-
''ഈ നിലവിളക്ക് ഞാനങ്ങ് എടുക്കുവാ... ഈ നിലവിളക്ക് എനിക്ക് വേണം... '' മേജര്‍ ഉണ്ണികൃഷ്ണനോട് ഡോക്ടര്‍ ബോസ് അത് പറഞ്ഞപ്പോള്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ന്നു. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ സരസനായ ബോസ് ഡോക്ടറെ സിനിമ കണ്ടവരാരും അത്ര പെട്ടന്ന് മറക്കുകയില്ല. ജോണി ആന്റണിയാണ് ബോസായി രംഗത്തെത്തിയത്.
'ആക്ഷന്‍, കട്ട്' പറഞ്ഞായിരുന്നു ജോണി ആന്റണിക്ക് ശീലം. കുറച്ചു കാലങ്ങളായി ആക്ഷനും കട്ടിനുമിടയില്‍ അദ്ദേഹം അഭിനയിച്ചു തകര്‍ക്കുകയാണ്. സഹസംവിധായകനില്‍ നിന്നും സംവിധായകനിലേക്കും അവിടെ നിന്ന് അഭിനേതാവിലേക്കുമുള്ള അദ്ദേഹത്തിന്റെ യാത്ര സംഭവബഹുലമായിരുന്നു. സംവിധായകനായിരുന്നപ്പോഴും ജോണി ആന്റണിക്ക് പ്രേക്ഷകരെ ചിരിപ്പിക്കാനായിരുന്നു ഇഷ്ടം. നടനായപ്പോഴും അങ്ങിനെ തന്നെ. അതെ എനിക്ക് ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമാണ്... ജോണി ആന്റണി സംസാരിച്ച് തുടങ്ങുകയാണ്.
''എന്നെ അഭിനയിക്കാന്‍ ആളുകള്‍ വിളിക്കുന്നു. അതു തന്നെയാണ് വീണ്ടും വീണ്ടും അഭിനയിക്കാന്‍ കാരണം. ശിക്കാരി ശംഭു, ജോസഫ്, ഡ്രാമ തുടങ്ങിയ സിനിമകളില്‍ അടുത്തിടെ അഭിനയിച്ചു. നല്ല പ്രതികരണമാണ് ലഭിച്ചത്. സംവിധാനം ചെയ്യുന്നതില്‍ ഒരു ഇടവേള വരുന്നുണ്ട് എങ്കിലും ജീവിച്ചു പോകാനുള്ള വരുമാനം അഭിനയത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. വരനെ ആവശ്യമുണ്ട് വളരെ സന്തോഷം നല്കിയ സിനിമയാണ്. അനൂപ് സത്യന് എനിക്ക് നല്ലൊരു കഥാപാത്രത്തെയാണ് നല്‍കിയത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് കിട്ടുന്ന പ്രതികരണം എനിക്ക് പ്രചോദനമാകുന്നു. ഇനി മുന്നോട്ടുള്ള യാത്രയില്‍ ഈ കഥാപാത്രം എന്നെ ഒരുപാട് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.''
സംവിധായകനായത് കൊണ്ട് അഭിനയത്തില്‍ എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ?
ഒരു സംവിധായകനായത് കൊണ്ട് അഭിനയത്തില്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് കോമഡി ചെയ്യുമ്പോള്‍ ആളുകള്‍ എവിടെ എങ്ങനെ ചിരിക്കുമെന്ന് എനിക്ക് മനസ്സിലാകും. അതിന് വേണ്ടി എന്തെല്ലാം ഇംപ്രവൈസേഷന് നടത്തണമെന്ന് എന്നൊക്കെ ധാരണയുണ്ട്. എന്നിരുന്നാലും നമ്മള് എന്തൊക്കെ ചെയ്താലും അവസാനം പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നൊരു ആകാംക്ഷയുണ്ടായിരിക്കും. പ്രേക്ഷകരുടെ വിധിയെഴുത്താണ് സംവിധായകനെയാണെങ്കിലും അഭിനേതാവിനെയാണെങ്കിലും മുന്നോട്ട് നടത്തുന്നത്.

സംവിധാനം ചെയ്ത ചിത്രങ്ങളും ഭൂരിഭാഗവും കോമഡി ട്രാക്കിലുള്ളതായിരുന്നു, താങ്കള്ക്കുള്ളില് ഒരു നല്ല കൊമേഡിയന്‍ ഉണ്ടല്ലോ?
1971 ലാണ് ഞാന്‍ ജനിക്കുന്നത്. ആ കാലട്ടത്തില്‍ ജനിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. കുട്ടിക്കാലത്ത് റേഡിയോ ആയിരുന്നു ആശ്രയം പിന്നെ സിനിമാ കൊട്ടകകളും വായനയും. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് ടിവിയും കമ്പ്യൂട്ടറുമെല്ലാം വരുന്നത്. ആ സമയത്ത് എല്ലാം കൗതുകമായിരുന്നു. വളരെ കൂട്ടിക്കാലം മുതല്‍ സിനിമ കാണുന്ന ഒരാളായിരുന്നു ഞാന്‍. സത്യന്, ഷീല, നസീര്‍, മധു, ജയന്, സോമന്, സുകുമാരന്‍ തുടങ്ങിയവരുടെ സിനിമകളായിരുന്നു കുട്ടിക്കാലത്തെ ഹരം. ഞാനൊക്കെ മുതിര്‍ന്നതിന് ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലം വരുന്നത്. സത്യന് അന്തിക്കാട്, ശ്രീനിവാസന്, പ്രിയദര്ശന് എന്നിവരുടെ സിനിമകളാണ് തമാശയിലേക്ക് ആകര്‍ഷിക്കുന്നത്. കുറുക്കന്റെ കല്യാണം, പൂച്ചക്കൊരു മൂക്കുത്തി തുടങ്ങിയ സിനിമകള്‍. ജഗതി, പപ്പു, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരുടെ കോമഡികള്‍ അതൊക്കെ കണ്ടാണ് ഞാനൊക്കെ സിനിമയിലേക്ക് കടന്നുവരുന്നത്. ഇവരുടെ അഭിനയം കണ്ടിട്ടായിരിക്കണം എനിക്കുള്ളിലും ഒരു ചെറിയ കൊമേഡിയന്‍ ഉണ്ടായിരുന്നു. സിനിമയില്‍ എത്തിയതിന് ശേഷം സഹസംവിധായകനായപ്പോഴും സംവിധായകനായപ്പോഴും ഞാന്‍ ട്രാക്ക് മാറിയില്ല. ദൈവാനുഗ്രഹം കൊണ്ടായിരിക്കണം ഞാന്‍ ചെയ്ത സിനിമകള്‍ ജനങ്ങള്‍ ഏറ്റെടുത്തു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതും സജീവവുമല്ലാത്ത പല പ്രതിഭകളെയും എനിക്ക് എന്റെ സിനിമകളില്‍ നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞു.
എന്നിരുന്നാലും ഞാന്‍ ഒരു കാര്യം തുറന്ന് പറയാം. മലയാള സിനിമ ഇന്ന് പലരെയും മിസ് ചെയ്യുന്നുണ്ട്. പപ്പു ചേട്ടന്, ജഗതി ചേട്ടന്, കൊച്ചിന് ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്, സുകുമാരി, ശങ്കരാടി, ഫിലോമിന തുടങ്ങിയവരുടെ വിടവ് ആര്‍ക്കും നികത്താന്‍ കഴിയുകയില്ല. ഇവരുടെ അഭാവം വല്ലാതെ ബാധിക്കുന്നുണ്ട്. കൊതിയോടെ മാത്രമേ നമുക്ക് ആ പഴയകാലഘട്ടത്തിലേക്ക് നോക്കി നില്‍ക്കാനാകൂ.
സുരേഷ് ഗോപിയ്ക്കൊപ്പമുള്ള അനുഭവം എങ്ങിനെയായിരുന്നു?
