കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത സിനിമകള്‍ നമുക്കുതന്ന കലാകാരനാണ് ഭരതന്‍. മാനുഷിക വികാരങ്ങളെ അനുയോജ്യമായ വര്‍ണക്കൂട്ടുകളുടെ പശ്ചാത്തലത്തില്‍ ചായംചാലിച്ച് ഓരോ ഫ്രെയിമും ഓരോ മനോഹര ചിത്രങ്ങളാക്കുന്നതില്‍ വിദഗ്ധനായിരുന്നു ഈ ശില്പി. ഈ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ സിനിമയിലെ പാട്ടുകളെയും, ആ സംഗീതാഭിമുഖ്യത്തെയും ഓര്‍ത്തെടുക്കുകയാണിവിടെ.

സിനിമയില്‍ പാട്ട് വേണമെന്നു നിര്‍ബന്ധമൊന്നുമില്ല ഭരതന്. ചാട്ട എന്ന ചിത്രത്തില്‍ ഒറ്റ പാട്ടുപോലുമില്ല. പക്ഷേ, കഥയോട് ഇഴുകിച്ചേരുന്ന പാട്ടുകളുടെയും പശ്ചാത്തലസംഗീതത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. എം.ബി. ശ്രീനിവാസന്‍, ദേവരാജന്‍, എം.ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ബോംബെ രവി, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, കീരവാണി, ഇളയരാജ, ജെറി അമല്‍ദേവ്, പിന്നെ സ്വന്തമായും ഈണങ്ങള്‍ ഒരുക്കിയാണ് ഭരതന്‍ തന്റെ ചിത്രങ്ങളെ സംഗീതസാന്ദ്രമാക്കിയത്.

ഗാനരചനയിലും പ്രതിഭാസമ്പന്നരെത്തന്നെയാണ് ഭരതന്‍ സ്വീകരിച്ചത്. താളബദ്ധമായ പാട്ടുകളുടെ കാവാലം ശൈലി, നാടന്‍പദസമ്പന്നമായ പി. ഭാസ്‌കരരചന, ഭാവസാന്ദ്രമായ പാട്ടുകളുടെ ഒ.എന്‍.വി. കാലം, പദസമ്പന്നവും അര്‍ഥ സാന്ദ്രവുമായ എം.ഡി. രാജേന്ദ്രന്‍ സ്‌റ്റൈല്‍, ലളിതപദാവലികള്‍കൊണ്ട് മനംനിറയുന്ന കൈതപ്രത്തിന്റെയും പൂവച്ചല്‍ ഖാദറിന്റെയും കെ. ജയകുമാറിന്റെയും പാട്ടുകള്‍ എന്നിങ്ങനെ ഓരോ കഥയ്ക്കും അനുയോജ്യമായ പാട്ടൊരുക്കുന്നതില്‍ ഭരതന്‍ പ്രതിഭകളെ ഉപയോഗപ്പെടുത്തി. ഒപ്പം സ്വന്തമായി പാട്ടെഴുതുകയും ചെയ്തു. സംഗീതത്തിന്റെ തേന്‍തുള്ളികളാണ് ഇവയിലൂടെ അനുവാചകന്‍ നുകര്‍ന്നത്.

മൗനം എന്ന വാക്കിനോടും ഹിന്ദോളമെന്ന രാഗത്തോടുമുള്ള പ്രിയമാണ് ഭരതഗാനങ്ങളിലൂടെ കടന്നുപോവുമ്പോള്‍ മനസ്സിലോടിയെത്തുന്ന കാര്യം. ആദ്യചിത്രമായ പ്രയാണത്തില്‍തന്നെ ഈ മൗനപ്രണയം തുടങ്ങുന്നുണ്ട്. വയലാറും എം.ബി. ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ പ്രേമഗീതം കോടിജന്‍മങ്ങളായി പരസ്പരം തേടുന്നവരുടെ മനസ്സാണ്. മൗനങ്ങള്‍ പാടുകയായിരുന്നു എന്ന പാട്ട് എത്ര കേട്ടാലും മതിവരില്ല. 
മൗനത്തില്‍ ഒളിപ്പിച്ച പ്രണയം നിറമായും ശില്പമായും മാറുന്ന അപൂര്‍വചാരുതയായിരുന്നു ഓര്‍മയ്ക്കായി എന്ന ചിത്രം. ആ ചിത്രത്തിലെ മൗനം പൊന്‍മണി തംബുരുമീട്ടി തന്ത്രിയില്‍ നാദവികാരമുണര്‍ന്നു എന്ന ഗാനം സന്തോഷത്തിന്റെ നീലാകാശത്തിലേക്ക് പറന്നുയരുന്ന സ്നേഹഗാനമായിരുന്നു. ആലപ്പുഴ മധു എഴുതി ജോണ്‍സണ്‍ സംഗീതമൊരുക്കി വാണിജയറാം പാടിയ ഗാനത്തിന് തിരശ്ശീലയില്‍ ജീവന്‍ കൊടുത്തത് ഗോപിയും മാധവിയുമാണ്.

