നെഞ്ചത്ത് ചവിട്ടി ഞാൻ നിന്നപ്പോൾ പാവം ജിനോ പഴന്തുണി പോലെയായി- ദിവ്യ എം. നായര്‍


അഞ്ജയ് ദാസ്.എന്‍.ടി

നോ പ്രോബ്ലം കൗണ്‍സിലറേ, അസ്സലായി ചവിട്ടിക്കോളൂ എന്നാണ് ജിനോ പറഞ്ഞത്. അദ്ദേഹം നന്നായി പിന്തുണച്ചു. സിനിമയില്‍ ഒരിടത്തും ഡ്യൂപ്പില്ലായിരുന്നു.

ദിവ്യ എം നായർ | ഫോട്ടോ: www.instagram.com|p|CLvV82rJNt2|

ദിവ്യ എം. നായര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ മലയാളികള്‍ക്ക് പെട്ടെന്നു മനസിലാവില്ല. പക്ഷേ, കരിക്കിലെ ചേച്ചി എന്നു പറഞ്ഞാല്‍ ഒരു മുഖം പതിയെ തെളിഞ്ഞുവരും. ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ കൗണ്‍സിലര്‍ റീത്തയായി നിറഞ്ഞാടുകയാണ് ദിവ്യ. ഒരു തുള്ളി പോലും ഇരിപ്പില്ലേയെന്ന് ഭീമനോട് ചോദിക്കുന്ന, തല്ലുകൊള്ളിത്തരം കണ്ടുപിടിച്ച കൊസ്‌തേപ്പിന്റെ നെഞ്ചു നോക്കി ചവിട്ടുന്ന തന്റേടിയാണ് റീത്ത. റീത്തയിലേക്കുള്ള വഴിയിലേക്ക് എത്തിയതെങ്ങനെയെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് മനസു തുറക്കുകയാണ് ദിവ്യ.

തേടിവന്ന കഥാപാത്രം

ചെമ്പന്‍ ചേട്ടന്റെ കൂടെ നേരത്തെ ഒന്നു രണ്ട് സിനിമകള്‍ ചെയ്തിരുന്നു. ഒരു സിനിമയുണ്ട്, എന്നെയൊന്ന് വന്ന് കാണാമോ എന്ന് ചോദിച്ച് അദ്ദേഹം ഇങ്ങോട്ട് വിളിക്കുകയായിരുന്നു. സോഹന്‍ സീനുലാലിന്റെ പടത്തിന്റെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. ഞാനവിടെ പോയി കഥ കേട്ടപ്പോള്‍ നല്ല രസമുള്ളതായി തോന്നി. എന്റെ കഥാപാത്രം ഇതാണെന്നും നല്ല ബോള്‍ഡാണെന്നും മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം അദ്ഭുതമായി. കാരണം അത്തരം കഥാപാത്രങ്ങള്‍ ആരും എനിക്ക് തന്നിട്ടില്ല. ഞാന്‍ ചെമ്പന്‍ ചേട്ടനോട് ചോദിച്ചു, ഇത്രയും അഭിനേതാക്കളുണ്ടായിട്ടും എന്നെ തിരഞ്ഞെടുത്തതെന്തിനാണെന്ന്. നിനക്ക് കഴിവുണ്ടെന്ന് തോന്നിയതു കൊണ്ടാണെന്നായിരുന്നു മറുപടി. അങ്ങനെയാണ് റീത്ത എന്നിലേക്ക് വരുന്നത്.

ഭീമന്റെ വഴിയിലെ സ്ത്രീ കഥാപാത്രങ്ങള്‍

എഴുതുന്ന ആളുടെ മനസ് പോലിരിക്കും സ്ത്രീകള്‍ക്ക് എവിടെ സ്ഥാനം കൊടുക്കണമെന്ന്. ചെമ്പന്‍ ചേട്ടന്‍ സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണെന്നാണ് എനിക്ക് മനസിലായത്. അദ്ദേഹം കണ്ടുവന്ന സ്ത്രീകളെല്ലാം ശക്തരായവരാണ്. അതേ രീതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കണമെന്ന് ആഗ്രഹവുമുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ളവരാണ് ഇതിലെ സ്ത്രീകളെല്ലാം തന്നെ. സംവിധായകന്‍ അഷ്‌റഫിക്കയെപ്പറ്റി പറയുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിലനില്പ് വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്.

