'ഈ സിനിമ എന്റെ അവസാന പോരാട്ടം'; 85-ാം വയസിൽ വീണ്ടും സംവിധായകവേഷമണിഞ്ഞ് കെ.പി. കുമാരൻ


സിറാജ് കാസിം

കെ.പി. കുമാരൻ 85-ാം വയസ്സിൽ വീണ്ടും സംവിധായകന്റെ കുപ്പായമണിയുമ്പോൾ, പ്രായത്തിന്റെ കണക്കിൽ അതൊരു വലിയ വിസ്മയംതന്നെയാണ്

കെ.പി. കുമാരൻ | ഫോട്ടോ: മാതൃഭൂമി

ബി.ടി.എച്ച്. ഹോട്ടലിലെ മുറിയിലേക്ക്‌ കയറിച്ചെല്ലുമ്പോൾ വെളുത്ത താടിരോമങ്ങളിൽ തഴുകിയിരിക്കുന്ന ഫ്രെയിമിലാണ് ആ മനുഷ്യൻ മുന്നിൽ തെളിഞ്ഞത്. “ഒരുപാടുനാളായി എന്റെ മനസ്സിലുള്ള സ്വപ്നവും ആഗ്രഹവുമാണ് കുമാരനാശാന്റെ ജീവിതം പകർത്തുന്ന സിനിമ. എന്റെ സിനിമാജീവിതത്തിന്റെ ക്ലൈമാക്സായിരിക്കും ഈ സ്വപ്നമെന്നുമറിയാം. എന്റെ ജീവിതത്തിലെ അവസാന പോരാട്ടമാണിത്...” ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ‘രുഗ്മിണി’യും ‘തോറ്റ’വും ‘അതിഥി’യും പോലെയുള്ള സിനിമകളുടെ സ്രഷ്ടാവായ കെ.പി. കുമാരൻ 85-ാം വയസ്സിൽ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന പുതിയ സിനിമയുമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ്.

കുമാരനാശാനും ജീവിതവും

മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ജീവിതം പറയുന്ന സിനിമയിലേക്കു വന്നത് ഒരു നിയോഗമായിരിക്കാമെന്നാണ് കുമാരൻ പറയുന്നത്. “കുമാരനാശാനെ മലയാളികൾ ഇപ്പോഴും പൂർണമായി മനസ്സിലാക്കിയിട്ടുണ്ടെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം എഴുതിയ കാവ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ആ ജീവിതം, കവിതയും സാമൂഹികസേവനവും സാംസ്കാരികവുമടക്കം അദ്ദേഹത്തിന്റെ ജീവിതത്തിന്‌ ഒട്ടേറെ തലങ്ങളുണ്ട്. 50 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ആശാൻ പക്ഷേ, അക്കാലംകൊണ്ട്‌ ചെയ്തുതീർത്തതും എഴുതിത്തീർത്തതും വലിയൊരു കടൽ തന്നെയായിരുന്നു.

ആശാന്റെ ജീവിതത്തിലെ നിർണായകഘട്ടത്തിൽ എഴുതിയ ഒരു കവിതയാണ് ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’. ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്നാണ് കുമാരനാശാനെ മുണ്ടശ്ശേരി വിശേഷിപ്പിച്ചത്. എന്നാൽ, അങ്ങനെയുള്ള ആശാനെ മലയാളികൾ എത്രമാത്രം അറിയുകയും ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ആശാനെ പരമാവധി അറിയാനും അത്‌ പ്രേക്ഷകരെ അറിയിക്കാനുമുള്ള ശ്രമമാണ് എന്റെ സിനിമ” -കുമാരൻ പറഞ്ഞു.

ജീവിതത്തിന്റെ സമ്പാദ്യം

കോവിഡ് പ്രതിസന്ധിക്കിടയിൽ ഒട്ടേറെ വിഷമഘട്ടങ്ങൾ പിന്നിട്ടാണ് പുതിയ സിനിമയുടെ വെല്ലുവിളികളുമായി യാത്ര തുടർന്നതെന്നും കുമാരൻ പറയുന്നു. “ഈ പ്രായത്തിൽ ഇങ്ങനെയൊരു സിനിമയുമായി വരുമ്പോൾ പ്രയാസങ്ങൾ സ്വാഭാവികമാണ്. വലിയൊരു ഇടവേളയ്ക്കുശേഷം സിനിമയെടുത്തപ്പോൾ സാമ്പത്തികം തന്നെയായിരുന്നു പ്രധാന പ്രശ്നം. ജീവിതത്തിലെ സമ്പാദ്യമെല്ലാം ചെലവഴിച്ചാണ് ഈ സിനിമ പൂർത്തിയാക്കിയത്. ഭാര്യ ശാന്തമ്മതന്നെയാണ് ഈ ചിത്രത്തിന്റെ നിർമാതാവ്. അവൾ തന്ന പിന്തുണയില്ലായിരുന്നെങ്കിൽ എന്റെ സ്വപ്നം പൂവണിയാതെപോയേനേ. കർണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ ശ്രീവത്സൻ ജെ. മേനോനാണ് കുമാരനാശാനായി വേഷമിട്ടത്. ഭാനുമതിയെ അവതരിപ്പിച്ചത് ഗാർഗി അനന്തനും ഗുരുവിനെ അവതരിപ്പിച്ചത് ബൈജുവും സഹോദരൻ അയ്യപ്പനെ അവതരിപ്പിച്ചത് രാഹുൽ രാജഗോപാലുമാണ്. പെരുമ്പളം ദ്വീപായിരുന്നു പ്രധാന ലൊക്കേഷൻ. പെരിയാറിന്റെ തീരം, അരുവിപ്പുറം എന്നിവിടങ്ങളിലും ചിത്രീകരിച്ചു” -കുമാരൻ സിനിമയുടെ പിറവിയെപ്പറ്റി പറഞ്ഞു.

തൃശ്ശൂരിലെ തണുത്ത കാറ്റ്

പിന്നിട്ട ജീവിതം കുമാരന്റെ ഓർമകളിലെ ഓരോ ഫ്രെയിമിലുമുണ്ട്. “കുട്ടിക്കാലത്തുതന്നെ എന്റെയുള്ളിൽ സിനിമാമോഹം കൂടുകൂട്ടിയിരുന്നുവെന്നതാണ് സത്യം. അതോടൊപ്പം, ഫുട്‌ബോളും സാഹിത്യവും എനിക്കേറെ ഇഷ്ടമായിരുന്നു.

ചെറുപ്പത്തിൽത്തന്നെ നാടും വീടും വിട്ട് യാത്രതുടങ്ങിയവനാണ് ഞാൻ. 19-ാം വയസ്സിൽ ഒരുദിവസം വെളുപ്പിന്‌ തൃശ്ശൂർ നഗരത്തിൽ വന്നിറങ്ങുമ്പോൾ വൃശ്ചികമാസത്തിലെ തണുത്ത കാറ്റുവന്നു പൊതിഞ്ഞത് ഇന്നും എനിക്കോർമയുണ്ട്. പിന്നെയും എത്രയോ സ്ഥലങ്ങളിൽ ഞാൻ അലഞ്ഞുനടന്നിട്ടുണ്ട്. സാഹിത്യവും സിനിമയും കൈകോർക്കുന്ന പാലങ്ങൾ കണ്ടപ്പോൾ അതിലൂടെ സഞ്ചരിക്കാൻ മനസ്സു കൊതിച്ചതാണ് എന്നെ സിനിമയിലെത്തിച്ചത്. ‘അതിഥി’ മുതൽ ‘ആകാശഗോപുരം’ വരെയുള്ള സിനിമകൾ പ്രേക്ഷകരുടെ മനസ്സിൽ എന്തെങ്കിലുമൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതാണ് എന്റെ ജീവിതത്തിന്റെയും അടയാളം” -കുമാരൻ പറഞ്ഞു.

അവസാനത്തെ പോരാട്ടത്തിൽ

ജീവിതസായാഹ്നത്തിൽ ഇങ്ങനെയൊരു സിനിമ ചെയ്യുമ്പോൾ പിന്നിട്ടകാലത്തെ പല മുറിവുകളും കുമാരന്റെ മനസ്സിൽ മായാതെയുണ്ട്. “എന്റെ സിനിമാജീവിതം ഒരിക്കലും പട്ടുവിരിച്ച പാതയിലൂടെയായിരുന്നില്ല. അർഹമായ അംഗീകാരങ്ങൾ നൽകാതെ പലരും എന്നെ തഴഞ്ഞിട്ടുണ്ട്. പക്ഷേ, സിനിമ എന്ന വഴിയിലൂടെയാണ് എന്റെ ജീവിതമെന്ന തിരിച്ചറിവിൽ അതൊക്കെ ഞാൻ വേദനയോടെ മറന്നത്‌. ഈ സിനിമ പൂർത്തിയാക്കാനും ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പൂർത്തിയായ സിനിമ തിയേറ്ററിലെത്താൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. സിനിമയുടെ പ്രദർശനത്തിനായി തിയേറ്ററുകൾ കിട്ടുന്നതും ഒട്ടും എളുപ്പമായിരുന്നില്ല.”

സംസാരത്തിനിടയിൽ അൽപ്പനേരം മൗനമായിരുന്നശേഷം കുമാരൻ പറഞ്ഞു: “എന്റെ ജീവിതം അവസാനിക്കാറായി, ഈ സിനിമ എന്റെ അവസാന പോരാട്ടമാണ്.”

Content Highlights: KP Kumaran, Gramavrikshathile Kuyil, KP Kumaran at 85


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented