ജെന്റില്‍മന്‍ കണ്ട കാലം മുതല്‍ ശങ്കറിന്റെ ഫാനായിരുന്നു ഞാന്‍. സിനിമ ദൃശ്യമാധ്യമമാണെന്ന വ്യക്തമായ ബോധ്യമുള്ള സംവിധായകന്‍. ജെന്റില്‍മനിലെ 'ചിക്കുബുക്കു ചിക്കുബുക്കു റെയിലേ' പാട്ട് ചിത്രീകരിക്കാന്‍ സുതാര്യമായ ഫൈബര്‍ ഗ്ലാസ് ബസിന് വേണ്ടി അദ്ദേഹം നിര്‍ബന്ധം പിടിച്ചെന്നും അതിന് സമ്മതിക്കാത്ത നിര്‍മാതാക്കളെ ഒഴിവാക്കിയെന്നും കേട്ടിരുന്നു. അതും ആദ്യപടത്തില്‍. 

പ്രേക്ഷകരെ ശങ്കറിലേക്കടുപ്പിച്ചത് അതു മാത്രമല്ല. വിസ്മയക്കാഴ്ചയുടെ പുതിയ ആകാശങ്ങള്‍ തുറന്നിട്ടു അയാളുടെ ഓരോ ചിത്രങ്ങളും. സാധാരണ സിനിമകള്‍ക്ക് സ്വപ്നം കാണാനാവാത്ത ബജറ്റില്‍ പടമെടുക്കുമ്പോഴും തെളിച്ചമുള്ള സാമൂഹികബോധം ശങ്കര്‍ പടങ്ങള്‍ക്ക് കരുത്തായി. തിന്മകള്‍ക്കെതിരെ ആയുധമെടുക്കുന്ന ധീരനായകന്‍മാരായി രജിനിയും കമലഹാസനും അര്‍ജുനുമൊക്കെ പ്രേക്ഷകരെ ത്രസിപ്പിച്ചു. കമലഹാസന്‍ ട്രിപ്പിള്‍ റോളിലഭിനയിച്ച ഇന്ത്യന്‍ (ഇതിന്റെ രണ്ടാംഭാഗമാണ് അടുത്ത ശങ്കര്‍ പടം) ഈ യുവാവിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോമാന്‍മാരുടെ നിരയിലേക്കുയര്‍ത്തി. 

മനോഹരമായ ഗാനരംഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ശങ്കറിന്റെ ഏതു ചിത്രത്തിലെ ഗാനങ്ങളാണു കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍ കുഴങ്ങും. ജെന്റില്‍മന്‍? കാതലന്‍? ബോയ്‌സ്? അന്യന്‍? വാണിജ്യസിനിമകളുടെ ഇന്ത്യന്‍ നിര്‍വചനത്തെ ഇത്ര ചെറിയ കാലംകൊണ്ട് മാറ്റിയെഴുതിയ മറ്റാരുമുണ്ടാവില്ല. എന്തിന്, ബാഹുബലിയുമായി ബോക്‌സോഫീസ് ചക്രവര്‍ത്തിയായ രാജമൗലി പോലും. 

പക്ഷേ, 2.0 ഈ ഗണത്തില്‍ പെടില്ല. മനോഹരമായ ഒരു ഇതിവൃത്തം-- ടെലഫോണ്‍ ടവറുകള്‍ പ്രസരിപ്പിക്കുന്ന ഉയര്‍ന്ന ആവൃത്തിയിലെ ഊര്‍ജവികിരണത്താല്‍ അന്യംനിന്നുപോവുന്ന ചെറുപക്ഷികള്‍-- ഉപേക്ഷിച്ച കളിപ്പാട്ടത്തിനു പിന്നാലെ കുട്ടിയെന്നോണം സ്‌പെഷല്‍ ഇഫക്ടുകള്‍ക്ക് പിന്നാലെ സംവിധായകന്‍ പാഞ്ഞപ്പോള്‍ തികച്ചും യാന്ത്രികമായിപ്പോയി സിനിമ. പക്ഷിരാജന്റെ വേഷത്തിലെത്തുന്ന അക്ഷയ് കുമാറിനു പകരം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നെങ്കിലും വ്യത്യാസമുണ്ടാവില്ലായിരുന്നു. മണിക്കൂറുകള്‍ മേക്കപ്പിന് ചെലവിട്ട് പീഡാനുഭവങ്ങള്‍ക്ക് അദ്ദേഹം സ്വയം സന്നദ്ധനായതെന്തിനാണെന്ന് മനസ്സിലാവുന്നേയില്ല. 

മേക്കപ്പിന്റെ കാര്യം വിടാം, പ്രോസ്‌തെറ്റിക്‌സ് ശങ്കറിന്റെ ദൗര്‍ബല്യമാണെന്ന് നമുക്കറിയാമല്ലോ. പക്ഷേ, ശാസ്ത്രത്തിന്റെ കാര്യമോ? ശാസ്ത്രത്തിന്റെ പേരില്‍ അവതരിപ്പിക്കുന്ന പല കാര്യങ്ങളും ശുദ്ധഭോഷ്‌ക് ആണെന്ന് വിവരമുള്ളവര്‍ പറയും. കിറിലിയന്‍ ക്യാമറ, ഓറ (എവിടെയോ കേട്ടത് പോലെ തോന്നുന്നില്ലേ?), സ്വന്തമായ ഇച്ഛാശക്തിയുള്ള നെഗറ്റീവ് എനര്‍ജി... ഒലക്കേടെ മൂട്! ഏതാണ്ട് 180 കോടി ബജറ്റില്‍ ശങ്കര്‍ സംവിധാനം ചെയ്ത യെന്തിരന്റെ ഏഴയലത്തില്ല 510 കോടി മുടക്കിയെടുത്ത ഈ സിനിമ. അതു സമ്മാനിച്ച കൗതുകവും ആനന്ദവും ഈ ത്രീ-ഡി പടത്തിന്റെ അടുത്തു കൂടി പോയിട്ടുപോലുമില്ല. മുടക്കുന്ന പണമല്ല, നിക്ഷേപിക്കുന്ന ആത്മാര്‍ത്ഥമായ സര്‍ഗാത്മകതയാണ് കലാസൃഷ്ടികളെ രസനീയമാക്കുന്നത്. 

ഏത് ശാസ്ത്രവും സാങ്കേതികവിദ്യയും പ്രേക്ഷകന്‍ വകവെച്ചുതരും, അത് മനുഷ്യന്റെ അനുഭവമാക്കി അവതരിപ്പിക്കാനായാല്‍. 2.0 അക്കാര്യത്തിലാണ് ഏറ്റവും പരാജയമായിരിക്കുന്നത്. രജിനി അവതരിപ്പിക്കുന്ന ഡോ വസീഗരനും റോബോട്ട് ചിട്ടിയും ആമി ജാക്‌സന്റെ ഹ്യൂമനോയ്ഡ് റോബോട്ട് നിലായുമൊക്കെ ത്രീ-ഡി ആയിട്ടുകൂടി വളരെ അകലെ നില്‍ക്കുന്നു. അവരുടെ സന്തോഷങ്ങളും ദു:ഖങ്ങളും ഒരിക്കലും പ്രേക്ഷകന്റേതാവുന്നില്ല. യെന്തിരന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ച എആര്‍ റഹ്മാന്റെ സംഗീതം ഇതില്‍ ഏറെക്കുറെ നിശബ്ദമാണ്. പ്രണയത്തിനും സംഗീതത്തിനുമൊക്കെ പാഴാക്കാന്‍ ശങ്കറിന് സമയമില്ല! 

കുറ്റമറ്റ തിരക്കഥകളായിരുന്നു (എന്നുവെച്ചാല്‍, വാണിജ്യസിനിമയുടെ മാനദണ്ഡങ്ങളനുസരിച്ച്) അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിത്തറ. പക്ഷേ, വിക്രം നായകനായ ഐ മുതല്‍ അതിനും മാറ്റം വന്നിരിക്കുന്നു. ശങ്കര്‍ സിനിമകളില്‍ ഏറ്റവും ദുര്‍ബലമായ തിരക്കഥ അതിന്റേതാണ് എന്നു തോന്നുന്നു. 2.0 ഇക്കാര്യത്തില്‍ ഐ യോട് മത്സരിക്കാന്‍ യോഗ്യമാണ്! 1993-ല്‍ ജെന്റില്‍മനിലാരംഭിച്ച തന്റെ ചലച്ചിത്രജീവിതത്തിന് 25 വയസ്സ് പിന്നിട്ടിരിക്കുന്ന ഈ വര്‍ഷം സിനിമയെടുക്കുമ്പോള്‍ മുന്‍ഗണനകളെന്തായിക്കണം എന്നതിനെക്കുറിച്ച് ശങ്കര്‍ പുനരാലോചിച്ചിരുന്നെങ്കില്‍!

Content Highlights: director shankar 2.0 movies rajanikanth 2.o akshay kumar amy Jackson gentleman anyan