ചിത്രത്തിലെ ഇന്നസെന്റും കിലുക്കത്തിലെ ജഗദീഷും എഡിറ്റിങ് ടേബിളിൽനിന്ന് എവിടെ പോയി? പ്രിയൻ പറയുന്നു


Premium

പ്രിയദർശൻ മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുന്നു

നാല്‍പതു വര്‍ഷം പിന്നിട്ട സിനിമാജീവിതത്തെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍.


വായന എത്തിച്ചത് സിനിമയില്‍

സിനിമയോടുളള ഇഷ്ടംകൊണ്ടും സിനിമയില്‍ എന്തെങ്കിലുമാകണമെന്ന ആഗ്രഹം കൊണ്ടുമാണ് ഞാന്‍ ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. അച്ഛന്‍ ലൈബ്രേറിയന്‍ ആയിരു്ന്നതുകൊണ്ട് ചില പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുവരുമായിരുന്നു. എനിക്കാദ്യം താല്പര്യമുളളത് കളിക്കാനായിരുന്നു. കുറച്ചുനാള്‍ ക്രിക്കറ്റ് കളിച്ചു. ഒരു ദിവസം നല്ലൊരു അടി കിട്ടി, കണ്ണ് കുഴപ്പമായി. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ക്രിക്കറ്റിൽ ഒന്നുമാവില്ലായിരുന്നു. അന്ന് അച്ഛന്‍ എന്റെ ക്രിക്കറ്റ് കിറ്റെല്ലാം കത്തിച്ചുകളഞ്ഞു. മേലില്‍ ഈ പടിക്കു പറത്തിറങ്ങരുത് എന്നുപറഞ്ഞ് അദ്ദേഹം ശാസിച്ചു. അങ്ങനെ വീട്ടിലിരുന്നപ്പോഴാണ് അവിടെയുണ്ടായിരുന്ന പുസ്തകങ്ങള്‍ വായിക്കുകയും അതില്‍നിന്ന് എങ്ങനെയോ സിനിമയോട് സ്‌നേഹം തോന്നുകയും സിനിമ കാണുകയും ചെയ്തത്. ഇന്ന സിനിമയെന്നില്ല. തിരശ്ശീലയില്‍ എന്തോടിയാലും എനിക്ക് കാണാന്‍ താല്പര്യമാണ്. അത് കാര്‍ട്ടൂണാകട്ടേ, ഡോക്യുമെന്ററിയാകട്ടെ. അങ്ങനെ ഒരു അഭിനിവേശം പണ്ടേയുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയോടുളള ഇഷ്ടം പണ്ടേ തുടങ്ങുന്നത്.

അങ്ങനെ സിനിമയിലേക്ക് ഇഷ്ടത്തോടെ വന്നപ്പോഴാണ് ഒരു വിഷുദിവസം ആരോ കൊടുത്തുവിട്ട രണ്ടു പുസ്തകങ്ങള്‍ അച്ഛന്റെ ടേബിളില്‍ ഇരിക്കുന്നത് കണ്ടത്. 'എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥകള്‍' എന്നുപറഞ്ഞുളള പുസ്തകമാണ് അതിലൊന്ന്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അന്നുച്ചയ്ക്ക് ഞാന്‍ അത് വായിച്ചു. ആദ്യം വായിച്ചത് ഓളവും തീരവും എന്ന തിരക്കഥയാണ്. ഒരു സിനിമ കാണുന്നത് പോലെയാണ് ഞാന്‍ അത് വായിച്ചത്. ഇത്രയും മനോഹരമായൊരു തിരക്കഥ. വായിച്ചു തീര്‍ത്തപ്പോള്‍ എനിക്ക് തോന്നി ഞാനത് മുഴുവന്‍ കണ്ടുകഴിഞ്ഞെന്ന്. അന്നുമുതലാണ് സിനിമ വെറുതെ കാണുക എന്നതിനപ്പുറത്തേക്ക് ചിന്തിച്ചുതുടങ്ങിയത്. 'ഓളവും തീരവും' പിന്നീട് ഞാന്‍ സിനിമ കണ്ടു. മനസ്സില്‍ കണ്ടതു പോലെയല്ലല്ലോ ഈ സിനിമ എന്നാണ് അപ്പോള്‍ തോന്നിയത്. അങ്ങനെയാണ് ചിലപ്പോള്‍ എനിക്ക് ഒരു സംവിധായകന്‍ ആകാന്‍ പറ്റിയേക്കുമെന്ന ചിന്ത മനസ്സില്‍ ആദ്യം വരുന്നത്.

ഇന്ന് എല്ലാവരുടെയും കൈയില്‍ ഒരു ക്യാമറയെങ്കിലും ഉണ്ട്. അന്നത്തെ കാലത്ത് സിനിമയ്ക്ക് പിറകില്‍ എത്തിപ്പെടണമെങ്കില്‍ മദിരാശിയില്‍ പോകണം. അവിടെ സിനിമയുടെ ഒരു കമ്യൂണിറ്റിയുടെ അകത്തു ചെന്നുപെടണം. അവിടെ എന്തെങ്കിലുമാകാൻ പറ്റണം. അവിടെയാരെങ്കിലും നമ്മളെ കൂടെ നിര്‍ത്തണം. ഇങ്ങനെയുളള ഒരുപാട് കഷ്ടപ്പാടുകളുണ്ട്. അതെങ്ങനെയാണെന്നു നിശ്ചയമില്ല.

മറ്റൊരു കാര്യം എന്തണെന്നുവെച്ചാല്‍, നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എം.ടി.സാറിന്റെ അടുത്ത് പോയിട്ട് ആ തിരക്കഥ എഡിറ്റ് ചെയ്ത്‌ ഞാന്‍ ആ സിനിമ ഞാനെടുത്തു. ആ സിനിമ നിങ്ങള്‍ക്ക് താമസിയാതെ കാണാം. ഉദാത്തമായ സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. അഭിനന്ദനമെന്നു പറയുന്നത് വ്യക്ത്യാധിഷ്ഠിതമാണ്. കാരണം ഓരോരുത്തരുടെയും മനസ്സിലെ സിനിമ ഓരോന്നാണ്. നമ്മുടെ സിനിമയും അവരുടെ ചിന്തയും ചേരുമ്പോഴാണ് സിനിമ അവര്‍ അംഗീകരിക്കുന്നത്, അതിലൂടെ വിജയം ഉണ്ടാകുന്നത്, ഒരു സംവിധായകന്‍ വിജയിയാകുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

തിരക്കഥയില്‍ ശ്രദ്ധിക്കേണ്ടത്

എന്തു പഠിച്ചു, എങ്ങനെയായിരിക്കണം ഒരു തിരക്കഥ എന്നത് ഇത്രയും വര്‍ഷത്തെ എന്റെ അനുഭവത്തിലൂടെയാണ് ഞാന്‍ പറയുന്നത്. ഓരോരുത്തരുടേയും തിരക്കഥയെ കുറിച്ചുളള ചിന്ത എങ്ങനെയായിരിക്കണം കഥ പറയേണ്ടത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. നാടകവും സിനിമയും ആയിട്ടുളള വ്യത്യാസമെന്താണെന്നുവെച്ചാല്‍ ഒന്നു നാം പറഞ്ഞുകൊടുക്കണം. മറ്റേത് നമ്മള്‍ കാണിച്ചുകൊടുക്കണം. സിനിമയില്‍ ക്ലോസപ്പ് ഉണ്ട്. നിശബ്ദതയെല്ലാം ചെയ്യാന്‍ കഴിയും. പക്ഷേ, നാടകത്തില്‍ അത് സാധിക്കില്ല. ആ വികാരം പറഞ്ഞുതന്നെ ഫലിപ്പിക്കണം.

കോമഡി സിനിമകള്‍ എടുത്തിട്ടുണ്ട്, പ്രണയ സിനിമകള്‍ എടുത്തിട്ടുണ്ട്, കാലാപാനി പോലുളള ചരിത്ര സിനിമകള്‍ എടുത്തിട്ടുണ്ട്, കാഞ്ചീവരം പോലുളള ആര്‍ട്ട്ഹൗസ് സിനിമ എന്നുപറയുന്ന സിനിമ എടുത്തിട്ടുണ്ട്. സിനിമ എന്നു പറയുമ്പോള്‍ ഏറ്റവും വലുത് എങ്ങനെയെടുക്കാം എന്നുളളതല്ല. അതെങ്ങനെ എഴുതാം എന്നുളളതാണ്. അതിനകത്ത് ഞാന്‍ എന്റേതായിട്ടുളള ഒരു സിദ്ധാന്തം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരുടേയും മനസ്സില്‍ ഒരു സിനിമ ഉണ്ടായിരിക്കും. അത് കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് ആദ്യത്തെ പത്തു മിനിട്ടിനുള്ളില്‍ ഇന്‍ഫര്‍മേഷന്‍ പറഞ്ഞുതീര്‍ക്കണം. എന്ത് അന്തരീക്ഷത്തിലാണ് ഇത് നടക്കുന്നത്, കഥാപാത്രങ്ങളുടെ പശ്ചാത്തലം എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത്. കഥ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കഥയുടെ മുന്നോട്ടുളള യാത്രയല്ലാതെ മറ്റൊന്നും ആള്‍ക്കാര്‍ക്ക് കേള്‍ക്കാന്‍ താല്പര്യമുണ്ടായിരിക്കില്ല. അത് ഏതു തരത്തിലുളള സിനിമയുമായിരിക്കട്ടേ.. ആര്‍ട്ട് സിനിമയായാലും കമേഷ്യല്‍ സിനിമയായാലുംകോമഡി ആയാലും ആക്ഷന്‍ സിനിമ ആയാലും ശരി.

ഒരോ പടവും എഴുതി അത് വിജയിക്കുമ്പോള്‍ ഞാന്‍ കരുതും, എങ്ങനെയാണ് തിരക്കഥയെഴുതേണ്ടതെന്ന് എനിക്ക് മനസ്സിലായെന്ന്. പക്ഷേ, ആ അഹങ്കാരം അടുത്ത സിനിമയോടെ തീരും. കാരണം, അടുത്തത് പൊട്ടും. ഇത് ഞാന്‍ അനുഭവിച്ചിട്ടുളളത് കൊണ്ട് ഓരോ തവണയും തിരക്കഥ എഴുതുമ്പോള്‍ ടെന്‍ഷനാണ്‌. മറ്റുളളവരുടെ സ്‌റ്റൈല്‍ എങ്ങനെയാണ് എന്നൊക്കെ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. മൂന്ന് എഴുത്തുകാരെയാണ് തിരക്കഥയില്‍ ഞാന്‍ പിന്തുടരുന്നത്. ഒന്ന്, എം.ടി. വാസുദേവന്‍ നായര്‍. അദ്ദേഹം പറയുന്ന പ്രധാനപ്പെട്ട കാര്യം വാക്കുകള്‍ക്കിടയ്ക്ക് ഒരോ സീനും മുമ്പോട്ടുപോകുമ്പോള്‍ ഒരു സീന്‍ അടുത്ത സീനിന് എന്തെങ്കിലും സംഭാവന ചെയ്യുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ആ സീന്‍? അത് നമുക്ക് ആവശ്യമില്ല. രണ്ടാമത്തെ കാര്യം വാചകങ്ങള്‍ എഴുതുമ്പോള്‍, കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ അതിനിടയിലുളള, വാക്കുകള്‍ക്കിടയില്‍ ഉണ്ടാവുന്ന നിശബ്ദത അര്‍ഥഗര്‍ഭമാവുന്നുണ്ടെങ്കില്‍ അത് സിനിമയില്‍ മനോഹരമായിരിക്കും. അവിടെയാണ് പറയാതെ പറയുക എന്ന സംഭവം ചെയ്യാന്‍ കഴിയുന്നത്.