Divya 2

സ്‌കൂട്ടറോടിക്കാന്‍ പഠിച്ചു

റീത്ത സ്‌കൂട്ടറോടിക്കുന്ന സ്ത്രീയാണ്. എനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ല. കുഞ്ചാക്കോ ബോബനെ പിന്നിലിരുത്തി സ്‌കൂട്ടറോടിക്കുന്ന ഒരു രംഗമുണ്ട്. അത് പക്ഷേ സിനിമയിലില്ല.ചാക്കോച്ചനെ പിറകിലിരുത്തി വണ്ടിയോടിക്കാന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. നായകനാണല്ലോ അദ്ദേഹം. ഞാന്‍ പറഞ്ഞു ചാക്കോച്ചന്‍ ഓടിക്കട്ടെ, ഞാന്‍ പിന്നിലിരിക്കാം. ബിനു പപ്പുവിനെ പിന്നിലിരുത്തി ഓടിക്കുന്ന രംഗം ഞാന്‍ ചെയ്‌തോളാം എന്ന്. അപ്പോള്‍ സംവിധായകന്‍ പറഞ്ഞു പറ്റില്ലെന്ന്‌. സ്ത്രീകള്‍ ഒരിക്കലും പിറകില്‍ നില്‍ക്കരുത് എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ കഥാപാത്രം നായകന്റെ പിന്നിലിരിക്കുന്നത് ക്ലീഷേയാണല്ലോ. എന്റെ സ്ത്രീകഥാപാത്രങ്ങള്‍ ഇങ്ങനെയാണ്. നീ തന്നെ ഓടിക്കണം എന്ന് ഇക്ക പറയുകയും ഞാനോടിക്കുകയും ചെയ്തു. പക്ഷേ, അതത്ര ശരിയായില്ല.

തുറന്ന ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമ

ഭീമന്റെ വഴിയില്‍ ഒളിക്കാനൊന്നുമില്ല. നമ്മുടെ ചുറ്റും കാണുന്ന പുരുഷന്മാരില്‍ പലരിലും ഭീമന്റെ സ്വഭാവം കാണും. ഇപ്പോഴത്തെ ന്യൂജെന്‍ ആയാലും ഒരു 30- 40 വയസ് പ്രായമുള്ള ആളുകളാണെങ്കില്‍പ്പോലും. എത്ര പേരാണ് പഠിക്കുന്ന പ്രായത്തില്‍ സീരിയസായി ഒരു ബന്ധത്തെ കാണുന്നത്? വിവാഹത്തിലേക്ക് അടുക്കുമ്പോഴാണ് അതിനേക്കുറിച്ചെല്ലാം ചിന്തിക്കുന്നത്. ഇത്തരത്തില്‍ ജീവിതത്തെ സമീപിച്ച ഒരു പാട് പേരെ എനിക്കറിയാം. പ്രേമിക്കുന്നു, നീയിവളെ കല്ല്യാണം കഴിക്കുമോ എന്ന് ചോദിച്ചാല്‍ അതപ്പോള്‍ നോക്കാം എന്ന മനോഭാവമുള്ള ഒരുപാട് ആണുങ്ങളെ എനിക്കറിയാം. ഇപ്പോള്‍ അത്തരത്തിലുള്ള പെണ്‍കുട്ടികളുമുണ്ട്. ഇതൊന്നും പുതിയ കാര്യങ്ങളല്ല, സമൂഹത്തില്‍ നടക്കുന്നതാണ്. സംവിധായകനും തിരക്കഥാകൃത്തും ഓപ്പണായി കാണിച്ചു എന്നതേയുള്ളൂ.

Divya 3

നിത്യജീവിതത്തിലെ കൊസ്‌തേപ്പുമാര്‍

സിനിമയിലെ കൊസ്‌തേപ്പ് എന്നുപറയുന്നത് കൃത്യമായ ഒരു അലവലാതിയാണല്ലോ. അതേ പകര്‍പ്പിലുള്ള ആളെ കണ്ടിട്ടില്ലെങ്കിലും ഇത്തരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒത്തിരിപ്പേരെ നമ്മള്‍ കണ്ടു മറന്ന് പോയിട്ടുണ്ട്. പല രീതിയിലുള്ള കമന്റുകളോ നോട്ടമോ ഒക്കെ അഭിമുഖീകരിച്ചിട്ടായിരിക്കും നമ്മള്‍ ജീവിതത്തില്‍ കടന്നുപോകുന്നത്. ഏത് പ്രായത്തിലാണെങ്കിലും. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബസില്‍ പോകുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും ഇത്തരത്തിലുള്ള കമന്റുകളും നോട്ടങ്ങളും ഉണ്ടായിട്ടുമുണ്ട്, അതിനെതിരെ പ്രതികരിച്ചിട്ടുമുണ്ട്.

കൊസ്‌തേപ്പിനെ തല്ലുന്നത് ബിഗ്‌ സ്‌ക്രീനില്‍ കണ്ടപ്പോള്‍

ഭയങ്കര സന്തോഷമായി. ഇതെങ്ങനെയാണ് എഡിറ്റ് ചെയ്ത് വരാന്‍ പോകുന്നതെന്ന് അറിയില്ലല്ലോ. റീത്ത എന്ന കഥാപാത്രം ജിനോയുടെ നെഞ്ചില്‍ ചവിട്ടുന്നുണ്ടെന്ന് ചെമ്പന്‍ ചേട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. കഥ പറയുമ്പോള്‍ മുതുകത്ത് ചവിട്ടുന്നു എന്നാണ് പറഞ്ഞിരുന്നത്. ഷൂട്ടിങ് തുടങ്ങിയതിന് ശേഷമാണ് തിരക്കഥയില്‍ അല്പം മാറ്റം വരുത്തിയത്. കണ്ട് പരിചയമുള്ള കലാകാരനാണ് ജിനോ. ജിനോയെ ചവിട്ടിയാല്‍ എന്താകുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്നാലേ ശരിയാകൂ, കഥാപാത്രം അങ്ങനെയാണ് എന്നാണ് ചെമ്പന്‍ ചേട്ടന്‍ പറഞ്ഞത്.

