ദേവയാനി | photo: mathrubhumi archives
മലയാളികള്‍ എല്ലാക്കാലവും ഹൃദയത്തോട് ചേര്‍ത്തുവെച്ച നായികമാരുടെ ഗംഭീര തിരിച്ചുവരവിന് മലയാള സിനിമ പലവട്ടം സാക്ഷിയായിട്ടുണ്ട്. മഞ്ജു വാര്യരും നവ്യാ നായരും മീരാ ജാസ്മിനും ഒക്കെ തിരിച്ചെത്തി. ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നായിക കൂടി മടങ്ങി വരികയാണ്, ദേവയാനി.
തമിഴ് സിനിമകളില്‍ സജീവമായിരുന്ന താരം മലയാളത്തില്‍ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും തിരശ്ശീലയില്‍ എത്തിയതൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. സുന്ദരപുരുഷനിലെ ആ വാശിക്കാരിയും ബാലേട്ടന്റെ ദേഷ്യക്കാരിയായ ഭാര്യയും നരനിലെ നിസ്സഹായയായ ജാനകിയുമെല്ലാം ഇന്നും മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
.jpg?$p=8a7b7b1&&q=0.8)
മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, അജിത്ത്, വിജയ്, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമെല്ലാം തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍. സൂപ്പര്‍ഹിറ്റ് തമിഴ് സീരിയലുകളിലൂടെയും ഇഷ്ടം നേടിയ ദേവയാനി മലയാളത്തിലേയ്ക്ക് ഒരു ഇടവേളയ്ക്ക് ശേഷമാണ് മടങ്ങി വരുന്നത്.
ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത 'അനുരാഗം' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ദേവയാനി ഒരുങ്ങുന്നത്. അശ്വിന്‍ ജോസ്, ഗൗരി കിഷന്‍, ജോണി ആന്റണി, ഗൗതം മേനോന്‍, ഷീല, ലെന തുടങ്ങിയവര്‍ അഭിനയിച്ച ഈ പ്രണയചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വേളയില്‍ തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ദേവയാനി.
'അനുരാഗ'ത്തിലൂടെ മലയാളത്തിലേയ്ക്ക് റീ എന്‍ട്രി
ഒരുപാട് നാളുകളായി മലയാളത്തില്‍ അഭിനയിച്ചിട്ട്. 'അനുരാഗ'ത്തിന്റെ കഥ സംവിധായകന്‍ പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടമായി. അദ്ദേഹത്തിന്റെ കഥ പറച്ചില്‍ നല്ല രസമായിരുന്നു. നല്ലൊരു ടീം ആയിരുന്നു അനുരാഗത്തിന്റേത്. നിര്‍മാതാവും കാസ്റ്റിങ്ങും ഒക്കെ മികച്ചതായിരുന്നു. കഥയും എന്റെ കഥാപാത്രവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ സിനിമ ചെയ്യാമെന്ന് സമ്മതിക്കുന്നത്.
.jpg?$p=a80322e&&q=0.8)
മലയാളത്തില്‍നിന്ന് ഈ കാലയളവില്‍ നല്ല സബ്ജക്ടുകള്‍ എന്നെ തേടി വന്നിട്ടില്ല. കോവിഡ് സമയത്ത് രണ്ട് വര്‍ഷം നഷ്ടപ്പെട്ടു. തമിഴില്‍ കുറച്ച് നാളായി തിരക്കിലായിപ്പോയി. സത്യത്തില്‍ ഇപ്പോഴാണ് നല്ലൊരു പ്രൊജക്ട് വരുന്നത്. മൂന്ന് പ്രണയകഥകള്‍ പറയുന്ന ചിത്രമാണ് അനുരാഗം. അതില്‍ എന്റെ കഥാപാത്രത്തിന്റെ പ്രണയം രസകരമാണ്.
