കുഞ്ചാക്കോ ബോബൻ, ജിസ് ജോയ്
അന്യഭാഷാ നായകന്മാരിൽ മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. അല്ലുവിനെ മല്ലു അർജുൻ ആക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി ആരെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ജിസ് ജോയ് ആണെന്ന്. അല്ലുവിന്റെ മലയാളത്തിലെ ശബ്ദം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ. അല്ലുവിനെ ജനപ്രിയനാക്കിയ ആര്യ മുതൽ ഇരുപതിലധികം ചിത്രങ്ങളിൽ ശബ്ദമായത് ജിസ് ആണ്. സീരിയലുകളിൽ ഡബ് ചെയ്ത് തുടങ്ങി സിനിമയിലെത്തി പരസ്യ സംവിധായകനായി പതിയെ സ്വതന്ത്ര സംവിധായകനായി മാറിയ ജിസ് മലയാളികൾക്ക് സമ്മാനിച്ചത് മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ.
കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന നാലാമത്തെ ചിത്രം മോഹൻകുമാർ ഫാൻസ് ഇപ്പോഴിതാ പ്രദർശനത്തിനെത്തിയിരിക്കുന്നു. മനസ് നിറഞ്ഞ് കണ്ടിറങ്ങി പോരാവുന്ന ചിത്രമെന്ന് പ്രേക്ഷകരൊന്നാകെ നിരൂപണം നൽകുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി. ആൾക്കാരെ തീയേറ്ററിൽ കയറ്റി കരയിപ്പിക്കുക എന്ന പരിപാടിയോട് പണ്ട് മുതലേ തനിക്ക് താത്പര്യമില്ലെന്നാണ് ഫീൽ ഗുഡ് സിനിമകൾ എടുക്കുന്നതിന് പിന്നിലെ കാരണമായി ജിസ് പറയുന്നത്.
പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും മറ്റു സിനിമാ വിശേഷങ്ങളുമായി ജിസ് ജോയ് മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
ചാക്കോച്ചന്റെ ഡാൻസ് നമ്പറുമായി മോഹൻകുമാർ ഫാൻസ്
ഞാൻ ഒരു പ്രേക്ഷകനെന്ന നിലയിൽ തീയേറ്ററിൽ പോയി കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ് മോഹൻകുമാർ ഫാൻസ്. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്, ഒരു നല്ല ഡാൻസ് നമ്പർ ഉണ്ട്. സത്യത്തിൽ ചാക്കോച്ചന്റെ നല്ലൊരു ഡാൻസ് നമ്പർ നമ്മൾ കണ്ടിട്ട് എത്ര നാളായി. മലയാളത്തിൽ ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന നടൻ ചാക്കോച്ചനാണ്. പുള്ളീടെ ഒരു ഗംഭീര ഡാൻസ് നമ്പർ ചിത്രത്തിലുണ്ട്. ഒപ്പം നല്ല കുറേ കഥാമുഹൂർത്തങ്ങളുമുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ കുറേ ചിത്രങ്ങളുണ്ട് . എന്നാൽ മുഴുവൻ കുടുംബത്തിനും ഒന്നിച്ചിരുന്ന് കാണാൻ സാധിക്കുന്ന വൃത്തികേടുകളില്ലാത്ത അത്തരം ഒരു ചിത്രം നമ്മൾ അവസാനം കണ്ടത് ഉദയനാണ് താരം ആണ്. അതിന് ശേഷം ഒരു ക്ലീൻ സിനിമ നമ്മൾ ഈ ജോണറിൽ കണ്ടിട്ടില്ല. മോഹൻകുമാർ ഫാൻസ് അത്തരമൊരു സിനിമയാണ്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാവുന്ന സിനിമയ്ക്കുള്ളിലെ സിനിമയാണ്.
