ആടാനും കളിയാക്കപ്പെടാനുമുള്ള സ്ത്രീ കഥാപാത്രങ്ങളെ സ്വതന്ത്രരാക്കി വ്യക്തിത്വം നൽകി സമാന്തര സിനിമകൾക്കും കച്ചവടസിനിമകൾക്കും ഇടയിൽ മറ്റൊരു ചലച്ചിത്രഭാഷ്യമൊരുക്കിയ പ്രതിഭ, കാല്പനികതകൾക്കു പിറകേ പായാതെ യാഥാർത്ഥ്യങ്ങളെ അംഗീകരിച്ച് അവയെ തന്മയത്വത്തോടെ വെളളിത്തിരയിൽ വരച്ചിട്ട സംവിധായകൻ, സിനിമയിലെ അതിഭാവുകത്വങ്ങളെ അതിജീവിച്ച കലാകാരൻ ഇതെല്ലാമായിരുന്നു ഭരതൻ.
താരമൂല്യത്തേക്കാൾ കഥാഗതിക്കു യോജിച്ച അഭിനേതാക്കളെ അഭിനയിപ്പിക്കാൻ ധൈര്യം കാണിച്ച അപൂർവ്വം സംവിധായകരിലൊരാളാണ് ഭരതൻ. നായകനു ചുറ്റും ഒരു ഉപഗ്രഹം പോലെ അവനു പാടാനും ആടാനും കളിയാക്കാനും മാത്രം സൃഷ്ടിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് സ്വന്തം വ്യക്തിത്വം സൃഷ്ടിച്ചു നൽകിയതും അവരെ സ്വതന്ത്രരാക്കിയതും ഭരതനായിരുന്നു.
നായികക്കു മാത്രമല്ല ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം വ്യക്തത നൽകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. വ്യക്തിപ്രഭാവത്താൽ അതിമാനുഷികരായ സ്ത്രീ കഥാപാത്രങ്ങളെയല്ല ഭരതൻ സൃഷ്ടിച്ചത്. മറിച്ച് എല്ലാ പോരായ്മകളേയും തുറന്നു കാണിച്ചുകൊണ്ടു തന്നെ അവരെ ശക്തരാക്കി. കെ.പി.എ.സി ലളിതയ്ക്കു ഭരതൻ സിനിമകളിൽ ലഭിച്ച കഥാപാത്രങ്ങൾ അതിനുളള ശക്തമായ തെളിവുകളാണ്. വെങ്കലത്തിലെയും അമരത്തിലെയും കഥാപാത്രങ്ങൾ അവരുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് എടുത്തു പറയാവുന്ന കഥാപാത്രങ്ങളാണ്.
വെങ്കലത്തിൽ കെ.പി.എ.സി.ലളിത അവതരിപ്പിച്ച കുഞ്ഞിപ്പെണ്ണും വൈശാലിയിൽ ഗീത അവതരിപ്പിച്ച മാലിനിയും സമൂഹത്തിൽ നിലനിൽക്കുന്ന സദാചാര ചിന്തകൾക്കെതിരെ ചോദ്യചിഹ്നമുയർത്തുന്ന കഥാപാത്രങ്ങളാണ്. തന്റെ രണ്ടാൺമക്കളും ഒരുവളെ തന്നെ വേളി കഴിക്കണമെന്നാഗ്രഹിക്കുന്ന കുഞ്ഞിപ്പെണ്ണും, സ്വന്തം മകളെ ഋഷിശൃംഗനടുത്തേക്ക് ഒരുക്കി വിടുന്ന മാലിനിയും ആത്യന്തികമായി നന്മയാണ് ലക്ഷ്യമിടുന്നതെങ്കിലും അവരുടെ പ്രവർത്തികളെ കുറച്ച് വൈമനസ്യത്തോടെയാണ് നമുക്ക് ഉൾക്കൊളളാനാവുക.
നിറങ്ങളുടെ ധാരാളിത്തവും നയനമനോഹരമായ വിഷ്വലുകളും ഭരതൻ ചിത്രങ്ങളുടെ പ്രത്യേകതകളായിരുന്നു. വിടർന്ന കണ്ണുകളും നീണ്ടമുടിയും വലിയപൊട്ടും ഭരതൻ നായികമാരെ കൂടുതൻ സൗന്ദര്യവതികളാക്കി.രതിനിർവേദത്തിൽ നാം കണ്ട ജയഭാരതിയും വെങ്കലത്തിൽ കണ്ട ഉർവശിയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ കണ്ട പച്ചമഞ്ഞളിന്റെ മുഖകാന്തിയുളള പാർവ്വതിയും മറ്റേതെങ്കിലും ചിത്രങ്ങളിൽ ഇത്രയും സുന്ദരികളായിരുന്നോ എന്നകാര്യം സംശയമാണ്. ഭരതനിലുളള ചിത്രകാരന്റെ മനസ്സാകാം ഒരുപക്ഷേ നായികമാർക്ക് ഇത്ര അഴകും ആഴവും നൽകിയത്.
