ജോഷി | ഫോട്ടോ: മധുരാജ് | മാതൃഭൂമി
ജനപ്രിയ സംവിധായകനായ ജോഷി തന്റെ സംഭാഷണം തുടരുകയാണ്. എം.ടി.യെക്കുറിച്ചും , പി.പദ്മരാജനെക്കുറിച്ചും നടൻ മധുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന ജോഷി ചില കാര്യങ്ങൾ തുറന്നു പറയുന്നു; ‘‘ഒരു സൂപ്പർ താരത്തിന്റെയും ഡേറ്റിന് വേണ്ടി ഞാൻ കാത്തുനിന്നിട്ടില്ല. എന്റെ സിനിമയുടെ ടൈറ്റിൽ കാർഡിൽ A Film By Joshy എന്നെഴുതില്ല.’’
ബോക്സോഫീസിൽ ചരിത്രമെഴുതിയ ഒട്ടേറെ സിനിമകൾ മലയാളത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാൻ താങ്കൾക്കുകഴിഞ്ഞു
എന്തുകൊണ്ടാണ് പിന്നീട് ബോളിവുഡിൽ ശ്രദ്ധിക്കാതെ പോയത് എന്നാണെങ്കിൽ, ഇവിടെ ഞാൻ നല്ല തിരക്കായിരുന്നു. നസീർ സാറും മധുസാറും സോമനും സുകുമാരനുമൊക്ക നിറഞ്ഞുനിൽക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. ആ സമയത്തുതന്നെയാണ് ഇതിഹാസത്തിന്റെയും ആരംഭത്തിന്റെയും റീമെയ്ക്കുകൾ ഹിന്ദിയിൽ ചെയ്തത്. അതോടെ ബോളിവുഡിൽ ധാരാളം അവസരങ്ങളുണ്ടായി. പക്ഷേ, അക്കാലത്ത് അവിടെ ഒരു പടം തീർക്കണമെങ്കിൽ ഒരുപാട് സമയം വേണം. ഒരു വർഷത്തിനപ്പുറമൊക്കെ ഷൂട്ടിങ് നീണ്ടു പോയെന്നുവരാം. ഇതിഹാസ് ഷൂട്ടിങ് തുടങ്ങി റിലീസ് ചെയ്യാൻ അഞ്ചുവർഷമെടുത്തു. ആ രീതിയുടെ പിറകെ പോവാനൊന്നും എനിക്കാകുമായിരുന്നില്ല. എങ്കിലും ഹിന്ദിയിൽ വർക്ക് ചെയ്തതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. അവിടത്തെ എക്സ്പീരിയൻസ് വേറെയാണ്. ദാതു കർമാകർ, ജാൽ മിസ്ട്രി, ബാബ അസ്മി തുടങ്ങിയ പ്രഗല്ഭരായ ക്യാമറാമാന്മാരോടൊപ്പമാണ് ഞാനവിടെ വർക്ക് ചെയ്തത്. അവരുടെ സ്നേഹവും എളിമയുമൊക്കെ മറക്കാനാവില്ല. ഹിന്ദിയിലെ അനുഭവപരിചയം അതുവരെ സ്വീകരിച്ച എന്റെ ശൈലിയെ വലിയരീതിയിൽ മാറ്റിത്തീർത്തു.
പദ്മരാജനോടൊപ്പം ഒരു ചിത്രത്തിലേ ഒന്നിക്കാൻ കഴിഞ്ഞുള്ളൂ. ആ അനുഭവം എങ്ങനെയായിരുന്നു?
