Photo | Instagram, Vineeth Sreenivasan
ഒരു 'ഉണക്കമുന്തിരി'ക്ക് പിന്നാലെയാണ് മലയാളികള്‍ ഇപ്പോള്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹൃദയം എന്ന ചിത്രത്തിലെ തലശ്ശേരി സ്റ്റൈല്‍ വരികളുമായി എത്തിയ 'ഉണക്കമുന്തിരി പറക്ക പറക്ക' എന്ന ഗാനത്തിന് പിന്നാലെ. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതത്തില്‍ പിറന്ന ഗാനത്തിന് വരികളെഴുതിയത് വിനീതും ഗാനമാലപിച്ചത് വിനീതിന്റെ പ്രിയ പത്നി ദിവ്യയും. നിനച്ചിരിക്കാതെയാണ് ദിവ്യ ഉണക്കമുന്തിരിയുടെ ശബ്ദമാവുന്നത്. ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി മുന്നേറുന്ന വേളയില്‍ ദിവ്യ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു
ഉണക്കമുന്തിരിക്ക് കടപ്പാട് വിനീതിനോടും ഹിഷാമിനോടും
ഹിഷാമാണ് ഉണക്കമുന്തിരി കമ്പോസ് ചെയ്ത ശേഷം വിനീതിനോട് ചോദിക്കുന്നത്, ചേട്ടാ നമുക്ക് ചേച്ചിയുടെ ശബ്ദം ഒന്ന് നോക്കിയാലോ എന്ന്. വിനീത് ശരിയെന്നും പറഞ്ഞു. റെക്കോര്‍ഡ് ചെയ്യുന്നതിന്റെ തലേന്നാണ് വിനീത് ഇതെന്നോട് പറയുന്നത്. നന്നായി പാടുന്ന വേറെ ആരെയെങ്കിലും വച്ച് ചെയ്തു കൂടെ എന്ന് ഞാന്‍ ചോദിച്ചു. നമുക്കൊന്ന് ട്രൈ ചെയ്യാം ശരിയായില്ലെങ്കില്‍ വേറെ ആരെയെങ്കിലും വച്ച് ചെയ്യാമെന്നായിരുന്നു വിനീതിന്റെ മറുപടി. അങ്ങനെയാണ് ഉണക്കമുന്തിരിയിലേക്ക് എത്തുന്നത്. പക്ഷേ അതിത്രത്തോളം സ്വീകരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല. ഒരുപാട് സന്തോഷം തോന്നുന്നു. ഹിഷാമിനോടും വിനീതിനോടും ഒരുപാട് നന്ദി പറയുന്നു.
പാട്ടും വരികളും ഹിറ്റായതിന്റെ എല്ലാ ക്രെഡിറ്റും ഹിഷാമിനും വിനീതിനും തന്നെയാണ്. അവര്‍ അത്ര ക്ഷമയോടെയാണ് പാട്ട് വേണ്ട രീതിയില്‍ റെക്കോര്‍ഡ് ചെയ്ത് എടുക്കുന്നത് വരെ ക്ഷമയോടെ കാത്തിരുന്നത്. എത്ര റീടേക്ക് പോകാനും ഹിഷാബ് തയ്യാറായിരുന്നു. അത്ര ആസ്വദിച്ചാണ് ഹിഷാം ഈ പാട്ട് ചെയ്തത്. അതെനിക്കും വളരെ സഹായകമായി. പിന്നെ വിനീത് റെക്കോര്‍ഡ് റൂമില്‍ ഉണ്ടായിരുന്നു. അതെനിക്ക് നല്കിയ ആത്മവിശ്വാസം വളരെ വലുതാണ്.