മയ്യഴിപ്പുഴ തൊടാന്‍ ധൈര്യമില്ല

ഞാന്‍ ആരുടെയും കീഴില്‍നിന്ന് സിനിമ പഠിച്ചിട്ടില്ല. പക്ഷേ, ഒരുപാട് ഗുരുക്കന്മാരുണ്ട് കാരണം അവരെ കണ്ടാണ് ഞാന്‍ സിനിമ പഠിച്ചത്. അതുപോലെ എനിക്ക് പ്രിയപ്പെട്ട ഒരു ഡയറക്ടറുണ്ട്. അതിലൊരാളാണ് ഡേവിഡ് ലീന്‍. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും പത്തും പന്ത്രണ്ടും പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. സത്യന്‍ അന്തിക്കാട് പറയാറുളള ഒരു കാര്യമുണ്ട്. ഞങ്ങളുടെ സിനിമ എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നമ്മുടെ സിനിമ എന്നേ പറയാന്‍ കഴിയൂ. കാരണം സിനിമയ്ക്ക് അകത്ത് സംവിധായകന്‍ ഒരു ക്യാപ്റ്റന്‍ ആണെന്നേ ഉളളൂ. മറ്റു പലരുടെയും സംഭാവനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവരില്ലാതെ നമുക്ക് സിനിമ ചെയ്യാന്‍ കഴിയില്ല. നമ്മുടെ സിനിമ എന്നേ പറയാന്‍ കഴിയൂ. എന്റെ സിനിമ എന്ന് ആര്‍ക്കും ഒരിക്കലും പറയാന്‍ സാധിക്കില്ല. അതുതന്നെയാണ് ഡേവിഡ് ലീന്‍, റോബര്‍ട്ട് ബോള്‍ട്ട്, ഫ്രെഡ്ഡി യങ് എന്നിവരുടെ കൂട്ടായ്മ പറഞ്ഞുതരുന്നത്. ഇവരില്‍ ഒരാള്‍ സംവിധായകനും മറ്റെയാള്‍ തിരക്കഥാകൃത്തും ഒരാള്‍ ക്യാമറാമാനുമാണ്. ഇവര്‍ കൂടുതലും ചെയ്തിട്ടുളളത് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേകളാണ്. നോവലുകള്‍.

മൂന്നു കാലഘട്ടം കാണിക്കുന്ന റഷ്യന്‍ വിപ്ലവത്തെ കുറിച്ചുളള ഡോക്ടര്‍ ഷിവാഗോ എന്ന സിനിമ അവര്‍ ചെയ്യുമ്പോള്‍ ഡേവിഡ് ലീന്‍ തിരക്കഥാകൃത്തിനോട് പറഞ്ഞ ഒരു കാര്യമുണ്ട്. 'ദയവുചെയ്ത് എന്റെ കണ്ണിനകത്ത് കയറിയിരുന്ന് തിരക്കഥ എഴുതരുത്. കാലഘട്ടം ദൃശ്യവത്ക്കരിക്കുന്നത് ഞാന്‍ എഴുതിക്കൊളളാം. നിങ്ങള്‍ എന്താണ് സിനിമയില്‍ സംഭവിക്കുന്നത് എന്നുമാത്രം എഴുതിയാല്‍ മതി. ആദ്യമായിട്ടാണ് ബോള്‍ട്ടിനോട് ലീന്‍ ഇങ്ങനെ പറയുന്നത്. മൂന്നു ദിവസം കഴിഞ്ഞിട്ട് ബോള്‍ട്ട് പറഞ്ഞു. 'ഞാന്‍ ഈ സിനിമ എഴുതില്ല, കാര്യം എനിക്ക് ഈ സിനിമ നടക്കുന്ന പശ്ചാത്തലം എഴുതിയേ പറ്റൂ. ഇല്ലെങ്കില്‍ എന്റെ കഥാപാത്രങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് എനിക്ക് മനസ്സിലാകില്ല.' അവസാനം അവര്‍ അനുരഞ്ജനത്തില്‍ എത്തി. 'ബോള്‍ട്ട്, നിങ്ങള്‍ എഴുതിക്കൊളളൂ. പക്ഷേ, സിനിമ കാണുമ്പോള്‍ നിങ്ങള്‍ കണ്ട പോലെയല്ല ഞാന്‍ എടുത്തതെന്ന് പറയരുത് കാരണം അത് എന്റെ കലയാണ്. അതുകൊണ്ട് നിങ്ങള്‍ എന്നെ സ്വാധീനിക്കാതിരിക്കാനാണ് അന്തരീക്ഷവും കഥാപാത്രങ്ങളുടെ നീക്കങ്ങളും എഴുതരുത് എന്ന് പറയുന്നത്.' ഈ അഡാപ്‌റ്റേഷന്‍ സ്‌ക്രീന്‍പ്ലേ ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്ക് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എടുത്താല്‍ കൊളളാമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തൊടാന്‍ പേടിയാണ്. കാരണം നൂറു ശതമാനമാണ് ചീത്തപ്പേര്. ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍, നമ്മള്‍ വായിച്ച് വായിച്ച് ആഴത്തില്‍ മനസ്സില്‍ ഇറങ്ങിയിരിക്കുന്ന ഒരു പുസ്തകം സിനിമയാക്കുമ്പോള്‍ അത്രയേറെയാണ് അതിന്റെ വെല്ലുവിളി. പക്ഷേ, അതില്‍ വളരെയധികം വിജയിച്ചിട്ടുളള സംവിധായകരുണ്ട്. തിരക്കഥ എഴുതാന്‍ താല്പര്യമുളള ആരും ഞാന്‍ ഈ രണ്ടുപേരെ ശ്രദ്ധിച്ചിരിക്കണം എന്നാണ് എന്റെ അഉഭിപ്രായം

ഓസ്‌കര്‍ ലഭിച്ചിട്ടുളള ബ്രേവ് ഹാര്‍ട്ട് എന്നൊരു സിനിമയുണ്ട്. ബ്ലൈന്‍ഡ് ഹാരി എന്നൊരാളുടെ പന്തീരായിരം വരികളുളള ഒരു കവിതയാണ്‌ സിനിമ ആക്കുന്നത്. വാലെസ് എന്നുപറഞ്ഞ സ്‌കോട്ടിഷ് വിപ്ലവകാരിയെ കുറിച്ചെഴുതിയത്. നമ്മുടെ നാട്ടിലും അത്തരം സിനിമകള്‍ ചെയ്തിട്ടുണ്ട്‌. തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയും ശരിക്കുപറഞ്ഞാല്‍ വടക്കന്‍പാട്ടുകളല്ലേ. അവിടെനിന്നുളള അഡാപ്‌റ്റേഷന്‍ ആണത്. കവിത എങ്ങനെ സിനിമയാക്കി മാറ്റിയെന്നത് സംബന്ധിച്ച് 'ബ്രേവ്ഹാര്‍ട്ടി'ന്റെ തിരക്കഥ തയ്യാറാക്കിയതിനെ കുറിച്ചുളള ഒരു പുസ്തകമുണ്ട്. അത് എല്ലാവര്‍ക്കും ഞാന്‍ നിര്‍ദേശിക്കുകയാണ്. വായിക്കണം.

ഇന്നും എനിക്കറിയില്ല എങ്ങനെയാണ് കാണികളെ ആകര്‍ഷിക്കുന്ന ഒരു തിരക്കഥ എഴുതുകയെന്ന കാര്യം. ആ ഒരു പ്രൊസസ് ദിവസവും പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും മനസ്സില്‍ ഒരു കഥയുണ്ട് അതിന്റെ രസച്ചരട് വിട്ടുപോകാതെ എങ്ങനെ പറഞ്ഞുപോകണം എന്ന് എഴുതിത്തീര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു വിജയകരമായ തിരക്കഥ ആയിരിക്കും. അതാണ് അതിന്റെ വിജയഫോര്‍മുല. എങ്ങനെയാണ് ഒരു തിരക്കഥ എഴുതേണ്ടത് എന്ന് പറയാന്‍ എനിക്ക് അര്‍ഹതയുമില്ല. അധികാരവുമില്ല. പല പ്രാവശ്യം വിജയിച്ചിട്ടുണ്ട്, പരാജയപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഒരു സിനിമയുടെ തിരക്കഥയും മറ്റൊരു കഥയുടെ തിരക്കഥയും താരതമ്യം ചെയ്യുമ്പോള്‍ ഇത് എന്തുകൊണ്ട് ഫലപ്രദമായില്ലെന്ന് എനിക്ക് ഇന്നുവരെ അവലോകനം ചെയ്യാന്‍ പറ്റിയിട്ടില്ല. നമ്മുടെ മനസ്സില്‍ കാണുന്നത് നമ്മുടെ കാണികള്‍ക്ക് അതേ വേവ്‌ലെങ്ത്തില്‍ വരുന്ന സമയത്ത് മാത്രമേ ആ സിനിമ വിജയിക്കൂ. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും ലോകത്തില്ല. കുറച്ചധികം പേര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ആ സിനിമ വിജയിച്ചു എന്നുപറയാം. അതു മാത്രമേ ഞാന്‍ വിശ്വസിക്കുന്നുളളൂ.

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്, അത് സഹിച്ചേ പറ്റൂ

പ്രേംനസീറിന്റെ കാലം മുതല്‍ തന്നെ സോഷ്യല്‍ മീഡിയ ഇവിടെയുണ്ട്. ചായക്കടകളിലും കലുങ്കുകളിലും ആയിരുന്നു. ഇന്ന് അത് കൂടുതല്‍ സ്ഥലത്ത് പരന്നു. അന്ന് ആ ചായക്കടയില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ കിട്ടുന്നത് ഒരു ചായയാണ്. ഇന്ന് അതല്ല. പലര്‍ക്കും സോഷ്യല്‍ മീഡിയ ഒരു ജീവിതമാര്‍ഗമാണ്. എക്‌സ്‌പോഷര്‍ കൂടുതല്‍ കിട്ടുന്നത്. എല്ലാ മനുഷ്യര്‍ക്കും അവരവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ട്. അതൊരിക്കലും നിഷേധിക്കാന്‍ പറ്റില്ല. പക്ഷേ, കുറച്ച് അന്തസ്സോടെ അത് ചെയ്താല്‍ നന്നായിരിക്കും എന്ന അഭിപ്രായം മാത്രമാണ് എനിക്കുളളത്. അഭിപ്രായങ്ങള്‍ നമ്മുടെ മാത്രം അഭിപ്രായങ്ങളാണ്. എന്റെ സിനിമ എന്നുപറഞ്ഞ് ഞാന്‍ ഒരു സിനിമ എടുക്കുമ്പോള്‍ എനിക്ക് പറയാന്‍ കഴിയില്ല എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന്. ഇഷ്ടപ്പെടാത്ത ആയിരങ്ങള്‍ ഉണ്ടാകാം. ആയിരങ്ങള്‍ക്കും അതെന്നെ അറിയിക്കാന്‍ അവകാശമുണ്ട്. പക്ഷേ, എടാ പോടാ, മറ്റത് മറിച്ചത് എന്ന് വിളിക്കാതെ അറിയിച്ചാല്‍ കൊളളാമായിരുന്നു. അത് നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണ്. പൊളിറ്റിക്കലായിട്ടുളള, മതപരമായ ആംഗിള്‍ എല്ലാം വരുമ്പോള്‍ ഇത് വൃത്തികേടാകുന്നു. അല്ലാതെ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അധികാരം ഉണ്ട്. നമ്മള്‍ അത് സഹിച്ചേ പറ്റൂ. കാര്യം അവര്‍ സിനിമ കാണുന്നത് കൊണ്ടാണ്.

എന്നെ സംബന്ധിച്ച് ഇതെന്റെ പ്രൊഫഷനാണ്, എന്റെ ജോലിയാണ്. ജോലിയില്‍ മുന്നോട്ടുപോയത്, ജീവിതമാര്‍ഗം മുന്നോട്ടുപോയത്. എന്റെ പ്രേക്ഷകര്‍ ഈ സിനിമ കണ്ടേ പറ്റൂ. അവന്റെ കാശ് പോയാല്‍ അവന്റെ സങ്കടം പറയുന്നതില്‍ എനിക്ക് യാതൊരുവിഷമവുമില്ല. അഭിപ്രായം തീര്‍ച്ചയായും പറയാം. കുറച്ച് അന്തസ്സോടെയാണെങ്കില്‍ നന്നായിരിക്കും എന്നുമാത്രം. ഒരു വിമര്‍ശനം എന്നുപറയുന്നത് നമ്മളെ ശരിയാക്കുന്നതിന് വേണ്ടി ചെയ്താല്‍ കൊള്ളാം. നമ്മളെ ആക്രമിക്കുന്നതിന് പകരം നിങ്ങള്‍ ഇങ്ങനെ അല്ലായിരുന്നു, ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് പറഞ്ഞാല്‍ നമ്മള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ നമ്മുടെ പ്രേക്ഷകന്‍ പറഞ്ഞു മനസ്സിലാക്കി തരുന്നത് കേള്‍ക്കാന്‍ നല്ല സുഖമാണ്. അതായിരിക്കണം വിമർശനം എന്നാണ് എന്റെ അഭിപ്രായം. അല്ലാതെ സോഷ്യല്‍ മീഡിയയോട് എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല. കാലം മാറുന്നതിന് അനുസരിച്ച്, സിനിമ മാറുന്നതിന് അനുസരിച്ച് മനുഷ്യരും മാറുന്നുണ്ടല്ലോ. ആ മാറ്റങ്ങളുടെ ഇടയില്‍ കൂടി മാത്രമേ മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി ആയാലും പ്രിയദര്‍ശന്‍ ആയാലും സിനിമയില്‍ സഞ്ചരിക്കാന്‍ പറ്റുളളൂ. പിന്നെ ഇന്നത്തെ ജനറേഷന്‍ നമ്മളേക്കാളും നല്ല സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആ ഒരു കോംപ്ലക്‌സോടുകൂടിയാണ് ഞങ്ങളില്‍ പലരും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്.

പ്രിയന്‍ സിനിമകളില്‍ തിരക്കഥകള്‍ക്കുളള പങ്ക്

ഞാന്‍ രണ്ടു സിനിമ മാത്രമേ മുഴുവനായിട്ട് തിരക്കഥ എഴുതിയിട്ട് സിനിമ ചെയ്തിട്ടുളളൂ. ഒന്ന് പൂച്ചക്കൊരു മൂക്കുത്തിയും രണ്ടാമത്തേത് തേന്മാവിന്‍ കൊമ്പത്തും. സിനിമയെ കുറിച്ച് വ്യക്തമായ ഒരു ധാരണ ആദ്യമേ ഉണ്ടാക്കും. ഇവിടെനിന്ന് തുടങ്ങുന്നു ഇവിടേക്ക് അത് എത്തിക്കുന്നു. നിങ്ങള്‍ രസിച്ചിട്ടുളള എന്റെ സിനിമകളില്‍ എന്നേക്കാള്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് എന്റെ അഭിനേതാക്കളാണ്. ഇന്നും 'കിലുക്ക'ത്തിന്റെ തിരക്കഥയ്ക്ക് ഒരു മാറ്റമില്ല. പക്ഷേ ജഗതിയില്ല, സിനിമ ചെയ്യാന്‍ പറ്റില്ല. പപ്പുവേട്ടനില്ല സിനിമ ചെയ്യാന്‍ പറ്റില്ല. നെടുമുടി വേണുച്ചേട്ടന്‍.. അങ്ങനെയുളള ഒരുപാട്‌ പേര്‍ നമ്മുടെ സിനിമയില്‍ ഉണ്ടായിരുന്നു. സീന്‍ വ്യക്തമായി എഴുതിവെച്ചാലും അവരുടേതായ സംഭാവനകള്‍ ആ സീക്വന്‍സുകളെ ഭയങ്കരമായിട്ട് പൊലിപ്പിക്കുന്നുണ്ട്, അത് ഒരു പ്രചോദനമാവുകയും അത് അടുത്ത സീന്‍ അതിനേക്കാളും മനോഹരമാക്കാനൊരു ശ്രമം നടത്തുകയും ചെയ്യും.

ഒരു സ്റ്റോറി ബോര്‍ഡ് സിനിമയല്ല.. മനസ്സില്‍ ഒരു സിനിമ ഉണ്ടാകും. അത് വളരുകയാണ് എടുത്തുകൊണ്ടിരിക്കുംതോറും. ഞാന്‍ എഴുത്തുകാരന്‍ അല്ല. നിവൃത്തികേടുകൊണ്ട് എഴുതിത്തുടങ്ങിയതാണ്. അന്നെല്ലാം എനിക്ക് വലിയ അസൂയ തോന്നുന്നത് ഐ.വി. ശശിയോടും ജോഷിയേട്ടനോടും ആണ്. കാരണം അവര്‍ക്ക് എഴുതിക്കൊടുക്കാന്‍ ഒരാളുണ്ട്. എനിക്ക് എഴുതി തരാന്‍ ആരുമില്ലല്ലോ. പിന്നീട് തീര്‍ച്ചയായും ശ്രീനിവാസനും ദാമോദരന്‍ മാഷും എത്തി. ഈ രണ്ടു പേരും പലതരം സിനിമകള്‍ ചെയ്യും. ദാമോദരന്‍ മാഷിന് നല്ല രാഷ്ട്രീയജ്ഞാനമുണ്ട്. അദ്ദേഹം എഴുതിയ രാഷ്ട്രീയമാണ് എന്റെ സിനിമയില്‍ വന്നിട്ടുളളത്. അല്ലാതെ എനിക്ക് പൊളിറ്റിക്‌സിനെ കുറിച്ച് വലിയ ബോധമുണ്ടായിട്ടല്ല. അദ്ദേഹം ചെയ്തുതന്ന കഥയെ വ്യക്തമായിട്ട് സിനിമയില്‍ കൂടി പറഞ്ഞു മനസ്സിലാക്കുക. അതാണ് എന്റെ ജോലി. ആര്യന്‍, അദ്വൈതം പോലുളള സിനിമകള്‍ ഉണ്ടാകാനുളള കാരണം അതാണ്. അദ്ദേഹത്തിന്റെ ചിന്ത എന്റെ ക്യാമറയിലൂടെ സിനിമയായി മാറി എന്നേ ഉള്ളൂ.

അതേസമയം, ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് ആക്ഷേപഹാസ്യം ഭയങ്കരമായി വഴങ്ങുന്ന ഒരാളാണ്. അയാള്‍ എന്തിലും ഹ്യൂമര്‍ കണ്ടെത്തും. 'വെള്ളാനകളുടെ നാട്' ശരിക്കുപറഞ്ഞാല്‍ അഴിമതി തുറന്നുകാണിക്കുന്ന ഒരു സിനിമയാണ്. പക്ഷേ; അതിനകത്ത് ഹ്യൂമര്‍ കൊണ്ടുവരിക എന്നുപറഞ്ഞാല്‍ അത് വല്ലാത്ത കഴിവാണ്. ഓരോ സിനിമയും എടുക്കുമ്പോള്‍ അതെങ്ങനെ ആളുകളെടുക്കും എന്ന ഭയം ഫിലിംമേക്കറിലുണ്ടാകും. ഒരു സിനിമയെടുക്കുമ്പോള്‍ നാം മുന്‍കൂട്ടി കാണുന്ന ഒരുകൂട്ടം കാണികളുണ്ട്. ഈ സിനിമ ഇങ്ങനെയുളള ആസ്വാദകര്‍ക്ക് വേണ്ടിയിട്ടാണ് എന്ന്. 'കാഞ്ചീവരം' എടുക്കുമ്പോള്‍ എനിക്കറിയാം ഇതെന്റെ 'കിലുക്ക'വും 'തേന്മാവിന്‍ കൊമ്പത്തും' കാണാന്‍ വരുന്നവര്‍ക്ക് വേണ്ടിയുളള സിനിമയല്ല. അതുകൊണ്ട് ഇത് ഏതുതരം ആസ്വാദകര്‍ക്ക് വേണ്ടിയാണ് എടുക്കുന്നത് എന്ന് മനസ്സില്‍ ബോധ്യമുണ്ടായാല്‍ കുറച്ചുകൂടി വ്യക്തത വരും.

മണിച്ചിത്രത്താഴ് പോലുളള സിനിമകളുടെ റീമേക്കുകള്‍ പരാജയപ്പെടുന്നതിന് കാരണം

മോഹന്‍ലാല്‍ ആകാന്‍ പറ്റില്ല അക്ഷയ് കുമാറിന്. അക്ഷയ് കുമാറിന് അദ്ദേഹത്തിന്റെതായ പരിധികളുണ്ട്. അതിനുളളില്‍ മാത്രം നിന്നുകൊണ്ട് അദ്ദേഹത്തിന് ആകാന്‍ പറ്റില്ല. നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നുവെച്ചാല്‍ 'മണിച്ചിത്രത്താഴ്' സിനിമ കാണാത്ത ഒരു വലിയ വിഭാഗത്തിന്റെ മുന്നിലേക്കാണ് ഈ സിനിമ വെക്കുന്നത്. ഇന്ത്യയിലെ റീമേക്ക് സിനിമകളെല്ലാം പരാജയമാണ്. സന്മനസ്സുളളവര്‍ക്കുളള സമാധാനം എന്ന സിനിമ അവിടെ ചെയ്തു, ഓടിയില്ല. അതിനു ശേഷമാണ് എനിക്ക് മനസ്സിലായത് നമ്മുടെ സംസ്‌കാരത്തിനും അവരുടെ സംസ്‌കാരത്തിനും വ്യത്യാസമുണ്ട്. സിനിമ ഒരു ഭാഷയില്‍നിന്ന് മറ്റൊരു ഭാഷയിലേക്ക് അവതരിപ്പിക്കുമ്പോള്‍ അവരുടെ സിനിമയാണ് എന്ന് തോന്നണം. വേഷവിധാനത്തിലും ആചാരങ്ങളിലും കഥാപാത്രങ്ങളും സ്വഭാവത്തിലും അത് പ്രതിഫലിക്കണം. ഹിന്ദിയില്‍ മഞ്ജുളിക എന്നുപറയുന്നത് നമ്മുടെ നാഗവല്ലിയാണ്. മഞ്ജുളിക സംസാരിക്കുന്നത് ബംഗാളിയാണ്. തമിഴില്‍നിന്നുളള കുട്ടിയാണ് എന്നുപറഞ്ഞാല്‍ അവിടെ ഉളള പ്രേക്ഷകര്‍ അത് സ്വീകരിക്കില്ല. അവര്‍ക്ക് ഇത് ഉത്തരേന്ത്യയില്‍ തന്നെ സംഭവിച്ച കഥയായിട്ട് തോന്നണം. മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമ വേറെ ഏതൊരുഭാഷയില്‍ ഇറങ്ങിയാലും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെടില്ല. അതിന് നല്ല ഉദാഹരണമാണ് ദൃശ്യം. നമുക്ക് നമ്മുടെ ദൃശ്യമേ ഇഷ്ടപ്പെടൂ. ഒറിജിനല്‍ എന്നും ഒറിജിനല്‍ തന്നെയാണ്.

എഡിറ്റിങ് ടേബിളില്‍ കൊല്ലപ്പെടുന്ന കഥാപാത്രങ്ങള്‍

ചിത്രം എന്ന സിനിമയില്‍ ഇന്നസെന്റ് എന്നുപറഞ്ഞ ആളെ പലരും കണ്ടിട്ടില്ല. അദ്ദേഹം ഒരു സീനില്‍ ഉണ്ട് ഇപ്പോഴും. അദ്ദേഹത്തിന്റേത് ഒരു മുഴുനീള കഥാപാത്രമായിരുന്നു. അത് എഡിറ്റ് ചെയ്തുകളഞ്ഞു. അതുപോലെ 'കിലുക്ക'ത്തില്‍ ജഗദീഷിന് ഒരുപാട് സീനുകള്‍ ഉണ്ടായിരുന്നു. 'കുമാരസംഭവം' പോലുളള വലിയ സിനിമകള്‍ എഡിറ്റ് ചെയ്ത എന്റെ ഗുരുനാഥന്‍ കൂടിയായ അമ്പിസാറാണ് എഡിറ്റര്‍. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു നാളെ രാവിലെ ഈ സിനിമ ഞാന്‍ ഒന്നുകൂടി കാണിക്കാം. ഒരു ക്യാരക്ടര്‍ വെട്ടിക്കളയുകയാണ് എന്ന് പറഞ്ഞു. ജഗദീഷ് കുറേദിവസം വന്ന് മിനക്കെട്ട് അഭിനയിച്ചതാണ്. അതുകൊണ്ട് എനിക്ക് നല്ല വിഷമമുണ്ടായിരുന്നു. പക്ഷേ; അതിന് മുമ്പ് ഒരു അനുഭവം 'ചിത്ര'ത്തില്‍ ഉണ്ടായിരുന്നു. ഇന്നസെന്റിന്റെ കഥാപാത്രം ഇദ്ദേഹം വെട്ടിക്കളഞ്ഞു കാണിച്ചുതന്നപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചു. അങ്ങനെ എഡിറ്റ് ചെയ്ത് മാറ്റിയപ്പോള്‍ അതിന്റെ ഫ്‌ളോ കുറച്ച് നന്നായി. ഇപ്പോള്‍ കണ്ടുരസിക്കുന്ന സുഖം ഹ്യൂമറിന് വേണ്ടി മാത്രമുള്ള ഒരു കഥാപാത്രം വന്നുപോകുമ്പോള്‍ നഷ്ടപ്പെട്ടേക്കാം. എഡിറ്റര്‍ എന്നുപറയുന്നത് നമ്മുടെ വലതുകൈയാണ്. പ്രൊഡക്ഷന്‍ ഡിസൈനറും എഡിറ്ററും നമ്മുടെ ഇടതു-വലതുകൈകളാണ്. അതാണ് ഞാന്‍ പറഞ്ഞത് പലരുടെയും സംഭാവനകളാണ് സിനിമ എന്നുപറയുന്നത്.

ചിത്രം, വന്ദനം പോലുളള സിനിമകളുടെ ക്ലൈമാക്‌സുകള്‍

ചില പ്ലോട്ടുകള്‍ എല്ലായ്‌പ്പോഴും വര്‍ക്കൗട്ടാകും. ഒന്ന്, അച്ഛനും മകനുമായിട്ടുളള പ്രശ്‌നങ്ങള്‍. അതുപോലെ ഒന്നാണ് രക്ഷിക്കപ്പെടാന്‍ പറ്റാതെ കാന്‍സര്‍ വന്ന് മരിക്കുന്നത്.. ഒരുപാട് സിനിമകള്‍ ഉണ്ട്.. മദനോത്സവം തൊട്ട്. മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് നിവൃത്തിയില്ലാതെ പിരിഞ്ഞുപോകേണ്ടി വന്നാല്‍ അത് ഭയങ്കര വേദനയുണ്ടാക്കുന്ന ഒന്നാണ്. അങ്ങനെയാണ് ചിത്രം എന്ന പുളുക്കഥയുണ്ടാക്കുന്നത്. അത് ഒരിക്കലും സംഭവിക്കാത്ത ഒരു കഥയാണ്. നെടുമുടി വേണുച്ചേട്ടന്‍ എന്നോട് പറയുന്ന കാര്യമുണ്ട്. നിന്റെ കഥകളെല്ലാം പുളുക്കഥകളാണ്. ഒരു സ്ഥലത്തും ഇതൊന്നും സംഭവിക്കില്ല. പക്ഷേ അത് പറഞ്ഞ് വിശ്വസിപ്പിക്കുക എന്നുളളതാണ്.

അതിന് ഏറ്റവും നല്ല ഉദാഹരണമാണ് 'തേന്മാവിന്‍ കൊമ്പത്ത്'. അങ്ങനെ ഒരു നാടുമില്ല, ആള്‍ക്കാരുമില്ല. സംഭവവുമില്ല. ഇത് പറഞ്ഞ് വിശ്വസിപ്പിക്കണം. ഫിലിം മേക്കിങ് എന്നുപറഞ്ഞാല്‍ പൂര്‍ണമമായും മേക്ക് ബിലീഫ് ആണ്. ചിന്തിക്കാന്‍ സമയം കൊടുക്കാതെ ആസ്വാദകരെ ഇതിലേക്ക് കൊണ്ടുവരിക എന്നുളളതാണ്. കോമഡി സിനിമകള്‍ അല്ലാതെ അതിപ്പോള്‍ 'ആര്യനാ'യാലും 'അദ്വൈതം' ആയാലും എന്റെ നായകന്‍ ഒരു പരാജിതനാണ്. മനഃപൂര്‍വം ഉദ്ദേശിച്ച് ചെയ്യുന്നതല്ല. സംഭവിച്ചുപോകുന്നതാണ്.

വെബ്‌സീരീസും ഒടിടിയും തീയേറ്ററും

'കുഞ്ഞാലി മരയ്ക്കാര്‍' എടുത്ത് ഒരു വഴിക്കായി ഇരിക്കുകയാണ്. അതുകൊണ്ട് വെബ് സീരീസിനെ കുറിച്ച് ആലോചിക്കുന്നില്ല. സിനിമ പ്രൊഡ്യൂസറുടെ ഏറ്റവും വലിയ വരുമാനമാണ് ഡിജിറ്റല്‍ വരുമാനം. കോവിഡ് സമയത്ത് ആളുകള്‍ അങ്ങനെ സിനിമകള്‍ കച്ചവടമാക്കി മാറ്റി. പരീക്ഷണം ചെയ്തുതീര്‍ക്കുക എന്നതിലേക്ക് വന്നപ്പോള്‍ കണ്ടന്റിന്റെ വാല്യൂ പോയി. തിയേറ്ററില്‍ വരാത്ത സിനിമ ഒ.ടി.ടിയില്‍ വാങ്ങില്ലെന്ന് പ്രൈമും ഹോട്ട്‌സ്റ്റാറും നെറ്റ്ഫ്‌ളിക്‌സും നിലപാട് എടുത്തിട്ടുണ്ട്. എന്റെ ചിത്രത്തിന്റെ റെഗുലര്‍ഷോ റെക്കോഡ് ഇനി തകരില്ല, 366 ദിവസം. കാരണം 50 ദിവസം പോലും ഇപ്പോള്‍ സിനിമയ്ക്ക്‌ കളക്ടഷന്‍ ഇല്ല. പണ്ട് സിനിമ റിലീസ് ചെയ്തിരുന്നത് 18-20 ഇടങ്ങളിലാണ്. ഇന്നോ 200-250-300 തീയേറ്ററുകളിലാണ്. അപ്പോള്‍ ആളുകള്‍ ക്യൂ നില്‍ക്കാനില്ല, നേരെ കയറുന്നു, കാണുന്നു. അഞ്ചു ദിവസം കൊണ്ട് സിനിമ കണ്ടുതീരുന്നു. സിനിമ വിജയമാണെങ്കില്‍ നിര്‍മാതാവിന് അതുകൊണ്ട് ഗുണമുണ്ടാകും, മോശമാണെങ്കില്‍ ഒ.ടി.ടിയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് അത് ആശ്വാസമാകും.

സിനിമ കാണേണ്ടത് തിയേറ്ററില്‍ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. കാരണം ഇന്ത്യയില്‍ പൊതുവേയെടുത്താല്‍ ഒരു സാധാരണക്കാരന്റെ ഏറ്റവും ചെലവു കുറഞ്ഞ ഒരു ഔട്ടിങ് എന്താണ്. കുടുംബവുമായി പുറത്തുപോവുകയാണെങ്കില്‍ എവിടെ പോകും. ബീച്ചില്‍ പോയി ഇരിക്കാം അല്ലെങ്കില്‍ തിയേറ്ററില്‍ പോയി സിനിമ കാണാം. മൂന്നാമതൊരു വിനോദം ഇന്ത്യയിലെ സാധാരണക്കാരന് ഇല്ല. അതുകൊണ്ടാണ് സിനിമ ഇന്നും ഇന്ത്യയില്‍ ഇത്രയും കരുത്തോടെ അതിജീവിക്കുന്നത്. കൂട്ടുകാരുമായി പോയിരുന്ന് ഒരു സിനിമ കാണുന്നതിന്റെ സുഖം എന്തായാലും വീട്ടിലിരുന്ന് സിനിമ കണ്ടാല്‍ ലഭിക്കില്ല. പക്ഷേ 35-40 വയസ്സുകഴിഞ്ഞാല്‍ പിന്നെ വരട്ടേ ഇവിടെ ഇരുന്ന് കാണാം എന്ന് ചിന്തിക്കും. അതുകൊണ്ട് തീയേറ്റുകള്‍ ഒരു വിഭാഗം ഏജ്ഗ്രൂപ്പില്‍ പെട്ടവരുടെ ഇടമായി മാറിയിട്ടുണ്ട്. മറ്റുളളവര്‍ തിരഞ്ഞെടുക്കുന്നത് വരട്ടേ കാണാം. എന്ന അവസ്ഥയിലാണ്.

സന്ദര്‍ഭോചിതമായ തമാശകള്‍ വരുന്ന വഴി

ശ്രീനിവാസന്റെ സ്വാധീനം എനിക്കും ഉണ്ടായിട്ടുണ്ട്. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പാലം തകര്‍ന്ന് ബസ് പുഴയില്‍ വീണ് ആളുകള്‍ മരിക്കുകയെല്ലാം ചെയ്ത ശേഷം പാലം കെട്ടിയ കോണ്‍ട്രാക്ടര്‍മാര്‍ കൂടിയിരിക്കുന്ന ഒരു സീനുണ്ട്. അതില്‍ കരമന ജനാര്‍ദനന്‍ ചോദിക്കുന്നുണ്ട്. 'ബസ് ഓവര്‍ലോഡ് ആണെന്ന് പറഞ്ഞാലോ?' പിന്നെ അയാള്‍ സ്വയം പറയുന്നുണ്ട്. 'എന്ത് ആവശ്യമാണ് ഞായറാഴ്ച രാവിലെ വെളുപ്പിനെ ഇവന്മാര്‍ക്കെല്ലാം കൂടെ ഒരു ബസില്‍ കയറിപ്പോകേണ്ട കാര്യം.'ഒരു വിഷമകരമായ സാഹചര്യത്തില്‍ നെഗറ്റീവായിച്ചുളള ആളുകള്‍ സംസാരിക്കുന്നതാണ് സാഹചര്യം. അത് അങ്ങനെ ചിന്തിക്കാന്‍ ശ്രീനിക്കേ കഴിയൂ. ഞങ്ങള്‍ക്കാദ്യം ചിരിക്കാന്‍ തോന്നണം. എന്നാലേ മറ്റുളളവര്‍ ചിരിക്കൂ എന്ന് വിശ്വസിക്കാനാവൂ.


തയ്യാറാക്കിയത് - രമ്യ ഹരികുമാര്‍

Content Highlights: Director Priyadarshan talks about his cinema experiences, Kilukkam, Film Making

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


Meena Dhanush Fake marriage rumor bayilvan ranganathan revelation creates controversy

1 min

ധനുഷും മീനയും വിവാഹിതരാകുന്നുവെന്ന പരാമർശം; ബയല്‍വാന്‍ രംഗനാഥന് വ്യാപക വിമര്‍ശം

Mar 20, 2023

Most Commented