ലയാള സിനിമയെ ലോകസിനിമാ വേദികളില്‍ നിരന്തരം അടയാളപ്പെടുത്തുന്ന സംവിധായകനാണ് ഡോക്ടര്‍ ബിജു. തീവ്രവാദത്തിനെതിരെ, സമൂഹത്തിലെ അനീതിയ്‌ക്കെതിരെ, ലിംഗ വ്യത്യാസങ്ങള്‍ക്കെതിരെ, പരിസ്ഥിതി നശീകരണത്തിനെതിരെ സ്വന്തം സിനിമകളിലൂടെ ശബ്ദമുയര്‍ത്തുന്ന അപൂര്‍വ്വം  സംവിധായകരില്‍ ഒരാള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ നിറമില്ലാത്ത ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വെച്ച സംവിധായകന്‍, ഡോക്ടര്‍ ബിജു.

സിനിമാ രംഗത്ത് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഡോക്ടര്‍ ബിജു. 2005 ലാണ് ആദ്യ സിനിമ ചെയ്യുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാതെ, ആരുടെയും സംവിധാന സഹായി ആയി നിന്നുള്ള പരിചയം പോലും ഇല്ലാതെ സിനിമകളുടെ ലോകത്ത് ഒന്നര പതിറ്റാണ്ട്. ആദ്യ സിനിമ സൈറ 2007 ല്‍ കാന്‍ അന്താരാഷ്ട്ര  ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നു. തീവ്രവാദം പ്രമേയമായ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രം രാമന്‍ 2008 ല്‍ കെയ്‌റോ അന്താരാഷ്ട്ര ചലചിത്രമേളയിലെ ഇന്‍ക്രഡിബിള്‍  ഇന്ത്യ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.

പരമ്പരയിലെ മൂന്നാമത്തെ ചിത്രം വീട്ടിലേക്കുള്ള വഴിയിലൂടെ 2010 ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം. ചെയ്ത എല്ലാ സിനിമകളും ലോകത്തിലെ പ്രധാനപ്പെട്ട ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം. 17 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ലഭിച്ച 12 പുരസ്‌കാരങ്ങള്‍, വീട്ടിലേക്കുള്ള വഴി, പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍ എന്നിവയ്ക്ക് ദേശീയ പുരസ്‌കാരം, ദേശീയ  അവാര്‍ഡ് അംഗം, ഓസ്‌കറിനായുള്ള ഇന്ത്യന്‍ എന്‍ട്രി തിരഞ്ഞെടുക്കാനുളള ജൂറി അംഗം. സിനിമയെ ഹൃദയതാളംപോലെ കൊണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു കലാസ്‌നേഹിക്ക് ലഭിച്ച ബഹുമതികള്‍. സമാനതകളില്ലാത്ത ഒരുപാട് നേട്ടം സ്വന്തമായുണ്ട് ഡോക്ടര്‍ ബിജുവിന്. അതില്‍ ഏറെ ഹൃദയഹാരിയായ ഒന്നാണ് അഛന്‍ മകന്‍ ബന്ധം. പൂര്‍ത്തിയാക്കിയ 11 സിനിമകളില്‍ 9 എണ്ണത്തിലും മകന്‍ സുപ്രധാന വേഷങ്ങളില്‍.

'വീട്ടിലേക്കുള്ള വഴി'യില്‍ വീട്ടില്‍ നിന്നൊരാളെ സംവിധായകനായ ഡോക്ടര്‍ കൂടെകൂട്ടി. 5 വയസ്സുകാരന്‍ മകന്‍ ഗോവര്‍ധനെ. അച്ചു എന്നു വിളിപേരുള്ള ഗോവര്‍ധന്റെ സിനിമാ യാത്രകള്‍ അവിടെ തുടങ്ങുകയായിരുന്നു. സിനിമയിലെ ബാല താരത്തിന്റെ വേഷത്തിനായി ഒഡീഷന്‍ നടത്തിയെങ്കിലും സിങ്ക് സൗണ്ടില്‍ സംഭാഷണം കാണാപാഠം പഠിച്ച് പറയല്‍ പലര്‍ക്കും വെല്ലുവിളിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതികൂല കാലാവസ്ഥയില്‍ ചിത്രീകരിക്കേണ്ടുന്ന സിനിമയ്ക്ക് സാഹചര്യങ്ങളില്‍ ഒത്തുപോകുന്ന കുട്ടിയെ ആയിരുന്നു ആവശ്യം. ചെറിയ ബജറ്റില്‍ ഒരുക്കുന്ന  ചിത്രമായതിനാല്‍  സാഹചര്യങ്ങളോട് സഹകരിക്കുന്ന രക്ഷിതാക്കളും കൂടെയില്ലെങ്കില്‍ അത് വെല്ലുവിളിയാകുമെന്ന് ഉറപ്പായി. ഹോമിയോപ്പതി ഡോക്ടറായ ബിജു കേന്ദ്ര ഹോമിയോപ്പതി റിസര്‍ച്ച് സെന്ററിന് വേണ്ടി ചെയത ഡോക്യുമെന്ററിയില്‍ മകന്‍ ഗോവര്‍ധന്‍ ചെറിയ വേഷം ചെയ്തിരുന്നു. അന്ന് ഡോക്ടറുടെ കൂടെയുണ്ടായിരുന്ന ക്യാമറാമാന്‍ ഷാജിയാണ്  മകന്‍ തന്നെ ഈ വേഷം ചെയ്യട്ടെ എന്ന ആശയം  മുന്നോട്ടു വെച്ചത്. സിങ്ക് സൗണ്ടില്‍  അതിശയിപ്പിക്കുന്ന ടൈമിങ്ങില്‍  ഒറ്റടേക്കില്‍ തന്നെ തന്നെ  പിതാവ് ഏല്‍പിച്ച വേഷം  ഗംഭീരമാക്കി കൊടുത്തു ഗോവര്‍ധന്‍. പിന്നീടങ്ങോട്ട് അച്ഛന്‍ ഡോക്ടര്‍ ബിജുവിനൊപ്പമുള്ള സിനിമാ യാത്രകളിലെ സജീവ സാന്നിധ്യമായി മകന്‍.

ബാലതാരമായിരിക്കെ തന്നെ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം. ഇറാന്‍ ചലചിത്രമേളയില്‍  മികച്ച നടനുള്ള ക്രിസ്റ്റല്‍ സിമോര്‍ഗ് പുരസ്‌കാരം. ലോകത്തിലെ പ്രധാനപ്പെട്ട ഒരു ചലചിത്രമേളയില്‍ ഒരു ബാലതാരത്തിന് മികച്ച നടനുള്ള അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന അപൂര്‍വ്വതയും ഗോവര്‍ധന് സ്വന്തം. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ഭീകരത ലോകത്തിന് കാട്ടികൊടുത്ത വലിയ ചിറകുള്ള പക്ഷികള്‍, കാടിന്റെ രാഷ്ട്രീയം പറയുന്ന കാടുപൂക്കുന്ന നേരം. മാസ്റ്റര്‍ ഗോവര്‍ധനില്‍ നിന്ന് പതിയെ ഗോവര്‍ധനിലേക്ക്. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രത്തില്‍ നായക വേഷത്തില്‍. കാലിയെ മേച്ചു നടക്കുന്ന കുട്ടിയുടെ ബുദ്ധ സന്യാസിയിലേക്കുള്ള പരിണാമം. സൗണ്ട് ഓഫ് സൈലന്‍സ്, വെയില്‍ മരങ്ങള്‍, ഓറഞ്ചു മരങ്ങളുടെ വീട്. 5 വയസ്സില്‍ പിതാവിനൊപ്പം തുടങ്ങിയ സിനിമാ യാത്ര 17ാം വയസ്സില്‍ എത്തുമ്പോള്‍  9 സിനിമകള്‍. അഛനും മകനും ഒപ്പം ചെയ്ത 9 സിനിമകള്‍. ബാലതാരത്തില്‍ നിന്ന് ക്ലാപ് ബോയിയിലേക്ക്, സംവിധാന സഹായിയിലേക്ക്, നായക  നടനിലേക്ക്...ലോക  സിനിമയിലെ തന്നെ അപൂര്‍വ്വമായ അഛന്‍ മകന്‍ കൂട്ടുകെട്ട്.

Content Highlights: Dr Biju director Film Maker son Govardhan