മിഴ് സിനിമയെ സംബന്ധിച്ച് കേരളം വലിയൊരു വിപണിയാണ്. മലയാളികള്‍ക്ക് തമിഴ് നന്നായി മനസ്സിലാകും എന്നതാണ് അതിനുള്ള പ്രധാന കാരണം. അതുപോലെ തന്നെ മലയാളത്തില്‍ തിളങ്ങുന്ന താരങ്ങള്‍ തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ഇരട്ടിയാണ്. മലയാളത്തില്‍ വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെടാത്ത സിനിമാപ്രവര്‍ത്തകര്‍ തമിഴില്‍ ചരിത്രം സൃഷ്ടിക്കുന്നതും കുറവല്ല. 

മലയാളിയാണെങ്കിലും തമിഴ് സിനിമയില്‍ ചേക്കേറി ഒരുപിടി ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകനാണ് ഗൗതം വാസുദേവ മേനോന്‍. മിന്നലൈ, കാക്ക കാക്ക, വേട്ടയാടു വിളയാട്, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ എന്നീ ചിത്രങ്ങളിലൂടെ ഗൗതം മോനോന്‍ തമിഴ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. 

എന്നൈ നോക്കി പായും തോട്ട, ധ്രുവനച്ചത്തിരം എന്നിവയാണ് ഗൗതം മേനോന്റെ പുതിയ ചിത്രങ്ങള്‍. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മിക്കുന്ന ഈ രണ്ടു ചിത്രങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതിനിടെ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും പുറത്ത് വന്നത് പ്രേക്ഷകരില്‍ ആകാംക്ഷ സൃഷ്ടിച്ചു. എന്നാല്‍ റിലീസ് സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. 

ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു ചിത്രം യുവസംവിധായകന്‍ കാര്‍ത്തിക് നരേന്റെ നരഗസൂരനാണ്. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, ശ്രിയ ശരണ്‍, സുദീപ് കിഷന്‍ എന്നിവര്‍ വേഷമിടുന്ന ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 2017 സെപ്തംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെങ്കിലും റിലീസ് എന്നാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ കാര്‍ത്തിക് നരേന്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നെ നോക്കി പായും തോട്ട

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രമാണ് എന്നൈ നോക്കി പായും തോട്ട. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തത് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 

ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമല്ല. സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല.

മേഘ്ന ആകാശ് ആണ് എന്നൈ നോക്കി പായും തോട്ടയിലെ നായിക. സുനൈന, ശശികുമാര്‍, റാണാ ദഗ്ഗുബാട്ടി, സതീഷ് കൃഷ്ണന്‍, ജഗന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ധ്രുവനച്ചത്തിരം

വിക്രമിനെ നായകനാക്കി ധ്രുവനച്ചത്തിരം എന്ന ചിത്രവും ഗൗതം മേനോന്‍ ഒരുക്കുന്നുണ്ട്. സിനിമയുടെ ടീസര്‍ പുറത്ത് വന്നിരുന്നു. 2017 ല്‍ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചെങ്കിലും റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. ധ്രുവനച്ചത്തിരം തുടങ്ങിയ അതേ അവസരത്തില്‍ വിക്രം, വിജയ് ചന്ദറിന്റെ സ്‌കെച്ച് എന്ന സിനിമയിലും അഭിനയിക്കുന്നുണ്ടായിരുന്നു. സ്‌കെച്ചും പിന്നീട് അതേ വര്‍ഷം വിക്രമിന്റെ മറ്റൊരു ചിത്രമായ സാമി 2വും റിലീസ് ആയി. വിനായകന്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിലും ധ്രുവനച്ചത്തിരം വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഋതു വര്‍മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, രാധിക തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമ ഇപ്പോള്‍ അതിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റിലീസ് ഇപ്പോഴും അനശ്ചിതത്വത്തിലാണ്.

നരകസൂരന്‍

ധ്രുവങ്ങള്‍ പതിനാറ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് റഹ്മാനെ നായകനാക്കി കാര്‍ത്തിക് നരേന്‍ ധ്രുവങ്ങള്‍ പതിനാറ് പൂര്‍ത്തിയാക്കിയത്. 22 വയസ്സുമാത്രമുള്ള ഒരു നവാഗത സംവിധായകന്റെ ചിത്രം വിതരണം ചെയ്യാന്‍ പലരും മടിച്ചു നിന്നു. എന്നാല്‍ തിയ്യറ്ററുകളില്‍ എത്തിയ ധ്രുവങ്ങള്‍ പതിനാറ് മികച്ച അഭിപ്രായമാണ് നേടിയത്. ടോറന്റ് പോലുള്ള സൈറ്റുകളില്‍ എത്തിയതിന് ശേഷമാണ് ധ്രുവങ്ങള്‍ പതിനാറ് കേരളത്തില്‍ റിലീസ് ചെയ്തത്. സാമ്പത്തികലാഭം നേടായില്ലെങ്കിലും മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. അതുകൊണ്ട് തന്നെ കാര്‍ത്തികിന്റെ രണ്ടാമത്തെ ചിത്രമായ നരഗസൂരന് വലിയ വാര്‍ത്താ പ്രധാന്യം ലഭിച്ചിരുന്നു. 

ഗൗതം മേനോന്റെ നിര്‍മാണക്കമ്പനിയായ ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്സാണ് നരകസൂരന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ഗൗതം മേനോനും കാര്‍ത്തിക് നരേനുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. 

ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്ന് നിര്‍മാതാവിന്റെ സ്ഥാനത്ത് നിന്ന് ഗൗതം മേനോന്റെ പേര് ഒഴിവാക്കിയിരുന്നു. ഗൗതം മേനോന്‍ പണം തരാതെ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി കാര്‍ത്തിക് രംഗത്ത് വന്നു. ഇതെ തുടര്‍ന്ന് കാര്‍ത്തികും ഗൗതം മേനോനും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഗൗതം മേനോന്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടെ, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് പണം ചെലവാക്കുന്നതെന്നും അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കിയില്ലെന്നും കാര്‍ത്തിക് ആരോപിച്ചു. കാര്‍ത്തികിന് പിന്തുണയുമായി അരവിന്ദ് സ്വാമി രംഗത്ത് വരികയും ചെയ്തു.

കാര്‍ത്തിക് തന്നെ തെറ്റിദ്ധരിച്ച് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും താന്‍ സിനിമയില്‍ നിന്ന് പുറത്ത് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് തയ്യാറാണെന്നും ഗൗതം മേനോന്‍ മറുപടി നല്‍കി. 

Content Highlights: Dhruva Natchathiram, Naragasooran, Enai Noki Paayum Thota, gautham menon, karthik narein, movie release, vikram, dhanush, indrajith