അൻപതുവർഷത്തിനിടയിൽ ഞാൻ കണ്ട തിരക്കഥാകൃത്തുകളിൽ ജീനിയസ് എന്നുപറയാൻ പദ്മരാജൻ കഴിഞ്ഞേ മറ്റൊരാളുള്ളൂ. പദ്മരാജന്റെ വീട്ടിൽവെച്ചാണ് നിർമാതാവ് ഗാന്ധിമതി ബാലനും ഞാനും ‘ഈ തണുത്ത വെളുപ്പാൻ കാല’ത്തിന്റെ കഥ കേട്ടത്. തിരക്കഥ എഴുതിക്കഴിയുംവരെ പദ്മരാജനും ഞാനും തമ്മിൽ ഒരു കമ്യൂണിക്കേഷനും ഉണ്ടായിരുന്നില്ല. തിരക്കഥ പൂർത്തിയായപ്പോൾ ബാലൻ വിളിച്ചു പറഞ്ഞു: ‘കേൾക്കാൻ വരണം.’’ തിരുവനന്തപുരം ആകാശവാണിക്കടുത്ത് ഒരു ഫ്ളാറ്റിൽ ഇരുന്നായിരുന്നു വായന. ആദ്യപകുതി വായിച്ചു കേട്ടപ്പോൾത്തന്നെ വല്ലാത്തൊരനുഭവം. ഓരോ കഥാപാത്രത്തെയും മുന്നിൽക്കൊണ്ടുനിർത്തുന്നതുപോലെയാണ് വായന. അങ്ങനെയൊരു സ്ക്രിപ്റ്റ് വായന ഞാൻ വേറെ കേട്ടിട്ടില്ല. പകുതി വായിച്ചുകഴിഞ്ഞപ്പോൾ പദ്മരാജൻ പറഞ്ഞു: ‘‘ക്ഷമിക്കണം ജോഷി... ഒരു മിനിറ്റ്. ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചോട്ടെ.’’ എന്നെപ്പോലെ ഒരാളുടെ അടുത്ത് പദ്മരാജന് അങ്ങനെ ചോദിക്കേണ്ട കാര്യമില്ല. ആ പ്രതിഭയുടെ എളിമ ഞങ്ങൾ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. തിരക്കഥയുമായി വരുന്ന ഇവിടത്തെ ചില എഴുത്തുകാർ എന്തെല്ലാം പുകിലുകളാണ് കാണിക്കുന്നത്. അവരൊക്കെ പദ്മരാജനെ കണ്ടുപഠിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ പദ്മരാജനോട് പറഞ്ഞു: ‘‘ഷൂട്ടിങ്ങിന് മുമ്പായി എനിക്ക് ഇതുപോലെ ഒന്നുകൂടി വായിച്ചു കേൾക്കണം’’ ‘‘അതിനെന്താ’’ എന്നുമാത്രം മറുപടി പറഞ്ഞു. ഷൂട്ടിങ് സെറ്റിലേക്ക് ഒരുദിവസം പോലും പദ്മരാജൻ വന്നില്ല. സിനിമ റിലീസാകുമ്പോൾ ഞാൻ ഗന്ധർവന്റെ എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം മദ്രാസിലാണ്. രാത്രി എന്നെ ഫോണിൽ വിളിച്ചു: ‘‘ഞാൻ വിചാരിച്ചത് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ശത്രുക്കളുള്ളത് എനിക്കാകുമെന്നാണ്. പക്ഷേ, ഞാനൊന്നുമല്ലെന്ന് ജോഷി തെളിയിച്ചിരിക്കുകയാണ്.’’ ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പിന്നീട് അറിഞ്ഞു. ‘‘വല്ല ആവശ്യവുമുണ്ടായിരുന്നോ ആ ജോഷിക്ക് സ്ക്രിപ്റ്റ് എഴുതിക്കൊടുക്കാൻ’’ എന്ന് പലരും പദ്മരാജനെ വിളിച്ചുപറഞ്ഞത്. ഞാൻ ഗന്ധർവൻ കഴിഞ്ഞാൽ പുറത്ത് ഒരാൾക്കുവേണ്ടി എഴുതുന്നുണ്ടെങ്കിൽ അത് ജോഷിക്കു വേണ്ടിയായിരിക്കും എന്ന് പറഞ്ഞാണ് ആ രാത്രി പദ്മരാജൻ ഫോൺ വെച്ചത്.
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു സിനിമപോലും താങ്കൾക്ക് ചെയ്യാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്?
അങ്ങനെയൊരു പ്രോജക്ടിനെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് എം.ടി. സാറുമായി ചർച്ചചെയ്തതാണ്. ‘അംഗുലീമാലൻ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജോയ് തോമസ് അഡ്വാൻസും നൽകിയതാണ്. പക്ഷേ, അതിന്റെ ഒരു ഫോളോഅപ്പ് പിന്നീടുണ്ടായില്ല. അതുകൊണ്ടുമാത്രമാണ് എം.ടി. സാറുമൊത്തുള്ള സിനിമ ഇല്ലാതെപോയത്.