ഈ സിനിമ ആസിഫിനുള്ള സമർപ്പണം
ആസിഫ് എനിക്ക് സഹോദരനെ പോലെയാണ്. സിനിമയിൽ എനിക്ക് ഏറെ കമ്മിറ്റ്മെന്റും കടപ്പാടുമുള്ള വ്യക്തികളിൽ ഒരാൾ. ബൈസിക്കിൾ തീവ്സിന്റെ കഥയുമായി ആദ്യം ചെല്ലുന്നത് ആന്റോ ജോസഫ് ചേട്ടന്റെ അടുത്താണ്. പുള്ളിക്ക് ഒരുപാട് ഇഷ്ടപ്പെട്ട തിരക്കഥയായിരുന്നു അത്. അതും കൊണ്ട് പല യുവനടന്മാരുടെയും അടുത്തേക്ക് എന്നെ പറഞ്ഞുവിട്ടു. അവരുമായെല്ലാം പരസ്യങ്ങൾ ചെയ്ത് പരിചയം ഉണ്ടായിരുന്നുവെങ്കിലും ഇത്രയധികം ട്വിസ്റ്റുകൾ ഉള്ള സിനിമ എന്നെകൊണ്ട് ചെയ്യാനാകുമോ എന്ന സംശയമായിരുന്നു. ആറേഴ് പേർ എന്നെ മടക്കി അയച്ചിട്ടുണ്ട്. മനസ് മടുത്തിരിക്കുന്ന സമയത്താണ് ആസിഫിനോടും കൂടി പറയാമെന്ന് ആന്റോ ചേട്ടൻ പറയുന്നത്. അന്ന് ഒറ്റയിരിപ്പിന് രണ്ട് മണിക്കൂറോളമെടുത്ത് ആസിഫ് കഥ കേട്ടു. കഴിഞ്ഞ വഴിക്ക് എന്റെ കൈ പിടിച്ച് നമ്മളിത് എപ്പോൾ വേണമെങ്കിലും ചെയ്യുന്നു എന്നാണ് അവൻ പറഞ്ഞത്. ആ കടപ്പാട് എനിക്ക് ആസിഫിനോട് ഉണ്ട്. മോഹൻകുമാർ ഫാൻസ് എന്ന സിനിമയിലെ നായകൻ ആസിഫ് അല്ലെന്നേയുള്ളൂ, ഈ സിനിമ ഞാൻ സമർപ്പിക്കുന്നത് ആസിഫ് അലിക്കാണ്.
ഏത് കഥ വന്നാലും ആസിഫിനോട് പറയാറുണ്ട്. അത് ഇന്ന ആളെ വച്ച് ചെയ്താലോ എന്നിങ്ങനെയുള്ള നിർദേശങ്ങൾ തരാറുണ്ട്. നമ്മുടെ ടീമിൽ തന്നെയുണ്ട് അവൻ. നമ്മൾ നന്നാവണമെന്ന് ആഗ്രഹിക്കുന്ന ആളാണ്.
അത്തരക്കാരോട് പുച്ഛം മാത്രം
ഈ സിനിമയ്ക്ക് വേണ്ടി രണ്ട് പ്രമുഖരായ നടിമാരെ ഞാൻ സമീപിച്ചിരുന്നു. ഒരാൾ പ്രതിഫലത്തിന്റെ പേരിൽ മാറിപ്പോയി. ചോദിച്ച പ്രതിഫലം തന്നെ കൂടുതലായിരുന്നു. എന്നിട്ടും അത് കൊടുക്കാൻ നിർമാതാവ് തയ്യാറായി. അപ്പോൾ വീണ്ടും പ്രതിഫലം കൂടുതൽ ചോദിച്ചു. ഈ പരസ്യ രംഗത്ത് നിന്ന് വരുന്നത് കൊണ്ടായിരിക്കും വരവും ചെലവും എന്നെ എപ്പോഴും അലട്ടുന്ന കാര്യമാണ്. നമ്മളല്ല നിർമാതാവ് എങ്കിൽ പോലും അഞ്ച് രൂപ മുടക്കുന്ന ആൾക്ക് അഞ്ച് രൂപ അമ്പത് പൈസ എങ്കിലും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. മോഹൻകുമാർ ഫാൻസിന്റെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ്. പുള്ളി നമ്മുടെ പാക്കപ്പ് പാർട്ടിയിൽ പറഞ്ഞൊരു കാര്യമുണ്ട്. ഇത്ര ചിത്രങ്ങൾ ചെയ്തിട്ടും ആദ്യമായാണ് ഒരു സിനിമ പറഞ്ഞ സമയത്തിനുള്ളിൽ തീർക്കുന്നതെന്ന്. അമ്പത് ദിവസം പ്ലാൻ ചെയ്തു നാൽപത്തിയാറ് ദിവസം കൊണ്ട് നമ്മൾ അത് തീർത്തു. അതും പറഞ്ഞ ബഡ്ജറ്റിനുള്ളിൽ.
ഫൈനൽ സ്ക്രിപ്റ്റ് എഡിറ്റിങ്ങിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാവരും തിരക്കഥ വായിച്ച് കഴിഞ്ഞാൽ ഞാൻ ആ തിരക്കഥയും കൊണ്ട് ഒരു യാത്ര പോവും. ഒരാഴ്ച്ചയിരുന്ന് വീണ്ടും വീണ്ടും വായിച്ച് വായിച്ച് ഇത് വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് നോക്കി ആവശ്യമില്ലാത്തതെല്ലാം വെട്ടി കളയും. പലരും അത് ഷൂട്ട് ചെയ്ത് കഴിഞ്ഞ് വെട്ടാമെന്നാണ് കരുതാറുള്ളത്. പക്ഷേ അപ്പോഴേക്കും ചിലപ്പോ കോടികളാണ് നഷ്ടമായിട്ടുണ്ടാവുക. അതില്ലാതിരിക്കാനാണ് ഈ ഫൈനൽ എഡിറ്റിങ്ങ്. ആവശ്യമുള്ളത് മാത്രം ഷൂട്ട് ചെയ്യുക. അത് പരസ്യം ചെയ്യുന്നതിൽ നിന്നും കിട്ടിയ ഗുണമാണ്. അതുകൊണ്ട് തന്നെ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് തർക്കിക്കുന്നവരോട്, പ്രതിഫലം നോക്കി മാത്രം അഭിനയിക്കുന്നവരോട് എനിക്ക് താത്പര്യവുമില്ല പുച്ഛവുമാണ്. അങ്ങനെയുള്ളവർ നമ്മുടെ സിനിമയ്ക്ക് വേണ്ട എന്നാണ് എന്റെ നിലപാട്. അതുപോലെ ഒരു സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്ത അഭിനേതാവ് ഒരിക്കലും വരുന്ന എല്ലാ ചിത്രങ്ങളിലും തന്റെ കഥാപാത്രത്തിനായിരിക്കണം പ്രാധാന്യം എന്നും വാശി പിടിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ചിലപ്പോൾ വീട്ടിലിരിക്കേണ്ടി വരും. ഇക്കാര്യം ഇവിടുത്തെ പല യുവ താരങ്ങൾക്കും മനസിലായിട്ടില്ല.
ഒരു ഉദാഹരണം പറയാം, കുറേ നാളായി എന്നോട് ചാൻസ് ചോദിച്ച് നടക്കുന്ന ആളെ ഞാൻ ഈ സിനിമയ്ക്കായി വിളിച്ചു. ഉടനെ പുള്ളി എന്നോട് ചോദിച്ചത് എന്താണ് കഥാപാത്രമെന്നാണ്. ഞാൻ പറഞ്ഞു ഒരു കോൺസ്റ്റബിളിന്റെ കഥാപാത്രമാണെന്ന്. ഉടനേ വന്നു അയാളുടെ മറുപടി അയ്യോ സാറെ കോൺസ്റ്റബിളായി പറ്റില്ല, അത് ഞാൻ ചെയ്യില്ല. ഇതിന് മുമ്പ് അഭിനയിച്ച ചിത്രത്തിൽ എസ്.ഐയുടെ വേഷമായിരുന്നു എന്ന്. അതിലും താഴെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് പറഞ്ഞാൽ മോശമല്ലേ എന്ന്. ഇവരോടൊക്കെ എന്താണ് നമ്മൾ പറയുക. ഇതാണ് ഇവിടുത്തെ ചില യുവതാരങ്ങളുടെയും വിചാരം. എല്ലാ ചിത്രങ്ങളിലും തങ്ങൾക്കായിരിക്കണം പ്രാധാന്യം എന്ന നിലപാട്. അത് ശരിയല്ലല്ലോ.. ഈ പ്രശ്നം ഗുരുതരം എന്ന എന്ന സിനിമയിൽ വേണു നാഗവള്ളി സാർ ഒരു ചെറിയ വേഷത്തിലാണെത്തിയത്. അന്ന് ബാലചന്ദ്ര മേനോൻ സാറിനേക്കാൾ വലിയ നടനാണ് അദ്ദേഹം. എന്നിട്ടും അതിന് തയ്യാറായി. അതുപോലെ കിലുക്കത്തിൽ ഒരു ഷോട്ടിലാണ് ജഗദീഷേട്ടനെയും തിക്കുറിശ്ശി സാറിനെയുമെല്ലാം കാണിക്കുന്നത്,. അത്രേയുള്ളൂ. നമ്മൾ വലിയ ആളാണെന്ന് കരുതി ഇരിക്കുന്നത് ശരിയല്ലല്ലോ.
അനാർക്കലി ഭാവിയുള്ള നടി
ഇങ്ങനെ ഒന്ന് രണ്ട് നായികമാരെ ഒഴിവാക്കേണ്ടി വന്നപ്പോഴാണ് ഇനി ഒരു പുതുമുഖത്തെ വച്ചേ ചെയ്യുന്നുള്ളൂ എന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് അനാർക്കലിയിലേക്ക് എത്തുന്നത്. അനാർക്കലി ഒരു മോഡലാണ്. നിരവധി പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. എന്റെ പരസ്യങ്ങളുടെയും ഭാഗമായിട്ടുണ്ട്. ആ പരിചയം ഉണ്ടായിരുന്നു. വളരെ മനോഹരമായി ചെയ്തിട്ടുണ്ട് അവൾ. പ്രിവ്യൂ കണ്ട ഓരോരുത്തരും അതാണ് അഭിപ്രായപ്പെട്ടത്. ഒരു പുതുമുഖമാണെന്ന് തോന്നാത്ത രീതിയിലാണ് ഭംഗിയായി അവൾ ചെയ്തത്. മാത്രമല്ല സ്വന്തം ശബ്ദമാണ് അവൾ ആദ്യ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എനിക്കേറെ പ്രതീക്ഷയുള്ള ഒരു അഭിനേത്രിയാണ് അനാർക്കലി.
അല്ലുവിനെ മല്ലുവാക്കിയ ശബ്ദം
കേട്ട് കേട്ട് അല്ലുവിന്റെ ശബ്ദം ഇത് തന്നെയാണെന്ന് നമുക്ക് തോന്നി തുടങ്ങിയതാകാം എന്നാണ് ഞാൻ കരുതുന്നത്.അല്ലു അർജുന്റെ ഏതാണ്ട് 23 ചിത്രങ്ങൾക്ക് മലയാളത്തിൽ ശബ്ദം നൽകിയത് ഞാനാണ്. 2004 ലാണ് ആര്യ എന്ന ചിത്രത്തിലൂടെ അല്ലുവിനായി ഡബ് ചെയ്ത് തുടങ്ങുന്നത്. ആ സമയത്ത് കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കൊച്ചുണ്ണിയായി എത്തിയ മണിക്കുട്ടന് ശബ്ദം നൽകിയിരുന്നത് ഞാനാണ്. അത് കേട്ടിട്ടാണ് ഖാദർ ഹസൻ എന്ന നിർമാതാവ് ആര്യയിലേക്ക് വിളിക്കുന്നത്. അദ്ദേഹമാണ് അല്ലുവിന് കേരളത്തിൽ ഒരു മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത്. ഇപ്പോൾ അവസാനമിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രവും മലയാളത്തിൽ ചെയ്തത് അദ്ദേഹമാണ്.
ഒരുപാട് തവണ ചിത്രങ്ങളുടെ പ്രമോഷന് വേണ്ടി അല്ലുവുമായി ഒന്നിച്ചുണ്ടായിട്ടുണ്ട്. ഏറ്റവും വലിയ സന്തോഷമെന്തെന്നാൽ അഭിമുഖങ്ങളിലൊക്കെ ഏത് ഭാഷയിലെ ഡബ്ബിങ്ങാണ് ഏറെയിഷ്ടം എന്ന് ചോദിച്ചാൽ പുള്ളി പറയാറുണ്ട് മലയാളത്തിലാണെന്ന്. പുള്ളിക്ക് തെലുങ്ക് കഴിഞ്ഞാൽ ഏറെ ആരാധകരുള്ളതും ഇവിടെയാണല്ലോ.. അത് വളരെ സന്തോഷമുള്ള കാര്യമാണ്. ഈ ഡബ്ബ് ചെയ്യുന്നവരെയൊന്നും താരങ്ങൾ അങ്ങനെ ഏടുത്ത് പറയാറില്ലല്ലോ.
ജയനുമായുള്ള സൗഹൃദം
ഞാനും ജയനും (നടൻ ജയസൂര്യ) കൂടി ടൂ മെൻ ഷോ ചെയ്താണ് തുടങ്ങുന്നത്. രണ്ട് പേര് മാത്രം ഉള്ളത് കൊണ്ട് പരിപടികളും ധാരാളം കിട്ടുമായിരുന്നു. പല രാജ്യങ്ങളിലും പോയിട്ടുണ്ട്. 97 ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഒരു 98 ആയപ്പോഴേക്കും ജയൻ സിനിമയിലൊക്കെ ഡബ് ചെയ്യാൻ തുടങ്ങിയിരുന്നു. എറണാകുളത്തെ ആദ്യകാല ഡബ്ബിങ്ങ് ആർടിസ്റ്റുകളിൽ ഒരാളാണ് ജയൻ. പിന്നെ പയ്യെ ജയൻ അഭിനയത്തിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. അവനാണ് എന്നെ യന്ത്ര മീഡിയയ്ക്ക് പരിചയപ്പെടുത്തുന്നത്. സൂപ്പർഹിറ്റ് പരമ്പരയായ സ്ത്രീ ഒക്കെ നിർമിച്ച വലിയ പ്രൊഡക്ഷൻ ഹൗസാണ് യന്ത്ര മീഡിയ. ഒരേ സമയം ആറേഴ് പരമ്പരകളാണ് അവർ നിർമിച്ചിരുന്നത്. അങ്ങനെ ഞാൻ സീരിയലുകൾക്കായി ഡബ് ചെയ്ത് തുടങ്ങി. കായംകുളം കൊച്ചുണ്ണിയിലേക്കെത്തുന്നതും അങ്ങനെയാണ്.
2002 ലാണ് ജയൻ ആദ്യമായി നായകനായെത്തിയ ഊമപ്പെണ്ണിന് ഉരിയാടാപയ്യന്റെ ഡബ്ബിങ്ങിനായി അവനൊപ്പം തിരുവനന്തപുരത്ത് പോവുന്നത്. അവന്റെ കഥാപാത്രം ഊമയായത് കൊണ്ട് ഒരു മണിക്കൂറ് കൊണ്ട് ഡബ്ബിങ്ങ് തീർന്നു. ഞങ്ങളാണെങ്കിൽ ഒരു ഫുൾ ഡേ അവന്റെ ഡബ്ബിങ്ങിനായി മാറ്റി വച്ചിരുന്നു. അപ്പോഴാണ് അവർ ചോദിക്കുന്നത് വേറെ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യുന്നോ എന്ന്. സന്തോഷത്തോടെ ഏറ്റെടുത്തു. അങ്ങനെ ഞാനും ജയനും കൂടി ആ സിനിമയിലെ ഇരുപത്തിരണ്ട് കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്തു. 13 പേർക്ക് ജയൻ തന്നെ ശബ്ദം കൊടുത്തുവെന്ന് തോന്നുന്നു. അന്ന് ഞങ്ങളുടെ രണ്ട് പേരുടെയും ശബ്ദം ആർക്കും അറിയില്ല ഫ്രഷ് ആണല്ലോ..ഇന്ന് ആ സിനിമ ടിവിയിൽ കാണുമ്പോൾ നിങ്ങൾ ചിരിച്ച് മരിക്കും, കാരണം വരുന്നവർക്കും പോകുന്നവർക്കും തമിഴ് പറയുന്നവനും മലയാളം പറയുന്നവനുമെല്ലാം ഡബ്ബ് ചെയ്തത് ഞാനും ജയനും ചേർന്നാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും സുപ്രധാന കഥാപാത്രങ്ങൾ അല്ലാത്ത എഴുപത്തഞ്ച് ശതമാനം പേരുടെയും ഡബ്ബിങ്ങ് ഒരു ദിവസം കൊണ്ട് തീരുന്നത്.
പരസ്യത്തിലൂടെ സ്വതന്ത്ര സിനിമാ സംവിധാനത്തിലേക്ക്
2004 ലാണ് ഞാൻ പരസ്യകമ്പനി തുടങ്ങുന്നത്. അതിലൂടെ മാതൃഭൂമി ഉൾപ്പടെ പല വലിയ ബ്രാൻഡുകളുടെയും പരസ്യങ്ങൾ ചെയ്യാനായിട്ട് സാധിച്ചു. ഇപ്പോഴും പരസ്യ കമ്പനി സജീവമാണ്. ആരേയും അസിസ്റ്റ് ചെയ്യാതെയാണ് സംവിധാനരംഗത്തേക്കെത്തുന്നത്. പരസ്യരംഗത്ത് കുറേ നാളായി പ്രവർത്തിച്ചിരുന്നത് കൊണ്ട് പല താരങ്ങളുമായും ഒന്നിച്ച് പ്രവർത്തിക്കാനായിട്ടുണ്ട്. ആ പരിചയം ഉണ്ട് . അത് കൂടാതെ എന്താണ് സംവിധാനം എന്ന് പരസ്യങ്ങൾ ചെയ്യുന്നതിലൂടെ മനസിലാക്കിയിട്ടുമുണ്ട്. അതിന് വേണ്ടിയാണല്ലോ നമ്മൾ സത്യത്തിൽ ഒരാളെ അസിസ്റ്റ് ചെയ്യുന്നത്.
ആളുകളെ കരയിപ്പിക്കാനിഷ്ടമല്ല
ആൾക്കാരെ തീയേറ്ററിൽ കയറ്റി കരയിപ്പിക്കുക എന്ന പരിപാടിയോട് പണ്ട് മുതലേ എനിക്ക് താത്പര്യമില്ല. ഞാൻ വ്യക്തിപരമായി അത്തരം സിനിമകൾ കാണാറുള്ള ആളാണ്. പക്ഷേ അങ്ങനെ ഒരു പാറ്റേണിൽ ഒരു സിനിമ ഉണ്ടാക്കി പ്രേക്ഷകനെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമകളിൽ ബൈസിക്കിൾ തീവ്സ് പക്ഷേ ഒരുപാട് ട്വിസ്റ്റുകൾ ഉള്ള സിനിമയാണ്.മറ്റ് രണ്ട് ചിത്രങ്ങളേക്കാളും ബൈസിക്കിൾ തീവ്സ് ഇഷ്ടപ്പെടുന്ന ഏറെ ആളുകളുണ്ട്. സൺഡേ ഹോളിഡേയിലാണ് എനിക്ക് സത്യത്തിൽ ഒരു ദിശാബോധം കിട്ടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളും ഇഷ്ടപ്പെട്ട ചിത്രമായിരുന്നു അത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം പുറത്തിറങ്ങിയിട്ട് മൂന്നാം വാർഷികം. ഒരുപാട് സന്ദേശങ്ങൾ ഇന്നും എനിക്ക് ലഭിക്കാറുണ്ട്. ആ സിനിമ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞ്. സന്തോഷമുണ്ട് അതെല്ലാം കേൾക്കുമ്പോൾ. അതുപോലെ 2019 ലെ ആദ്യ ഹിറ്റ് ആയിരുന്നു വിജയ് സൂപ്പറും പൗർണമിയും.
