തുറമുഖം സിനിമയിൽ സഖാവ് ഗംഗാരൻ കഥാപാത്രത്തെ അവതരിപ്പിച്ച ത്സോ
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ഉള്ളിലേറ്റിയ ഒരു മുദ്രാവാക്യമുണ്ട്- ചെങ്കൊടിക്ക് ചോരയാല്‍ നിറം കൊടുത്തതാരടാ, സഖാവ് സാന്റോ ഗോപാലന്‍; ഇരുട്ടടിക്ക് വീണിടാക്കരുത്തിനെന്തു പേരടാ, സഖാവ് സാന്റോ ഗോപാലന്‍. സിനിമയില്‍ അത് വിളിച്ചതാവട്ടെ തൊഴിലാളി നേതാവായ സഖാവ് ഗംഗാധാരനും. മടക്കിക്കുത്തിയ വെള്ളമുണ്ടുമുടുത്ത് മുഷ്ടി ചുരുട്ടി ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിച്ച, തൊഴിലാളികളെ സംഘടിപ്പിച്ച സഖാവ് ഗംഗാധരനെ അവതരിപ്പിച്ചത് മലയാളികള്‍ക്ക് ചിരപരിചിതനല്ലാത്ത ഒരു പുതുമുഖ നടനാണ്- പേര് ത്സൊ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങളിലെല്ലാം നിവിന്‍ പോളിയും പൂര്‍ണ്ണിമ ഇന്ദ്രജിത്തും അര്‍ജ്ജുന്‍ അശോകും ചെയ്ത കഥാപാത്രങ്ങള്‍ക്കൊപ്പം ത്സൊ ചെയ്ത തീപ്പൊരി സഖാവിന്റെ റോളും വാഴ്ത്തപ്പെട്ടു. ആലപ്പുഴ അരൂര്‍ സ്വദേശിയായ ത്സൊ(Tso) പേര് വന്ന വഴിയെ കുറിച്ചും തുറമുഖത്തിലേക്കുള്ള രംഗപ്രവേശനത്തെ കുറിച്ചും തന്റെ സിനിമാനുഭവത്തെ കുറിച്ചും മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
സ്‌കൂള്‍ കാലഘട്ടം കൊണ്ട് തുടങ്ങിയതാണ് അഭിനയത്തോടുള്ള അഭിനിവേശം അത് രാകി മിനുക്കിയതാവട്ടെ അധ്യാപകനായ വിനായകനും. സ്‌കൂളില്‍ അന്ന സിനിമയിലഭനയിച്ച് പരിചയമുള്ള താരമൂല്യമുള്ള കുട്ടി ഉണ്ടായിരുന്നിട്ടും നാടകത്തിലേക്ക് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി വിനായകന്‍ മാഷ് തിരഞ്ഞെടുത്തത് ത്സൊയെയായിരുന്നു. ആ തിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് അഭിനയമാണ് തന്റെ മാര്‍ഗ്ഗമെന്ന തിരിച്ചറിവിലേക്ക് ത്സൊ എത്തുന്നതും
ത്സൊയിലേക്കുള്ള പേര് മാറ്റം
പലവിധ കാരണങ്ങളാല്‍ തന്റെ പഴയപേരിനോട് ചെറുപ്പം മുതല്‍ തന്നെ ത്സൊക്ക് താത്പര്യക്കുറവുണ്ടായിരുന്നു. ആദ്യം വെറുമൊരു ശബ്ദമായി മാത്രമാണ് ത്സൊ എന്ന പേരിട്ടത്. പിന്നീടാണ് കായല്‍ എന്നര്‍ഥം വരുന്ന തിബറ്റന്‍ വാക്കാണ് ത്സൊ എന്ന് തിരിച്ചറിയുന്നത് തന്നെ. കായലുകളൊക്കെയുള്ള ആലപ്പുഴയാണ് തന്റെ ജന്‍മദേശം എന്നതു കൂടി കണക്കിലെടുത്ത് ആത്മ പ്രകാശനത്തിനായി ഷിയാസ് എന്ന പേരിൽ നിന്ന് ത്സൊ എന്ന പേരിലേക്ക് കൂടുമാറി. ജാതി, മത, ലിംഗ, ദേശത്തിനതീതമായി നിലകൊള്ളുന്ന വാക്കെന്നതും ആ പേരിലേക്ക് ത്സൊയെ ആകര്‍ഷിച്ചു.

കോളേജ് പഠനകാലത്തെ നാടകാനുഭവങ്ങള്‍
'ജേണലിസം പ്രധാന വിഷയമായെടുത്ത് ബാംഗ്ലൂര്‍ ക്രിസ്തു ജയന്തി കോളേജിലായിരുന്നു ഡിഗ്രി പഠനം. ആ കാലത്ത് ചെയ്ത രൂപീകരിച്ച് പൊട്ടറ്റോ ഈറ്റേഴ്സ് എന്ന നാടകസംഘത്തിലൂടെ ഒരുപാട് ദേശീയ വേദികളില്‍ നാടകം അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചു. കോളേജില്‍ ഞങ്ങള്‍ തുടങ്ങിവെച്ച ഫിലിം, ലിറ്ററേച്ചര്‍ ജേണലിസം ക്ലബ്ബുകളും അതിന്റെ ഭാഗമായുള്ള പ്രമോഷനുകളുമെല്ലാം അവസരങ്ങളുടെയും അഭിനയസാധ്യതകളുടെയും വിശാലമായ ലോകം തന്നെ എനിക്ക് മുന്നില്‍ തുറന്നു തന്നു. ബംഗ്ലൂരിലെ രംഗശങ്കര ഓഡിറ്റോറിയവും അവിടെ പോയി ഞങ്ങള്‍ കൂട്ടുകരൈാന്നിച്ച് കണ്ട ഗിരീഷ് കര്‍ണാടിന്റെ ഹായവദന നാടകവുമെല്ലാം അഭിനയത്തെ ഗൗരതരമായി കാണാന്‍ പ്രേരിപ്പിച്ചു. ചെന്നൈ ലയോള കോളേജിലെ എംഎ ഇംഗ്ലീഷ് സാഹിത്യ പഠന കാലത്തും ഒരുപാട് തെരുവ് നാടകം കളിക്കാനുള്ള അവസരം ലഭിച്ചു. അതില്‍പി ന്നെയാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോകുന്നത്', ത്സൊ പറയുന്നു.
പഠന ശേഷം കമ്മാരസംഭവം, മിഖായേല്‍ എന്നീ സിനിമകളില്‍ പേരില്ലാത്ത കഥാപാത്രമായി വെറുതെ വന്നു പോയെങ്കിലും പേരും പ്രാധാന്യവുമുള്ള കഥാപാത്രം തുറമുഖത്തിലാണ് ത്സൊയ്ക്ക് ലഭിക്കുന്നത്.
ഓഡിഷനല്‍ തിരസ്‌കരിക്കപ്പെട്ടു, അതേ സിനിമയില്‍ തീപ്പൊരി സഖാവായി പകര്‍ന്നാട്ടം
തുറമുഖത്തിന്റെ ഓഡിഷനില്‍ ആദ്യ ഘട്ടത്തില്‍ ത്സൊ പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് മിഖായേലിന്റെ ഷൂട്ടിങ് സമയത്താണ് ഷഹബാസ് അമനുമായുള്ള പരിചയം വഴി രാജീവ് രവിയെ കാണുന്നത്. അങ്ങനെ വീണ്ടും ഓഡിഷനില്‍ പങ്കെടുത്താണ് തുറമുഖത്തിലേക്ക് അവസരം ലഭിക്കുന്നത്.