ഒരു സിനിമ ചെയ്യുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് താങ്കൾ നടത്താറുള്ളത്?
മുൻകൂട്ടി സിനിമാ പ്രോജക്ട് ഉണ്ടാക്കുന്ന സ്വഭാവം എനിക്ക് അന്നും ഇന്നും ഇല്ല. നിർമാതാവ് നല്ലൊരു സ്ക്രിപ്റ്റും ആർട്ടിസ്റ്റിന്റെ ഡേറ്റുമായി വന്നാൽമാത്രമേ ഞാൻ സിനിമ ചെയ്യാറുള്ളൂ. നസീർ സാറിനെയും മധുസാറിനെയുംവെച്ച് ചെയ്ത പടങ്ങൾപോലും അങ്ങനെയാണ്. അല്ലാതെ സിനിമയെടുക്കാൻവേണ്ടി ഒരു സ്ക്രിപ്റ്റ് റൈറ്ററെയോ നിർമാതാവിനെയോ നടനെയോ ഞാനിന്നുവരെ സമീപിച്ചിട്ടില്ല. എതെങ്കിലും നടനെയോ നടിയെയോ നിർമാതാവിനെയോ സമ്മർദം ചെലുത്തി ഈ പടം നിങ്ങൾ ചെയ്തുതരണമെന്നും പറഞ്ഞിട്ടില്ല. എന്റെ കോൺഫിഡൻസ് എന്ന് പറയുന്നത് സ്ക്രിപ്റ്റാണ്. സ്ക്രിപ്റ്റ് നല്ലതല്ലെങ്കിൽ പിന്നെ നമ്മൾ എന്തുകാണിച്ചിട്ടും ഒരു കാര്യവുമില്ല. ഇപ്പോൾ പൂർണമായ സ്ക്രിപ്റ്റ് എന്റെ കൈയിൽ കിട്ടിയാൽ മാത്രമേ ഞാൻ പ്രോജക്റ്റ് അനൗൺസ് ചെയ്യാറുള്ളൂ. ഒരു സിനിമ ചെയ്തുകഴിഞ്ഞാൽപ്പിന്നെ അതിന്റെ പിറകെ പോവാറുമില്ല. അടുത്ത സിനിമ വരുന്നതുവരെ ധാരാളം സിനിമകൾ കണ്ടുകൊണ്ടിരിക്കും. എഴുത്തുകാർ ധാരാളം പുസ്തകങ്ങൾ വായിക്കുമെന്ന് പറയുംപോലെ.
ജോഷി എന്ന സംവിധായകനിലൂടെ കടന്നുപോകാത്ത സൂപ്പർതാരങ്ങളുണ്ടാവില്ല. അഞ്ചുപതിറ്റാണ്ടിന്റെ ആ അനുഭവം വെച്ചുനോക്കുമ്പോൾ അന്നത്തെയും ഇന്നത്തെയും നടന്മാർ ജോലിയോട് കാണിക്കുന്ന സമർപ്പണത്തെ എങ്ങനെ കാണുന്നു?
ഇക്കാലത്തിനിടയ്ക്ക് ഒരു സൂപ്പർതാരത്തിന്റെയും ഡേറ്റിനുവേണ്ടി ഞാൻ കാത്തുനിന്നിട്ടില്ല. ഒരു നടനെയും ആശ്രയിച്ചല്ല ഞാൻ ഉയർന്നുവന്നതും. പൊറിഞ്ചു മറിയം ജോസ് ചെയ്തപ്പോൾ സിനിമാമേഖലയിൽ ഒരു സംസാരമുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് ജോഷി, ജോജുവിനെ വെച്ച് പടം ചെയ്യുന്നതെന്ന്. ദിലീപിനെ വെച്ച് റൺവേ ചെയ്തപ്പോഴും ഇങ്ങനെയൊക്കെയായിരുന്നു പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും നാൽപ്പതിലേറെ വർഷമായി സിനിമയിലുണ്ട്. അപാരമായ അഭിനയ സിദ്ധികൊണ്ടുമാത്രമല്ല ഇന്നും അവർ സിനിമയിൽ തുടരുന്നത്. ജോലിയോടുള്ള സമർപ്പണത്തിന്റെ ഫലം കൂടിയാണത്.
