വാവാച്ചി കണ്ണന്റെ പാവം സുമയല്ല, ഇത് കോശി കുര്യനെ മലര്‍ത്തിയടിച്ച കോണ്‍സ്റ്റബിള്‍ ജെസി


ശ്രീലക്ഷ്മി മേനോന്‍

എന്നോട് ആദ്യമേ പറഞ്ഞിരുന്നു രാജുവേട്ടനെയാണ് ചീത്ത വിളിക്കേണ്ടതെന്ന്. ഞാന്‍ സെറ്റില്‍ ചെന്ന് കഴിയുമ്പോഴേ രാജുവേട്ടനെ കാണുന്നത് കോശിയായിട്ടാണ്. സിനിമയുടെ വലിയ ഭാഗമാണ് ആ രംഗം.

Photo : Facebook| Dhanya Ananya

ച്ഛന്റെ പണക്കൊഴുപ്പും എക്‌സ് മിലിട്ടറിയാണെന്നതിന്റെ ഹുങ്കും പേറി ആരെയും ഒന്നിനെയും വകവയ്ക്കാത്ത കോശി കുര്യനെ ഒറ്റ ഡയലോഗില്‍ മലര്‍ത്തിയടിച്ചവള്‍. അയ്യപ്പനും കോശിയും നായകനും പ്രതിനായകനുമായി തീയേറ്ററില്‍ ആരവം ഉയര്‍ത്തിയപ്പോള്‍ ഇതേ ഡയലോഗിന്റെ പുറത്ത് നിലക്കാത്ത കയ്യടികള്‍ നേടിയ കോണ്‍സ്റ്റബിള്‍ ജെസി. പറഞ്ഞു വരുന്നത് ധന്യ അനന്യയെക്കുറിച്ചാണ്. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിച്ച അയ്യപ്പനും കോശിയിലെ പോലീസ് കോണ്‍സ്റ്റബിള്‍ കഥാപാത്രമായി വേഷമിട്ട് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ധന്യ. ലാല്‍ജോസ് ചിത്രമായ നാല്‍പ്പത്തിയൊന്നിലൂടെ സിനിമയിലെത്തിയ ധന്യ പയറ്റിത്തെളിഞ്ഞ ഒരു തീയേറ്റര്‍ ആര്‍ടിസ്റ്റാണ്. നാല്‍പ്പത്തിയൊന്നിലെ സുമയെയും അയ്യപ്പനും കോശിയിലെ ജെസിയേയും പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷം ധന്യ മാതൃഭൂമി ഡോട് കോമുമായി പങ്കുവയ്ക്കുന്നു.

ഇമോഷന്‍ പാക്ഡ് ജെസി

പോലീസ് കോണ്‍സ്റ്റബിളാണ് ജെസി. പലതരം വികാരങ്ങളിലൂടെയാണ് ജെസിയുടെ കഥാപാത്രത്തിന് കടന്നു പോകേണ്ടി വരുന്നത്. അത് തന്നെയാണ് സച്ചിയേട്ടന്‍ ജെസിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം ആകര്‍ഷിച്ച ഘടകവും. അവള്‍ക്ക് ആള്‍ക്കാരെ ചിരിപ്പിക്കാന്‍ പറ്റുന്നുണ്ട്, കരയിപ്പിക്കുന്നുണ്ട്, അവളുടെ ദേഷ്യം കാണിക്കുന്നുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പെര്‍ഫോം ചെയ്യാനുള്ള സ്പേസ് നല്‍കുന്ന കാര്യങ്ങളാണ്. അതെല്ലാം ജെസിയിലുണ്ട്.

പോലീസിന്റെ ശരീരഭാഷ

ഓഡിഷന്റെ സമയത്ത് തന്നെ ഇക്കാര്യം എന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെര്‍ഫോം ചെയ്യിപ്പിച്ചപ്പോള്‍ ഞാന്‍ എന്റ ശരീരഭാഷയില്‍ മാറ്റം കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴാണ് സച്ചിയേട്ടന്‍ പറയുന്നത് ഞാന്‍ വിചാരിക്കുന്ന ജെസ്സിക്ക് അത്ര സ്റ്റിഫ്നസ് ഒന്നുമില്ല, അവള്‍ വളരെ സാധാരണക്കാരിയാണെന്ന്. ചുറ്റും നോക്കിയാല്‍ കാണാന്‍ കഴിയും ഒരുപാട് ജെസിമാരെ. ആളുകള്‍ക്ക് തുറന്നു സംസാരിക്കാന്‍ പറ്റുന്ന, അടുത്തിടപഴകാന്‍ പറ്റുന്ന സാധാരണക്കാരിയായ പൊലീസുകാരി. ഒരു പേടിയില്ലാതെ ചേച്ചീ എന്ന് വിളിക്കാന്‍ പറ്റുന്ന പോലീസുകാരി. കാലടി ശ്രീ ശങ്കരയിലാണ് ഞാന്‍ പഠിച്ചത്. അവിടെ അടുത്തുള്ള ഒരു സ്റ്റേഷനില്‍ ഞാന്‍ പോയിരുന്നു. അവിടെ സല്‍മ എന്ന ഒരു ചേച്ചിയുണ്ട്. ഞാന്‍ കുറെ നേരം ചേച്ചിയോടൊപ്പം ചിലവഴിച്ചു. ഡ്യൂട്ടി സമയത്ത് കൂടെ നിന്ന് പെരുമാറ്റവും മറ്റുമെല്ലാം നിരീക്ഷിച്ചു. അങ്ങനത്തെ ആള്‍ക്കാരുണ്ട് ശരിക്കും. ഈ സല്‍മ ചേച്ചിയും അവിടെ വരുന്ന കൊച്ചു പിള്ളേരോട് എന്താ മോനെ എന്നെല്ലാം വിളിച്ചു വളരെ സൗമ്യമായാണ് സംസാരിക്കുക. പലരും ആഗ്രഹിക്കുന്ന ഒരു പോലീസുകാരിയാണ് ജെസി.

കോശിയെ മലര്‍ത്തിയടിച്ച ആ മാസ് ഡയലോഗ്

ഓഡിഷന്റെ സമയത്ത് കോശിയെ ചീത്ത വിളിക്കുന്ന ഭാഗം എന്നെകൊണ്ട് ചെയ്യിപ്പിച്ചിരുന്നു. ആ ഭാഗത്തിന് അത്രയേറെ പ്രാധാന്യമുണ്ട് എന്നെനിക്ക് അറിയാമായിരുന്നു. എന്നോട് ആദ്യമേ പറഞ്ഞിരുന്നു രാജുവേട്ടനെയാണ് ചീത്ത വിളിക്കേണ്ടതെന്ന്. ഞാന്‍ സെറ്റില്‍ ചെന്ന് കഴിയുമ്പോഴേ രാജുവേട്ടനെ കാണുന്നത് കോശിയായിട്ടാണ്. സിനിമയുടെ വലിയ ഭാഗമാണ് ആ രംഗം.. അതുകൊണ്ട് കോശിയെ ചീത്ത വിളിച്ചു അതവിടെ തീര്‍ന്നു. ആ സീനിന്റെ പൂര്‍ണതയാണ് നമ്മള്‍ ഓരോരുത്തരും നോക്കിയത്. ഒരുപാട് ടേക്ക് ഒന്നും പോകേണ്ടി വന്നില്ല. രാജുവേട്ടനെ ചീത്ത വിളിക്കുകയാണ് എന്നൊന്നും മനസ്സില്‍ ഇല്ലായിരുന്നു. രാജുവേട്ടന്‍ അവിടെ കോശിയായിട്ടാണ് നില്‍ക്കുന്നത്. അതിന് തൊട്ടു മുമ്പത്തെ സീനില്‍ എന്റെ ജോലി പോകുന്നുണ്ട്. ആ ഒരു സന്ദര്‍ഭത്തിന്റ മുഴുവന്‍ വികാരവും മനസിലിട്ടാണ് ഈ രംഗവും അഭിനയിച്ചത്. രാജുവേട്ടന്‍ തന്നെ സെറ്റില്‍ വച്ചേ പറയുന്നുണ്ട്, കോശിയെ കണ്ടാല്‍ പ്രേക്ഷകന് ഇവനിട്ട് രണ്ടെണ്ണം പൊട്ടിക്കണമെന്ന് തോന്നണമെന്ന്.

ബിജു ചേട്ടനെന്നാല്‍ പോസറ്റീവിറ്റി

ഒരു പുഞ്ചിയോരയോടെയേ ബിജു ചേട്ടനെ പറ്റി പറയാനാവൂ. കാരണം ബിജു ചേട്ടന്റെ കൂടെ കുറച്ചു സമയം സംസാരിച്ചാലോ ജോലി ചെയ്താലോ ഒരു ഫണ്‍ ഫീലിംഗ് ആണ്. ഒരു സമ്മര്‍ദ്ദവുമില്ലാതെ ആസ്വദിച്ച് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാം. എന്റെ ആദ്യ ചിത്രത്തിലും ബിജു ചേട്ടനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. വീണ്ടും ജോലി ചെയ്യാനുള്ള ഒരു അവസരം കിട്ടിയപ്പോള്‍ വളരെ സന്തോഷമായിരുന്നു. ഭയങ്കര ഇഷ്ടമാണ് പുള്ളിയെ

എനര്‍ജറ്റിക് പൃഥ്വി

ഒരു ഒഴിവു സമയം കിട്ടുമ്പോള്‍ മറ്റുള്ള താരങ്ങളുടെ പ്രകടനം ഞാന്‍ നിരീക്ഷിക്കാറുണ്ട്. രാജു ചേട്ടന്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ തന്നെ ഒരു എനര്‍ജിയാണ്. നമ്മളൊക്കെ സ്വപ്നം കാണുന്ന ഒരു സ്റ്റേജിലാണ് രാജു ചേട്ടന്‍ നില്‍ക്കുന്നത്. അത്രയും കഠിനാധ്വാനം ചെയ്യുന്ന, വളരെ പ്രൊഫഷണലായി എല്ലാത്തിനെയും സമീപിക്കുന്ന ആളായാണ് രാജു ചേട്ടനെ എനിക്ക് തോന്നിയിട്ടുള്ളത്.

സച്ചിയേട്ടനെന്ന മാസ്റ്റര്‍ തിരക്കഥാകൃത്ത്

ഈ സിനിമയില്‍ ഏറ്റവും എടുത്തു പറയേണ്ട ഘടകം സച്ചിയേട്ടന്റെ തിരക്കഥയാണ്. ഇത് സച്ചിയേട്ടന്‍ സംവിധാനം ചെയ്ത സിനിമയാണ്, പക്ഷെ വളരെ ശക്തമായ തിരക്കഥയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഒരുപാട് സമയം എടുത്ത് എഴുതി ആ തിരക്കഥയില്‍ നിന്നും ഒരു വ്യത്യാസമില്ലാതെ ഒരു റിയാലിസ്റ്റിക്ക് മാസ് എന്റര്‍ടെയ്ന്‍മെന്റ് സിനിമയാണ് സച്ചിയേട്ടന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. ഓരോ രംഗത്തിലും ആള്‍ക്കാരെ പിടിച്ചിരുത്തുന്ന എന്തൊക്കെയോ ഉണ്ട്.

മികച്ച ഒരു തിരക്കഥാകൃത്താണ് സച്ചിയേട്ടന്‍. മാത്രല്ല അഭിനേതാക്കളെ നല്ല രീതിയില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാം. രസകരമായാണ് ചിത്രീകരണം മുന്നോട്ട് പോയത്. ലാലു ചേട്ടന്റെ (ലാല്‍ ജോസ്) സിനിമയ്ക്ക് ശേഷം സച്ചിയേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഇവിടെത്തന്നെ കാണും

ഓപ്പറേഷന്‍ ജാവയാണ് പുതിയ ചിത്രം അതിന്റെ ചിത്രീകരണം കഴിഞ്ഞു.നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. ഒരു ത്രില്ലര്‍ മൂവിയാണ്.നല്ല കുറേ കഥാപാത്രങ്ങള്‍ ചെയ്ത് ഇവിടെ തന്നെ ഉണ്ടാവണം എന്നാണ് ആഗ്രഹം.

Content Highlights : Dhanya Ananya Interview Ayyappanum Koshiyum Movie Starring Prithviraj Biju Menon Directed by Sachy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented