-
'എല്ലാ ഇന്നലകളും മനസ്സില്‍ സൂക്ഷിച്ചുവെക്കാനുള്ളതല്ല. ചിലതെല്ലാം വലിച്ചെറിഞ്ഞുകളയണം. അല്ലെങ്കില്‍ അവ നന്മളെയുംകൊണ്ടേ പോകൂ'. പക്വമായ ജീവിതവീക്ഷണത്തിന്റെ മാറ്റൊലി സംഭാഷണരൂപത്തില്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനില്‍ കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സ്വതസിദ്ധമായ ചിരിയോടെ സിദ്ദിഖ് പറഞ്ഞുതുടങ്ങി... ''എന്റെ എല്ലാ ചിത്രങ്ങളിലും ജീവിതമൂല്യങ്ങളുടെ സ്പര്‍ശം അവിടവിടെ കാണാം. തമാശയില്‍ ആര്‍ത്തുചിരിക്കുമ്പോള്‍ പലരും അത് ശ്രദ്ധിച്ചില്ലായിരിക്കാം. അതിപ്പോള്‍ പ്രകടമായി കണ്ടുതുടങ്ങിയിട്ടുണ്ടെങ്കില്‍, എന്റെ പ്രായത്തിന്റെ പക്വതയോ, അനുഭവങ്ങളുടെ വെളിച്ചമോ ആയിരിക്കാം...''
തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകള്‍ ഒന്നിനുപിറകെ ഒന്നായി ഒരുക്കിയ മലയാളത്തിലെ ആദ്യ സംവിധായകനാണ് സിദ്ദിഖ്. സ്വന്തം തിരക്കഥകള്‍ മാത്രം സംവിധാനം ചെയ്യുന്ന സിദ്ദിഖിന്റെ 'ബിഗ് ബ്രദര്‍' എന്ന പുതിയ ചിത്രവും സാധാരണപോലെ ചിത്രീകരണം തുടങ്ങിയപ്പോഴേ സിനിമാസ്വാദകരില്‍ പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്. ബിഗ് ബ്രദര്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിനുമുമ്പ് സിദ്ദിഖ് സംസാരിക്കുന്നു
ഫാസില്‍ ചിത്രങ്ങളില്‍ തുടങ്ങി 1989-ല്‍ റാംജിറാവ് സ്പീക്കിങ്ങ് മുതല്‍ മലയാള സിനിമയില്‍ പൊട്ടിച്ചിരികള്‍ തീര്‍ത്ത സിദ്ദിഖിന്റെ തുടക്കം
മറക്കില്ലൊരിക്കലും എന്ന ഫാസില്‍ ചിത്രത്തില്‍ അഭിനയിച്ച പരിചയംവെച്ച് കലാഭവന്‍ അന്‍സാറാണ് എന്നെയും ലാലിനെയും ഫാസില്‍സാറിന് പരിചയപ്പെടുത്തിയത്. ഞങ്ങള്‍ അന്ന് അദ്ദേഹത്തോട് രണ്ടു കഥകള്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലിയിലുള്ള കഥകള്‍ അല്ലാതിരുന്നിട്ടും ഫാസില്‍സാര്‍ ഞങ്ങക്ക് പ്രോത്സാഹനംതന്ന് കൂടെനിര്‍ത്തി. പിന്നെ ഇടയ്ക്കിടെ ഞങ്ങള്‍ അദ്ദേഹത്തിന്റെയടുത്ത് ഡിസ്‌കഷന് പോകുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ഫാസില്‍സാര്‍ സിനിമ ചെയ്യാനുദ്ദേശിക്കുന്ന രണ്ടു കഥകള്‍ പറഞ്ഞു. ഒന്ന് ലൗവ് സ്റ്റോറി ആയിരുന്നു. അമ്മൂമ്മയും പേരക്കുട്ടിയും തമ്മിലുള്ള സ്‌നേഹവാത്സല്യത്തിന്റെ പ്രമേയമായിരുന്നു രണ്ടാമത്തേത്. എനിക്ക് അതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഫാസില്‍സാര്‍ പറഞ്ഞു: ''ഈ കഥയാണ് ഞാന്‍ ഉടനെ ചെയ്യുന്നത്. നിര്‍മാതാവും ഞാന്‍തന്നെ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതില്‍ അസിസ്റ്റ് ചെയ്യാം.'' ഞാനന്ന് സ്‌കൂളില്‍ ക്ലര്‍ക്കായി ജോലിചെയ്യുകയായിരുന്നു. ലാല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിചെയ്യുന്ന സമയവും. പിന്നീട് വീട്ടില്‍നിന്ന് അനുവാദം വാങ്ങിച്ച്, ജോലിയില്‍നിന്ന് ലീവെടുത്ത് ഞങ്ങള്‍ 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ആ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി. പിന്നീട് 'റാംജിറാവ് സ്പീക്കിങ്' എന്ന ഞങ്ങളുടെ ആദ്യചിത്രം ഫാസില്‍സാര്‍ നിര്‍മിച്ചു.
തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകള്‍ക്കുശേഷം ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രം വിയറ്റ്നാം കോളനിയില്‍ മോഹന്‍ലാലായിരുന്നു സ്റ്റാര്‍
'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലാണ് ഞാന്‍ മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. കൃഷ്ണമൂര്‍ത്തിയായി വിയറ്റ്നാം കോളനിയില്‍ എത്തിയപ്പോഴും മണിച്ചിത്രത്താഴില്‍ ഞാന്‍ കോ-ഡയറക്ടര്‍ ആയപ്പോഴും 'അയാള്‍ കഥ എഴുതുകയാണ്' സിനിമയില്‍ സാഗര്‍ കോട്ടപ്പുറമായി തകര്‍ത്ത് അഭിനയിച്ചപ്പോഴും ചന്ദ്രബോസായി ലേഡീസ് ആന്‍ഡ് ജെന്റില്‍മാനില്‍ തിളങ്ങിയപ്പോഴും മോഹന്‍ലാല്‍ വീണ്ടും വീണ്ടും എന്നെ ആശ്ചര്യപ്പെടുത്തി. കഥാപാത്രപൂര്‍ണതയ്ക്കുവേണ്ടി പ്രായംപോലും മറന്ന് കഠിനാധ്വാനം ചെയ്യുന്ന വലിയ മനസ്സിനുടമയായ ലാലില്‍നിന്നും ഇനിയും ഒരുപാടു നേട്ടങ്ങള്‍ നമ്മുടെ സിനിമയ്ക്ക് ലഭിക്കും. സച്ചിദാനന്ദന്‍ എന്ന മികവുറ്റ വേഷമാണ് ലാലിന് ഈ ചിത്രത്തില്‍. എന്റെതന്നെ നിര്‍മണക്കമ്പനിയായ എസ്. ടാക്കിസ് ഈ വര്‍ഷം തിയേറ്ററില്‍ എത്തിക്കുന്ന ബിഗ് ബ്രദര്‍, ഹ്യൂമറും ഇമോഷന്‍സും ആക്ഷനുമെല്ലാം ഉള്‍പ്പെടുന്ന, എന്നില്‍നിന്നും പ്രിയപ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു ക്ലീന്‍ എന്റര്‍ട്രെയിനര്‍ ചിത്രമായിരിക്കും. മോഹന്‍ലാല്‍, മമ്മുക്ക എന്നീ സൂപ്പര്‍ താരങ്ങളില്‍നിന്നും ഇനി ഇത്തരം ചിത്രങ്ങളാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്റെ മറ്റു ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ബിഗ് ബ്രദര്‍.
സത്യന്‍, പ്രേംനസീര്‍, മധു ത്രയങ്ങള്‍ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും സ്ഥിരപ്രതിഷ്ഠനേടിയ മലയാള സിനിമയെക്കുറിച്ച്
മലയാള സിനിമയുടെ പുണ്യം തന്നെയാണ് മമ്മുക്കയും ലാലും. സത്യന്‍മാഷിനും പ്രേംനസീറിനും മധുസാറിനും ഒപ്പവും ശേഷവും പലതാരങ്ങളും ഇവിടെ നായകരായി തിളങ്ങി. സുകുമാരന്‍ ചേട്ടന്‍, വിന്‍സെന്റ്, രാഘവന്‍, സോമന്‍ ചേട്ടന്‍, ഭരത് ഗോപി, ബാലന്‍ കെ. നായര്‍ വരെ നായകനായി മികച്ച സിനിമകള്‍ ഇറങ്ങി വിജയിച്ചു. ഇവരില്‍നിന്നെല്ലാം വ്യത്യസ്തമായി മമ്മൂട്ടിയും മോഹന്‍ലാലും എല്ലാതരം ചിത്രങ്ങളിലൂടെയും പ്രയാണം നടത്തി, കാലത്തിനൊപ്പം അപ്റ്റുഡേറ്റായി സൂപ്പര്‍ സ്റ്റാറുകളായി സ്ഥിരപ്രതിഷ്ഠനേടി. ഇന്നും സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അത് മലയാള സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ വളരെ ഡിസിപ്ലിന്റാണ് ഇവര്‍. സൂപ്പര്‍ താരങ്ങളില്‍നിന്നും ജനം കാണാന്‍ ആഗ്രഹിക്കുന്ന പ്രത്യേക ഇമേജ് സിനിമയില്‍ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നു എന്നത് എല്ലാ സൂപ്പര്‍ താരങ്ങളുടെയും വിധിയാണ്. ഇതില്‍നിന്നു വ്യത്യസ്തമായി ഇമേജുകള്‍ ബ്രേക്ക് ചെയ്തു മുന്നേറുന്നതിനാലാണ് നമ്മുടെ ഈ സൂപ്പര്‍ താരങ്ങളെ ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത നടന്മാര്‍ എന്ന് ആദരിക്കപ്പെടുന്നത്. പുതിയകാലത്തും സൂപ്പര്‍ താരങ്ങളായി തിളങ്ങാന്‍ കഴിവുള്ള പല നടന്മാരും രംഗത്തെത്തുന്നുണ്ടെങ്കിലും അവരില്‍ കൂടുതലും അവരുടെ ഫ്രണ്ട്സ് സര്‍ക്കിളിലുള്ള സിനിമകളില്‍ മാത്രം ശ്രദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഓഡിയന്‍സിന്റെ അംഗീകാരം ഒരു ആക്ടര്‍ക്കു കിട്ടുക എന്നത് ചില്ലറപ്പെട്ട കാര്യമല്ല. എന്നാല്‍, അംഗീകരിക്കുന്നതോടെ പ്രേക്ഷകരുടെ ഉത്തരവാദിത്വം അവിടെ കഴിഞ്ഞു. പിന്നെ അത് നിലനിര്‍ത്തിക്കൊണ്ടുപോകേണ്ട സത്യസന്ധമായ കിഠിനാധ്വാനം ചെയ്യേണ്ട ഉത്തരവാദിത്വം നടന്റെ മാത്രമാണ്.
മലയാള സിനിമയില്‍ സൂപ്പര്‍ ഡയറക്ടര്‍ ആയി തിളങ്ങുമ്പോള്‍ തന്നെ തമിഴ്, ഹിന്ദി ഭാഷാചിത്രങ്ങളിലും ആദ്യ ചിത്രത്തില്‍തന്നെ സിദ്ദിഖ് മുന്‍പന്തിയിലെത്തി...
തമിഴകത്തുനിന്നു ക്ഷണം വന്നപ്പോള്‍, അവിടെ ഇറങ്ങിക്കൊണ്ടിരിക്കുന്ന അതിഭാവുകത്വചിത്രങ്ങളില്‍നിന്നു മാറി, എന്റെ ശൈലിയിലുള്ള ചിത്രം എന്ന ശ്രമകരമായ ദൃഢനിശ്ചയമായിരുന്നു മനസ്സില്‍. ഫ്രണ്ട്സ് മുതല്‍ എന്റെ ചിത്രങ്ങള്‍ തമിഴിലും സൂപ്പര്‍ ഹിറ്റ് പരമ്പര ആവര്‍ത്തിച്ചു. മലയാളം 'ബോഡിഗാര്‍ഡി'ന്റെ കഥ ഇഷ്ടപ്പെട്ടിട്ടാണ് സല്‍മാന്‍ ഖാന്‍ ബോളിവുഡിലേക്ക് എന്നെ വിളിച്ചത്. അന്നോളമിറക്കിയ ഹിന്ദി ചിത്രങ്ങളുടെ ജയപരാജയകാരണങ്ങള്‍ ഒബ്സര്‍വ് ചെയ്തു പഠിക്കുകയാണ് ഞാനാദ്യം ചെയ്തത്. ബോളിവുഡിലെ അത്യാധുനിക ടെക്നീഷ്യന്‍സിനെ അവര്‍ ഒരുക്കിത്തന്നപ്പോള്‍, എന്റെ ശൈലിയുള്ള എഴുത്തും സംവിധാനവും ഞാനവിടെ പരീക്ഷിച്ചു. ആദ്യത്തെ നാലു ദിവസത്തിനുള്ളില്‍ നൂറു കോടി ക്ലബ്ല് വിജയം നേടി ഹിന്ദി ബോഡിഗാര്‍ഡ്. അനാവശ്യമായ ഒരു ഡയലോഗോ, അനാവശ്യമെന്ന് തോന്നിക്കുന്ന ഒരു സീനോ, വിരസതയാര്‍ന്ന ഒരു ഗാനരംഗമോ ഇല്ലാതാകുമ്പോഴാണ് സിനിമ കൂടുതല്‍ ഏകാഗ്രമാവുന്നത്. ഞാനത് പരമാവധി പാലിക്കാറുണ്ട്.
Content Highlights: director siddique Interview, Big Brother Movie, Mohanlal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..