ശ്രുതി ശരണ്യം | photo: facebook/shruthi sharanyam
സിനിമാ സംവിധാന രംഗത്ത് സ്ത്രീകള്‍ അത്ര സജീവമല്ലാതിരുന്നകാലത്ത് വെള്ളിവെളിച്ചം സ്വപ്നം കണ്ട ഒരു പെണ്‍കുട്ടി. നാട്ടിന്‍ പുറത്തിന്റെ അതിരിനപ്പുറം ചുവടുവച്ച് സ്വപ്നങ്ങള്‍ നേടാനായി പലവഴികള്‍ താണ്ടി ഒടുവില്‍ അതിനെ കൈക്കുള്ളില്‍ ഒതുക്കിയിരിക്കുന്നു. ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ' എന്ന സിനിമയ്ക്ക് ഒരു നീണ്ട സ്വപ്നയാത്രയുടെ കഥയാണ് പറയാനുള്ളത്. സ്വതന്ത്ര സംഗീതത്തിനായി ഒരു തുറന്ന വേദിയുണ്ടാക്കാന്‍ മുന്‍കൈ എടുത്ത ഒരു കൂട്ടം യുവതയുടെ, ചാരുലത, ചിരുത തുടങ്ങിയ സ്വതന്ത്ര സംഗീതപ്രഖ്യാപനത്തിന്റെ കൂടി കഥയാണ് ശ്രുതിയുടേത്. 'ബാലേ' എന്ന സൃഷ്ടിയിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തിലേയ്ക്ക് ശ്രുതി ചുവടുവെക്കുന്നത്.
ചെറുതുരുത്തിയില്‍ നിന്നുതുടങ്ങി പലവഴി അലഞ്ഞൊടുവില്‍ ഇവിടെ ...
ചെറുതുരുത്തിക്കടുത്ത് ആറ്റൂരില്‍ ജനിച്ച് പിന്നീട് പലവഴി കറങ്ങി ഒടുവില്‍ സിനിമയെന്ന സ്വപ്നത്തിലെത്തിയ വ്യക്തിയാണ് ശ്രുതി. കലയ്ക്ക് വളരാനുള്ള മണ്ണ് ശ്രുതിയ്ക്കുചുറ്റും ബാല്യകാലത്തിലുണ്ടായിരുന്നു. കോളേജ് കാലം മുതല്‍ സിനിമയായിരുന്നു സ്വപ്നം. അന്ന് സാഹിത്യത്തിന്റെയും എഴുത്തിന്റെയും രുചികളോട് പ്രിയമേറി. പഠിച്ചത് മാസ് കമ്മ്യൂണിക്കേഷന്‍. പിന്നീട് ചാനലിലും മറ്റുമായി കുറച്ചുകാലം ജോലി ചെയ്തു. തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയുടെ ഭാഗമായി. 2005-ലായിരുന്നു വിവാഹം. അന്ന് സിനിമാ രംഗത്ത് ആകെ കേട്ടിരുന്ന സ്ത്രീ സാന്നിധ്യം സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായ ശ്രീബാലാ കെ മേനോനെപ്പറ്റി മാത്രമാണ്. പിന്നീട് മഞ്ചാടിക്കുരുമായി അഞ്ജലി മേനോനും വിധു വിന്‍സെന്റുമെല്ലാമെത്തി. അന്നത്തേതില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ന് സിനിമാ സെറ്റുകളില്‍ ചെന്നാല്‍ ക്യാമറയ്ക്ക് പിന്നിൽ ഒരു പെണ്ണിനെ എങ്കിലും കാണാമെന്ന രീതിവന്നുവെന്ന് ശ്രുതി പറയുന്നു.
.png?$p=61d487d&&q=0.8)
അസിസ്റ്റന്റ് എന്ന സ്ഥാനത്തുനിന്ന് സ്വതന്ത്രമായി ജോലികള്‍ ഏറ്റെടുത്ത് തുടങ്ങിയത് 2016 മുതലാണ്. ഏകദേശം അഞ്ച് വര്‍ഷത്തെ വിടവിന് ശേഷം കൂടുതല്‍ ഗൗരവത്തോടെ ജോലികള്‍ ഏറ്റെടുത്തു തുടങ്ങുന്ന സമയമാണത്. നിരന്തരം മാറ്റം വരുന്ന സിനിമാമേഖലയില്‍ ആ അഞ്ചുവര്‍ഷം വരുത്തിയ വിടവ് വളരെ വലുത് തന്നെയായിരുന്നു. പൂര്‍ണമായുള്ള ഡിജിറ്റലൈസേഷന്‍സിന്റെ ഒഴുക്കിനൊപ്പമെത്താന്‍ ഏറെ പാടുപെട്ടെങ്കിലും വിജയിച്ചു. അറിവു നേടുക, മുന്നിലെത്താനുള്ള കരുത്തു നേടുക എന്നതാണ് ഇതിനൊരു പരിഹാരം. തെറ്റുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടാനുള്ള കെല്‍പ് നേടുന്ന നിമിഷം നമ്മള്‍ വിജയിക്കുമെന്ന് സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി ശ്രുതി ചൂണ്ടിക്കാട്ടുന്നു.
ബാലേ ...
ബാലേ എന്ന വിളി... ഉള്ളിന്റെ ഉള്ളിലെ പെണ്ണിനെ വിളിച്ചെഴുന്നേല്‍പ്പിക്കുന്ന ഒരു വേക് അപ് കോളാണെന്ന് പറയാം. കലയുടെ വിവിധ മേഖലകളില്‍ നില്‍ക്കുന്ന സ്ത്രീകളെ ഒന്നിച്ചു കൊണ്ടുവന്ന സൃഷ്ടിയായിരുന്നു. സുദീപ് പാലനാടാണ് ഇതിന്റെ തുടക്കം. ആദ്യം ചെയ്തത് സംഗീതമാണ്, അതിന്റെ വരികള്‍ എഴുതാനെത്തിയതാണ് ശ്രുതി. ആ പാട്ട് കേട്ടപ്പോള്‍ ആദ്യം മനസിലെത്തിയത് ഒരു കൂട്ടം സ്ത്രീകളുടെ മുഖമാണെന്ന് ശ്രുതി ഓര്‍ക്കുന്നു. അങ്ങനെയാണ് ബാലേയ്ക്ക് ആ രൂപം വന്നത്. പിന്നീട് അത്തരം സൃഷ്ടികള്‍ ഒട്ടേറെ വന്നിട്ടുണ്ട്. ആറ് നൃത്ത രൂപങ്ങളാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. മീനാക്ഷി ശ്രീനിവാസന്‍ ഭരതനാട്യത്തെയും നന്ദിത പ്രഭ മോഹിനിയാട്ടത്തെയും കപില കൂടിയാട്ടത്തെയും ആരുഷി മുട്ഗാള്‍ ഒഡീസിയെയും പ്രതിനിധീകരിച്ചു. കഥകളിയെ ഹരിപ്രിയാ നമ്പൂതിരിയും കണ്ടെംപററി ഡാന്‍സിനെ റിമാ കല്ലിങ്കലുമാണ് അവതരിപ്പിച്ചത്. ഇതിന്റെ സംഗീതത്തിന്റെ വേര്‍ഷനും ഇറക്കിയിരുന്നു. അതില്‍ കല്യാണി മേനോനും സുജാത മോഹനും രഞ്ജിനി-ഗായത്രിയും ദീപാ പലനാടും ശ്രേയാ ജയദീപുമാണ് ശബ്ദം നല്‍കിയത്. ഇതൊരു തുടക്കമായിരുന്നു. തുടര്‍ന്ന് ഇതിന്റെ ചുവടുപിടിച്ച് ഇതേ രൂപത്തില്‍ പലതുമെത്തി.