സുന്ദര പുരുഷന് എന്ന സിനിമയിലാണ് ഞാനും സുരേഷേട്ടനും (സുരേഷ് ഗോപി) ആദ്യമായി ജോലി ചെയ്യുന്നത്. ആ സിനിമയില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി അന്ന് മുതല്‍ അടുത്ത ബന്ധമുണ്ട്. എന്റെ വിവാഹത്തിന് അദ്ദേഹം വരികയും പങ്കെടുക്കയും ചെയ്തു. അതൊക്കെ മനോഹരമായ ഓര്‍മകളാണ്. ഈയിടെ എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം സഹായിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നിരുന്നു. ഞാന്‍ വിളിച്ച് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു. കുട്ടിയെ കാണാനും അദ്ദേഹം നേരിട്ടെത്തി. അദ്ദേഹം മികച്ച നടനുമാണ് നല്ല മനുഷ്യനുമാണ്.
അനൂപ് സത്യന് സിനിമയിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. എന്നെ സംബന്ധിച്ച് രണ്ട് സന്തോഷങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ ആദ്യത്തേത് സുരേഷേട്ടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതായിരുന്നു. രണ്ടാമത്തെ കാര്യം ലൊക്കേഷന്‍ ചെന്നൈ ആണെന്നുള്ളതായിരുന്നു. ചെന്നൈ ഞങ്ങളെ സംബന്ധിച്ച ഭയങ്കര നൊസ്റ്റാള്‍ജിയയാണ്. ആദ്യകാലത്ത് മലയാള സിനിമയുടെ പ്രധാനലൊക്കേഷന്‍ ചെന്നൈ ആയിരുന്നു. എന്റെ ചെറുപ്പക്കാലത്ത് അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ട്. സുരേഷേട്ടന് സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കും. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച് 15 ദിവസങ്ങള്‍ വിലപ്പെട്ടതായിരുന്നു.
സുരേഷേട്ടനെ വീണ്ടും സിനിമയിലെത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും അനൂപിന് നല്കുന്നു. കാരണം അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ ചെയ്യില്ലെന്ന് അനൂപ് വാശിപിടിച്ചു. ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചുവെങ്കില്‍ അത് സുരേഷേട്ടന്റെ മികച്ച പ്രകടനം ഒന്നുകൊണ്ടു മാത്രമാണ്.
സംവിധാനത്തില്‍ ഒരു ചെറിയ ഇടവേള വന്നല്ലോ? അടുത്ത ചിത്രം എന്ന് പ്രതീക്ഷിക്കാം?
ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമയാണ് എന്റെ അടുത്ത പ്ലാന്‍. ബിജു മേനോന് പുറമെ ഒരു നടനും കൂടി അതില്‍ പ്രധാനവേഷം ചെയ്യും. ഓഗസ്റ്റില്‍ നടക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ അതും ഒപ്പം ചെയ്യും.
സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗമുണ്ടാകുമോ?

സി.ഐ.ഡി മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെ സംഭവിക്കണമെങ്കില്‍ ഉദയനും സിബിയും ഒന്നിക്കണം. അവരാണല്ലോ തിരക്കഥാകൃത്തുക്കള്‍. ദിലീപിന് രണ്ടാംഭാഗം ചെയ്യണമെന്ന ആഗ്രഹമുണ്ട്.
ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. കൊച്ചിന് ഹനീഫ, ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്, സുകുമാരി എന്നിവരെല്ലാം നമ്മളെ വിട്ടുപോയി. എന്നിരുന്നാലും നമുക്ക് മുന്നോട്ട് പോയേ പറ്റൂ. അമ്പിളി ചേട്ടന് (ജഗതി ശ്രീകുമാര്‍) ഇന്ന് സിനിമയിലില്ല. അദ്ദേഹം മടങ്ങി വന്നെങ്കില്‍ സി.ഐ.ഡി മൂസ ചെയ്യാന്‍ എനിക്ക് കുറച്ചു കൂടി എനര്‍ജി കിട്ടിയേനേ...

Content Highlights: Director actor, Johny Antony Interview, varane avashyamundu, Suresh Gopi, CID moosa 2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..