അരനൂറ്റാണ്ടോടടുക്കുന്ന സിനിമാജീവിതത്തിൽ ആരാണ് താങ്കളുടെ റോൾ മോഡൽ?
സിനിമയിൽ ഏറെ പേർക്കും ഇരട്ടമുഖമാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ ഉദാഹരണം പറയാൻ ഒരുപാട് പേരുണ്ട്. പക്ഷേ, തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യൻ നമുക്കിടയിലുണ്ട്. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാൾ. അമ്പതുവർഷമായി സാറിനെ ഞാനറിയുന്നു. എന്റെ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണദ്ദേഹം. പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും മധുസാർ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താനഭിനയിക്കണമെങ്കിൽ തന്റെ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല. പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തുനോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല. ഇതുകൊണ്ടൊക്കെ ഞാനെന്റെ സിനിമാ ജീവിതത്തിൽ റോൾ മോഡലായി കാണുന്നത് മധുസാറിനെ മാത്രമാണ്.
ഇന്ത്യൻ സംവിധായകരിൽ ഏറെ ഇഷ്ടം മണിരത്നത്തെയാണെന്ന് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്...
സ്നേഹബന്ധത്തിന്റെ പേരിലല്ല മണിരത്നത്തെക്കുറിച്ച് ഞാനങ്ങനെ പറഞ്ഞത്. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഏക സംവിധായകൻ മണിരത്നം മാത്രമേയുള്ളൂ. പൊന്നിയിൻ സെൽവൻ മാത്രം കണ്ടാൽ മതി. എന്തൊരു ബ്രില്യന്റായാണ് അദ്ദേഹം അത് നിർവഹിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ ഓരോ ചിത്രത്തിലൂടെയും സഞ്ചരിച്ചാൽ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്ന് ബോധ്യപ്പെടും. ഇന്ത്യയിലെ സകല ഡയറക്ടർമാരുടെയും ലൈബ്രറികളിൽ കാണും മണിരത്നത്തിന്റെ സിനിമകൾ. ഇരുവർ എന്ന ക്ലാസ് മൂവി തന്നെയെടുക്കുക, മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതത്തിൽ ഇങ്ങനെയൊരു കഥാപാത്രം വേറെയില്ല. മണിരത്നത്തിന്റെ ജീവിതവും സിനിമയും പറയുന്ന പുസ്തകം എന്റെ മകൻ അഭിലാഷ് ജോഷിപോലും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എല്ലാവരുടെയും റോൾ മോഡലാണ് മണിരത്നം. മറ്റൊരാൾക്കും അത് അവകാശപ്പെടാനാവില്ല.
സിനിമയ്ക്കപ്പുറം പൊതുവേദികളിലോ പത്രദൃശ്യമാധ്യമങ്ങളിലോ പ്രത്യക്ഷപ്പെടാൻ ഒട്ടും ആഗ്രഹിക്കാത്ത വ്യക്തിത്വമാണ് താങ്കളുടേത്. എന്തുകൊണ്ടാണ് ജീവിതത്തിൽ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്?
വളരെ മുമ്പേയെടുത്ത തീരുമാനമാണത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒതുങ്ങിനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. മറ്റുപലരെയുംപോലെ പ്രസംഗിക്കാനുള്ള കഴിവ് എനിക്കില്ല. ഒരു വേദിയിൽ കയറി വെറുതേ നന്ദി, നമസ്കാരം പറഞ്ഞു പോകുന്നതിൽ താത്പര്യമില്ലാത്തതുകൊണ്ട് പ്രസംഗവേദികളിൽ എന്നെ കാണാനാവില്ല. ഷൂട്ടിങ് സ്ഥലത്തുപോലും ഞാൻ മൈക്ക് ഉപയോഗിക്കാറില്ല. അത്ര പോലും എന്റെ ശബ്ദം പുറത്ത് കേൾക്കുന്നതിൽ എനിക്ക് താത്പര്യമില്ല. പിന്നെ, സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ വിളിക്കുകയാണെങ്കിൽ പോവാറുണ്ട്. അതും അവിടെ ഞാൻ അനിവാര്യമാണെന്ന് എനിക്ക് തോന്നിയെങ്കിൽ മാത്രം. പുതിയ ഒരു സിനിമ വരുമ്പോൾപ്പോലും പ്രൊമോഷനുവേണ്ടി ഞാനൊന്നും ചെയ്യാറില്ല. എന്റെ സിനിമയെ സ്ക്രീനിൽ കണ്ടശേഷം പ്രേക്ഷകർ വിലയിരുത്തട്ടെ. എഴുപത് വർഷങ്ങളുടെ ജീവിതാനുഭവങ്ങളുണ്ട്. അൻപതുവർഷത്തെ ചലച്ചിത്രാനുഭവങ്ങളും. അതിൽനിന്നും പഠിച്ച കുറെ പാഠങ്ങളും. ആ അനുഭവങ്ങൾമാത്രം മതി എനിക്ക്.
