ഫാസിൽ | ഫോട്ടോ: വി.പി. ഉല്ലാസ് | മാതൃഭൂമി
ഒന്നുരണ്ടു സിനിമകളിൽ മുഖംകാണിച്ചതൊഴിച്ചാൽ സിനിമയിൽനിന്ന് ഫാസിൽ വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2011-ൽ വന്ന ‘ലിവിങ് ടുഗെതറാ’ണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2004-ൽ വിസ്മയത്തുമ്പത്താണ് ഒടുവിൽ നിർമിച്ചത്. 18 വർഷത്തിനുശേഷം അദ്ദേഹം വീണ്ടും നിർമാതാവിന്റെ വേഷമണിഞ്ഞു, മലയൻകുഞ്ഞിലൂടെ. നായകൻ മകൻ ഫഹദ് ഫാസിൽ. അക്കഥ ഫാസിൽ പറയുന്നു: മഹേഷ് നാരായണൻ ഫഹദിനോട് കഥാതന്തു പറഞ്ഞപ്പോൾ അവനാണ് എന്നെ വിളിച്ചത്. ബാപ്പയ്ക്ക് ഈ പടം നിർമിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. കഥ കേട്ടപ്പോൾ താത്പര്യംതോന്നി. ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. 2021 ജനുവരിയിൽ തുടങ്ങിയ ഷൂട്ടിങ് ഏറെ വെല്ലുവിളികൾ നേരിട്ടാണ് പൂർത്തിയാക്കിയത്. 20 അടി ഉയരത്തിൽനിന്ന് ഫഹദ് വീണതിനാൽ ഒരുമാസത്തോളം ഷൂട്ടിങ് നിർത്തേണ്ടിവന്നു. ഈരാറ്റുപേട്ടയിലാണ് ഔട്ട്ഡോർ ഷൂട്ടിങ് മിക്കതും നടന്നത്. അണ്ടർഗ്രൗണ്ട് രംഗങ്ങൾക്ക് ഒന്നരക്കോടി മുടക്കി എറണാകുളത്തെ ഒരു ഫ്ളോറിൽ സെറ്റിട്ടു.
എ.ആർ. റഹ്മാൻ വരുന്നു
ഷൂട്ടിങ് തീർന്നശേഷം എഡിറ്റ് ചെയ്ത് എനിക്ക് റഫ് കോപ്പി അയച്ചുതന്നു. അതുകണ്ടപ്പോഴാണ് ഇതു നന്നായി റീറെക്കോഡിങ് ചെയ്യേണ്ട ചിത്രമാണെന്ന് എനിക്കു തോന്നിയത്. ആരു ചെയ്യുമെന്നായി ആലോചന. ഇ-മെയിലിലൂടെ എ.ആർ. റഹ്മാനെ ബന്ധപ്പെടാൻ ഫഹദിനു കഴിഞ്ഞു. മുംബൈയിൽച്ചെന്ന് നേരിൽക്കാണാൻ ആവശ്യപ്പെട്ടു. പടത്തിന്റെ റഫ് അദ്ദേഹവും കണ്ടു. പാട്ടിന് വലിയ പ്രാധാന്യമില്ലാത്ത ചിത്രമായിട്ടും ഇതിന്റെ ജോലികൾ ചെയ്യാമെന്നേറ്റു. ഒന്നേ ആവശ്യപ്പെട്ടുള്ളൂ. സമയം വേണം. പാട്ടുകൾക്കായി കുറെ ഷോട്ടുകൾമാത്രമേ എഴുത്തുകാരനും ഛായാഗ്രാഹകനുമായ മഹേഷ് നാരായണൻ എടുത്തിരുന്നുള്ളൂ. ഒരുപക്ഷേ, എ.ആർ. റഹ്മാന്റെ ജീവിതത്തിൽ ആദ്യമായിട്ടാകും ഷോട്ടുകൾക്കനുസരിച്ച് സംഗീതം സൃഷ്ടിച്ചത്. അദ്ദേഹം രാത്രിയിൽമാത്രമേ ജോലിചെയ്യൂ. അതും നല്ല മൂഡുള്ളപ്പോൾമാത്രം. ജീനിയസുകൾക്ക് അവരുടേതായ രീതികളുണ്ട്. സംവിധായകൻ സജിമോൻ പ്രഭാകറും മഹേഷ് നാരായണനും ദിവസങ്ങളോളം ചെന്നൈയിലെ വീട്ടിൽപ്പോയി കാത്തിരുന്നിട്ടുണ്ട്. പുലർച്ചെ മൂന്നുമണിക്കൊക്കെയാകും റഹ്മാൻ റെഡിയാവുക. പക്ഷേ, റഹ്മാന്റെ സാന്നിധ്യം ഈ സിനിമയ്ക്ക് എത്രമാത്രം അനിവാര്യമെന്ന് ഇതുകണ്ടാലേ ബോധ്യപ്പെടൂ.
ആമസോണിൽനിന്ന് തിയേറ്ററിലേക്ക്
കോവിഡ് കാലത്താണ് സിനിമയുടെ ഷൂട്ടിങ് കൂടുതലും നടന്നത്. അക്കാലത്ത് തിയേറ്റർ റിലീസിന്റെ കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നില്ല. അപ്പോഴാണ് നല്ലൊരു ഓഫറുമായി ആമസോൺ എത്തിയത്. അവരുമായി കരാർ ഒപ്പിട്ടു. എന്നാൽ, പടം ഫൈനൽ മിക്സിങ് കഴിഞ്ഞപ്പോൾ ഫഹദിന് ഒരാഗ്രഹം. പടം തിയേറ്ററിൽ വരേണ്ടതല്ലേ? ആറുകോടി മുടക്കിയ പടത്തിന് ആമസോൺ കരാറായതോടെ എല്ലാ റിസ്കും ഒഴിവായതാണ്. തിയേറ്ററിൽ റിലീസ് ചെയ്താൽ വിജയിക്കുമെന്ന് ഒരുറപ്പുമില്ല. പക്ഷേ ഞാനുൾപ്പെടെ എന്റെ തലമുറയിലെ സംവിധായകരെല്ലാം തിയേറ്ററിലെത്തിയ സിനിമകളിലൂടെ അറിയപ്പെട്ടവരാണ്. അതുകൊണ്ട് റിസ്കെടുക്കാമെന്നുവെച്ചു. അവരുടെ പ്രസ്റ്റീജ്് ഓണം റിലീസായി വെച്ച സിനിമയായിട്ടും ആമസോൺ ഇതിന് സമ്മതിച്ചു. ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, ഫിയോക് തുടങ്ങിയ സംഘടനകളും ഞങ്ങളുടെ തീരുമാനത്തിന് പൂർണപിന്തുണ അറിയിച്ചു. ഒമ്പതുകോടിയെങ്കിലും കളക്ട് ചെയ്താലേ മുടക്കുമുതൽ കിട്ടൂ. വിതരണക്കാരായ സെഞ്ച്വറിയും 45 ലക്ഷത്തോളംരൂപ നഷ്ടംസഹിച്ച് ഞങ്ങളെ പിന്തുണയ്ക്കുകയാണ്. അടുത്തകാലത്ത് മലയാളത്തിൽ ഹിറ്റായ സിനിമകളിൽ ഭൂരിപക്ഷവും ആക്ഷൻ ത്രില്ലറുകളാണ്. ആർ.ആർ.ആർ., കെ.ജി.എഫ്., വിക്രം തുടങ്ങിയ സിനിമകൾകൂടി വന്നതോടെ പ്രേക്ഷകരുടെ അഭിരുചിയിൽ മാറ്റംവന്നിട്ടുണ്ട്. അതിൽനിന്നുമാറിയുള്ള സബ്ജക്ടുകൾക്കും കാണികളെ തിയേറ്ററിലേക്ക് ആകർഷിക്കാൻ കഴിയണമെന്നാണ് ആഗ്രഹം. ഉറപ്പായും കിട്ടുന്ന പണം വേണ്ടെന്നുവെച്ചാണ് ഈ റിസ്കെടുക്കുന്നത്. ഈ സിനിമ വിജയിച്ചാൽ അത് മലയാളസിനിമയുടെ വിജയംകൂടിയാകും.
സിനിമ ഏറെ മാറി
40 വർഷത്തിനുശേഷം സിനിമയിലെ പുതിയ പാഠങ്ങൾ കുറെ പഠിച്ചു. ഓരോ അണുവിലും സിനിമ മാറിയിട്ടുണ്ട്. ഞങ്ങളുടെയൊക്കെക്കാലത്ത് പ്രേക്ഷകനെ സംവിധായകൻ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കണമായിരുന്നു. ഇപ്പോൾ പ്രേക്ഷകൻ സ്വയം മനസ്സിലാക്കിക്കോളും. വിശദീകരിക്കേണ്ടതില്ല. ടെക്നോളജി, മാർക്കറ്റിങ് തുടങ്ങിയ കാര്യങ്ങളും ഏറെ മാറി. ഈ സിനിമ വിജയിച്ചാൽ സംവിധാനം, എഴുത്ത് തുടങ്ങിയവയിലേക്ക് മടങ്ങിവരാൻ എനിക്കു കഴിയും.
വഴിത്തിരിവാകുന്ന ശബ്ദം
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിഷയമാണ് മലയൻകുഞ്ഞിന്റേത്. ഒരാൾ ഏറ്റവും വെറുക്കുന്ന ഒരു കുട്ടിയുടെ ശബ്ദം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാകുന്നതാണ് ത്രെഡ്. കുടുംബങ്ങളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..