ഡെന്നീസ് ജോസഫ്: സിനിമയെഴുത്തിലെ ഇന്ദ്രജാലം


പി. പ്രജിത്ത്

ഡെന്നീസ് ജോസഫുമായി മാതൃഭൂമി പ്രതിനിധി പി. പ്രജിത്ത് നടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം

dennis joseph
ഡെന്നീസ് ജോസഫ്| Photo: Mathrubhumi

ഡെന്നീസ് ജോസഫ് ഓര്‍മകളിലേക്കിറങ്ങുമ്പോള്‍ നല്ല കേള്‍വിക്കാരനാകുകയെന്നതു മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. ആദ്യ ഹിറ്റ് നിറക്കൂട്ട്, മമ്മൂട്ടിക്ക് രണ്ടാംവരവ് സമ്മാനിച്ച് ന്യൂഡല്‍ഹി, മോഹന്‍ലാലിനെ താരപദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍. രാജന്‍ പി. ദേവ് എന്ന നടനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇന്ദ്രജാലം, സെന്‍സര്‍ബോര്‍ഡിനോട് കലഹിച്ചെത്തിയ ഭൂമിയിലെ രാജാക്കന്‍മാര്‍, രണ്ടാംഭാഗത്തിന് വെമ്പിനില്‍ക്കുന്ന കോട്ടയം കുഞ്ഞച്ചന്‍, മള്‍ട്ടിസ്റ്റാര്‍ സിനിമകളായ നമ്പര്‍ 20 മദ്രാസ് മെയിലും മനു അങ്കിളും. കണ്ണീരിന്റെ നനവോടെമാത്രം ഓര്‍ക്കാവുന്ന ആകാശദൂത്... ഡെന്നീസിന്റെ തൂലികയില്‍നിന്നും ഉതിര്‍ന്നുവീണ ജനപ്രിയസിനിമകളുടെ പട്ടിക ഇങ്ങനെ നീളും

ഡെന്നീസ് ജോസഫിന്റെ ആദ്യ ഹിറ്റ് ചിത്രം നിറക്കൂട്ടിന്റെ ഓര്‍മകള്‍ പറഞ്ഞുതുടങ്ങാം...

തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍പ്പോയാണ് ജോഷിയോട് നിറക്കൂട്ടിന്റെ കഥപറയുന്നത്. ആദ്യഎഴുത്തില്‍ പേരെടുക്കാത്ത രചയിതാവായതുകൊണ്ട് ജോഷിയില്‍നിന്ന് വലിയ മതിപ്പൊന്നും കിട്ടിയില്ല. കഥപറയാന്‍ സെറ്റിലേക്ക് ചെല്ലാന്‍ പറഞ്ഞു. പെട്ടെന്ന് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജോഷി മുന്നിലിരിക്കുന്നതെന്ന് എനിക്കുതോന്നി. കാരണം ലൈറ്റ് അപ്പ് ചെയ്ത സെറ്റില്‍നിന്ന് അരമണിക്കൂര്‍ എന്നു പറഞ്ഞാണ് ജോഷി എന്റെ അടുത്തേക്കുവന്നത്. അരമണിക്കൂര്‍കൊണ്ട് ഒരു ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍ക്കുക എന്നു പറയുന്നത് നടപ്പുള്ള കാര്യമല്ലായിരുന്നു. തിരക്കഥ നല്‍കി. ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്പോള്‍ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി.

ഉച്ചവരെ ഷൂട്ടില്ലെന്ന് ജോഷി പ്രഖ്യാപിച്ചു. മുഴുവന്‍ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞത് ഇന്നും എനിക്കോര്‍മയുണ്ട്: ''മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാന്‍ പറയുന്നില്ല. ജീവിതത്തില്‍ എനിക്ക് ചെയ്യാന്‍കിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മള്‍ ഈ പടം ചെയ്യുന്നു.'' അതാണ് നിറക്കൂട്ട്. സിനിമ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി എന്നു മാത്രമല്ല, തമിഴിലും തെലുഗിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തു.