സ്ത്രീകളുടെ വികാരവിചാരങ്ങൾക്കും ഭരതൻ ബഹുമാനം കൽപ്പിച്ചിരുന്നു.ഭരതൻ സിനിമകളിലെ സ്ത്രീകൾ പൂർണ്ണരായിരുന്നു. മാതൃത്വത്തിന്റെ പൂർണരൂപമെടുത്ത അമ്മയായോ, പ്രണയത്തിന്റെ പാരമ്യതയിൽ എത്തിചേർന്ന കാമുകിയായോ, സഹോദരിയായോ, മകളായോ അവർ ആ സിനിമകളിൽ ജീവിച്ചു.
പ്രണയത്തിന്റെ വിവിധഭാവങ്ങളാണ് ഭരതൻ സിനിമകളിൽ പലപ്പോഴും പ്രമേയമായിരുന്നത്. പ്രണയത്തിനപ്പുറം ആൺപെൺ ബന്ധങ്ങളിലെ തീക്ഷണതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ചിത്രീകരിക്കാനും ഭരതന് സാധിച്ചു.
രതിനിർവേദം യൗവനത്തിലേക്കു കാലെടുത്തു വെക്കുന്ന കൗമാരക്കാരന്റെ മനസ്സിലെ വിഹ്വലതകളും പതറിപ്പോയ നായികയേയും പരിചയപ്പെടുത്തുമ്പോൾ ചാമരത്തിൽ കൗമാരക്കാരനായ ഒരു വിദ്യാർത്ഥിയേയും അവൻ സ്നേഹിക്കുന്ന അവന്റെ ടീച്ചറേയും നാം കാണുന്നു. കാതോടുകാതോരം പ്രണയത്തിന്റെ മറ്റൊരു പരിചിതമല്ലാത്ത പക്വതയുടെ അന്തരീക്ഷം നമുക്കു കാട്ടിത്തരുന്നു.
അമരത്തിൽ അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ തീക്ഷ്ണതക്കു പ്രാമുഖ്യം നൽകുമ്പോഴും പ്രണയത്തിന്റെ അടിയൊഴുക്കുകളിൽ ആ ബന്ധത്തിനുണ്ടാകുന്ന വിളളലും പ്രായഭേദങ്ങളെ മറന്ന് നായക കഥാപാത്രമായ അച്ചൂട്ടിയെ പ്രണയിക്കുന്ന ചന്ദ്രികയേയും നാം കാണുന്നു. ശാരീരികവൈകല്യങ്ങൾക്കുമപ്പുറത്ത് മാനുഷികവികാരങ്ങൾക്ക് മുൻഗണന നൽകുന്ന കേളിയിലെ ശ്രീദേവി ടീച്ചറും വലിയൊരു ദൗത്യവുമായി ഋഷിശൃംഗന്റെ സമീപമെത്തുന്ന വൈശാലിയും മാനസിക വിഭ്രാന്തിയുള്ള രാജുവിനെ സ്നേഹിക്കുന്ന നിദ്രയിലെ അശ്വതിയും പ്രണയത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങളാണ്.
സ്വന്തം വികാരങ്ങളെ മറ്റുളളവർക്ക് മുന്നിൽ അടിയറവു പറയാത്ത സ്ത്രീത്വത്തിന്റെ പ്രതീകങ്ങളാണ് ഭരതൻ സിനിമകളിലെ കഥാപാത്രങ്ങൾ.മറ്റുളളവരെ ശാസിച്ചോ സ്നേഹിച്ചോ മുന്നോട്ട് നടത്താൻ കെൽപുളളവർ. പാഥേയത്തിലേയും ദേവരാഗത്തിലേയും ചമയത്തിലേയും സ്ത്രീകഥാപാത്രങ്ങൾക്കുളള മാനസികധൈര്യം പലപ്പോഴും ആ ചിത്രങ്ങളിലെ നായകന്മാർക്ക് കാണാത്തത് അതുകൊണ്ടായിരിക്കാം.ഒരുവേള സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലേക്ക് കഥയുടെ രസച്ചരട് ഏൽപ്പിക്കാനും ഭരതനെന്ന സംവിധായകൻ മടിക്കുന്നില്ല.
വീണ്ടും വീണ്ടും കേൾക്കാനും മൂളാനും കൊതിക്കുന്ന ഗാനങ്ങളിലൂടെ ഭരതൻ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുമ്പോൾ, കഥയുടെ ഗതിക്ക് സ്വാഭാവികത നൽകുമ്പോൾ ഭരതൻസ്പർശത്തിന്റെ മറ്റൊരു തലം കൂടി കാണികൾക്കു മുമ്പിൽ അനാവരണം ചെയ്യപ്പെട്ടു.എൺപതുകളെ മലയാളസിനിമയുടെ കാൽപനിക കാലഘട്ടമാക്കിയതിൽ ഭരതൻസിനിമകൾക്കുളള പങ്ക് ചെറുതല്ല.യാഥാസ്ഥിതികരായ കേരളീയ പ്രേകഷകർ കണ്ടു പരിചയിച്ച ആഖ്യാനശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം ആയിരിന്നിട്ടുകൂടി ഭരതൻ സിനിമകൾ ഇന്നും ചലച്ചിത്രപ്രേമികൾക്കുളള പാഠപുസ്തകമായി നിലകൊളളുന്നത് അതുകൊണ്ടെല്ലാമായിരിക്കാം.
(പുന:പ്രസിദ്ധീകരണം)
Content HIghlights: Bharathan Death anniversary, Vaishali, Rathi Nirvedam, Amaram, Movies, remembering Bharathan Evergeen Malayalam Movies, Legendary filmmaker