ഒരിക്കല്‍പ്പോലും പറ്റില്ലെന്ന് പറഞ്ഞിട്ടില്ല, അമ്മയായിരുന്നു എന്റെ ശക്തി
ഞാന്‍ സിനിമയില്‍ വരാന്‍ തന്നെ കാരണമായത് എന്റെ അമ്മ(ലക്ഷ്മി)യാണ്. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഞാനില്ല. അമ്മയായിരുന്നു എന്റെ ശക്തി. വളരെ ധൈര്യമുള്ള സ്ത്രീയായിരുന്നു. എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്‍ മുന്നിലായിരുന്നു. അമ്മ എനിക്ക് പോസിറ്റീവ് ചിന്തകള്‍ പകര്‍ന്ന് നല്‍കി. എന്നെക്കൊണ്ട് അഭിനയിക്കാന്‍ പറ്റുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. എനിക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചു. എന്റെ കരിയറിനായി ഓരോ നിമിഷവും കൂടെനിന്നു. അനിയനെയും അച്ഛനെയും പോലും മറന്ന് എനിക്ക് വേണ്ടി നിന്നു. എന്റെ കൂടെയായിരുന്നു യാത്ര മുഴുവന്‍. ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു.
എന്റെ വിജയങ്ങളുടെയെല്ലാം പ്രധാന കാരണം അമ്മയാണ്. ഇന്നത്തെപ്പോലെയല്ലല്ലോ സിനിമ അന്ന്. എല്ലാ ലൊക്കേഷനിലും അമ്മ കൂടെ വരും. ഒരിക്കല്‍പ്പോലും ക്ഷീണിച്ചുവെന്നോ വയ്യെന്നോ പറ്റില്ലെന്നോ അമ്മ പറഞ്ഞിട്ടില്ല. എനിക്ക് മുന്‍പേ അവർ റെഡിയായി വരും. മനസ്സില്‍ വെച്ച് സംസാരിക്കുന്ന സ്വഭാവമില്ല, എല്ലാം തുറന്ന് സംസാരിക്കും. ലൊക്കേഷനിലെ എല്ലാവര്‍ക്കും അമ്മയെ ഇഷ്ടമായിരുന്നു. എന്റെ ജീവിതം അമ്മ കുറച്ചുകൂടി ലളിതമാക്കി.
.jpg?$p=48405e6&&q=0.8)
അമ്മ മലയാളിയാണ്. ഞാന്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ മുംബൈയിലാണ്. മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ചത് അമ്മയാണ്. എനിക്ക് മലയാളം അറിയില്ലായിരുന്നു. അമ്മയാണ് എല്ലാം പഠിപ്പിച്ചത്. ലൊക്കേഷനിലെ എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു. മലയാളി രക്തമല്ലേ എന്ന് പറയും. കേരളത്തിലെ എല്ലാവരും എന്നെ അംഗീകരിച്ചു. മലയാളി പെണ്‍കുട്ടി എന്ന പോലെയാണ് എല്ലാവരും എന്നെ കണ്ടത്. ഇതിനെല്ലാം കാരണം അമ്മയാണ്.
.jpg?$p=fad68fb&&q=0.8)
മലയാളം കേട്ടാല്‍ എനിക്ക് മനസിലാകും. പക്ഷേ, സംസാരിക്കാന്‍ കുറച്ച് പ്രയാസമുണ്ട്. മലയാളത്തില്‍ ഇനിയും സിനിമകള്‍ ചെയ്യണം. നല്ല പ്രോജക്ടുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. അച്ഛനും പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു. പക്ഷേ തുടക്കത്തില്‍ അച്ഛന് ഞാന്‍ സിനിമ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മ കഴിഞ്ഞാല്‍ പിന്നെ എന്നെ ഏറ്റവുമധികം പിന്തുണച്ചിട്ടുള്ളത് ഭര്‍ത്താവാണ്. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഒന്നും സാധ്യമാകുമായിരുന്നില്ല. അഭിനയിക്കാന്‍ മാത്രമല്ല, എല്ലാ കാര്യത്തിലും ഭര്‍ത്താവിന്റെ പിന്തുണയുണ്ട്. എനിക്ക് നല്ലൊരു കുടുംബത്തെ ലഭിച്ചതില്‍ സന്തോഷമുണ്ട്.
