ദേവദാസിൽ ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്ത്
പ്രണയവും പ്രണയനഷ്ടവുമെല്ലാം ഇതിവൃത്തമാക്കി ലോകസിനിമയില്‍ നിരവധി ചിത്രങ്ങള്‍ പിറന്നു. ശുഭപര്യവസായിയായ സിനിമകളേക്കാള്‍ പ്രേക്ഷകരെ വൈകാരികമായി ഇളക്കിമറിക്കുന്നത് ഒരുപക്ഷേ പ്രണയനഷ്ടങ്ങളാവും. ടൈറ്റാനിക്കും എ വോക്ക് ടു റിമെമ്പറുമെല്ലാം സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അവ ഈറനണിയിച്ച കണ്ണുകളുടെ പേരിലാണ്.
ഇന്ത്യന്‍ സിനിമയും പ്രണയത്തെ വേണ്ടുവോളം ആഘോഷിച്ചു. നോവലുകളും ചെറുകഥകളും ആധാരമാക്കി വെള്ളിത്തിരയില്‍ മികച്ച കലാസൃഷ്ടികള്‍ പിറന്നു. അതില്‍ ശരത്ചന്ദ്ര ചതോപധ്യായയുടെ വിഖ്യാതമായ ബംഗാളി നോവലായ 'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്ന് വിളിപ്പേരുള്ള ദേവദാസിനെ പോലെ മറ്റൊന്നുണ്ടോ എന്നു സംശയം. കാലാതിവര്‍ത്തിയാണ് ദേവദാസ്. പല രൂപത്തിലും ഭാവത്തിലും സിനിമാപ്രേമികളുടെ മുന്നിലെത്തി. അതില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്- ഐശ്വര്യ റായ് ജോടികള്‍ പ്രധാനവേഷത്തിലെത്തിയ ദേവദാസ് പുറത്തിറങ്ങിയിട്ട് ജൂലൈ 12 ന് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു.
2002 ലാണ് സഞ്ജയ് ലീല ബാന്‍സാലി ദേവദാസ് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിച്ചത്. ഷാരൂഖ് ദേവദാസായപ്പോള്‍ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു. 40 കോടിയോളം രൂപ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇസ്മൈയില്‍ ദാര്ബറിന്റെ ഈണങ്ങളും ബിനോദ് പ്രധാന്റെ ഛായാഗ്രാഹണവും സിനിമയെ മറ്റൊരു തലത്തില്‍ കൊണ്ടെത്തിച്ചു. ചിത്രത്തിലെ 'ഡോലാരെ' എന്ന ഗാനം ഇന്നും നൃത്തേവദികളില് അലകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മാധുരിയും ഐശ്വര്യയും ആടിത്തകര്‍ത്ത ഈ ഗാനത്തിനു വേണ്ടി ചുവടുകള്‍ ഒരുക്കിയത് മുതിര്‍ന്ന നൃത്തസംവിധായികയായ സരോജ ഖാനാണ്.
പുരസ്കാരവേദിയിലും ദേവദാസ് വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ചിത്രമായി തിരഞ്ഞെടുത്ത ദേവദാസ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം നേടി. ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ പോപ്പുലര്‍ സിനിമാവിഭാഗത്തില്‍ അടക്കം അഞ്ച് അവാര്‍ഡുകള്‍ ദേവദാസ് നേടി. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ശ്രേയ ഘോഷാല്‍ എന്ന പെണ്‍കുട്ടിയുടെ ബോളിവുഡ് അരങ്ങേറ്റചിത്രമായിരുന്നു ദേവദാസ്. പതിനാറ് വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ ബേരി പിയാ.. എന്ന ഗാനമാലപിച്ച് രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ശ്രേയ സ്വന്തമാക്കി. മികച്ച നൃത്തസംവിധാനത്തിന് സരോജ ഖാനും മികച്ച കലാസംവിധാനത്തിന് നിധിന് ചന്ദ്രകാന്ത് ദേശായിയും മികച്ച വസ്ത്രാലങ്കാരത്തിന് നീത ലുല്ല, അബുജാനി, സന്ദീപ് ഘോസ്ല, രേസ ഷരീഫി എന്നിവരും ദേവദാസിലുടെ ദേശീയ പുരസ്താരവേദിയില് നേട്ടം കൊയ്തു.
ദേവദാസ് ഇതിവൃത്തമാക്കി മുന്‍കാലങ്ങളിലും ചലച്ചിത്രങ്ങള്‍ പിറന്നു. 1928ലാണ് ഈ നോവലിനെ അടിസ്ഥാനമാക്കി ആദ്യം ചിത്രം ഒരുങ്ങിയത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന് നോവലിന്റെ സൃഷ്ടാവായ ശരത്ചന്ദ്ര ചതോപാധ്യായ തന്നെയാണ് തിരക്കഥയെഴുതിയത്.
1935-ല്‍ ബംഗാളി- ഹിന്ദി ഭാഷകളില്‍ പി.സി. ബറുവ ഒരുക്കിയ ദേവദാസാണ് ഈ കൂട്ടത്തില്‍ ഏറെ ജനപ്രീതി നേടിയ ചിത്രം. ബംഗാളിയില്‍ പി.സി. ബറുവയും യമുനയുമായിരുന്നു നായകനും നായികയും. ഹിന്ദിയില്‍ അനശ്വരനടനും ഗായകനുമായ കെ.എല്‍. സൈഗാളായിരുന്നു ദേവദാസ്; രാജ്കുമാരി പാര്‍വതിയുടെ വേഷത്തിലും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. സൈഗാളിന്റെ അതുല്യമായ അഭിനയപാടവത്താലും ഹൃദയസ്പര്‍ശിയായ ആലാപന മികവിനാലും ദേവദാസ് വന്‍ ജനപ്രീതി നേടുകയുണ്ടായി. ബിമല്‍ റോയിയുടെ ഛായാഗ്രാഹണമാണ് ദേവസാദിനെ മറ്റൊരു തലത്തില്‍ എത്തിച്ചത്. ഗ്രീന്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ചും സവിശേഷ ദീപവിതാനരീതി സ്വീകരിച്ചും ചലനാത്മകമായ ഒരു ഛായാഗ്രഹണശൈലി ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. സിനിമാറ്റോഗ്രഫിയെക്കുറിച്ചുള്ള ക്ലാസുകളെടുക്കാന്‍ ഋത്വിക് ഘട്ടക്ക് പലപ്പോഴും ഉപജീവിച്ചിട്ടുള്ളത് ഈ ദേവദാസിനെയാണ്.
1936-ല്‍ പി.വി. റാവു ദേവദാസിന് തമിഴില്‍ ഒരുക്കി. 17 വര്‍ഷങ്ങള്‍ക്കപ്പുറം തെലുഗുവില്‍ വേദാന്തം രാഘവയ്യയും നാഗേശ്വര റാവുവും ചേര്‍ന്ന് ദേവദാസ് അവതരിപ്പിച്ചു. പി.സി. ബറുവയുടെ സ്മരണയ്ക്കായി ബിമല്‍ റോയി 1955-ല്‍ ഹിന്ദിയില്‍ വീണ്ടും ദേവദാസ് ഒരുക്കി. ദിലീപ് കുമാര്‍, വൈജയന്തിമാല, സുചിത്ര സെന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനതാരങ്ങള്‍. കമല്‍ ബോസിന്റെ ഛായാഗ്രഹണം ചിത്രത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. 1974-ല്‍ ദിലീപ് റോയ് ഹിന്ദിയില്‍ വീണ്ടും ദേവദാസ് ഒരുക്കി. അതേ വര്‍ഷം തന്നെ വിജയനിര്‍മലയും ദേവദാസ് തെലുഗില്‍ സംവിധാനം ചെയ്തു.
1989-ല്‍ ക്രോസ്ബെല്‍റ്റ് മണി മലയാളത്തില്‍ അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തിനനുസരിച്ച് ദേവദാസ് ഒരുക്കി. മറ്റൊരു വേണു നാഗവള്ളിയാണ് ചിത്രത്തില്‍ ദേവദാസിനെ അവതരിപ്പിച്ചത്. രമ്യ കൃഷ്ണ, പാര്‍വതി എന്നിവരായിരുന്നു നായികമാര്‍. കെ.രാഘവന് മാഷും മോഹന്‍ സിത്താരയും ഒരുക്കിയ ഗാനങ്ങളാണ് അന്ന് സിനിമയേക്കാള്‍ ജനപ്രീതി സൃഷിച്ചത്. രാഘവന് മാഷ് ഒരുക്കിയ 'സ്വപ്മമാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം' എന്ന ഗാനം ഇന്നും അനശ്വരമായി നിലനില്ക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..