ചിന്നു ജിനോയെ ശരിക്കും മലര്‍ത്തിയടിച്ചു

കൊസ്‌തേപ്പിനെ തല്ലുന്നത് എങ്ങനെ ചെയ്യും എന്ന് ആശങ്കയുണ്ടായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ പറഞ്ഞു നന്നായി ചവിട്ടിയില്ലെങ്കില്‍ സ്‌ക്രീനില്‍ വരുമ്പോള്‍ നല്ല വൃത്തികേടായിരിക്കും, അതറിയാന്‍ പറ്റുമെന്ന്. നോ പ്രോബ്ലം കൗണ്‍സിലറേ, അസ്സലായി ചവിട്ടിക്കോളൂ എന്നാണ് ജിനോ പറഞ്ഞത്. അദ്ദേഹം നന്നായി പിന്തുണച്ചു. സിനിമയില്‍ ഒരിടത്തും ഡ്യൂപ്പില്ലായിരുന്നു. സംഘട്ടനരംഗത്തിന് ശേഷം ചിന്നുവിന്റേയും ജിനോയുടേയും ശരീരമെല്ലാം നല്ല വേദനയായിരുന്നു. സംഘട്ടനരംഗം കഴിഞ്ഞപ്പോള്‍ പഴന്തുണി പോലെയായി പാവം ജിനോ. എന്റെ ചെരിപ്പിന്റെ പാടുണ്ടായിരുന്നു ജിനോയുടെ നെഞ്ചില്‍. കണ്ടപ്പോള്‍ നല്ല വിഷമം തോന്നി. പക്ഷേ, സിനിമയില്‍ അത് നന്നായി വന്നു എന്ന് കാണുമ്പോള്‍ സന്തോഷവും. ഡബ്ബ് ചെയ്യാന്‍ പോയപ്പോളാണ് ഈ സീന്‍ കാണുന്നത്. ഇതില്‍നിന്ന് കുറച്ച് അവിടെവിടെയായി എഡിറ്റ് ചെയ്ത് പോകും എന്ന് അന്ന് അഷ്‌റഫിക്ക പറഞ്ഞിരുന്നു. ഒരു കിടിലന്‍ സാധനം തരാം, ഇങ്ങനെ ചെയ്‌തോ, പഞ്ച് ആയിരിക്കും എന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും നന്നായി സഹായിച്ചു. സ്‌ക്രീനില്‍ ഈ രംഗത്തിന് കിട്ടിയ കയ്യടി കേട്ടപ്പോള്‍ തോന്നിയതെന്തെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല.

Divya 4

കഥാപാത്രങ്ങളുടെ വ്യത്യസ്തമായ പേരുകള്‍

ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് കഥാപാത്രങ്ങളുടെ പേരാണെന്ന് ആദ്യം കഥ പറഞ്ഞപ്പോഴേ തന്നെ പറഞ്ഞിരുന്നു. കഥ പറച്ചില്‍ സെഷനുണ്ടായിരുന്നു. ഒരോ സീനും അന്ന് വിശദീകരിച്ച് തന്നിരുന്നു. എല്ലാത്തിലുമുപരി ആ നായക്കുട്ടിയുടെ പേരാണ് ഏറെ വ്യത്യസ്തം. അത്രയും വലിയൊരു പേരാണ് നായക്ക്. പേരിടുന്ന കാര്യത്തില്‍ ചെമ്പന്‍ ചേട്ടനാണ് എല്ലാത്തിന്റെയും ആള്‍. താന്‍ ആദ്യമായി തിരക്കഥയെഴുതിയ അങ്കമാലി ഡയറീസിലും കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തമായ പേരുകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു.

കരിക്കിന്റെ സഹായം

മുമ്പ് സിനിമയിലും പരസ്യത്തിലും സീരിയലിലുമെല്ലാം വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും ആളുകള്‍ ശരിക്ക് തിരിച്ചറിയുന്നത് കരിക്കിലൂടെയാണ്. കരിക്കിലെ ചേച്ചി എന്ന് പറഞ്ഞ് ഒരു പാട് പേര്‍ തിരിച്ചറിയുന്നുണ്ട്. കരിക്ക് നല്ല രീതിയില്‍ സഹായിച്ചു.

Content Highlights: Divya M Nair interview, Bheemante Vazhi movie, Kunchacko Boban, Chemban Vinod Jose


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented