'ഞാൻ സുരാജിനോട് പറഞ്ഞു, ഇപ്പോഴാണെങ്കിൽ നിങ്ങളെ ഓട്ടോക്കാരനായി കാസ്റ്റ് ചെയ്യില്ലായിരുന്നു' -ഹരികുമാർ


സൂരജ് സുകുമാരൻ

''തിരക്കഥ എഴുതണമെന്ന് പറഞ്ഞപ്പോൾ ആദ്യം  മുകുന്ദേട്ടൻ ഒഴിഞ്ഞുമാറി. തിരക്കഥ എഴുത്ത് വഴങ്ങില്ലെന്നും വേറെ ആരെയെങ്കിലും എഴുതിക്കൂ എന്നും പറഞ്ഞു. എന്നാൽ എന്റെ സ്‌നേഹനിർബന്ധത്തിന് വഴങ്ങി അവസാനം സമ്മതിച്ചു.'' - ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെ പറ്റി സംവിധായൻ ഹരികുമാർ സംസാരിക്കുന്നു.

INTERVIEW

സംവിധായകൻ ഹരികുമാർ | ഫോട്ടോ: എസ്. ശ്രീകേഷ് | മാതൃഭൂമി

ട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ അത് മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം പ്രതിഭകളുടെ സംഗമം കൂടിയാണ്. മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകൃതം പോലുള്ള മികച്ച സിനിമകൾ സമ്മാനിച്ച ഹരികുമാറാണ്. ആൻ അഗസ്റ്റിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ആൻ അഗസ്റ്റിന്റെ റീ എൻട്രി കൂടിയാണ്. ചിത്രത്തെ പറ്റി സംവിധായകൻ സംസാരിക്കുന്നു.

എം. മുകുന്ദന്റെ വർത്തമാനക്കാലത്തെ ഏറെ ജനപ്രിയമായ സാഹിത്യ സൃഷ്ടിയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', ആദ്യ വായനയിൽ തന്നെ സിനിമ സാധ്യത തിരിച്ചറിഞ്ഞിരുന്നോ..?

'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥ ആദ്യമായി വായിച്ചപ്പോൾ തന്നെ അതിലൊരു സിനിമയുണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ ആ കഥ വികസിപ്പിച്ചെടുത്ത് സിനിമ രൂപത്തിലേക്ക് മാറ്റാതെ മുന്നോട്ട് പോവുക സാധ്യമല്ലായിരുന്നു. ഒരുവർഷത്തോളം ഞാൻ ആ കഥയെ മനസ്സിലിട്ട് പലവിധത്തിൽ സിനിമ രൂപത്തിൽ ആലോചിച്ചു. അവസാനം എനിക്കിഷ്ടപ്പെട്ട രീതിയിലൊരു ചിന്ത വന്നപ്പോഴാണ് മുകുന്ദേട്ടനെ ( എം.മുകുന്ദൻ) ബന്ധപ്പെട്ടത്. അപ്പോഴേക്കും നിരവധി സംവിധായകൻ സമാന ആഗ്രഹവുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ ആരോടും മുകുന്ദേട്ടൻ സമ്മതമറിയിച്ചിട്ടുണ്ടായിരുന്നില്ല. ഹരിയ്ക്ക് അതിൽ കോൺഫിഡൻസുണ്ടെങ്കിൽ നമുക്ക് ആലോചിക്കാം എന്നദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് അതിന്റെ സിനിമ രൂപത്തെ കുറിച്ച് വിശദീകരിച്ചു കൊടുത്തു. അത് അദ്ദേഹത്തെ ഇഷ്ടമാകുകയും ' എനിക്ക് നിബന്ധനകളൊന്നും ഇല്ല, ഹരി ധൈര്യമായി മുന്നോട്ട് പോയ്‌ക്കൊള്ളൂ' എന്ന് പറയുകയും ചെയ്തു.

എം.മുകുന്ദനും ഹരികുമാറും

കഥാ പശ്ചാത്തലത്തെക്കുറിച്ച് കഥയിൽ സൂചനയില്ല, എന്നാൽ സിനിമയിൽ മയ്യഴിയാണ് പശ്ചാത്തലം, എന്തായിരുന്നു മാഹിയെ പശ്ചാത്തലമാക്കാനുള്ള കാരണം...?