അമ്പതുവർഷത്തെ ചലച്ചിത്രജീവിതം താങ്കൾക്ക് നൽകിയ പാഠങ്ങളെന്തൊക്കെയാണ്?
സിനിമയെക്കുറിച്ചുള്ള എന്റെ അറിവുകളെല്ലാം സിനിമയിൽ വന്നശേഷം പഠിച്ചെടുത്തതാണ്. അറിയപ്പെടുന്ന സംവിധായകനായശേഷം എന്റെ ചേട്ടന്റെ ഉപദേശമുണ്ടായിരുന്നു. ടൈറ്റിൽ കാർഡിൽ ‘A FILM BY JOSHIY’ എന്ന് വെക്കരുതെന്ന്. അതിൽ സ്വാർഥതയുടെ ഒരു ധ്വനിയുണ്ട്. പലരും അങ്ങനെ ചെയ്യാറുണ്ട്. പക്ഷേ, ഒരു പടത്തിലും ഇതുവരെ ഞാനങ്ങനെ ചെയ്തിട്ടില്ല. ചെറുപ്പത്തിൽ ഞങ്ങളുടെ തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോൾ അടുത്തിരിക്കുന്ന കൂട്ടുകാരോട് ഞാൻ വീമ്പ് പറയാറുണ്ട് ‘‘ഈ സംവിധായകരൊക്കെ എന്ത് പൊട്ടത്തരങ്ങളാണ് എടുത്തുവെച്ചിരിക്കുന്നത്. ഞാനായിരുന്നെങ്കിൽ, ഈ സിനിമ എങ്ങനെ എടുക്കണമെന്ന് കാണിച്ചു കൊടുക്കുമായിരുന്നു’’എന്നൊക്കെ. സിനിമയെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാത്തക്കാലത്ത് പറഞ്ഞ മണ്ടത്തരങ്ങളായിരുന്നു അതെല്ലാം. പ്രായത്തിന്റെ നെഗളിപ്പ് എന്നുപറയുന്നതാവും കൂടുതൽ ശരി. ഇന്ന് എന്റെ സിനിമ കാണുന്ന ചെറുപ്പക്കാരും ഇതൊക്കെത്തന്നെയാവും പറയുന്നത്. ‘‘ഈ ജോഷിയൊക്കെ എന്താ ഈ കാണിച്ചു വെച്ചിരിക്കുന്നത്. ഇയാൾക്ക് ഇത് നിർത്തി പൊയ്ക്കൂടെ’’ എന്ന് പുതിയ ചെറുപ്പക്കാർ പറയുന്നുണ്ടാവും. നമ്മൾ പൂർണനായി ഇതിനപ്പുറം ഇല്ല എന്നൊരു തോന്നൽ വന്നാൽ പിന്നെ നമ്മൾക്ക് വളരാനാവില്ല. ഇപ്പോഴത്തെ ന്യൂജനറേഷൻ പിള്ളേർ നമ്മളെക്കാൾ എത്ര നന്നായിട്ടാണ് സിനിമയെടുക്കുന്നത്. അവരിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. പഠിക്കാനുള്ള മനഃസ്ഥിതിയുണ്ടാവണം. പഠിക്കുന്നു, പഠിക്കുന്നു എന്ന് പലരും പറയും. പക്ഷേ, പഠിക്കുന്നില്ല. ആ പഴയ സാധനം തന്നെ മനസ്സിൽ അരക്കിട്ടുറപ്പിച്ചാൽ ഒരടി മുന്നോട്ടുപോകാൻ കഴിയില്ല.
Content Highlights: director joshiy exclusive interview part 2, filmography of joshiy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..