''അഭിനയ ജീവിതത്തിന്റെ തുടക്കം തൊട്ടേ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ധനുഷ്. ദേശീയ പുരസ്‌കാരം നേടിയ നടനെ  വിവാദം ഉലയ്ക്കുന്നു. ആരുടെ മകനെന്ന ചോദ്യം വേട്ടയാടുന്ന ധനുഷിന്റെ, സിനിമയെ വെല്ലുന്ന ജീവിതത്തിലൂടെ...''

മിഴകം കാതുകൂര്‍പ്പിക്കുകയാണ്, ഉദ്വേഗജനകമായ ഒരു തര്‍ക്കത്തിന്റെ ക്ലൈമാക്‌സിനായി. പ്രിയനടന്റെ യഥാര്‍ഥ മാതാപിതാക്കള്‍ ആരാണ്...? ചെന്നൈയിലും മധുരയിലും നാലാള്‍കൂടുന്നിടത്തെല്ലാം ചോദ്യം ഉത്തരംകിട്ടാതെ വട്ടംചുറ്റുകയാണ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി ശിവഗംഗയിലെ വൃദ്ധദമ്പതികള്‍ എത്തിയപ്പോള്‍ വിലകുറഞ്ഞൊരു കളിയായി മാത്രമേ ആദ്യമേവരും അതിനെ കണ്ടിരുന്നുള്ളൂ. 

എന്നാല്‍ അവകാശവാദവുമായെത്തിയവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച കോടതി വിഷയം ഗൗരവമായെടുത്തതോടെ ഒറ്റക്കോളം വാര്‍ത്തയായി ഒതുങ്ങിനിന്നിരുന്ന സംഭവം തലക്കെട്ടുകളിലേക്ക് മാറി. 

സിനിമാകമ്പം മൂത്ത് ചെറുപ്പത്തില്‍ നാടുവിട്ടോടിപ്പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നു തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനയ്ക്കുവരെ തയ്യാറാണെന്ന് വൃദ്ധദമ്പതികള്‍ പ്രഖ്യാപിച്ചതോടെ വിഷയത്തില്‍ രണ്ടഭിപ്രായം ശക്തമായി. ആരോപണം തള്ളി കോടതിയില്‍ നേരിട്ടു ഹാജരായ ധനുഷ് സമര്‍പ്പിച്ച രേഖകള്‍ക്ക് വ്യക്തതപോരെന്ന കോടതി നിരീക്ഷണം അടക്കംപറച്ചിലുകള്‍ക്ക് ആക്കംകൂട്ടി. 

സംവിധായകന്‍ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനായിട്ടാണ് ധനുഷ് ഇതുവരെ അറിയപ്പെട്ടിരുന്നത്. അവകാശവാദവുമായെത്തിയ കതിരേശനും മീനാക്ഷിയും പരാതിക്കൊപ്പം ചേര്‍ത്തുവെച്ച ധനുഷിന്റെ കുട്ടിക്കാലത്തെ ഫോട്ടോകളും ശരീരത്തിലെ അടയാളങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂള്‍ ടി.സി.യും അവരുടെ വാദത്തിന് ആക്കംകൂട്ടുന്നുണ്ട്.

തമിഴ് സിനിമാകഥയെ വെല്ലുന്നതായിരുന്നു ധനുഷിന്റെ ജീവിതം. പരമ്പരാഗത നായകസങ്കല്പത്തിന്റെ അളവുകോലുകളൊന്നും ധനുഷിന്റെ രൂപവുമായി ചേര്‍ന്നുനിന്നിരുന്നില്ല. കാഴ്ചയില്‍ നായകനാകാനും വില്ലനാകാനും പാകമല്ലെന്ന് തുടക്കത്തില്‍ പലരും വിധിയെഴുതി. കറുത്തുമെല്ലിച്ച ശരീരവും മീശകിളിര്‍ക്കാത്ത മുഖവുമായി വെള്ളിത്തിരയിലേക്ക് ചുവടുവെച്ച ധനുഷ് തുടര്‍ച്ചയായ വിജയങ്ങളിലൂടെ കോളിവുഡിനെ അമ്പരപ്പിക്കുകയായിരുന്നു.

ദാരിദ്ര്യംനിറഞ്ഞ തന്റെ ബാല്യത്തെക്കുറിച്ച് ധനുഷ് തന്നെ മുന്‍പ് നേര്‍ക്കാഴ്ചകളില്‍ സംസാരിച്ചിട്ടുണ്ട്. മില്ലിലെ ജോലിക്കാരനായാണ് അച്ഛന്‍ ജീവിതം തുടങ്ങിയത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ അച്ഛന്‍ സിനിമയിലേക്കെത്തി. സഹസംവിധായകനായി വര്‍ഷങ്ങളോളം ജോലിചെയ്തു. പൈപ്പുവെള്ളം കുടിച്ച് വിശപ്പകറ്റിയ കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍ അന്ന് ധനുഷിന്റെ കണ്ണുനിറഞ്ഞിരുന്നു.

dhanushയാത്രക്ക് വണ്ടിക്കാശില്ലാത്തതിനാല്‍ തേനിയില്‍നിന്ന് ഗര്‍ഭിണിയായ അമ്മ ഉള്‍പ്പെടെ തന്റെ കുടുംബം മധുരയിലേക്ക് കാല്‍നടയായി നീങ്ങിയ കാര്യങ്ങള്‍ കുട്ടിക്കാലത്തെ സങ്കട ഏടുകളില്‍ ചിലതുമാത്രം എന്നാണ് അന്ന് ധനുഷ് വിശേഷിപ്പിച്ചത്. നടന്നുനീങ്ങുമ്പോള്‍ വിശന്നുകരയുന്ന മക്കളോട് സ്ഥിരമായി മൈല്‍ക്കുറ്റിയിലെ അക്കങ്ങള്‍ വായിക്കാന്‍ അമ്മ ആവശ്യപ്പെടും. 

തൊണ്ണൂറ്റിയാറ് എന്ന് വായിക്കുമ്പോള്‍ നടന്നു മുന്നോട്ടുനീങ്ങണമെന്നും അത് തൊണ്ണൂറിലെത്തുമ്പോള്‍ ഭക്ഷണം കിട്ടുമെന്നും പറയുന്ന അമ്മയുടെ മുഖം ഇന്നും മനസ്സിലുണ്ടെന്ന് താരം പറയുന്നു. വിശപ്പും ദാഹവും സഹിച്ച് കിലോമീറ്ററുകളോളം തളര്‍ന്നുനടന്ന കാലമാണ് പിന്നീട് തനിക്ക് പടവെട്ടി മുന്നേറാന്‍ കരുത്തുനല്‍കിയതെന്ന് ധനുഷ് കൂട്ടിച്ചേര്‍ത്തിരുന്നു.

പതിനഞ്ചുവര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ച ധനുഷിന്റെ അച്ഛന്‍ പിന്നീട് കസ്തൂരിരാജ എന്ന പേര് സ്വീകരിച്ച് മകനെ നായകനാക്കികൊണ്ട് തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തു. 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ധനുഷിന് പതിനാറ് വയസ്സാണ് പ്രായം. ആദ്യചിത്രം വന്‍ വിജയമായിരുന്നെങ്കിലും പിന്നീട് ധനുഷിനെ തേടി ആരുമെത്തിയില്ല. 

കസ്തൂരിരാജയുടെ മൂത്തമകനും സഹോദരനുമായ ശെല്‍വരാഘവന്റെ ചിത്രത്തിലാണ് ധനുഷ് പിന്നീട് അഭിനയിച്ചത്. കുട്ടിക്കാലത്ത് മനസികമായി കശക്കിയെറിയപ്പെട്ടവന് കൗമാരകാലത്തുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളാണ് 'കാതല്‍ കൊണ്ടേന്‍' പറഞ്ഞത്. മാനസികവൈകൃതങ്ങള്‍ അസാമാന്യമായി അവതരിപ്പിച്ച ധനുഷ് രണ്ടാം ചിത്രത്തിലൂടെ പ്രേക്ഷകകൈയടിനേടി. 

ഗ്ലാമറില്ലാത്ത നായകന് അഭിനയിക്കാനറിയാമെന്ന് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടു. കാതല്‍ കൊണ്ടേനുശേഷം പക്കാ തമിഴ് മസാലച്ചിത്രമായി വന്ന 'തിരുടാ തിരുടി'യും വലിയ സാമ്പത്തികനേട്ടം കൈവരിച്ചതോടെ ഹാട്രിക്ക് വിജയങ്ങളുമായി ധനുഷ് എന്ന താരം പിറവികൊണ്ടു. 

വിജയ്, അജിത്ത് എന്നിവര്‍ക്കുശേഷമുള്ള താരനിരയിലേക്ക് വളരെ പെട്ടെന്നുതന്നെ ധനുഷ് എന്ന നടന്‍ പറന്നിറങ്ങി. തമിഴ് ചിത്രങ്ങളുടെ വിജയസമവാക്യങ്ങള്‍ പൊളിച്ചെഴുതി. തനിഗ്രാമീണതയിലേക്ക് സിനിമയെ കൂട്ടിക്കൊണ്ടുപോകുന്ന നായകനായിരുന്നു ധനുഷ്. വംശീയത എന്നും വികാരമായി നെഞ്ചേറ്റിയ തമിഴര്‍ക്കുമുന്നില്‍ കറുപ്പിന്റെ താളവും ആഴവും തന്നെയാണ് താരം തുറന്നുകാണിച്ചത്.

രജനിയുടെ മകളെ കാമുകിയും ഭാര്യയുമാക്കിയതിലൂടെ ധനുഷ് വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. വധുവിന്റെ പ്രായക്കൂടുതലും വിവാഹത്തില്‍ രജനിക്കുള്ള അതൃപ്തിയുമെല്ലാം അന്ന് ആഘോഷിക്കപ്പെട്ട വാര്‍ത്തകളായിരുന്നു. 

അഭിനയം കരുത്താര്‍ജിക്കുന്നതിനിടെ 'രാഞ്ചന' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ധനുഷ് എത്തിനോക്കി. സോനം കപൂറിനൊപ്പമുള്ള ചിത്രം ഹിന്ദിയില്‍ വന്‍വിജയമായതോടെ ധനുഷിന്റെ അഭിനയ അതിരുകള്‍ ദേശത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ചു. ബിഗ് ബിക്കൊപ്പം അഭിനയിച്ച ഷമിതാഭാണ് ധനുഷിന്റെ രണ്ടാമത്തെ ഹിന്ദിസിനിമ.

Dhanush

കോഴിപ്പോരിന്റെ കഥപറഞ്ഞ വെട്രിമാരന്റെ ആടുകളത്തിലൂടെ ധനുഷ് ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. പഠിക്കാത്തവന്‍, കുട്ടി, യാരടി നീ മോഹിനി, മരിയാന്‍, വേലയില്ലാ പട്ടധാരി, അനേകന്‍, മാരി-എന്നീ ചിത്രങ്ങളിലൂടെയെല്ലാം ധനുഷ് എന്ന നടന്റെ താരമൂല്യം ഉയരുകയായിരുന്നു. 
ഭാര്യ ഐശ്വര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രീ എന്ന ചിത്രത്തിനായി ധനുഷ് എഴുതിപ്പാടിയ 'വൈ ദിസ് കൊലവറി...' എന്ന ഗാനം ധനുഷിനെ വാര്‍ത്തകളുടെ നെറുകയിലേക്ക് കൊണ്ടുപോയി. 

പാട്ടിന്റെ നിലവിലെ എല്ലാ വ്യാകരണങ്ങള്‍ക്കും പുറത്തായിരുന്നു കൊലവറിയെങ്കിലും റിലീസ് ചെയ്ത് ഒരുവാരത്തിനുള്ളില്‍ 3.50 കോടി ആളുകള്‍ പാട്ട് ഷെയര്‍ ചെയ്തു. ബി.ബി.സി.യും ടൈം മാഗസിനും പാട്ടിന്റെ പ്രസക്തി വാര്‍ത്തയാക്കി.

നടന്‍, ഗായകന്‍, നിര്‍മാതാവ് തുടങ്ങി വിഭിന്ന മേഖലകളില്‍ പടര്‍ന്നുകയറുന്നതിനിടെയാണ് പുതിയ വിവാദം ധനുഷിന്റെ ജീവിതത്തെ ഉലയ്ക്കുന്നത്. പണം തട്ടിക്കാനായി ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് സംഭവത്തിനുപുറകിലെന്നാണ് ധനുഷിന്റെ വാദം. ആരോപണം പൊള്ളയെങ്കില്‍ സംഭവം എന്തിനാണ് ഇതിങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതെന്നും തെളിവുകള്‍ നിരത്തി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ വിഷയം അവസാനിപ്പിച്ചുകൂടെയെന്നുമുള്ള ആരാധകരുടെ ചോദ്യത്തിനും പ്രസക്തിയുണ്ട്.

സിനിമകളിലൂടെ പലതവണ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ധനുഷിന്റെ ജീവിതം കഥയെ വെല്ലുന്ന ക്ലൈമാക്സിലേക്കാണോ നീങ്ങുന്നത് എന്നറിയാന്‍ തമിഴകം കാത്തിരിക്കുകയാണ്.