സഖാവ് ഗംഗാധരനാണ് അവതരിപ്പിക്കേണ്ട കഥാപാത്രമെന്ന അറിവുണ്ടായിരുന്നെങ്കിലും ഇത്രയധികം സ്‌ക്രീന്‍ സ്‌പേസുള്ള കഥാപാത്രമായിരുന്നുവെന്ന് സ്വപ്‌നത്തില്‍ പോലും നിനച്ചതല്ല. ഷൂട്ടിങ് തുടങ്ങും മുമ്പേ തന്നെ കഥാപാത്രത്തെ കുറിച്ച് പഠിക്കാനായി വലിയ ശ്രമം തന്നെ നടത്തി ത്സൊ. 'ബഷീറിന്റെ ജന്‍ദിനം എന്ന കഥയില്‍ ഗംഗാധരനെകുറിച്ച് പറയുന്ന ഒരു ഭാഗം മാത്രമായിരുന്നു എനിക്കുണ്ടായിരുന്ന ഏക റഫറന്‍സ് . വെള്ള ഖദര്‍മുണ്ടും വെള്ളഖദര്‍ ജുബ്ബയും കാര്യഗൗരവമുള്ള നോട്ടവും" എന്ന് ജൻമദിനത്തിൽ ഗംഗാധരനെ ബഷീര്‍ വര്‍ണിക്കുന്നുണ്ട്. പിന്നീട് കൂടുതല്‍ റഫറന്‍സിനായി അന്വേഷിച്ചപ്പോഴാണ് വാപ്പച്ചിയുടെ ലൈബ്രറിയില്‍ ഗംഗാധരനെകുറിച്ചുള്ള പുസ്തകമുണ്ടെന്നറിയുന്നത്. അത് വായിച്ചു. പള്ളുരുത്തിയിലാണ് സഖാവ് ഗംഗാധരന്‍ പഠിച്ചത്. അവിടം സന്ദര്‍ശിച്ച് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ചു. അതെല്ലാം അഭിനയത്തില്‍ സഹായിച്ചു. മറ്റൊരു വെല്ലുവിളി മട്ടാഞ്ചേരി സ്ലാങ് പഠിച്ചെടുക്കുക എന്നതായിരുന്നു. അതിനായി മട്ടാഞ്ചേരിയിലെ ഒരു ചെറു ഹോട്ടലില്‍ പണിക്കാരനായി രണ്ടാഴ്ചയോളം ജോലി ചെയ്തു'. പാത്രം കഴുകലും സെര്‍വിങ്ങും തുടങ്ങീ എല്ലാ ജോലിയും ചെയ്തു മട്ടാഞ്ചേരിക്കാര്‍ക്കൊപ്പം കൂടി. അങ്ങനെയാണ് അവരുടെ സ്ലാങ് പഠിച്ചെടുത്തതെന്ന് പറയുന്നു ത്സൊ.
.jpeg?$p=6620ecb&&q=0.8)
തലശ്ശേരിയിലെ ഷൂട്ടും തിരമാല സഹായിച്ച ഡയലോഗ് ഡെലിവറിയും
സിനിമയുടെ ഷൂട്ടിന്റ ഭൂരിഭാഗവും തലശ്ശേരിയായിരുന്നു. ക്രൂ അംഗമായ രോഹനാണ് കടല്‍ത്തീരത്തു പോയി ഡയലോഗ് ഉച്ചത്തില്‍ പറഞ്ഞു പഠിക്കാന്‍ നിര്‍ദേശിച്ചത് .ഉച്ചത്തില്‍ പറഞ്ഞാല്‍ മസില്‍ മെമ്മറിയില്‍ കിടക്കും. തിരമാലയുടെ ശബ്ധത്തിനിടയില്‍പെട്ട് ശബ്ദം ഉറക്കെയെടുക്കുന്നത് മുദ്രാവാക്യം വിളിക്കുന്ന സമയത്ത് നന്നായി പ്രയോജനപ്പെട്ടു. ചെന്നൈയിലും ബാംഗ്ലൂരിലും തെരുവുനാടകങ്ങള്‍ ചെയ്യുമ്പോള്‍ ശബ്ദം ഉച്ചത്തില്‍ ഉപയോഗിച്ചുള്ള പരിചയവും മുദ്രാവാക്യ വിളിയില്‍ കൂടുതല്‍ സഹായിച്ചെന്ന് പറയുന്നു ത്സൊ.
കണ്ണുനനയിപ്പിച്ച ചിരി പടര്‍ത്തിയ ലൊക്കേഷനനുഭവം
'ചിരിപടര്‍ത്തിയതും കണ്ണുകലക്കിയതുമായ എന്നെന്നും ഓര്‍ത്തുവെക്കാനുള്ള ചില അനുഭവങ്ങള്‍ തുറമുഖം ലൊക്കേഷനിലുണ്ടായി. അതിലൊന്നായിരുന്നു മുദ്രാവാക്യം വിളിച്ചു മുന്നേറുന്ന ഞങ്ങള്‍ക്കതെിരേ കല്ലെറിയന്ന സീന്‍. കല്ലേറു കൊണ്ട് ഗംഗാധരനെന്ന കഥാപാത്രമൊക്കെ വിട്ട് ഞാന്‍ ചൂളി പേടിച്ച് പുറകോട്ട് പോയി. ഏറു കൊണ്ട് ഞാന്‍ മോങ്ങി വിളിക്കുന്നത് കണ്ട് ഇന്ദ്രേട്ടന്‍ വരെ സാന്റോ ഗോപാലന്‍ കഥാപാത്രം വിട്ട് പൊട്ടിച്ചിരിച്ചു. കട്ട് പറഞ്ഞതും ലൊക്കേഷന്‍ മുഴുവനും ചിരിപ്പറമ്പായി മാറി. എന്റെ ചൂളിയ ഭാവം കണ്ട് അമ്പിളിച്ചേട്ടനെപ്പോലുണ്ടെന്ന് വരെ പറഞ്ഞ് ഇന്ദ്രേട്ടനൊക്കെ വലിയ ചിരിയായിരുന്നു', ത്സൊ ലൊക്കേഷനിലെ തന്റെ ചിരി ദിവസത്തെ ഓര്‍ത്തെടുത്തു.. ഇതില്‍ നിന്ന് വ്യത്യസ്തമായി ഷൂട്ടിങ്ങിനിടയിലെ ഒരു സീന്‍ കണ്ട് കണ്ണുനനയിച്ച അനുഭവവും തനിക്കുണ്ടായെന്ന് പറയുന്നു ത്സൊ. 'സെയ്താലിയെ തല്ലിയതിന് ഉമ്മ പൂര്‍ണ്ണിമ മോഹന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചീത്ത പറയുന്ന രംഗത്ത് രോഗാതുരയായി കാച്ചി വന്ന് കയറുമ്പോള്‍ അത്രയും നേരത്തെ അരിശമെല്ലാം മറന്ന് 'മോളെ കാച്ചി നിനക്കെന്ത് പറ്റി' എന്ന് ചോദിച്ച് അവളുടെ കൂടെ നടന്നു പോവുന്ന സീന്‍ ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്ന പോലെയാണ് ലൊക്കേഷനില്‍ അനുഭവപ്പെട്ടത്.