.jpg?$p=b4643a5&&q=0.8)
നമ്മുടെ ഫീലിങ് എന്താണെന്ന് ഒരു റിലേഷന്‍ഷിപ്പില്‍ ഉറപ്പായും പങ്കുവെച്ചിരിക്കണം. കാര്യങ്ങള്‍ പങ്കുവെച്ചില്ലെങ്കില്‍ കുഴപ്പങ്ങളുണ്ടാകും. സന്തോഷങ്ങളോ വിഷമങ്ങളോ എന്തുമാകട്ടെ പരസ്പരം അത് തുറന്നുപറയണം. കൃത്യമായ കമ്മ്യൂണിക്കേഷന്‍ ബന്ധങ്ങളില്‍ ഉണ്ടാവണം. ഈഗോയ്ക്ക് അവിടെ സ്ഥാനമുണ്ടാകരുത്. ജീവിതത്തിലെ പോസീറ്റീവ് വശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ ജീവിതം കൂടുതല്‍ മികച്ചതാകും.
30 വര്‍ഷത്തെ സിനിമാ ജീവിതം, ഇനിയും മുന്നോട്ട്
1993-ലാണ് സിനിമയിലെത്തുന്നത്. 30 വര്‍ഷത്തെ മനോഹരമായ യാത്ര. ഇനിയും ഒരുപാട് മുന്നോട്ട് പോകുന്നുണ്ട്. സിനിമയിലെ 30 വര്‍ഷം ആഘോഷിക്കണമെന്ന് ആളുകള്‍ പറയുന്നുണ്ട്. പക്ഷേ ഞാന്‍ സമ്മതിച്ചില്ല.
പ്രേക്ഷകരില്‍ നിന്ന് ഇത്രയും പിന്തുണ കിട്ടുമെന്നോ ഒരുപാട് സിനിമകളും സീരിയലും ചെയ്യാന്‍ പറ്റുമെന്നോ കരിയര്‍ തുടങ്ങുമ്പോള്‍ കരുതിയിരുന്നില്ല. എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്, ഒരുപാട് സന്തോഷം.
ഞാനൊരു ലാലേട്ടന്‍ ഫാന്‍, അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്
ബാലേട്ടന്‍, നരന്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളില്‍ ലാലേട്ടനൊപ്പം അഭിനയിച്ചു. ഞാന്‍ വലിയൊരു ലാലേട്ടന്‍ ഫാനാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാകും. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ, പെരുമാറ്റം, ജോലിയോടുള്ള ബഹുമാനം, തിരക്കഥ കേള്‍ക്കുന്ന രീതി, അഭിനയം ഇതില്‍ നിന്നെല്ലാം പഠിക്കാന്‍ ധാരാളമുണ്ട്. ഇത്രയും നാള്‍ സിനിമയില്‍ മികവ് പുലര്‍ത്തണമെങ്കില്‍ അതിന് ഉറപ്പായും എന്തെങ്കിലും കാരണം കാണുമല്ലോ. അദ്ദേഹത്തെപ്പോലെയുള്ള വലിയ ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് യുവതലമുറയ്ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാനാകുന്നത് നല്ലൊരു അനുഭവമാണ്. അദ്ദേഹം അഭിനയിച്ച ലൂസിഫര്‍, ദൃശ്യം, 12-ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ ഈയടുത്ത് കണ്ടിരുന്നു.
.jpg?$p=79c0b37&&q=0.8)
ഭാഗ്യമുള്ളത് കൊണ്ട് ഒരുപാട് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനായി. നല്ല നേരം വരുമ്പോള്‍ എല്ലാം നടക്കും. കഥാപാത്രം നമുക്ക് യോജിച്ചതാണെന്ന് തോന്നുമ്പോള്‍ സംവിധായകന്‍ സമീപിക്കുന്നതാണ്. ഒന്നും നമ്മുടെ കൈയിലല്ല. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്ക് തോന്നണം ദേവയാനി ഒരു കഥാപാത്രത്തിന് യോജിച്ചതാണോ എന്ന്. അവര്‍ക്ക് നന്ദി പറയണം. എന്റെ കൂടെ അഭിനയിച്ച താരങ്ങളെല്ലാം നല്ല സഹകരണ മനോഭാവം ഉള്ളവരായിരുന്നു. എല്ലാവരുമായി നല്ല ഒരുപാട് ഓര്‍മകളുണ്ട്.