ബേബി ശ്യാമിലി മാളൂട്ടിയായെത്തിയ ചിത്രത്തിലുമുണ്ടൊരു മൗനഗാനം. മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം തുറന്നതാരോ ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ പൂനിലാവിന്‍ തേരിറങ്ങി വരും ഗന്ധര്‍വ്വനോ എന്ന പാട്ട് എഴുതിയത് പഴവിള രമേശനാണ്. ജോണ്‍സണ്‍ തന്നെയാണ് ഈണം.
തകരയിലെ മൗനമേ നിറയും മൗനമേ... ഇതിലേ പോവും കാറ്റില്‍.. ഇവിടെ വിരിയും മലരില്‍... കുളിരായ്, നിറമായി ഒഴുകും ദുഃഖം നായികയുടെ മനസ്സിനൊപ്പം അനുവാചകചിത്തത്തെയും ദുഃഖസാന്ദ്രമാക്കുന്നു. പൂവച്ചല്‍ഖാദറിന്റെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന്‍ നല്‍കിയ ഈണം എസ്. ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തു. 

രതിനിര്‍വ്വേദത്തിലുമുണ്ടൊരു മൗനം. മൗനം തളരും തണലില്‍.. നീളും നിഴലിന്‍ വഴിയില്‍.. കാറ്റു വീശി ഇലകൊഴിഞ്ഞു... പിന്നെ കാത്തിരിപ്പിന്റെ വീര്‍പ്പുലയുന്നതും ഈ മൂകവിലാപകാവ്യത്തില്‍ കേള്‍ക്കാം. സംഗീതത്തിലുള്ള ഭരതന്റെ അറിവും ആഴവുംതന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പാട്ടുകളെ ഇത്രയും മനോഹരമാക്കിയതെന്നതില്‍ സംശയമില്ല. ദുഃഖത്തെ ഇത്രയും ആഴത്തിലും മനസ്സില്‍ സ്പര്‍ശിക്കുംവിധവും ആവിഷ്‌കരിക്കാന്‍ ഹിന്ദോളംരാഗത്തിനുള്ള കഴിവ് അദ്ദേഹം ഉപയോഗപ്പെടുത്തി. താരം വാല്‍ക്കണ്ണാടി നോക്കി, രാജഹംസമേ തുടങ്ങിയ ഗാനങ്ങളൊക്കെ ഇതിനുദാഹരണങ്ങളാണ്. കാതോട് കാതോരം പോലുള്ള സിനിമകള്‍ക്ക് ഭരതന്‍തന്നെയാണ് ഈണം പകര്‍ന്നതും. ഗാനചിത്രീകരണത്തിലും ഭരതന്റെ വര്‍ണക്കൂട്ടുകള്‍ അതുവരെ ആരും ആവിഷ്‌കരിക്കാത്തവയായിരുന്നു. പച്ചയില്‍ പച്ചയുടുപ്പിട്ട് കഥാപാത്രത്തെ അവതരിപ്പിക്കാമെന്നതൊക്കെ ഭരതന്‍ കാട്ടിത്തന്നതാണ്. അതുകണ്ടാണ് മഞ്ഞയില്‍ മഞ്ഞയുടുപ്പിട്ട് നാദിയയെ അവതരിപ്പിക്കാനുള്ള ധൈര്യം എനിക്കു കിട്ടിയതെന്ന് സംവിധായകന്‍ ഫാസില്‍ പണ്ട് പറഞ്ഞിട്ടുണ്ട്. അതുവരെ അങ്ങനെ പറഞ്ഞാല്‍ ക്യാമറാമാന്‍മാരെങ്കിലും അത് ശരിയാവില്ലെന്നു പറയുമായിരുന്നു.

ഭരതന്‍ ചിത്രങ്ങളിലൂടെ ഗാനത്തിനും ഗാനരചനയ്ക്കും ഏറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ചാമരത്തിലെ നാഥാ നീ വരും കാലൊച്ചകേള്‍ക്കുവാന്‍ എന്ന ഗാനത്തിനും കാറ്റത്തെ കിളിക്കൂടിലെ ഗോപികേ നിന്‍ വിരല്‍ എന്ന ഗാനത്തിനും എസ്. ജാനകിക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കേളി, ചമയം, വൈശാലി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് കെ.എസ്. ചിത്രയ്ക്കും ഭരതചിത്രത്തിലൂടെയാണ് സംസ്ഥാനപുരസ്‌കാരം ലഭിച്ചത്. ചമയത്തിലെ രാജഹംസമേ പാട്ട് പാടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ചന്ദ്രലേഖയും ഭരതനെ നന്ദിപൂര്‍വം ഓര്‍ക്കുന്നുണ്ടാവണം. വൈശാലിയിലെ ഗാനത്തിന് ചിത്രയ്ക്ക് ദേശീയ അവാര്‍ഡും തേവര്‍മകനിലെ ഇഞ്ചി ഇടുപ്പഴകി എന്ന ഗാനത്തിന് എസ്. ജാനകിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതും ഓര്‍ക്കാം. കാവാലത്തിന് മര്‍മരത്തിലൂടെയും ഒ.എന്‍.വിക്ക് വൈശാലി, ഇത്തിരിപൂവേ ചുവന്ന പൂവേ, ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്നീ ചിത്രങ്ങളിലൂടെയും, പി ഭാസ്‌കരന് വെങ്കലത്തിലൂടെയും മികച്ച ഗാനരചനയ്ക്കും അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച ഗാനങ്ങള്‍ ഒരുക്കുന്നതില്‍ ദത്തശ്രദ്ധനായ സംവിധായകന്റെ കയ്യൊപ്പു കൂടിയാണ് ഈ അംഗീകാരങ്ങള്‍ക്കു പിന്നില്‍. ഈ സ് മൃതി ദിനത്തില്‍ ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം മൗനമാചരിക്കാം.