സഹതാരങ്ങളുടെയും സംവിധായകന്റെയും സ്നേഹ വായ്പ്
സെറ്റിലുള്ള വലിയ അഭിനേതാക്കളൊക്കെ വളരെ ഡൗണ്‍ ടുഎര്‍ത്തായാണ് പെരുമാറിയിരുന്നത്. താരജാഡയൊന്നും അനുഭവപ്പെട്ടതേയില്ല. അയല്‍വാസി സെയ്തലവിയുടെ കഥാപാത്രമായി അഭിനയിച്ച ഹുസ്സൈനായിരുന്നു നാടകത്തില്‍ ഗംഗാധരന്റെ റോള്‍ അവതരിപ്പിച്ചിരുന്നത് പക്ഷെ സിനിമയില്‍ ആ റോള്‍ തനിക്ക് കിട്ടിയപ്പോള്‍ ഏറ്റവമധികം പിന്തുണച്ചതും ഹുസ്സൈന്‍ ആയിരുന്നുവെന്ന പറയുന്നു ത്സൊ. 'ഈ റോള്‍ നിനക്കാണ് കൂടുതല്‍ ചേരുന്നത്. നന്നായി ചെയ്തിട്ടുണ്ടെന്നൊക്കെ പറഞ്ഞ് ഹുസ്സൈന്‍ എനിക്ക് തന്ന ആത്മവിശ്വാസം വിലമതിക്കാനാവാത്തതാണ്. ഷോട്ട് കണ്ടു, നന്നായിട്ടുണ്ടെന്നൊക്കെ ലൊക്കേഷനില്‍ വെച്ച് തന്നെ നിവിന്‍ പോളി പറഞ്ഞിരുന്നു. അതെല്ലാം പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയ അംഗീകാരങ്ങളായി തന്നെ ത്സൊ കരുതുന്നു. മാത്രവുമല്ല് രണ്ടോ മൂന്നോ തവണ ഷൂട്ടിങ്ങിനിടെ കട്ട് പറഞഞ് വലിയ കയ്യടി കിട്ടിയ മനോഹര അനുഭവങ്ങളും ഒരു പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയ അംഗീകാരങ്ങളായി ത്സൊ കാണുന്നു.
"ക്യാപ്റ്റനായുള്ള രാജീവ് രവിയുടെ ഇടപെടലുകൾ ജനാധിപത്യസ്വഭാവത്തോടുകൂടിയുള്ളതായിരുന്നു . ഷൂട്ടിങ്ങിനിടെ ചെരുപ്പില്ലാതെ ചൂടത്തായിരുന്നു പലരുടെയും നടപ്പ്. സംവിധായകൻ രാജീവ് രവിയുടെ കാമറാ അസിസ്റ്റന്റായ നിധിന്റെ കാല് കീറി ചോര വന്നു. ഇതിനിടെ ഷൂട്ട് തുടങ്ങി ആക്ഷൻ പറഞ്ഞപ്പോഴാണ് നിധിന്റെ കാലിലെ മുറിവ് രാജീവേട്ടൻ കണ്ടത്. കണ്ട മാത്രയില്‍ തന്നെ കട്ട് പറഞ്ഞു അവന്റെ ശുശ്രൂഷ കഴിഞ്ഞാണ് ഷോട്ട് തുടങ്ങിയത്. വല്ലാതെ സന്തോഷം പകരുന്ന അനുഭവമായിരുന്നു അത്.", ത്സൊ കൂട്ടിച്ചേർത്തു.

സിനിമാ ഷൂട്ടിങ് കഴിഞ്ഞ് സ്വന്തം മുഖം തിയറ്ററിലെ വലിയ സ്‌ക്രീനില്‍ കാണാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും പ്രേക്ഷരുടെയും സിനിമ കണ്ട സുഹൃത്തുക്കളുടെയും നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അതെല്ലാം മറന്ന് മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജ്ജമാവുകയാണ് . എസ്ര സിനിമ സംവിധായകന്‍ ജയകൃഷ്ണന്റെ പുതിയ സിനിമയിലെ ചെറിയൊരു വേഷമാണ് ഏറ്റവു ഒടുവില്‍ ചെയ്ത വര്‍ക്ക്.
Content Highlights: hotel supplier work to learn the mattanchery slang,says Tso,comrade charecter of Thuramukham movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..