മോഹന്‍ലാലിനെ സൂപ്പര്‍ താരപദവിയിലേക്കുയര്‍ത്തിയ രചനയെക്കുറിച്ച്

ജോഷിയും തമ്പി കണ്ണന്താനവും എടാ പോടാ വിളിക്കുന്ന സുഹൃത്തുക്കളാണ്. അങ്ങനെയാണ് തമ്പിയെ പരിചയപ്പെടുന്നത്. ഒരുദിവസം തമ്പി നേരെ എന്റെ മുറിയിലേക്കുവന്നു. സിനിമയ്ക്കുപറ്റിയ കഥയായിരുന്നു ആവശ്യം, മുന്‍ചിത്രങ്ങളുടെ പരാജയത്തില്‍നിന്ന് കരകയറാന്‍ തമ്പിക്കൊരു ഹിറ്റ് കൂടിയേ മതിയാകൂ. ഞങ്ങള്‍ പലകഥകളും ആലോചിച്ചു. നായകന്‍തന്നെ വില്ലനാകുന്ന ഒരു പ്രമേയം സിനിമയാക്കാന്‍ തീരുമാനമായി. സാധാരണരീതിയില്‍ ഒരുവിധം നിര്‍മാതാക്കളൊന്നും അംഗീകരിക്കാന്‍ സാധ്യതയില്ലായിരുന്നു. പക്ഷേ, തമ്പിക്ക് ആ കഥാസാരം ഇഷ്ടമായി.

മമ്മൂട്ടിയെയായിരുന്നു തമ്പി മനസ്സില്‍ കണ്ടിരുന്നത്. പക്ഷേ, മമ്മൂട്ടി സമ്മതിക്കാത്തതിനെത്തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിച്ചു. കഥപോലും കേള്‍ക്കാതെതന്നെ ലാല്‍ സമ്മതം മൂളി. അതാണ് രാജാവിന്റെ മകന്‍. അഞ്ചോ ആറോ ദിവസംകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി എന്റെ മുറിയില്‍ വരും. ഞാന്‍ എഴുതിവെച്ചിരിക്കുന്നത് എടുത്തു വായിക്കും. വായിക്കുക മാത്രമല്ല, വിന്‍സന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലില്‍ അവതരിപ്പിച്ചു കേള്‍പ്പിക്കുന്നതുമെല്ലാം ഓര്‍മയിലുണ്ട്. സാമ്പത്തികപ്രയാസങ്ങള്‍ ഉള്ളതിനാല്‍ ചെലവുകുറച്ചാണ് രാജാവിന്റെ മകന്‍ ചിത്രീകരിച്ചത്. തമ്പിയുടെ കാറുവിറ്റും റബ്ബര്‍ത്തോട്ടം പണയംവെച്ചുമെല്ലാമാണ് ചിത്രം പൂര്‍ത്തിയാക്കിയത്

