ത് സംവിധായകരുടെ അഭിനയകാലമാണെന്ന് തോന്നുന്നു. ജോയ് മാത്യുവും രൺജി പണിക്കരും നടൻമാരാണോ സംവിധായകരാണോ എന്ന് വേർതിരിച്ചുപറയാൻ കഴിയാത്തവണ്ണം സിനിമയുടെ ഭാഗമാവുന്നത് നാം കണ്ടു. ഗുൽമോഹറിനുശേഷം കൂടെയിലൂടെ രഞ്ജിത്തും ഏതാണ്ട് ആ വഴിക്കാണ്. അപ്പോഴാണ് എന്നാലും ശരത്തിലൂടെ ബാലചന്ദ്രമേനോൻ പത്തോളം സംവിധായകരെ ക്യാമറയ്ക്ക് മുന്നിലവതരിപ്പിച്ചത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ഫാസിലും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ഒരുപാട് കൗതുകങ്ങളോടെയാണ് ഈ വരവ്. നാലുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് ആലപ്പുഴയിലെ വീട്ടിലെത്തിയ ഫാസിൽ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ 36 വർഷങ്ങൾക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സ്വന്തം ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ശ്രീകുമാറിന്റെ സുഹൃത്ത് അലക്സ് ആയിരുന്നു വേഷം. മൂന്ന് സീനിലേയുള്ളുവെങ്കിലും ഗേളിയെന്ന കഥാപാത്രത്തെ ചുറ്റിയുള്ള ദുരൂഹത നീക്കുന്ന കഥയിൽ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമായിരുന്നു അത്. മമ്മൂട്ടിയെക്കൊണ്ട് അതിഥിവേഷമായി ചെയ്യിക്കാനുദ്ദേശിച്ച കഥാപാത്രത്തെ അദ്ദേഹത്തിന് സമയമില്ലാതെ വന്നപ്പോൾ സ്വയം ചെയ്യുകയായിരുന്നു അന്ന്. മലയാളസിനിമയിലേക്ക് ഫാസിൽ സംഭാവനചെയ്ത നടൻ മോഹൻലാലിനൊപ്പമായിരുന്നു അന്ന് അഭിനയിച്ചത്. ഇന്നും മോഹൻലാലിനൊപ്പം.

പിന്നീട് ഭാരതിരാജയടക്കം പലരും നായകവേഷത്തിലേക്ക് ക്ഷണിച്ചെങ്കിലും തനിക്ക് സംവിധായകന്റെ വേഷംതന്നെ മതിയെന്ന നിലപാടിലായിരുന്നു ഫാസിൽ. പക്ഷേ, ക്യാമറയ്ക്ക് പിന്നിലിരുന്ന് അഭിനേതാക്കൾക്ക് അഭിനയിച്ചുകാണിച്ചുകൊടുക്കുന്നത് കാണാമായിരുന്നു. നായികമാർക്കടക്കം വോയ്സ് മോഡുലേഷൻ ശരിയാക്കി കൊടുക്കുമ്പോഴും ഫാസിലിലെ നടനെ സിനിമാലോകം കണ്ടിരുന്നു.
 
ഇപ്പോ തീരുമാനം മാറ്റാൻ കാരണം? ഫാസിലിനോട് ചോദിച്ചു. ''പൃഥ്വിരാജിന്റെ അപ്രോച്ച് അങ്ങനെയായിരുന്നു. അത് നിരസിക്കാൻ തോന്നിയില്ല. തിരക്കഥ എഴുതുന്നത് എന്റെ പ്രിയപ്പെട്ട നടൻ ഭരത് ഗോപിയുടെ മകൻ മുരളി ഗോപി. പിന്നെ മോഹൻലാലും. തികച്ചും കംഫർട്ടബിളായ അന്തരീക്ഷം.''

പൃഥ്വിയെ ആദ്യം സിനിമയിൽ അവതരിപ്പിച്ചത് രഞ്ജിത്ത് ആണെങ്കിലും ആദ്യം ഇന്റർവ്യു ചെയ്തതും ക്യാമറാടെസ്റ്റ് നടത്തിയതും ഫാസിലായിരുന്നു. അന്ന് അസിനെയും പൃഥ്വിയെയും തിരഞ്ഞെടുത്തതാണ്. പക്ഷേ, മറ്റുചില കാരണങ്ങളാൽ പ്രോജക്ട് നടന്നില്ല. പിന്നെ നന്ദനം തുടങ്ങുമ്പോ രഞ്ജിത്ത് ഫാസിലിനോട് അഭിപ്രായം ആരാഞ്ഞാണ് നന്ദനത്തിലെ നായകസ്ഥാനത്തേക്ക് ഉറപ്പിക്കുന്നത്. ഇപ്പോൾ പൃഥ്വിയുടെ ആക്ഷൻ കട്ടിനിടയിൽ നെടുമ്പള്ളി അച്ചനായി പകർന്നാടുകയാണ് ഫാസിൽ. കാലം കാത്തുവെച്ച കൗതുകങ്ങൾ.

എങ്ങനെയുണ്ട് പൃഥിരാജ് എന്ന സംവിധായകൻ? ''നല്ല ഇൻവോൾമെന്റുള്ള, സിനിമയുടെ എല്ലാ വശങ്ങളും പഠിച്ചുമനസ്സിലാക്കിവെച്ച സംവിധായകനായാണ് തോന്നിയത്. ലൂസിഫറിന്റെ സ്‌ക്രിപ്റ്റ് മനപ്പാഠമാക്കി വെച്ചിട്ടുണ്ട്.''മൊത്തത്തിൽ സിനിമയെങ്ങനെയുണ്ടെന്നു തോന്നി? ''എന്റെ വേഷവും അതിനെ ചുറ്റിപ്പറ്റിയുള്ള ആംഗിളിൽനിന്നുമാണ് മനസ്സിലാക്കിയത്. ഒരു പക്കാ മോഹൻലാൽ എന്റർടെയ്നർ ചിത്രമായിരിക്കും ലൂസിഫർ.'' സംവിധാനം വിട്ട് അഭിനയമേഖലയിൽ സജീവമാകാനുള്ള പുറപ്പാടാണോ? ''ഇതുതന്നെയൊരു ആശ്ചര്യമായാണ് തോന്നുന്നത്.'' അപ്പോൾ അടുത്ത പടം? ''അനൗൺസ് ചെയ്യാറായിട്ടില്ല. ആലോചനകൾ നടക്കുന്നു.''   
Content Highlights:  director faasil about prithviraj lucifer movie mohanlal murali gopy