ലാലേട്ടന് പ്രിയപ്പെട്ട പാട്ട്
പലരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ ഏറ്റവും സ്പെഷ്യലായി തോന്നിയത് സുചിയാന്റിയുടെ (സുചിത്ര മോഹന്‍ലാല്‍) കോളാണ്. ലാലങ്കിളിന് (മോഹന്‍ലാല്‍) ഈ പാട്ട് ഏറെ ഇഷ്ടമായെന്നും അദ്ദേഹം അത് ഇടക്കിടെ പാടി നടക്കുന്നുണ്ടെന്നും സുചിയാന്റി പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി അത് കേട്ടപ്പോള്‍. ഞാനത്ര വലിയ ഗായിക അല്ല. അധികം എക്സ്പീരിയന്‍സും ഇല്ല. പക്ഷേ നമ്മല് പാടിയ പാട്ട് ലാലേട്ടനൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം നല്കി.
ദിവ്യയെയും വിനീതിനെയും ഒന്നിപ്പിച്ച പാട്ട്
പാട്ട് തന്നെയാണ് എന്നെയും വിനീതിനെയും ഒന്നിപ്പിച്ചത്. ചെന്നൈ കെ.സി.ജി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ഞങ്ങള്‍ പഠിച്ചത്. അവിടെ വച്ച് വിനീതിന്റെ സുഹൃത്തുക്കള്‍ എന്നെ റാഗ് ചെയ്യാനായി പിടിച്ചു. മലയാളത്തില്‍ പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മലയാളി ആണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്നാട്ടിലായത് കൊണ്ട് മലയാളം അത്രയ്ക്ക് വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ മലയാളം പാട്ട് പാടാന്‍ അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. അന്നേരം ഇവന് നിന്നെ പടിപ്പിച്ച് തരുമെന്ന് പറഞ്ഞ് അവര്‍ വിനീതിനെ വിളിച്ചു. അങ്ങനെയാണ് വിനീതിനെ പരിചയപ്പെടുന്നത്. അവിടെ നിന്നാണ് ഒന്നിച്ചുള്ള യാത്ര ആരംഭിക്കുന്നത്. 17 വര്‍ഷത്തെ പ്രണയം, സൗഹൃദം ആ യാത്ര തുടരുന്നു
വിനീതിന്റെ സംഗീതം,വരികള്‍..ഒന്നിച്ച് പാടിയ പാട്ടും
ഇതുവരെ പാടിയ പാട്ടുകളൊന്നും തന്നെ പ്ലാന്‍ ചെയ്ത് പാടിയതല്ല. ആകെ 'ഉയര്‍ന്ന് പറന്ന്' എന്ന ആല്‍ബമാണ് നേരത്തെ കൂട്ടി പ്ലാന്‍ ചെയ്തത്. ഇങ്ങനെയൊരു പാട്ട് ഞാന്‍ എഴുതി കമ്പോസ് ചെയ്യുന്നുണ്ട് അത് നീ പാടണമെന്ന് വിനീത് ആവശ്യപ്പെടുകയായിരുന്നു. ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ വിനീതിന്റെ പ്രോത്സാഹനത്തിലാണ് ആ പാട്ട് പാടിയത്. സാറാസില്‍ ഞങ്ങള്‍ ഒന്നിച്ച് പാടിയ പാട്ട് ജൂഡിന്റെയും (സംവിധായകന് ജൂഡ് ആന്റണി) ഷാനിന്റെയും (സംഗീത സംവിധായകന് ഷാന്‍ റഹ്മാന്) തീരുമാനമായിരുന്നു. അവിടെയും വിനീതാണ് നമുക്ക് ട്രൈ ചെയ്ത് നോക്കാമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച് പാടിപ്പിച്ചത്. ഉണക്കമുന്തിരിയും അങ്ങനെ തന്നെ സംഭവിച്ചതാണ്.
16 വര്‍ഷത്തില്‍ ആദ്യമായി ദിവ്യയുടെ പാട്ട് വിനീത് റെക്കോര്‍ഡ് ചെയ്തു
പാട്ട് പാടാന്‍ ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത ആളാണ് ഞാനെന്ന് പറഞ്ഞല്ലോ. ഇപ്പോഴും എന്റെ സ്വന്തം ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ചെവി പൊത്തും. അതുകൊണ്ട് തന്നെ ഒരിക്കലും ഞാന്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ വിനീതിനെ സമ്മതിച്ചിരുന്നില്ല. അന്ന് പക്ഷേ ഞങ്ങളുടെ സൗഹൃദക്കൂട്ടത്തിനൊപ്പം ഇരുന്നപ്പോള്‍ ഞാന്‍ മൂളിയതാണ്. റെക്കോര്‍ഡ് ചെയ്യുന്നത് കണ്ടെങ്കിലും വിനീത് അത് ഇന്‍സ്റ്റാഗ്രാമില്‍ ഇടുമെന്ന് ഞാന്‍ കരുതിയതേ ഇല്ല. അതും ആളുകൾ ഇഷ്ടപ്പെട്ടതിൽ സന്തോഷം
ഓള്‍റൗണ്ടര്‍ വിനീത്, അച്ഛനെന്ന നിലയില്‍ ഏറ്റവും ബെസ്റ്റ്
ഒരു അച്ഛനെന്ന നിലയിലുള്ള വിനീതിനെ ആണ് എനിക്കേറെ ഇഷ്ടം. അച്ഛനെന്ന നിലയില്‍ അത്രയ്ക്കും ബെസ്റ്റ് ആണ് വിനീത്. വിഹാനും ഷനായക്കും വിനീത് നല്കുന്ന ശ്രദ്ധയും സമയവും വലുതാണ്. അവരോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ എല്ലാ തിരക്കുകളും പടിക്ക് പുറത്താണ്. മുതിര്‍ന്നവര്‍ക്ക് നല്കുന്ന ശ്രദ്ധയോടെയാണ് അവര്‍ പറയുന്ന കാര്യങ്ങളൊക്കെ കേട്ട് നില്ക്കുക. അത് വിനീത് ആഗ്രഹിക്കുന്നുമുണ്ട്. മറ്റ് കാര്യങ്ങള്‍ ചിലപ്പോള്‍ വിനീത് മാറ്റി വച്ചെന്ന് വരാം. പക്ഷേ മക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. അവരോടൊപ്പം സമയം ചെലവിടാനാണ് വിനീത് ആഗ്രഹിക്കുന്നത്. ഒരു ദിവസം അതിന് സാധിച്ചില്ലെങ്കില്‍ വലിയ സങ്കടമാണ്. അച്ഛനെന്ന നിലയില്‍ വിനീത് ഏറ്റവും ബെസ്റ്റ് ആണ്.

ഒരുപാട് സ്വപ്നങ്ങളില്ല, എന്നും സന്തോഷത്തോടെ മുന്നോട്ട് പോകണം
പാട്ട് പാടുന്നതും അത് സ്വീകരിക്കപ്പെടുന്നതുമൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല, ഒന്നും പ്ലാന്‍ ചെയ്തതുമല്ല. അതങ്ങനെ സംഭവിച്ചു പോയതാണ്. വരുന്നത് സ്വീകരിക്കുന്നുവെന്നേ ഉള്ളൂ. അല്ലാതെ ഒരുപാട് സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒന്നുമെനിക്കില്ല. ഓരോ ദിവസവും സന്തോഷത്തോടെ മുന്നോട്ട് പോകണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഒരു ദിവസം അവസാനിക്കുമ്പോള്‍ അതേ ഞാന്‍ സന്തോഷവതിയാണ് എന്ന് എനിക്ക് തോന്നണം. അത്രയേ ഉള്ളൂ. കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ സ്വപ്നവും അത് തന്നെയാണ്. വലിയ വലിയ സ്വപ്നങ്ങളോ പാഷനോ ഒന്നും വേണ്ട, ജീവിതത്തില്‍ സന്തോഷം ഉണ്ടാവണം. എന്റെ വഴിയില്‍ വരുന്നതെന്താണോ അത് ഞാന്‍ സ്വീകരിക്കും അതില്‍ ഞാന്‍ സന്തോഷവതിയുമായിരിക്കും.
Content Highlights : Divya Vineeth Interview, Vineeth sreenivasan movie Hridayam Onakka Munthiri song, Hesham Abdul Wahab
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..