തുടങ്ങുന്നത് ഈ സിനിമയുടെ പൂജ മുതലാണ്. നാടകത്തിന്റെ ഷൂട്ടിങ്ങാണ് ആദ്യ ഷെഡ്യൂളില്‍. നാടകത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കേയാണ് പൂജ കഴിഞ്ഞ് മമ്മൂക്ക ഹാളിലേക്ക് കയറിവരുന്നത്. സംവിധായിക റത്തീന എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അന്നാണ് മമ്മൂക്കയോട് ജീവിതത്തിലാദ്യമായി സംസാരിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത നിമിഷം പിന്നെയാണ് സംഭവിക്കുന്നത്. രണ്ടാമത്തെ ഷെഡ്യൂളില്‍ ഞാന്‍ നാടകം കഴിഞ്ഞ് സ്റ്റേജില്‍ നില്‍ക്കുന്നു. തിരക്കഥാകൃത്ത് ഹര്‍ഷാദിക്ക പറഞ്ഞു മമ്മൂക്ക നാടകത്തേക്കുറിച്ച് എടുത്തെടുത്ത് പറഞ്ഞു എന്ന്. തീര്‍ച്ചയായും നീ നാളെ ലൊക്കേഷനില്‍ വരണം, കാണണം. പിറ്റേന്ന് നാട്ടിലേക്ക് വരാതെ ഞാന്‍ ലൊക്കേഷനില്‍ച്ചെന്നു. ഒരു ഒഴിവുസമയം നോക്കി മമ്മൂക്കയെ ചെന്നുകണ്ടു. ശശിയേട്ടനും ഞാനുമുണ്ട്. കണ്ടപാടേ മമ്മൂക്ക പറഞ്ഞു താന്‍ തകര്‍ത്തല്ലോടോ എന്ന്. മഹാനടനില്‍ നിന്ന് കിട്ടിയ വാക്കുകള്‍ അവാര്‍ഡുപോലെയാണ് തോന്നിയത്. അന്താരാഷ്ട്ര നിലവാരമുള്ള നാടകമാണ് എന്ന് പറഞ്ഞപ്പോള്‍ സാറ് കണ്ടോ എന്ന് ഞാന്‍ ചോദിച്ചു. കണ്ടെന്ന് പറഞ്ഞു. സ്‌പോട്ട് എഡിറ്റര്‍ റഥിന്‍ ഇതൊക്കെ കാണിച്ചിരുന്നു. ദുല്‍ഖറിനോട് പറഞ്ഞ് വേഫാററിനെക്കൊണ്ട് നാടകം ലൈവായി ചെയ്യിക്കാനുള്ള വഴിനോക്കാമെന്ന് മമ്മൂക്ക പറഞ്ഞെന്ന് ഹര്‍ഷദിക്ക പറഞ്ഞു. നമ്മളെപ്പോലെ ചെറിയ ആളുകളെ കണ്ട് പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള മമ്മൂക്കയുടെ മനസിനേക്കുറിച്ച് മുമ്പ് കേട്ടിരുന്നു. അത് ഞാന്‍ നേരിട്ടനുഭവിച്ചു.

സിനിമയിലെ നാടകങ്ങള്‍

അമച്വര്‍ നാടകങ്ങള്‍ വളരെ ചുരുക്കമായേ സിനിമയില്‍ വന്നിട്ടുള്ളൂ. കൊമേഴ്‌സ്യല്‍ നാടകങ്ങള്‍ ചേര്‍ക്കുമ്പോള്‍ പലപ്പോഴും അത് നാടകങ്ങളെ പരിഹസിക്കാന്‍ വേണ്ടിയായിരിക്കും. പക്ഷേ നാടകങ്ങളെ ചില സിനിമകള്‍ നല്ലരീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. നടന്‍, യവനിക പോലുള്ള സിനിമകള്‍ അത്തരത്തില്‍പ്പെട്ടവയാണ്. പുഴുവിനെ സംബന്ധിച്ചടത്തോളം ആ നാടകത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷവെച്ചിരുന്നു. ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ഹര്‍ഷാദ് എന്ന എഴുത്തുകാരനോടാണ്. അദ്ദേഹത്തിന്റെ മനസിലാണല്ലോ ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും നാടകവുമെല്ലാം വന്നത്. പിന്നെയാണ് ഷറഫുവും സുഹാസും ചേര്‍ന്ന് അതിനെ വികസിപ്പിച്ചെടുക്കുന്നത്. പിന്നെ സിനിമയിറങ്ങിക്കഴിഞ്ഞപ്പോള്‍ നാടകപ്രവര്‍ത്തകരായ ഒരുപാടുപേര്‍വിളിച്ചു. നല്ല പ്രതികരണം അറിയിച്ചു. പിന്നെ സിനിമയില്‍ ആയതുകൊണ്ട് സെറ്റൊക്കെ ഗംഭീരമായിക്കോട്ടെ എന്ന് നേരത്തേതന്നെ നിര്‍ദേശം ലഭിച്ചിരുന്നു.

അപ്പുണ്ണി ശശിയേട്ടനും ചക്കരപ്പന്തലും

അപ്പുണ്ണി ശശിയേട്ടനുമായി ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ട്. ശശിയേട്ടന്റെ ജീവിതമാണ് നാടകം. കുറേക്കാലത്തെ അധ്വാനത്തിന്റെ ഫലമാണ് ശശിയേട്ടനുമൊന്നിച്ചുള്ള ചക്കരപ്പന്തല്‍ എന്ന നാടകം. ശശിയേട്ടനാണ് അതെഴുതിയത്. പത്തിരുന്നൂറ് പേജ് ഞാന്‍ ശശിയേട്ടനേക്കൊണ്ട് തിരുത്തി എഴുതിച്ചിട്ടുണ്ട്. സാധാരണ പ്രേക്ഷകരോട് സംവദിക്കുന്ന വ്യത്യസ്തമായ നാല് കഥാപാത്രങ്ങളേയാണ് ശശിയേട്ടന്‍ അവതരിപ്പിച്ചത്. ഒരു ബാഗില്‍ക്കൊള്ളുന്ന സാധനങ്ങളുമായി നാടകം കളിക്കാന്‍ പോകുന്ന ശശിയേട്ടനാണ് എന്റെ ഉള്ളിലുണ്ടായിരുന്നത്. അങ്ങനെയൊരു നാടകമാണ് ചക്കരപ്പന്തല്‍. മനാമയിലായിരുന്നു ആദ്യ പ്രദര്‍ശനം. കേരളത്തിനകത്തും പുറത്തും കളിച്ചു. കൊറോണഭീതിയൊഴിഞ്ഞാല്‍ നിരന്തരമായ വേദി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പുണ്ണി ശശിയോടൊപ്പം

അരങ്ങ് അഥവാ നാടകത്തിന്റെ അസ്തിത്വം

സിനിമയിലാണെങ്കിലും നാടകത്തിന്റെ പവര്‍ അത് പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നു എന്നുള്ളതാണ്. മജ്ജയും മാംസവുമുള്ളൊരു നടന്‍, അതിന് എവിടേയും ഒരു ചതിയില്ല. ഒന്നിന്റെയും മറവുകളില്ല. നേര്‍ക്കുനേര്‍ നിന്ന് പോരാടുകയും കഥ പറയുകയും പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഇടമാണ് നാടകം. അതിന്റെയത്രയും ശക്തി മറ്റൊന്നിനുമില്ല. ഈ ഓ.ടി.ടിയുടെ കാലഘട്ടത്തില്‍ നാടകങ്ങള്‍ അങ്ങനെ കളിക്കാന്‍ പറ്റിയില്ല എന്നതാണ് സങ്കടകരമായ കാര്യം. പക്ഷേ സിനിമ ഓ.ടി.ടിയിലൂടെ രക്ഷപ്പെട്ടു. നാടകത്തെ പ്രകടനങ്ങളായി ഓ.ടി.ടിയിലേക്ക് കൊണ്ടുവന്നിരുന്നുവെങ്കിലും വിജയകരമായിരുന്നില്ല. വിജയിക്കുകയുമില്ല. കാരണം അതിന്റെ അസ്തിത്വം അരങ്ങും നേരിട്ടുള്ള സംവേദനവും തന്നെയാണ്. നാടകമില്ലാതെ മലയാളിക്ക് ജീവിക്കാന്‍ പറ്റില്ല. കാരണം നാടകങ്ങളിലൂടെ പരുവപ്പെട്ടവരാണ് മലയാളികള്‍. അവരുടെ രാഷ്ട്രീയബോധവും സാംസ്‌കാരികബോധവും നാടകവുമായി ഇഴചേര്‍ന്ന് കിടക്കുകയാണ്. അവരുടെ ഹൃദയത്തിലും രക്തത്തിലും നാടകമുണ്ട്.

Content Highlights: Sivadas Poyilkav, Puzhu Movie, Drama in Puzhu, Mammootty in Puzhu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022

Most Commented