ചാരുതയോടെ ചാരുലത
സത്യജിത് റേയുടെ ചാരുലതയെ എല്ലാവരുമറിയും. എന്നാല്‍ അതിന്റെ നിഴലില്‍ നിന്ന് മറ്റൊരു ചാരു അമല്‍ ഭൂപതി ലോകത്തെ സൃഷ്ടിച്ചിരിക്കുകയാണ് ശ്രുതി. സ്വപ്നമോ സങ്കല്‍പമോ അതോ സത്യമോ മായയോ എന്നെല്ലാം തോന്നിക്കുന്ന ഒരു വിസ്മയം. ഈ മാസമാണ് ചാരുലത അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയത്. സംഗീത സംവിധായകന്‍ ബിജിപാലും നര്‍ത്തകി പാര്‍വ്വതി മേനോനും സിനിമാ ഗാനരചയിതാവ് ഹരിനാരായണനും പ്രധാന വേഷങ്ങളിലെത്തുന്നു. കൊല്‍ക്കത്തയുടെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്ത സംഗീതശില്‍പം കൂടിയായിരുന്നു ചാരുലത. ചാരുവിന്റെ സ്വപ്നമോ അതോ സ്വപ്നം പോലെ തോന്നിയ സങ്കല്‍പമോ എന്നുപോലും പറയാതെ അത് അവസാനിക്കുമ്പോള്‍ ഇവിടെ ശ്രുതി പറയാനാഗ്രഹിക്കുന്നത് കാഴ്ചക്കാരനും സ്വാതന്ത്ര്യമുണ്ട്, അവേര്‍ ചിന്തിക്കട്ടെ എന്നാണ്.
കോവിഡ് മരവിപ്പിനൊരു പരിഹാരമായി പിറന്നവള്‍
കോവിഡ് കാലത്ത് ഒരു ദിവസം കൊണ്ടെഴുതി സംഗീതം നല്‍കി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഷൂട്ടിങ് നടത്തി സത്യമാക്കിയതാണ് ചിരുതയെ. വിപ്ലവനായികയായ ചിരുതയുടെ ആത്മാവ് പേടിയേക്കാള്‍ നിയമങ്ങളെ വെല്ലുവിളിക്കാന്‍ പഠിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. കോവിഡ് കാലത്തെ മടുപ്പില്‍ നിന്ന് ഒരു മോചനമാണ് ചിരുതയിലൂടെ ഉദ്ദേശിച്ചത്. 'നിന്നിലെ പാതിയും എന്നിലേ പാതിയും ഇന്നൊരേ പാതയില്‍ ചേരണ്...
നമ്മളാം പ്രാണനീ ദിക്ക് നിറയണ് നാമൊരേ ചോര മണക്കണ്' എന്ന് പാടി അവസാനിപ്പിക്കുന്ന ചിരുത, കാലം കടന്നു പോയാലും അവസാനിക്കാതെ തലമുറകളിലേക്ക് പടരുന്ന മാറ്റത്തിന്റെ ചൂരിന്റെ കഥയാണ് പറയുന്നത്.
സ്വാതന്ത്ര്യം ജന്മാവകാശമാണ്...ശ്രുതിക്കും പറയാനുണ്ട്...
സ്ത്രീകളുടെ സ്വതന്ത്ര നിലപാടിന്റെ പ്രസക്തിയാണ് ചാരുലതയായാലും ചിരുതയായാലും 'ബി 32 മുതല്‍ 44 വരെ'യിലെ ഓരോ കഥാപാത്രമായാലും ഉദ്ഘോഷിക്കുന്നത്. വിവാഹിതയായ ശേഷം വിവാഹത്തിന് മുമ്പ് എന്നൊരു വേര്‍തിരിവുണ്ടെന്നുപോലും പറയേണ്ടതുണ്ടോ. വിവാഹത്തിനു ശേഷം സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരേയും ലഭിച്ചവരേയും കണ്ടിട്ടുണ്ട്. പക്ഷെ അങ്ങനെ നേടാനും ഇല്ലാതാക്കാനും ഉള്ളതല്ല സ്വാതന്ത്ര്യം എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. പൊതുരീതികളില്‍ നിന്ന് മാറി ചിന്തിക്കുമ്പോള്‍ സമൂഹത്തിനും എന്തിനേറെപ്പറയണം സുഹൃത്തുക്കള്‍ക്കുപോലും അത് അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതിനെ കണ്ടില്ലെന്നു വെക്കുക. ഒരിക്കല്‍ അഹങ്കാരി എന്ന് കേള്‍ക്കുന്നത് വരെയേ പേടി വേണ്ടൂ....അങ്ങനെ ഒരു ധാരണ നമ്മളെപ്പറ്റി ഉണ്ടായാല്‍ പിന്നെ രക്ഷപ്പെട്ടു എന്ന് ശ്രുതി പറഞ്ഞു നിര്‍ത്തുമ്പോള്‍ ചിന്തകളുടെയും കാലഘട്ടത്തിന്റെയും തലമുറയുടെയും മാറ്റം കൂടി അവിടെ ഒന്നുകൂടി തെളിഞ്ഞു കാണുകയാണ്.
'എന്റെ സിനിമ പറയുന്നത് ബൈനറികള്‍ മാറി ചിന്തിക്കണമെന്ന് കൂടിയാണ്. അറുപത്തിനാലോളം ജെന്‍ഡര്‍ വിഭാഗങ്ങളുള്ള ലോകമാണിത്. ഇനിയും എത്രതരത്തില്‍പ്പെട്ടവരെ കണ്ടെത്താനിരിക്കുന്നു...ആണ്‍ പെണ്‍ എന്നു മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പലയിടത്തും സ്ത്രീകള്‍ കണ്ടീഷന്‍ഡ് ആണ്. അടിച്ചമര്‍ത്തലിനോട് പൊരുത്തപ്പെട്ട മനസാണ് പലയിടത്തും സ്ത്രീകള്‍ക്കുള്ളതെന്ന് പറയാം. അത്തരം സാഹചര്യങ്ങളില്‍ പിന്നോട്ട് നില്‍ക്കാതെ അവനവന് വേണ്ടി ഉറച്ചു സംസാരിക്കണം' എനിക്ക് പറയാനുള്ളതും ഇതുതന്നെ.
.png?$p=0f6b5d9&&q=0.8)
12 ദിവസം കൊണ്ട് പൂര്‍ത്തിയായതാണ് 'ബി 32 മുതല്‍ 44 വരെ'യുടെ തിരക്കഥ. 2018-മുതല്‍ ഉള്ളിലുള്ള ആശയം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ലഭിച്ചതോടെ തിരക്കഥയായി. 2021-ല്‍ ഫണ്ടിങ് ലഭിക്കുകയും 2022 മാര്‍ച്ചോടെ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തികരണ സംരംഭത്തിന്റെ ഭാഗമായെത്തുന്ന ഈ സിനിമ മുന്നോട്ട് വെക്കുന്നത് ഉള്‍പ്പെടുത്തല്‍ എന്ന ആശയം കൂടിയാണ്. എല്ലാവരേയും ഉള്‍പ്പെടുത്തുക എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കുക. ഏപ്രില്‍ ആറിന് 'ബി 32 മുതല്‍ 44 വരെ' റിലീസാകുമ്പോള്‍ സ്വപ്ന സാക്ഷാത്ക്കാരത്തിനപ്പുറം വരും തലമുറയിലെ സിനിമ സ്വപ്നം കാണുന്ന പെണ്‍കുട്ടികള്‍ക്കൊരു പ്രചോദനം കൂടിയാണ്.
ഉള്ളിലുള്ള വസന്തത്തെ ഉറക്കിക്കിടത്തി മരുഭൂമിയില്‍ മരുപ്പച്ച തേടുന്ന ഓരോ പെണ്ണിനും ഒരു ഉണര്‍വ്വ് തന്നെയാണ് ശ്രുതിയുടെ ഓരോ സൃഷ്ടിയും. സ്വതന്ത്ര സംഗീതത്തിനായി വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍ തുടങ്ങിയതുമുതല്‍ ആ ഉണര്‍ത്തുപാട്ട് നാം കേട്ടു തുടങ്ങുന്നു. ഇതു കണ്ടെഴുന്നേല്‍ക്കുന്ന ഓരോ പെണ്ണിനോടും ശ്രുതി പറയാതെ പറയുകയാണ്...ഉയിരേ വാഴ്ക... ഉലകം കാണ്‍ക....
Content Highlights: director shruthi sharanyam about cinema life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..