എം.മുകുന്ദൻ കഥകൾ വായിച്ച് മലയാളിക്ക് മാഹി എന്ന മയ്യഴിയോട് ഒരുപ്രത്യേക സ്‌നേഹമുണ്ട്. എം.മുകുന്ദൻ എന്ന പേരിനൊപ്പം നിഴലായി നിൽക്കുന്ന പശ്ചാത്തലം തന്നെയാണ് മയ്യഴി. അതുകൊണ്ട് ആ കഥാ പശ്ചാത്തലം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽ ഉപയോഗപ്പെടുത്തിയാൽ നന്നാകും എന്ന് തോന്നി. എന്റെ അഭിപ്രായം മുകുന്ദേട്ടനും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. പശ്ചാത്തലം മാഹിയായപ്പോൾ അവിടത്തെ പ്രാദേശിക ഭാഷ തന്നെ ഉപയോഗിക്കാം എന്നും തീരുമാനിച്ചു. തിരക്കഥ മുകുന്ദേട്ടൻ തന്നെ എഴുതണമെന്ന് പറഞ്ഞപ്പോൾ ആദ്യം ഒഴിഞ്ഞുമാറി. വേറെ ആരെയെങ്കിലും കൊണ്ട് തിരക്കഥ എഴുതിച്ചാൽ മതിയെന്നും തനിക്ക് തിരക്കഥ എഴുതി പരിചയമില്ലെന്നും പറഞ്ഞു. എന്നാൽ എന്റെ സ്‌നേഹനിർബന്ധത്തിന് വഴങ്ങി അവസാനം സമ്മതിച്ചു.

എം.മുകുന്ദനുമായുള്ള സൗഹൃദം തുടങ്ങിയത് എപ്പോഴാണ്...?

28 വർഷം മുമ്പാണ് മുകുന്ദേട്ടനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. എം.ടി. സാറിന്റെ തിരക്കഥയിൽ ഞാൻ സംവിധാനം ചെയ്ത സുകൃതം എന്ന സിനിമ ഡൽഹിയിൽ പ്രദർശിപ്പിച്ചപ്പോൾ അതിഥിയായി മുകുന്ദേട്ടൻ വന്നിരുന്നു. എം.ടി സാറാണ് അന്നദ്ദേഹത്തെ ക്ഷണിച്ചത്. സുകൃതം കണ്ടശേഷം ഒരുപാട് നേരം എന്നോട് സംസാരിക്കുകയും ഏറെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. പിന്നാലെ മലയാളത്തിലെ ഏറ്റവും മികച്ച പത്ത് സിനിമകളിലൊന്നാണ് സുകൃതം എന്ന പറഞ്ഞ് അദ്ദേഹം ഇന്ത്യ ടുഡേയിൽ ഒരുലേഖനവും എഴുതി. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് ഓരോ കണ്ടുമുട്ടലിലും വലുതാകുകയായിരുന്നു. ഞാൻ കണ്ണൂരും തലശ്ശേരിയുമൊക്കെ സന്ദർശിക്കുന്ന വേളയിലെല്ലാം മുകുന്ദേട്ടന്റെ വീട്ടിലേക്കും വഴികൾ നീളും.

ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്, താരഭാരങ്ങളില്ലാത്ത ഓട്ടോക്കാരന്റെ റോളിൽ സുരാജ്, കേന്ദ്രകഥാപാത്രങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നോ..?