തെലുങ്ക് സിനിമയെ മുഴുവനായി മലയാളീകരിച്ചാൽ
പെല്ലി ചൂപ്ലു എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്ക്ക് ആണ് വിജയ് സൂപ്പർ. ആ സിനിമ ഞാനും ആസിഫും ഒന്നിച്ചാണ് കാണുന്നത്, അതിന്റെ നിർമാതാവ് ഞങ്ങൾക്ക് ഒരു ഷോ ഇട്ട് തന്നിരുന്നു. അന്ന് ആസിഫ് എന്നോട് ചോദിച്ചിരുന്നു റീമേയ്ക്ക് നമ്മൾ പിടിക്കണോ എന്ന്. അന്ന് ഞാനവനോട് പറഞ്ഞത് മറ്റ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വന്ന ഭൂരിഭാഗം സിനിമകളും പരാജയമായിട്ടുണ്ട്. പ്രത്യേകിച്ചും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് എടുത്തവ. അതുകണ്ട് നമുക്കിത് ഒരു വെല്ലവുവിളി ആയിട്ടെടുക്കാം. അവർ ചെയ്ത് വച്ചത് അതുപോലെ എടുത്താലല്ലേ പ്രശ്നം. നമുക്കതിൽ മാറ്റങ്ങൾ വരുത്താം എന്ന്. രണ്ട് സിനിമകളും കണ്ടവർക്കറിയാം ഒരുപാട് വ്യത്യാസങ്ങളുണ്ട് രണ്ടും തമ്മിൽ. പക്ഷേ അത് എല്ലാവരും സ്വീകരിച്ചു.
വ്യക്തിപരമായി എനിക്കത് പരീക്ഷണമാണ്. ഒരു സിനിമയെ മുഴുവനായി എടുക്കാതെ അതിലെ എലമെന്റ് എടുത്ത് മുഴുവനായി മലയാളീകരിക്കുക. ഇനിയും ഒരുപക്ഷേ ഇതുപോലെ റീമെയ്ക്കുകൾ ചെയ്തേക്കാം. എന്നെ സംബന്ധിച്ചിടത്തോളം ആൾക്കാർക്ക് സിനിമ ഇഷ്ടപ്പെടണം എന്നുള്ളതാണ്. അത് എത്ര അഡാപ്റ്റേഷൻ ഉണ്ടായാലും വിഷയമില്ല,. ചെയ്യുന്ന കാര്യം വൃത്തിയായി തട്ടിപ്പില്ലാതെ ചെയ്യുക എന്നേയുള്ളൂ. പ്രിയൻ സാർ എത്ര മലയാള ചിത്രങ്ങളാണ് ബോളിവുഡിന് പരിചയപ്പെടുത്തിയത്. ഗോഡ്ഫാദർ, മണിചിത്രത്താഴ്, പഞ്ചാബി ഹൗസ്, റാം ജി റാവ് സ്പീക്കിങ്ങ് തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിൽ മാത്രം ഒതുങ്ങി പോകാതെ വലിയൊരു വിഭാഗം പ്രേക്ഷകനിലേക്ക് കൂടി എത്തിച്ചത് നല്ല കാര്യമല്ലേ.
ആകസ്മികമായി വന്നെത്തിയ പാട്ടെഴുത്ത്
ബൈസിക്കിൾ തീവ്സിലെ പുഞ്ചിരി തഞ്ചും എന്ന പാട്ടൊഴികെ ഈ മൂന്ന് സിനിമകളിലെയും എല്ലാ പാട്ടുകളും എഴുതിയത് ഞാനാണ്. പാട്ടെഴുത്ത് രംഗത്തേക്ക് വരുന്നത് ആകസ്മികമായാണ്. മുമ്പ് നമ്മുടെ പരസ്യങ്ങൾക്കായി ജിംഗിൾസ് എഴുതാറുണ്ടായിരുന്നു. ബൈസിക്കിൾ തീവ്സിലെ ഗാനങ്ങൾ പ്രശസ്തനായ ഒരു കവിയെ കൊണ്ട് എഴുതിക്കണം എന്നുണ്ടായിരുന്നു. അദ്ദേഹത്തെ ചെന്നു കണ്ടപ്പോൾ മുഴുവൻ പാട്ടുകളും എഴുതണമെങ്കിൽ ചെയ്യാമെന്നായി. കൈതപ്രം തിരുമേനി പക്ഷേ അപ്പോഴേക്കും ഒരു പാട്ട് എഴുതിയിരുന്നു. വേറൊരാളെ കണ്ടപ്പോൾ ഡമ്മി എഴുതി തരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഡമ്മി എഴുതിക്കഴിഞ്ഞ് ദീപക് ദേവിനെ കാണിച്ചപ്പോൾ പുള്ളി ചോദിക്കുന്നു ഇതല്ലേ നമുക്ക് വേണ്ട സാധനം ഒന്ന് മിനുക്കി തന്നാൽ മതിയെന്ന്. ദീപകിന്റെ വാക്കുകൾ ആത്മവിശ്വാസത്തിന്റെ പുറത്താണ് ബൈസിക്കിൾ തീവ്സിലെ ബാക്കി പാട്ടുകൾ എഴുതിയത്. ആ ധൈര്യത്തിലാണ് ബാക്കിയുള്ള രണ്ട് ചിത്രങ്ങൾക്കുമായി പാട്ടുകൾ എഴുതിയത്. ആ പാട്ടുകളും സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. പുതിയ ചിത്രമായ മോഹൻ കുമാറിൽ ഏഴ് ഗാനങ്ങളാണുള്ളത്.
ഒടിടിയും തീയേറ്ററും
തീയേറ്ററിലുള്ള ആമ്പിയൻസ് മനസിൽ കണ്ടാണ് ഓരോ സിനിമയും എഴുതുന്നത്. ഒരു കാരണവശാലും ഒരു സിനിമയെ നിഷേധിക്കാനാവില്ല എന്നതാണ് തീയേറ്ററുകളുടെ ഗുണം. കാരണം നമ്മൾ ലൈവായി കാണുകയല്ലേ ആളുകൾ കയ്യടിക്കുന്നതും ചിരിക്കുന്നതും കരയുന്നതുമെല്ലാം. നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയാനാവില്ല. ബാക്കിയുള്ള പ്ലാറ്റ്ഫോമുകളിൽ അങ്ങനെയല്ല. ഈ ഒടിടി റിലീസുകളെ മറുകണ്ടം ചാടുക എന്നേ എനിക്ക് പറയാനാകൂ. തത്കാലം ആ സിനിമയിൽ നിന്ന് തലയൂരാനുള്ള ശ്രമം. സിനിമ എന്നത് ഒരു തരത്തിൽ ഗാംബ്ലിങ്ങ് പോലയാണ്. കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യുന്നു അതിൽ വിജയിച്ചാൽ വലിയ ലാഭമാണ്. ആ ഒരു വിജയം ഒരു തവണ എങ്കിലും നൽകുന്ന ലഹരിയാണ് ഓരോ നിർമാതാവിനെയും പിന്നെയും പിന്നെയും സിനിമ എടുക്കാൻ പ്രേരിപ്പിക്കുന്നത്.
Content Highlights : Director Jis Joy Interview Mohankumar Fans Asif Ali Kunchacko Boban Allu Arjun Malayalam Voice Dubbing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..