ചെമ്മീനിലെ ഇതിഹാസങ്ങള്‍ക്കൊപ്പം
ഷീല മാഡം അനുരാഗത്തില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു. അവര്‍ വളരെ മികച്ച നടിയാണ്. നല്ല പെരുമാറ്റമാണ് എല്ലാവരോടും. എന്ത് മാത്രം അനുഭവസമ്പത്തുള്ള നടിയാണ് അവര്‍. എല്ലാക്കാര്യത്തിലും വളരെ അപ്‌ഡേറ്റഡാണ്. എല്ലാവര്‍ക്കും ഷീല മാഡം പ്രചോദനമാണ്.
.jpg?$p=6a12f4a&&q=0.8)
ഇടയ്ക്ക് 'മൈ സ്‌കൂള്‍' എന്നൊരു ചെറിയ ചിത്രം ഞാന്‍ ചെയ്തിരുന്നു. ചെറിയ ബഡ്ജറ്റിലുള്ള ചിത്രമായിരുന്നു അത്. നല്ല കഥയായിരുന്നു. ഒരു ടീച്ചറുടെ വേഷമായിരുന്നു എനിക്ക്. ആ ചിത്രത്തില്‍ മധു സാര്‍ എന്റെ അച്ഛന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സാറുമായി ഒരൊറ്റ കോംബിനേഷന്‍ സീനാണ് ഉണ്ടായിരുന്നത്. മധു സാര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ആ സിനിമ ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു. അദ്ദേഹത്തെ കാണണമെന്നും അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു. അങ്ങനെ മധു സാറിനൊപ്പവും ഷീല മാഡത്തിനൊപ്പവും അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞു. ചെമ്മീന്‍ സിനിമയിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചല്ലോ, ഒരുപാട് സന്തോഷമുണ്ട്.
സുന്ദരപുരുഷനില്‍ ജോണി ആന്റണി സഹ സംവിധായകൻ, അനുരാഗത്തിൽ പ്രണയ ജോഡി
മലയാള സിനിമ ഒരുപാട് മാറി. ടെക്‌നിക്കലി നല്ല മാറ്റം കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത 'അനുരാഗം' ടീം വളരെ മികച്ചതായിരുന്നു. സംവിധായകനും താരങ്ങളും കഴിവുള്ളവരായിരുന്നു. നല്ല കഥയാണ് ചിത്രത്തിന്റേത്. സിനിമയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നിര്‍മാതാക്കള്‍ 'അനുരാഗം' ചെയ്തത്. കഥയിലും ടീമിലും അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമ കണ്ടിട്ട് തിയേറ്ററില്‍ നിന്ന് ഒരുപാട് സ്‌നേഹവുമായി പ്രേക്ഷകര്‍ക്ക് മടങ്ങാം. മൂന്ന് പ്രണയകഥകളില്‍ ഒരെണ്ണം എങ്കിലും പ്രേക്ഷകന് സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. നല്ലൊരു ചിത്രമാണ്. നവാഗതനായ ജോയല്‍ ജോണ്‍സ് ഒരുക്കിയ സംഗീതം വളരെ മികവ് പുലര്‍ത്തി. സൗഹൃദം, തമാശ, സ്‌നേഹം അങ്ങനെയെല്ലാം 'അനുരാഗ'ത്തിലുണ്ട്. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും.

ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന അശ്വിന്‍ കഴിവുള്ള നടനാണ്. ഗൗരി കിഷനും കഴിവുള്ള കുട്ടിയാണ്. ഞാന്‍ അഭിനയിച്ച സുന്ദരപുരുഷനില്‍ ജോണി ആന്റണി സഹ സംവിധായകനായിരുന്നു. പിന്നീട് സംവിധായകനായി, ഇപ്പോള്‍ തിരക്കുള്ള നടനായി. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തെ സഹസംവിധായകനായും സംവിധായകനായും തിരക്കുള്ള നടനായും എനിക്ക് കാണാന്‍ സാധിച്ചു. കോമഡിയും ഇമോഷണല്‍ രംഗങ്ങളുമെല്ലാം അദ്ദേഹം നന്നായി കൈകാര്യം ചെയ്യും. നല്ല ഹ്യൂമര്‍സെന്‍സ് ഉള്ള നടനാണ്.
ചിത്രത്തില്‍ എനിക്ക് ഗൗതം മേനോനുമായി കോംബിനേഷന്‍ സീനില്ല. ഞാന്‍ ഗൗതം മേനോന്റെ കടുത്ത ആരാധികയാണ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ വളരെ ഇഷ്ടമാണ്. ഇപ്പോള്‍ തിരക്കുള്ള നടന്‍ കൂടിയാണ് അദ്ദേഹം.
ദേവയാനിയെ എല്ലാവരും മറന്ന് പോയി, 'അഭി'യെന്ന് വിളിക്കാന്‍ തുടങ്ങി
എന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ് 'കോലങ്ങള്‍' എന്ന സീരിയല്‍. 'ബാലേട്ട'ന്റെ ഷൂട്ടിങ് സമയത്താണ് കോലങ്ങളുടെ കഥ കേള്‍ക്കുന്നത്. എന്റെ ഭര്‍ത്താവാണ് കഥ കേട്ടത്. ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിലായിരുന്നതിനാല്‍ എനിക്ക് കഥ കേള്‍ക്കാനായില്ല. ഭര്‍ത്താവിനോട് സംവിധായകന്‍ തിരുസെല്‍വം നന്നായി കഥ പറഞ്ഞു. സീരിയലിന്റെ ക്ലൈമാക്‌സും പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, എന്നോട് നല്ലതാണെന്നും ചെയ്യാനും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ മിനി സ്‌ക്രീനില്‍ എത്തുന്നത്.
സത്യത്തില്‍ മിനിസ്‌ക്രീന്‍ എന്ന് പറയാന്‍ പറ്റില്ല, അതൊരു വലിയസ്‌ക്രീന്‍ ആണ്, വലിയൊരു മാധ്യമമാണ് അത്. ഒരുപാട്പേരെ സ്വാധീനിക്കാന്‍ സീരിയലുകള്‍ക്ക് സാധിക്കും. എല്ലാവരുടേയും വീടുകളിലേയ്ക്ക് ഇത് എത്തുന്നു. കുട്ടികളിലേക്കും പ്രായമായവരിലേക്കും സ്ത്രീകളിലേക്കും എല്ലാം സീരിയലുകള്‍ എത്തുന്നുണ്ട്. പണ്ടത്തെക്കാലത്ത് എന്റെ സീരിയല്‍ കാണാന്‍ കൃത്യമായി ഒന്‍പത് മണിക്ക് ടീവിക്ക് മുന്‍പില്‍ എത്തണം. അപ്പോള്‍ കണ്ടില്ലെങ്കില്‍ ആ എപ്പിസോഡ് നഷ്ടമാകും. ഇന്നത്തെപ്പോലെ ആപ്പുകളൊന്നും അന്നില്ലല്ലോ. സീരിയലുകളുടേയും സിനിമയുടേയും സുവര്‍ണകാലമായിരുന്നു അത്.
.jpg?$p=d83648f&&q=0.8)
സീരിയലുകളില്‍ നായികമാര്‍ക്കായിരിക്കും സാധാരണ പ്രാധാന്യം കൂടുതല്‍. അവരായിരിക്കും കഥയെ മുന്നോട്ട് നയിക്കുന്നത്. നായകന്മാര്‍ സിനിമയില്‍ ചെയ്യുന്നത് ഞങ്ങള്‍ സീരിയലില്‍ ചെയ്യുന്നു. അതില്‍ അഭിമാനമുണ്ട്. ഒരുപാട് നല്ല സീനുകളും ഡയലോഗുകളും ലഭിക്കും. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സീനുകളൊക്കെ ഞങ്ങള്‍ക്ക് ലഭിക്കും. ബിഗ് സ്‌ക്രീനില്‍ വേണ്ടത്ര അവസരം കിട്ടാത്തവര്‍ക്ക് സീരിയലുകളില്‍ നല്ല വേഷങ്ങള്‍ ലഭിക്കാറുണ്ട്.
.jpg?$p=8a6554b&&q=0.8)
ഒരു സീരിയല്‍ ഹിറ്റായാല്‍ ഒരുപാട് വര്‍ഷങ്ങള്‍ സംപ്രേഷണം ചെയ്യും. 'കോലങ്ങള്‍' ആറ് വര്‍ഷം ടെലിക്കാസ്റ്റ് ചെയ്തു, 1500 ഓളം എപ്പിസോഡുകള്‍. ഇത്രയും നാളുകള്‍ കൊണ്ട് സീരിയലിലെ അണിയറപ്രവര്‍ത്തകര്‍ ഒരു കുടുംബത്തെപ്പോലെയാകും. കഴിയുമ്പോള്‍ ഭയങ്കര വിഷമമായിരിക്കും. സീരിയല്‍ തീരാറാകുന്ന നിമിഷം വളരെ ഭയപ്പെടുത്തുന്നതാണ്, ഇവരെ ഒന്നും ഇനി കാണാനാകില്ലല്ലോ എന്ന് തോന്നും. സിനിമ അങ്ങനെ അല്ലല്ലോ. കുറച്ച് നാളുകള്‍ക്കുള്ളില്‍ കഴിയും. മിനി സ്‌ക്രീന്‍ ആണെങ്കിലും ബിഗ് സ്‌ക്രീന്‍ ആണെങ്കിലും നന്നായി ചെയ്യണം. എനിക്ക് രണ്ടും ഒരുപോലെ തന്നെയാണ്. സീരിയലിലെ കഥാപാത്രത്തിന്റെ പേരില്‍ ആളുകള്‍ നമ്മളെ വിളിക്കുന്നുവെങ്കില്‍ സീരിയല്‍ മെഗാ ഹിറ്റായി എന്ന് ഉറപ്പിക്കാം. കോലങ്ങള്‍ ചെയ്തതോടെ എല്ലാവരും അഭി എന്ന് വിളിക്കാന്‍ തുടങ്ങി. ദേവയാനിയെ എല്ലാവരും മറന്ന് പോയി.
പടം ഇല്ലെങ്കിലും പ്രശ്‌നമില്ല, കുടുംബം കൂടെയുണ്ട്
നമുക്ക് ചെയ്യാന്‍ ആഗ്രഹങ്ങള്‍ ഉള്ള റോളുകള്‍ ആരെങ്കിലും ഒക്കെ ചെയ്ത് കാണും. ചെയ്യാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടല്ലോ. ഒരു കഥാപാത്രത്തിന് ദേവയാനി യോജിച്ചതാണോ എന്ന് നിര്‍മാതാവിനും സംവിധായകനും തോന്നണം. ഇതുവരെ ചെയ്യാത്ത തരം വേഷങ്ങള്‍ വന്നാല്‍ സന്തോഷം. തമിഴിലാണ് ഒരുപാട് വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. റീമേക്ക് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരിക്കലും ഒറിജിനല്‍ കാണാറില്ല. സംവിധായകന്‍ പറയുന്നത് പോലെ ചെയ്യും. കഥാപാത്രം ആവശ്യപ്പെടുന്നത് ചെയ്യുമെന്ന് മാത്രം.
.jpg?$p=430c1f1&&q=0.8)
കരിയറില്‍ എപ്പോഴും നല്ല വേഷങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. ഒരിക്കലും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. കുടുംബത്തിന്റെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നു. പടം ഇല്ലെങ്കിലും പ്രശ്‌നമില്ലായിരുന്നു. പടങ്ങള്‍ ഇല്ലാത്തപ്പോള്‍ ചെറിയ വിഷമം തോന്നും. പക്ഷേ ദൈവം അനുഗ്രഹിച്ച് സിനിമയില്‍ അല്ലെങ്കില്‍ സീരിയലില്‍ റോളുകളുണ്ടാകും. മിക്കപ്പോഴും അഭിനയവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കും.
പുതിയ ചിത്രങ്ങള്‍
ജൂണില്‍ ഒരു ഞാന്‍ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. ജയം രവിയാണ് നായകന്‍. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. ഒരു സീരിയലില്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
Content Highlights: devayani actress rentry to malayalam cinema anuragam movie devayani interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..