മൂന്ന് വർഷം മുമ്പ് ' ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യുടെ ആദ്യ ചർച്ചയിൽ തന്നെ സുരാജ് വെഞ്ഞാറമൂടിനെ ഞങ്ങൾ തീരുമാനിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് ഇന്ന് കാണുന്ന താരപദവിയൊന്നുമില്ല, നായകറോളുകൾ ചെയ്തു തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ വളരെ ആവേശത്തോടെ തന്നെ സമ്മതമറിയിച്ചു. ഈ സിനിമയിൽ അഭിനയിക്കാൻ രണ്ടുകാരണങ്ങളാണ് സുരാജ് അന്ന് പറഞ്ഞത്. എന്റെ സിനിമയിൽ അഭിനയിക്കുക എന്നൊരാഗ്രഹം, അതുപോലെ എം.മുകുന്ദൻ എന്ന മലയാളം കണ്ട വലിയ സാഹിത്യകാരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന ഭാഗ്യം. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് ഷൂട്ട് തുടങ്ങുമ്പോഴേക്കും സുരാജ് ഒരുപാട് വിജയങ്ങൾ കൊയ്ത് തിരക്കുള്ള നായകനടനായി മാറിയിരുന്നു. ലൊക്കേഷനിൽ സുരാജിനെ കാണാനായി ഒരുപാട് നിർമാതാക്കളും സംവിധായകരും കാത്തിരിക്കും.

സുരാജും ഹരികുമാറും

ഞാൻ ഷൂട്ടിന്റെ ആദ്യദിവസം സുരാജിനോട് പറഞ്ഞു ' ഇപ്പോഴാണെങ്കിൽ ഞാൻ സുരാജിനെ ഓട്ടോക്കാരൻ സജീവനായി കാസ്റ്റ് ചെയ്യില്ലായിരുന്നു' ' അതെന്താ സാർ..? ' ' അല്ല, ഇപ്പോഴത്തെ സുരാജിന്റെ താരപരിവേഷം ആകെ മാറിയല്ലോ.' അപ്പോൾ സുരാജ് ചിരിച്ചുകൊണ്ട് പറഞ്ഞു ' ഏയ്, അത്തരം പരിവേഷമൊന്നുമില്ല, ഞാൻ ഏത് റോളും പിടിക്കും, ഇതൊക്കെ ചെയ്തിട്ടല്ലേ സാർ ഞാൻ ഇവിടെയെത്തിയത്, സാർ നോക്കിക്കോ മിനുട്ടുകൾ കൊണ്ട് ഞാൻ ഓട്ടോക്കാരൻ സജീവനായി മാറും'. അസാധ്യനായ അഭിനേതാവ് സുരാജെന്ന് തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ തിരിച്ചറിഞ്ഞു. ഗംഭീരമായി തന്നെ ഓട്ടോക്കാരൻ സജീവൻ എന്ന കഥാപാത്രത്തെ സുരാജ് അവതരിപ്പിച്ചു. അടുത്ത കാലത്ത് ഇറങ്ങിയ സീരിയസ് റോളുകളിൽ നിന്നെല്ലാം മാറി അൽപം കോമഡി ടച്ചുള്ള ഒരുനാടൻ കഥാപാത്രമാണ് ഈ സിനിമയിൽ സുരാജിന്റേത്.

സുരാജ് വെഞ്ഞാറമൂടും ആൻ അ​ഗസ്റ്റിനും

ആൻ അഗസ്റ്റിൻ അപ്രതീക്ഷിതമായാണ് ഇതിലേ നായിക റോളിലേക്ക് എത്തുന്നത്. പല പ്രമുഖനടിമാരെ നായിക റോളിലേക്ക് നമ്മൾ ആലോചിച്ചിരുന്നു. പുതിയൊരാളാകണം എന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു. ആ സമയത്താണ് ആൻ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാൻ ആലോചിക്കുന്നു എന്നറിഞ്ഞത്. ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവായതിനാൽ പ്രേക്ഷകർക്കും പുതുമയുണ്ടാകും എന്നെനിക്ക് തോന്നി. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായിരിക്കും ആൻ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ അവരോട് സംസാരിച്ചപ്പോൾ ഏറെ സന്തോഷത്തോടെ അവർ ഈ സിനിമയുടെ ഭാഗമായി. ഷൂട്ടിങ് പൂർത്തിയാക്കി ഫൈനൽ പ്രിവ്യൂ ഷോ കണ്ടവർ പറഞ്ഞത് ആൻ അല്ലാതെ മറ്റൊരു നടിയ്ക്ക് ഇത്ര ഗംഭീരമായി ഈ കഥാപാത്രത്തെ അഭിനയിക്കാനാവില്ലെന്നാണ്.

Content Highlights: director harikumar interview, autorikshawkkarante bharya movie, m mukundan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented