-
ആത്മീയതയും പ്രണയവും പശ്ചാത്തലമാക്കി നരണിപ്പുഴ ഷാനവാസ് ഒരുക്കിയ ചിത്രമായിരുന്നു സൂഫിയും സുജാതയും. ചിത്രത്തിൽ സുജാതയുടെ മനസ് കവർന്ന ഒരു സൂഫിയുണ്ട് കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന, പുഞ്ചിരി കൊണ്ട് ആശ്വസിപ്പിക്കുന്ന, നൃത്തം കൊണ്ട് മയക്കുന്ന ഒരു സൂഫി...ഒരൊറ്റ ചിത്രം കൊണ്ട് ഈ സൂഫി കവർന്നത് സുജാതയുടെ മാത്രമല്ല, മലയാളികളുടെ മനസാണ്... ആദ്യ ചിത്രത്തെയും കഥാപാത്രത്തെയും പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സൂഫിയായെത്തിയ ദേവ് മോഹൻ എന്ന തൃശൂർക്കാരൻ... ആ സന്തോഷം ദേവ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു
രണ്ട് വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൂഫിയായി
2018 ന്റെ തുടക്കത്തിലാണ് ചിത്രത്തിന്റെ ഓഡിഷൻ കാൾ എന്റെ ഒരു സുഹൃത്ത് അയച്ചു തരുന്നത്.. അതിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ കണ്ട് ഫിസിക്കലി ഞാൻ ഫിറ്റ് ആണെന്ന് കരുതിയിട്ടാണ് അതിന് അയക്കുന്നത്. ആദ്യമായാണ് ഒരു ഓഡിഷന് അയക്കുന്നത് തന്നെ.. കുറച്ചു ദിവസങ്ങൾക്കു ശേഷം ഷോർട് ലിസ്റ്റഡ് ആയി കൊച്ചിയിലേക്ക് വരണം എന്ന് പറഞ്ഞു കാൾ വന്നു. അങ്ങനെ ഓഡിഷന് പോയി. വിജയ് ബാബു സാർ ഉണ്ടായിരുന്നു അവിടെ.. അടുത്ത റൗണ്ട് ക്യാമറ വച്ചുള്ള ഓഡിഷൻ ആണെന്ന് അറിയിച്ചു. അങ്ങനെ അടുത്ത ആഴ്ച വീണ്ടും കൊച്ചിയിലേക്ക് പോയി.
അന്നാണ് സംവിധായകൻ ഷാനവാസിക്കയെ ഞാൻ പരിചയപ്പെടുന്നത്. അതും കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷമാണ് ഫിസിക്കലി നിങ്ങൾ ഓക്കേ ആണ്, എന്നും പറഞ്ഞു എനിക്ക് കാൾ വരുന്നത്. എന്നോട് ചിത്രത്തിന്റെ കഥ പറയുന്നതും സൂഫിയുടെ വേഷമാണെന്നു അറിയിക്കുന്നതും അന്നാണ്. പിന്നെ അത്യാവശ്യം നീണ്ട കാത്തിരിപ്പായിരുന്നു.. ഒരു രണ്ട് കൊല്ലം കാത്തിരുന്ന ശേഷമാണ് സിനിമ സംഭവിക്കുന്നതും..
എട്ടൊമ്പത് മാസം കൊണ്ട് പഠിച്ച സൂഫി നൃത്തം
എന്താണ് സൂഫിക്ക് വേണ്ടത് എന്ന് ഷാനവാസിക്കയ്ക്ക് കൃത്യമായി അറിയാമായിരുന്നു. ഈ രണ്ട് വർഷത്തിനിടയിൽ സൂഫിയെക്കുറിച്ചും ചിത്രത്തെക്കുറിച്ചും ഞങ്ങൾ ധാരാളം സംസാരിച്ചിട്ടുണ്ട് നേരിട്ടും ഫോണിലൂടെയുമായി..അതുകൊണ്ട് തന്നെ സൂഫിയായി മാറാൻ എനിക്ക് നല്ലപോലെ സമയം കിട്ടിയിരുന്നു..
പിന്നെ ചിത്രത്തിലെ സൂഫി നൃത്തം പഠിക്കാനായി എട്ടൊമ്പത് മാസം എടുത്തു.. അത് പഠിച്ചെടുക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്.. സൂഫി നൃത്തം എന്ന് നമ്മൾ പറയുമെങ്കിലും അത് സത്യത്തിൽ ഒരു മെഡിറ്റേഷൻ പോലെ ആണ്.. ഈ വട്ടം കറങ്ങുന്നത് പതിയെ പതിയെ ആണ് ഓരോ സെക്കന്റുകൾ കൂട്ടികൊണ്ടുവന്നത്.. പലപ്പോഴും തലകറങ്ങിയിട്ടുണ്ട്, ഛർദ്ദിക്കാൻ വന്നിട്ടുണ്ട്, തലവേദന ഉണ്ടായിട്ടുണ്ട്... അതെല്ലാം തുടക്കത്തിലായിരുന്നു.. പിന്നെ പിന്നെ അത് ശരിയായി..
വാങ്ക് ഒരു പ്രാർത്ഥന മാത്രമല്ല
ചിത്രത്തിന്റെ കഥ പറയുമ്പോൾ തന്നെ ഷാനവാസിക്ക എന്നോട് പറഞ്ഞിരുന്നു വാങ്ക് ഒരു പ്രാർത്ഥന മാത്രമല്ല, ചിത്രത്തിലെ ഒരു കഥാപാത്രം കൂടിയാണെന്ന്.. സൂഫിയുടെ വാങ്ക് കേട്ടാണല്ലോ സുജാത ആകർഷിക്കപ്പെടുന്നത് തന്നെ... സുജാത മാത്രമല്ല മുല്ല ബസാർ മുഴുവനും... അതുകൊണ്ട് തന്നെ ആ രംഗങ്ങൾ കൃത്യമായി ചെയ്തില്ലെങ്കിൽ ആ ഫീൽ നമുക്ക് കൊടുക്കാനാകില്ല.. വാക്കുകളും അർത്ഥവും പഠിച്ചു തന്നെയാണ് ആ രംഗങ്ങൾ എടുത്തത്..
തുടക്കകാരന്റെ സംഭ്രമം
അദിതിയുമായാണ് എനിക്ക് കൂടുതൽ രംഗങ്ങൾ ഉണ്ടായിരുന്നത്.. ആദ്യമേ അദിതിയോട് പറഞ്ഞിരുന്നു സിനിമയിൽ ആദ്യമാണ്, ടെക്നിക്കൽ വശങ്ങൾ ഒന്നും അറിയില്ല എന്നെല്ലാം.. സമയമെടുത്തു ആത്മവിശ്വാസത്തോടെ ചെയ്താൽ മതി എന്നായിരുന്നു അദിതിയുടെ മറുപടി...
സിനിമ മനസിൽ ഒരാഗ്രഹമായി കിടന്നിരുന്നു
തൃശൂർ ഇരിങ്ങാലക്കുടയാണ് എന്റെ സ്വദേശം.. ഇപ്പോൾ ബാംഗ്ലൂരിൽ ഒരു എം. എൻ. സിയിൽ മെക്കാനിക്കൽ എൻജിനീയർ ആയാണ് ജോലി ചെയുന്നത്.. ചെറുപ്പം മുതലേ സിനിമ കാണും.. അങ്ങനെ കണ്ട് കണ്ട് അഭിനയത്തോട് ഒരു ഇഷ്ടം തോന്നി.. പക്ഷെ ശ്രമിച്ചു നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ ആഗ്രഹം മനസ്സിലുണ്ടായിരുന്നു... പിന്നെ മോഡലിംഗ് സംഭവിച്ചു പോയതാണ്... ഒരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ചെയ്തതാണ്...അങ്ങനെ സ്ഥിരമായി ചെയ്യുന്നുണ്ടായിരുന്നില്ല..വീക്കെൻഡുകളിലും ഓഫീസിൽ നിന്നും ലീവ് കിട്ടുന്ന സമയത്തും പോവാ ചെയ്യാ... അത്രേള്ളൂ...
ഓ. ടി. ടി റിലീസ് : സങ്കടവും സന്തോഷവും
ഓ. ടി. ടി റിലീസ് ചെയ്യാൻ വേണ്ടി എടുത്ത ചിത്രമല്ല സൂഫിയും സുജാതയും.. മറ്റേതൊരു സിനിമയും പോലെ തിയേറ്റർ റിലീസ് ലക്ഷ്യം വച്ചു ഒരുക്കിയ ചിത്രം തന്നെ ആണ്.. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ റിലീസ് നടത്തേണ്ടി വന്നു എന്നുള്ളതാണ്... അതെന്നെ മോശമായി ബാധിച്ചോ എന്ന് ചോദിച്ചാൽ ഉവ്വ്.. ഒരു തുടക്കക്കാരൻ എന്ന നിലയിൽ വലിയ സ്ക്രീനിൽ നമ്മളെ കാണാനുള്ള ഒരു ആഗ്രഹം ഉണ്ടാകുമല്ലോ സ്വാഭാവികമായും.. അത് കാണാൻ പറ്റിയില്ല. പക്ഷെ ഒരു 200 രാജ്യങ്ങളിൽ ഉള്ള ആൾക്കാർക്ക് ഈ ചിത്രം കാണാനായി എന്ന ഗുണവും സന്തോഷവും ഉണ്ട്. ഏതു സമയത്തും എവിടെ ഇരുന്നും ആൾക്കാർക്ക് കാണാനാകുന്നുണ്ട്.
ഇനി ഏതു കാലത്ത് തിയേറ്ററുകൾ തുറക്കുമെന്ന് അറിയില്ല.. അങ്ങനെ ഒരു സാഹചര്യത്തിൽ ഓ ടി ടി റിലീസ് എന്നത് മികച്ച ഓപ്ഷൻ തന്നെ ആണ്.. തുടക്കത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്.. കാരണം കാഴ്ചക്കും സംഗീതത്തിനും ഒരുപാട് പ്രാധ്യാന്യം ഉള്ള സിനിമയായിരുന്നു സൂഫിയും സുജാതയും.. തിയേറ്റർ എക്സ്പീരിയൻസ് വേണ്ട ഒരു ചിത്രം.. പക്ഷെ നല്ല പ്രതികരണമാണ് ചുറ്റുപാട് നിന്നും ലഭിക്കുന്നത്... അതിൽ ഭയങ്കര സന്തോഷമുണ്ട്.. മറ്റുള്ള കഥാപാത്രങ്ങൾക്ക് ഒപ്പം സൂഫിയെയും എല്ലാവരും സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം എന്നുണ്ട്. സിനിമയിൽ തന്നെ തുടരണം എന്ന് തന്നെയാണ് ഇപ്പോഴത്തെ ആഗ്രഹം..
Content Highlights :Dev Mohan Interview Sufiyum Sujathayum Movie Aditi rao Hydari Jayasurya Vijay Babu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..