ഡെന്നീസ് ജോസഫിനെ തിരക്കഥാകൃത്തായും സംവിധായകനായും മലയാളസിനിമയ്ക്ക് പരിചയപ്പെടുത്ത‌ിയ നിർമാതാവ് ജൂബിലി ജോയ് തോമസ് സ്മരിക്കുന്നു

രു ദിവസം ഡെന്നീസ് താനെഴുതിയ 'നിറക്കൂട്ട്' എന്ന കഥ പറഞ്ഞു. കഥ ഇഷ്ടമായി. പക്ഷേ, ആര് തിരക്കഥ എഴുതും. പദ്മരാജനാകട്ടെയെന്നുവെച്ച് അദ്ദേഹത്തോട് കഥ പറഞ്ഞു. കഥ കേട്ടിട്ട് പദ്മരാജന്‍ പറഞ്ഞു.''എന്നാല്‍ ഈ കഥാകൃത്ത് തന്നെ എഴുതട്ടെ തിരക്കഥ''. അങ്ങനെ തിരക്കഥ എഴുതാന്‍ ഡെന്നീസിനോടുതന്നെ ആവശ്യപ്പെട്ടു. 20 സീനാണ് ആദ്യമെഴുതിയത്. തിരക്കഥയ്‌ക്കൊപ്പം നായകന്റെ രേഖാചിത്രവും കൊണ്ടുവന്നു. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ ഒന്നിച്ചുപഠിച്ച ഡെന്നീസിന്റെ സുഹൃത്ത് ഗായത്രി അശോകന്‍ വരച്ച ചിത്രമായിരുന്നു. മമ്മൂട്ടിയുടെ മൊട്ടയടിച്ച് ചെറിയ താടിവെച്ച രൂപം. മമ്മൂട്ടിക്ക് അന്നുവരെയില്ലാത്ത രൂപപ്പൊലിമ. അതുകണ്ടതേ സംവിധായകന്‍ ജോഷിക്കും എനിക്കും ഇഷ്ടമായി.

ഒരു റഫ് ആന്‍ഡ് ടഫ് ലുക്ക്. ശേഷം ഞങ്ങളുടെതന്നെ അടുത്തപടത്തിനും തിരക്കഥ എഴുതി. നായകന്‍ മോഹന്‍ലാല്‍. സിനിമ 'രാജാവിന്റെ മകന്‍'. അടുത്തടുത്ത രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറുകളെ രംഗത്തിറക്കുകകൂടിയായിരുന്നു ഡെന്നീസ്. പിന്നീട് ജൂബിലിക്കുവേണ്ടി ഭൂമിയിലെ രാജാക്കന്മാര്‍, ശ്യാമ, അടക്കം കുറെയേറെ ചിത്രങ്ങള്‍ക്കുവേണ്ടി തിരക്കഥ ഒരുക്കി. അപ്പോഴാണ് സംവിധാനം ചെയ്യണമെന്ന് ആഗ്രഹം പറയുന്നത്. അതിനായി 'വെണ്‍മേഘഹംസങ്ങള്‍' എന്ന തിരക്കഥ തയ്യാറാക്കി. നിര്‍മാണം ജൂബിലിയായിരുന്നു. രജനീകാന്തിന്റെ ഡേറ്റും കിട്ടി. സിനിമ ചിത്രീകരിക്കേണ്ടത് ഗള്‍ഫില്‍. ആദ്യത്തെ ഒരാഴ്ച ഷൂട്ട് കഴിഞ്ഞു. പക്ഷേ, അവിടത്തെ ചില പ്രശ്‌നങ്ങള്‍ കാരണം മുന്നോട്ട് പോയില്ല. അങ്ങനെ ചിത്രീകരണം മുടങ്ങി. ആ സമയത്ത് ഡല്‍ഹി മലയാളി അസോസിയേഷന്‍ ജൂബിലി ചിത്രങ്ങളുടെ ഒരു മേള അവിടെവെച്ചു. മമ്മൂട്ടി, ജോഷി, ഞാനടക്കമുള്ളവര്‍ക്ക് സ്വീകരണം. അപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞു.'ഡെന്നീസിനേയും വിളിക്കണം.''അങ്ങനെ ഞങ്ങള്‍ അവിടെ എത്തി.

ഡല്‍ഹിയിലെ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഡെന്നീസിന്റെ മനസ്സില്‍ ''ന്യൂഡല്‍ഹി'യുെട കഥ ജനിച്ചു. ആ വേളയില്‍ രാജീവ്ഗാന്ധിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയും മലയാളിയുമായ വി.ജോര്‍ജും മലയാളി അസോസിേയഷന്‍ പ്രസിഡന്റായ കെ.എ.നായര്‍ സാബും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഒരു സിനിമ ഡല്‍ഹിയില്‍ ഷൂട്ട്‌ ചെയ്താല്‍ എല്ലാ സഹായവും ചെയ്യാമെന്നും പറഞ്ഞു. ആ വാഗ്ദാനവും ഡെന്നീസിന് അനുഗ്രഹമായി. അങ്ങനെ ഡല്‍ഹിതന്നെ പശ്ചാത്തലമാക്കി ഞങ്ങളുടെ കൂട്ടുകെട്ടിലെ അടുത്ത സിനിമ ''ന്യൂഡല്‍ഹി'' പിറന്നു.

ജൂബിലിയുടെ എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രം അതായിരുന്നു. ജോഷി സംവിധാനം ചെയ്ത ആ ചിത്രം മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിനും ഇടയാക്കി. കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തു. കേരളത്തിനുപുറത്തും വന്‍വിജയമായ ഈ ചിത്രം, ഹിന്ദിയില്‍ നിര്‍മിക്കാന്‍ രജനീകാന്ത് ആഗ്രഹിച്ചു.

Dennis Joseph Script writer demise joy Thomas jubilee productions remembers
ജൂബിലി ജോയ് തോമസ്

1988-ല്‍ ഞാന്‍ നിര്‍മിച്ച 'മനു അങ്കിള്‍'സംവിധാനം ചെയ്താണ് ഡെന്നീസ് ആദ്യമായി സംവിധായകനായത്. ചിത്രം ബോക്‌സോഫീസ് വിജയം നേടുക മാത്രമല്ല, ആ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി. ഡെന്നീസ് ജോസഫിന്റെ ആദ്യ തിരക്കഥയ്ക്കും സംവിധാനചിത്രത്തിനും പിന്നില്‍ ഞാനുണ്ടായെന്നുമാത്രം. അത് ഡെന്നീസ് സ്വയം വരച്ച ചിത്രങ്ങളുടെ നിറക്കൂട്ടുകളായിരുന്നു. ഞാനത്‌ ഫ്രെയിമിലാക്കിയെന്നുമാത്രം. എന്നെന്നും ഹൃദയത്തിലും നിറമോടെ ഡെന്നീസ് ഉണ്ടാകും. മായാത്ത നിറക്കൂട്ടുള്ള ഫ്രെയിമില്‍.

Content Highlights: Dennis Joseph demise, joy Thomas jubilee productions remembers Script writer