നാലാംമുറയുടെ ചിത്രീകരണത്തിനിടെ ബിജു മേനോനും ദീപു അന്തിക്കാടും | ഫോട്ടോ: മാതൃഭൂമി
ലക്കിസ്റ്റാറിൽ ചിരിയും ചിന്തയും സമംചേർത്ത് സംവിധാനവഴിയിൽ അരങ്ങേറ്റം കുറിച്ചയാളാണ് ദീപു അന്തിക്കാട്. നാലാംമുറ എന്ന സിനിമയുമായി രണ്ടാംവരവുവരുമ്പോൾ ത്രില്ലർ വഴിയിലാണ് ദീപുവിന്റെ സഞ്ചാരം. ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തെക്കുറിച്ച് സംവിധായകൻ ദീപു അന്തിക്കാട് സംസാരിക്കുന്നു
നാലാംമുറയിലേക്കുള്ള വഴികൾ
എന്റെയൊരു സുഹൃത്ത് ക്രൈംബ്രാഞ്ചിലാണ്. സൗഹൃദസംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും അദ്ദേഹം പല കേസുകളുടെയും അന്വേഷണത്തെക്കുറിച്ചുള്ള കഥകൾ എന്നോട് പറയും. സിനിമാ സംവിധായകനായതിനാൽ അത്തരം കഥകൾ കേൾക്കാൻ എനിക്കും വളരെ ഇഷ്ടമാണ്.
അത്തരമൊരു സംഭാഷണത്തിൽനിന്ന് കിട്ടിയ ത്രെഡ്ഡിൽനിന്നാണ് നാലാംമുറ എന്ന സിനിമയുടെ പിറവി. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കാത്ത ഒരാളിൽനിന്ന് കുറ്റത്തെ കണ്ടെടുക്കുന്ന രീതി എനിക്ക് ഏറെ കൗതുകകരമായിത്തോന്നി. അങ്ങനെയാണ് അത്തരമൊരു പശ്ചാത്തലത്തെ അടിസ്ഥാനമാക്കി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചെയ്യാം എന്ന് തീരുമാനിക്കുന്നത്.
സാധാരണ മലയാളസിനിമയിൽ നാം പലപ്പോഴും കാണാറുള്ളത് പ്രതികളെ ശാരീരികമായി ഉപദ്രവിച്ച് കുറ്റം തെളിയിക്കുന്ന രീതിയാണ്. എന്നാൽ, മറിച്ചൊരു രീതിയിൽ കഥ അവതരിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
നാലാംമുറയിൽ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുമ്പോൾ ആരോപണവിധേയനായ പ്രതിയുടെ റോളിലാണ് ഗുരു എത്തുന്നത്.
ഒരു മൗസ് ആൻഡ് ക്യാറ്റ് രീതിയിൽ ത്രില്ലർ വഴിയിലാണ് നാലാംമുറ ആദ്യവസാനം കഥപറഞ്ഞുപോകുന്നത്. ആയൊരു ആവേശത്തോടെ പ്രേക്ഷകർക്ക് ഈ സിനിമ കണ്ടിരിക്കാനാകും എന്നാണ് എന്റെ വിശ്വാസം.
ലഹരിക്കെതിരേ ‘നോ’ പറയാം...
ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ച മറ്റൊരുകാര്യം സിനിമ നൽകുന്ന സന്ദേശമാണ്. ലഹരിയുപയോഗത്തിനെതിരേ വലിയൊരു സന്ദേശം ഈ സിനിമ പറഞ്ഞുവെക്കുന്നുണ്ട്. കുട്ടികളിലെ ലഹരി ഉപയോഗം സമൂഹത്തിൽ കൂടിവരുകയാണ്. ഇത് എത്രമാത്രം അപകടമാണെന്ന് നാലാംമുറയിൽ കൃത്യമായി ചർച്ചചെയ്യുന്നുണ്ട്. അത്തരമൊരു വിഷയംകൂടി ഉള്ളതുകൊണ്ട് വലിയതാരങ്ങൾ ഇല്ലെങ്കിലും ഈയൊരു സിനിമ നല്ലരീതിയിൽ ചെയ്യാം എന്ന് ഞാൻ ആദ്യമേ ഉറപ്പിച്ചിരുന്നു. യാദൃച്ഛികമായി ബിജു മേനോനോട് ഞങ്ങൾ കഥപറഞ്ഞപ്പോൾ അദ്ദേഹം ചെയ്യാം എന്നു പറഞ്ഞു.
ബിജു മേനോൻ എത്തിയതോടെ എതിർഭാഗത്ത് നിൽക്കുന്നയാളും ശക്തനായ അഭിനേതാവാകണമെന്ന് ഉറപ്പിച്ചു. ബിജു മേനോനാണ് ഗുരു സോമസുന്ദരത്തിന്റെ പേര് നിർദേശിച്ചത്. അദ്ദേഹം എത്തിയതോടെ കഥാപശ്ചാത്തലം നഗരത്തിൽനിന്ന് തോട്ടംമേഖലയിലേക്ക് മാറ്റി. കുട്ടിക്കാനത്തും പീരുമേട്ടിലുമായാണ് ഷൂട്ട് പൂർത്തിയാക്കിയത്. കാരണം, ഗുരുവിന്റെ വേഷത്തെ തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന ഒരു കഥാപാത്രമാക്കി മാറ്റാനായിരുന്നു അത്. രണ്ടുപേരും മത്സരിച്ചഭിനയിച്ചത് സിനിമ ഞങ്ങൾ വിചാരിച്ചതിനെക്കാൾ മികച്ചതാക്കാൻ ഉപകാരപ്പെട്ടു.
നിരാശരാക്കില്ലെന്നുറപ്പ്...
ചിത്രത്തിന് ക്രിസ്മസ് ദിനംമുതൽ നല്ലരീതിയിലാണ് പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബപ്രേക്ഷകരാണ് പടത്തെ ഏറ്റെടുക്കുന്നത്.
പലരും വിളിച്ച് നല്ലൊരു ത്രില്ലർ എന്നഭിപ്രായപ്പെട്ടു. ഇനി കാണാനുള്ളവരോടും പറയാനുള്ളത് ഒരിക്കലും നാലാംമുറ നിങ്ങളെ നിരാശരാക്കില്ലെന്നാണ്. സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തിപ്രിയ, ഷീലു എബ്രഹാം എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: director deepu anthikadu about naalaam mura movie, biju menon and guru somasundaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..