2018-ന്റെ ചിത്രീകരണത്തിനിടെ ജൂഡ് ആന്തണി ജോസഫും കുഞ്ചാക്കോ ബോബനും | Photo: Special Arrangement
മലയാളിയുടെ പ്രളയകാലത്തെ ഒത്തൊരുമയുടെ കഥ പറയുന്ന '2018' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രളയകാലത്തെ മലയാളിയുടെ അതിജീവനകഥ ത്രില്ലര്‍ വഴിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ തുടങ്ങി വന്‍താരനിരയുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. കേരളത്തിന്റെ ഒത്തൊരുമ ലോകത്തിന് മുന്നില്‍ സിനിമയിലൂടെ അടയാളപ്പെടുത്തണമെന്ന ബോധ്യമാണ് ഈ സിനിമയുടെ പിറവിക്ക് കാരണമായതെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് പറയുന്നു.
പ്രളയത്തെ കുറിച്ച് സിനിമ ചെയ്യണമെന്ന തീരുമാനം എടുക്കാന്‍ കാരണം......?
എന്റെ വീട് നെടുമ്പാശ്ശേരിയ്ക്കടുത്ത അത്താണിയിലാണ്. 2018-ല്‍ പ്രളയത്തിന്റെ തുടക്കസമയത്ത് വീട്ടിലൊന്നും ഒരിക്കലും വെള്ളം കയറില്ലെന്ന് വിചാരിച്ചയാളാണ് ഞാന്‍. എന്നാല്‍, അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. കൈയില്‍ കിട്ടിയ സാധനങ്ങളൊക്കെ എടുത്ത് മഞ്ഞപ്രയിലുള്ള അനിയത്തിയുടെ വീട്ടിലേക്ക് പോകേണ്ടി വന്നു. ഫോണിന് റേഞ്ചില്ല, വൈദ്യുതിയില്ല, പത്രം വരുന്നില്ല. അങ്ങനെ ആകെ വിഷാദത്തിലേക്ക് വീണുപോയ ദിവസങ്ങളായിരുന്നു അത്. പ്രളയത്തിന് ശേഷം ബോധിനി എന്ന എന്‍.ജി.ഒയാണ് അതിനെ കുറിച്ചൊരു വീഡിയോ ചെയ്യാന്‍ ആദ്യമായി എന്നെ സമീപിച്ചത്.
പ്രളയം കാരണം സര്‍വതും നഷ്ടപ്പെട്ട് ജീവിതത്തില്‍ പ്രതീക്ഷയറ്റു പോയവരുണ്ട്. അവര്‍ക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ പ്രചോദനം നല്‍കുന്നൊരു വീഡിയോയായിരുന്നു ബോധിനിക്ക് വേണ്ടത്. അതിനായി ഞാന്‍ ഒരുപാട് റിസര്‍ച്ചുകള്‍ നടത്തി. പ്രളയ കാലത്തെ പത്ര-ടെലിവിഷന്‍ വാര്‍ത്തകള്‍, സര്‍ക്കാര്‍ രേഖകള്‍ എന്നിവയെല്ലാം പരിശോധിച്ചു. അപ്പോള്‍ അതിലൊരു ഉഗ്രന്‍ സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്ന് തോന്നി. ഞാന്‍ പ്രളയകാലത്ത് ഒന്നും ചെയ്യാതെ വീട്ടില്‍ കുത്തിയിരിക്കുകയായിരുന്നു. ഇത്രയും വലിയൊരു അതിജീവനം ഇവിടെ നടന്നിട്ട് അതില്‍ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധം തോന്നി. ജാതി, മത, രാഷ്ട്രീയ, ലിംഗ ഭേദമന്യേ മലയാളി ഒത്തൊരുമിച്ച് നടത്തിയ ആ അതിജീവനത്തിന്റെ കഥ അടയാളപ്പെടുത്തിവെക്കണം എന്ന ബോധ്യത്തിലാണ് സിനിമ ചെയ്യാം എന്ന തീരുമാനമെടുത്തത്. വലിയൊരു വെല്ലുവിളി നിറഞ്ഞ സിനിമയായിരിക്കും ഇത് എന്ന് ആദ്യമേ അറിയാമായിരുന്നു. എന്നാല്‍, ഈ വെല്ലുവിളി ഒരു മലയാളി എന്ന നിലയില്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്ന് തോന്നി.
വലിയ താരനിര, ഒരുപാട് പ്രതിസന്ധികള്‍...2018 പൂര്‍ത്തികരിക്കാനുള്ള യാത്ര എളുപ്പമായിരുന്നോ...?
വലിയൊരു താരനിരയെ വെച്ച് സിനിമ ചെയ്യാം എന്നൊരു തീരുമാനത്തിലൊന്നുമല്ല '2018' എന്ന സിനിമ ആരംഭിക്കുന്നത്. രണ്ടര മണിക്കൂറിനുള്ളില്‍ ഉള്‍ക്കൊള്ളിക്കാനാകുന്ന കേരളത്തിന്റെ പല ഭാഗത്ത് നടന്ന പത്ത് സംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമ അവതരിപ്പിക്കാം എന്നതായിരുന്നു ഐഡിയ. ഒരുപാട് കഥാപാത്രങ്ങള്‍ ഉള്ളത് കൊണ്ടുതന്നെ ഓരോ കഥാപാത്രവും ഓര്‍മിക്കപ്പെടണമെങ്കില്‍ ജനപ്രിയരായ അഭിനേതാക്കള്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, അജു വര്‍ഗീസ് തുടങ്ങിയ താരനിര സിനിമയുടെ ഭാഗമാകുന്നത്.
ആന്റോ ജോസഫ് എന്ന നിര്‍മാതാവിന്റെ ഇടപെടല്‍ തന്നെയാണ് ഈ താരങ്ങളെയെല്ലാം സിനിമയിലേക്ക് എത്തിച്ചത്. 120-ഓളം കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്, അവരെല്ലാം നമുക്കറിയുന്ന അഭിനേതാക്കള്‍ തന്നെയാണ്. എല്ലാവരും ഒരേ മനസ്സോടെ ഒന്നിച്ച് നിന്നത് കൊണ്ട് മാത്രം സാധ്യമായ സിനിമ ആണിത്. ഒരുപാട് രാത്രികളില്‍ കൃത്രിമ മഴ പെയ്യിച്ച് വെള്ളത്തില്‍ നിന്നാണ് മിക്കവാറും ഭാഗങ്ങള്‍ ചിത്രീകരിച്ചത്.
സിനിമയിലൊരു പ്രധാന കഥാപാത്രമായ വി.പി. ഖാലിദ് ഷൂട്ടിനിടയില്‍ മരണപ്പെട്ടു. കൊവിഡ് പ്രതിസന്ധി വന്നു. അങ്ങനെ പല പല പ്രതിസന്ധികള്‍, മൂന്നു വട്ടം സിനിമ നിര്‍ത്തിവെക്കേണ്ടി വന്നു. അപ്പോഴും എന്റെയൊരു വാശിയായിരുന്നു ഈ സിനിമ പൂര്‍ത്തിയാക്കണമെന്നത്. മലയാളിക്ക് പുതുമയുള്ളൊരു തിയേറ്റര്‍ എക്സ്പീരിയന്‍സായിരിക്കും '2018' സമ്മാനിക്കുക. കേരളത്തിന് അഭിമാനിക്കാവുന്ന സിനിമയായി ഇത് മാറുമെന്ന് എനിക്കുറപ്പുണ്ട്. ആദ്യദിനത്തിലെ മികച്ച പ്രതികരണങ്ങള്‍ എന്റെ പ്രതീക്ഷ ശരിവയ്ക്കുന്നുണ്ട്. അവധിക്കാലമായതിനാല്‍ എല്ലാവരും കുടുംബസമേതം തിയേറ്ററുകളിലെത്തി സിനിമ കാണുമെന്നാണ് വിചാരിക്കുന്നത്.
.jpg?$p=e580e72&&q=0.8)
പ്രളയകാരണങ്ങളെ കുറിച്ച് ഇപ്പോഴും പല വിവാദങ്ങളുണ്ട്, അവ സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ല.....?
പ്രളയത്തിന്റെ കാരണങ്ങളെയും വിവാദങ്ങളെയും കീറിമുറിച്ച് ഒരു പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള ശ്രമം സിനിമയില്‍ നടത്തിയിട്ടില്ല. മറിച്ച് പ്രളയത്തെ മലയാളി എങ്ങനെ അതിജീവിച്ചു എന്നതിനെ ദൃശ്യവത്കരിക്കാനാണ് ശ്രമിച്ചത്. നെഗറ്റീവ് ഉദ്ദേശ്യത്തോടെയല്ല പൂര്‍ണമായും പോസിറ്റീവ് രീതിയിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, ഇന്ത്യന്‍ ആര്‍മി, കേരള പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍, യുവജനസംഘടനകള്‍ തുടങ്ങി പ്രളയത്തെ അതിജീവിക്കാന്‍ മുന്നില്‍ നിന്ന എല്ലാ മനുഷ്യരെയും സിനിമയില്‍ ഉള്‍ക്കൊള്ളിക്കാനായിട്ടുണെന്നാണ് കരുതുന്നത്. സിനിമയാകുമ്പോള്‍ സമയത്തിന്റെ പരിമിതികളുണ്ട്, അതിനാല്‍ ആദ്യം എഴുതിയ പല കഥാപാത്രങ്ങളെയും ഒഴിവാക്കേണ്ടി വന്നു.
കഴിയുന്ന വിധം എല്ലാവരോടും നീതിപുലര്‍ത്തി എന്നാണ് വിശ്വാസം. പ്രകൃതിദുരന്തത്തെ ആസ്പദമാക്കി മറ്റൊരു ഇന്ത്യന്‍ ഭാഷയിലും ഒരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല. മലയാളത്തില്‍ നിന്നുള്ള ഈ ശ്രമത്തിനെ ഇന്ത്യന്‍ സിനിമ ലോകം കൈനീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ജൂഡിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്, ആദ്യദിന പ്രതികരണങ്ങള്‍ സന്തോഷിപ്പിക്കുന്നുണ്ടോ..?
റിലീസിന് തലേന്ന് വരെ വല്ലാത്തൊരു ടെന്‍ഷനിലായിരുന്നു. കാരണം എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. അതുപോലെ എല്ലാ മലയാളികളും നേരിട്ടനുഭവിച്ച പ്രകൃതി ദുരന്തത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനേക്കാള്‍ ടെന്‍ഷനിലായിരുന്നു. ആ ടെന്‍ഷന്‍ സോഷ്യല്‍മീഡിയയിലടക്കം ഞാന്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍, ആദ്യദിനം സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായം പറയുന്നു. മൗത്ത് പബ്ലിസ്റ്റിയിലൂടെ എല്ലാവരിലേക്കും ഈ അഭിപ്രായങ്ങള്‍ എത്തുമെന്നു തന്നെയാണ് പ്രതീക്ഷ. മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ പറ്റുന്ന വിജയമായി '2018' മാറുമെന്നു വിചാരിക്കുന്നു.
Content Highlights: director jude anthany joseph interview 2018 movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..