പത്രം മുന്‍നിര്‍ത്തിയുള്ള പ്രതികാരകഥയാണ് ന്യൂഡല്‍ഹി. മമ്മൂട്ടിയുടെ രണ്ടാംവരവിന് വഴിയൊരുക്കിയ ചിത്രം. ന്യൂഡല്‍ഹിയെക്കുറിച്ചോര്‍ക്കുമ്പോള്‍ തല്ലിയവനെ തിരിച്ചുതല്ലുന്ന പ്രതികാരമാണ് ന്യൂഡല്‍ഹിയുടെ പ്രമേയം. പക്ഷേ, അതിന് ഞങ്ങളൊരു പുതിയ കഥാപശ്ചാത്തലം കൊണ്ടുവന്നു. അമേരിക്കന്‍ പ്രസിഡന്റിനെ കൊല്ലാന്‍ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരന്‍ ശ്രമിച്ച കഥ ഞാന്‍ കേട്ടിരുന്നു. തനിക്കായിമാത്രം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍വേണ്ടി സ്വന്തം ഭ്രാന്തന്‍ബുദ്ധിയില്‍ പ്രസിഡന്റിനെ കൊല്ലാന്‍വേണ്ടി ക്വട്ടേഷന്‍ കൊടുക്കുകയാണ്. കൊലപാതകത്തിന്റെ സ്ഥലവും സമയവുംവരെ നിശ്ചയിച്ചുറപ്പിച്ചശേഷം തലേദിവസംതന്നെ അടിച്ചുവെച്ചു. പക്ഷേ, കൊലപാതകം നടന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം പത്രം പുറത്തിറങ്ങി. അയാള്‍ പിടിക്കപ്പെട്ടു. സ്വന്തം മീഡിയ ശ്രദ്ധിക്കാന്‍വേണ്ടി, വാര്‍ത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥ... അതില്‍നിന്നാണ് ന്യൂഡല്‍ഹി ജനിക്കുന്നത്. കേരളത്തില്‍ നടക്കുന്നതുപോലെ കഥപറഞ്ഞിരുന്നെങ്കില്‍ അത് വിശ്വസിക്കാതെപോയേനെ. മാതൃഭൂമിയുടെയോ മനോരമയുടെയോ പത്രാധിപര്‍ ഇങ്ങനെ ചെയ്യുമോ എന്ന് സംശയിച്ച് കഥ തള്ളിക്കളയുമായിരുന്നു. പശ്ചാത്തലം ഡല്‍ഹിയായപ്പോള്‍ അവിശ്വസനീയകഥയ്ക്ക് വിശ്വസനീയത കൈവന്നു. ന്യൂഡല്‍ഹിക്ക് ഒത്തൊരു ക്ലൈമാക്സ് കിട്ടിയില്ല. പലതരത്തിലും ആലോചിച്ച് പലതും എഴുതി. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ അന്നത്തെ പത്രത്തിന്റെ മുന്‍പേജില്‍ ഒരു ബോക്സ് ന്യൂസ് കണ്ണിലുടക്കിയത്. ഒരു പ്രിന്ററുടെ കൈപ്പത്തി അറ്റുപോയി. അയാള്‍ പ്രസ്സില്‍ പ്രിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നടന്ന അപകടം. ചതഞ്ഞരഞ്ഞ് കൈയിലെ രക്തംകൊണ്ട് ബുക്ലെറ്റിന്റെ ആ രണ്ടുപേജ് അടിച്ചുവന്നു. അതായിരുന്നു ആ വാര്‍ത്ത. അതുതന്നെ ഞാന്‍ ക്ലൈമാക്സാക്കി.

ന്യൂഡല്‍ഹിയുടെ റൈറ്ററെത്തേടി രജനീകാന്തും മണിരത്‌നവുമെല്ലാം വന്നതായി കേട്ടിട്ടുണ്ട്...

ന്യൂഡല്‍ഹി മദിരാശിയില്‍ തകര്‍ത്തോടുന്ന സമയം. സഫയര്‍ തിയേറ്ററില്‍ നൂറുദിവസം ചിത്രം റഗുലര്‍ ഷോ കളിക്കുന്നു. മറ്റൊരു തിരക്കഥയുമായി മദിരാശിയില്‍ താമസിക്കുമ്പോള്‍ റിസപ്ഷനില്‍നിന്നൊരു കോള്‍, താഴെ ഒരു വി.ഐ.പി. കാണാന്‍ വന്നിട്ടുണ്ടെന്ന്. ആരോ തമാശ കാണിക്കുകയാണെന്നേ കരുതിയുള്ളൂ. വി.ഐ.പി. മുകളിലേക്ക് വന്നോട്ടെയെന്നായിരുന്നു എന്റെ മറുപടി. വാതില്‍ തുറന്നപ്പോള്‍ ഞെട്ടിപ്പോയി. എനിക്കുമുന്നില്‍ രജനീകാന്ത്. അദ്ദേഹം എന്നെ കാണാന്‍ വന്നിരിക്കുകയാണ്. അദ്ദേഹംതന്നെ എന്റെ പേരുവിളിച്ച് ഹസ്തദാനം ചെയ്തു. രജനീകാന്ത് വന്നത് ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശത്തിനാണ്. ഹിന്ദിയില്‍ അദ്ദേഹത്തിന് ഹീറോ ആയിട്ട് അഭിനയിക്കണം. പക്ഷേ, അപ്പോഴേക്കും ന്യൂഡല്‍ഹിയുടെ കന്നഡ, തെലുഗ്, ഹിന്ദി പതിപ്പുകളുടെ അവകാശം ഞങ്ങള്‍ കൊടുത്തുകഴിഞ്ഞിരുന്നു. രജനീകാന്തിനോട് നല്ലവാക്ക് പറഞ്ഞ് പിരിയേണ്ടിവന്നു. ഹോട്ടല്‍മുറിയില്‍വെച്ചുതന്നെയാണ് മണിരത്‌നവുമായും സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ നായകന്‍, അഗ്‌നിനക്ഷത്രം എന്നീ ചിത്രങ്ങള്‍ വലിയ ഹിറ്റായി മാറിയിരിക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. അടുത്തതായി ചെയ്യാന്‍പോകുന്ന അഞ്ജലിയെന്ന സിനിമയുടെ തിരക്കഥയെഴുത്ത് ഏല്‍പ്പിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം. എന്നെ തേടിവരാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വാണിജ്യസിനിമകളില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഷോലെയുടേതാണ്. അതുകഴിഞ്ഞാല്‍ പിന്നെ ഇഷ്ടപ്പെട്ട ഒരു സ്‌ക്രീന്‍പ്ലേ ന്യൂഡല്‍ഹിയാണ്, അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ ഏറെ ആഹ്ലാദം നല്‍കിയെങ്കിലും തിരക്കഥാരചനയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ സമയം അനുവദിച്ചില്ല.

രാജന്‍ പി. ദേവും എന്‍.എഫ്. വര്‍ഗീസും പ്രേക്ഷകമനസ്സില്‍ ഇടംനേടുന്നത് ഡെന്നീസ് ജോസഫിന്റെ കഥാപാത്രങ്ങളായാണ്.രാജന്‍ പി. ദേവും എന്‍.എഫ്. വര്‍ഗീസും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന രണ്ടുമുഖങ്ങളാണ്. തമ്പി കണ്ണന്താനത്തിനുവേണ്ടി എഴുതിയ മോഹന്‍ലാല്‍ ചിത്രം. ഒരുപാട് മാനറിസങ്ങളോടുകൂടിയ വില്ലനെയായിരുന്നു ആവശ്യം. ബോംബെയിലെ അധോലോകനായകനായ ഒരു പാലാക്കാരന്‍ കാര്‍ലോസ്. തിലകനെക്കൊണ്ട് ചെയ്യിക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും അതൊരു ടിപ്പിക്കല്‍ തിലകന്‍വേഷമാകുമോ എന്നു സംശയിച്ച് പുതിയൊരാളെ തേടുകയായിരുന്നു. രാജന്‍ പി. ദേവ് എന്ന നാടകനടനെക്കുറിച്ച് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും അദ്ദേഹം അഭിനയിച്ച നാടകങ്ങളൊന്നുംതന്നെ ഞങ്ങള്‍ കണ്ടിരുന്നില്ല. വാഹനാപകടത്തില്‍പ്പെട്ട് കാലിന് പരിക്കേറ്റ് നാടകം കളിക്കാനാകാതെ വിഷമിച്ചിരുന്ന അവസരത്തിലാണ് രാജനെത്തേടി ഞങ്ങളുടെ വിളിയെത്തുന്നത്. മുടന്തന്‍കാലുമായാണ് വന്നത്. മുടന്ത് മറച്ചുവെക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങള്‍ക്കുവേണ്ടത് അത്തരത്തിലൊരു നടത്തമുള്ള ആളെത്തന്നെയായിരുന്നു. മദ്രാസിലെ ഹോട്ടലില്‍വെച്ച് ആദ്യമായി വേഷത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ യാദൃച്ഛികമായി സംവിധായകന്‍ ഹരിഹരന്‍ അവിടേക്ക് കയറിവന്നു. അദ്ദേഹത്തിന്റെ ഒളിയമ്പുകള്‍ എന്ന ചിത്രം ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജാലത്തിലെ വില്ലനാകാന്‍പോകുന്ന രാജന്‍ പി. ദേവിനെ ഹരിഹരന് പരിചയപ്പെടുത്തി. ഉടനെ അദ്ദേഹം പറഞ്ഞത് എന്നാല്‍, ഒളിയമ്പുകളിലും നല്ലൊരു വേഷം കൊടുത്തേക്ക് എന്നാണ്. ആദ്യമായി സിനിമയിലേക്ക് പ്രവേശിക്കുന്ന രാജന്‍ അങ്ങനെ ഒരേസമയം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയുടെ ഭാഗമായി.

ആകാശദൂതിലെ പാല്‍ക്കാരനായ വില്ലന്‍ കൊച്ചുമുതലാളിയായി ആദ്യം കണ്ടത് താഴ്വാരം സിനിമയിലെ പ്രതിനായകന്‍ സലിം ഗൗസിനെയായിരുന്നു. പറഞ്ഞുറപ്പിച്ചെങ്കിലും സിനിമതുടങ്ങുന്നതിനോടടുത്തപ്പോള്‍ സലിം ഗൗസിന് അസൗകര്യമായി. വ്യത്യസ്തനായൊരു വില്ലനെ തേടുന്നതിനിടയിലാണ് എന്‍.എഫ്. വര്‍ഗീസിന്റെ പേര് ഉയര്‍ന്നുവരുന്നത്. കലാഭവനിലും മിമിക്രി ഗ്രൂപ്പുകളിലുമെല്ലാം സജീവമായിരുന്ന വര്‍ഗീസിന്റെ ശബ്ദം അന്നേ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വേഷം നല്‍കിയ വിവരമറിഞ്ഞപ്പോള്‍ സന്തോഷം നേരിട്ടറിയിക്കാന്‍ അന്നുരാത്രിതന്നെ വര്‍ഗീസ് പനമ്പള്ളിനഗറിലെ എന്റെ വീട്ടിലേക്കെത്തി. കഥാപാത്രത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അയാള്‍ തരിത്തിരുന്നുപോയി. കാരണം എന്‍.എഫ്. വര്‍ഗീസിന് പൊടിക്കുപോലും ഡ്രൈവിങ് അറിയില്ലായിരുന്നു. വാഹനമോടിക്കാന്‍ അറിയാത്തൊരാള്‍ക്ക് കഥാപാത്രത്തെ അവതരിപ്പിക്കാനാകില്ല. വര്‍ഗീസ് വല്ലാതായി. തത്കാലം ഇക്കാര്യം ആരോടും പറയരുതെന്നും ചിത്രീകരണം തുടങ്ങാന്‍ ഒരാഴ്ച സമയമുണ്ടല്ലോ അതിനുള്ളില്‍ ശരിയാക്കാമെന്നും പറഞ്ഞ് ഇറങ്ങിപ്പോയി. നാലോ അഞ്ചോ ദിവസത്തിനുശേഷം വര്‍ഗീസ് വീണ്ടും വന്നു, സ്വന്തമായി ഫോര്‍വീലര്‍ ഓടിച്ചായിരുന്നു ആ വരവ്. ലഭിച്ചവേഷം നഷ്ടപ്പെടാതിരിക്കാന്‍ അന്നുരാത്രിതന്നെ അയാള്‍ ഏതോ ഡ്രൈവിങ് സ്‌കൂളില്‍ ചേരുകയായിരുന്നു.

content highlights: director and script writer dennis joseph passes away dennis joseph interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented