ദിവസം 120 സിഗരറ്റ്, കുളിക്കാന്‍ പോലും രണ്ട് പെഗ്ഗ്; തിരിച്ചുവരവിന്റെ കഥ പറഞ്ഞ് ഡെന്നീസ് ജോസഫ്


മദ്യപിച്ച് മരണത്തിന്റെ വക്കോളമെത്തി അവിടെ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥയാണ് ഡെന്നീസ് ജോസഫ് പങ്കുവെക്കുന്നത്

ഡെന്നീസ് ജോസഫ്‌

ലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ തീര്‍ത്തൊരു തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. കോട്ടയം കുഞ്ഞച്ചനും, രാജാവിന്റെ മകനും, മനു അങ്കിളും ന്യൂഡെല്‍ഹിയും തുടങ്ങി ഡെന്നീസ് ജോസഫ് പേനയെടുത്തപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നു. പക്ഷേ കഴിഞ്ഞ ദിവസം വിടവാങ്ങിയ ഹിറ്റ് മേക്കര്‍ക്ക്‌ അക്ഷരങ്ങള്‍ പോലും മറന്നുപോയൊരു കാലം ഉണ്ടായിരുന്നു. ആ കഥ ഡെന്നീസ് ജോസഫ് തന്നെ തുറന്ന് പറഞ്ഞു. സഫാരി ടെലിവിഷനിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലാണ് ലഹരിയില്‍ മുങ്ങിപ്പോയ ആ കാലം ഓര്‍ത്തെടുത്തത്.

''പ്രശസ്ത സിനിമകളൊക്കെ ചെയ്തുവരുന്നൊരു കാലഘട്ടത്തില്‍ ആണ് ഞാന്‍ മദ്യത്തിന് അടിമയാകുന്നത്. 2000 ലാണ് അത്. അതായത് മദ്യപിച്ച് ഞാന്‍ സെറ്റുകളിലും ബാറുകളിലും സുഹൃത്തുക്കളുടെ ഇടയിലുമൊക്കെ പോയി, മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഒരാളായി മാറി എന്നല്ല. എവിടെയെങ്കിലും ചെന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയോ അത്തരം സീനുകള്‍ സൃഷ്ടിക്കുകയോ ചെയ്ത ഒരാളല്ല. തീര്‍ത്തും സ്വകാര്യമായ ഒരിടത്ത് അതായത് വീട്ടിലെ എന്റെ ബെഡ്റൂമില്‍ ഇരുന്നാണ് ഞാന്‍ മദ്യപിച്ചത്. മിക്കവാറും ഒറ്റയ്ക്കിരുന്നാണ് മദ്യപിച്ചിരുന്നത്. ലോകത്തിലേക്കും വച്ച് ഏറ്റവും അപകടകരമായ ദുശ്ശീലമാണ് ഒറ്റയ്ക്കിരുന്നു മദ്യപിക്കുന്നത്. ആ കാലഘട്ടത്തില്‍ പുകവലിക്കുന്ന ദുശീലത്തിനും അടിമയായി തീര്‍ന്നു. ലോകത്തില്‍ പുകലിക്കുന്ന വേറെയും ആളുകള്‍ ഉണ്ടായിരിക്കാം. പക്ഷേ ഞാന്‍ കണ്ട ഏറ്റവും വലിയ പുകവലിക്കാരന്‍ ഞാന്‍ ആണ്. ഞാന്‍ ഒരു ദിവസം 100നും 120 നും ഇടയ്ക്ക് സിഗററ്റുകള്‍ വലിക്കുമായിരുന്നു. വൈകിട്ട് രണ്ട് പെഗ്ഗ് അടിച്ചിരുന്ന ഞാന്‍ രാവിലെ കാപ്പിയ്ക്ക് മുമ്പ് രണ്ട് പെഗ്ഗ് അടിച്ചില്ലേല്‍ പറ്റില്ലെന്ന അവസ്ഥയിലായി. ഉച്ചയ്ക്ക് അല്‍പം കഴിച്ചില്ലേല്‍ പറ്റില്ലെന്ന അവസ്ഥയായി. വൈകിട്ട് കിട്ടിയേ തീരു എന്ന അവസ്ഥയിലേക്ക് എത്തി. പക്ഷേ ഒരിക്കല്‍ പോലും മദ്യപിച്ച് ഞാനെന്റെ ഭാര്യയോട് വഴക്കിട്ടിട്ടില്ല. ഞാനെന്റെ വീടിന്റെ അപ്സ്റ്റെയറില്‍ ഇരുന്ന് മദ്യപിക്കുന്നത് താഴത്തെ നിലയിലുള്ള മമ്മിയും ഡാഡിയും അറിഞ്ഞിട്ടില്ല. ഞാനെന്റെ സഹോദരിമാരുടെ മുമ്പില്‍വെച്ച് ഒരിക്കലും സിഗരറ്റ് വലിച്ചിട്ടില്ല.

അങ്ങനെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ പള്ളിയില്‍ പോകാതെയായി. സിനിമാ തിയറ്ററില്‍ പോകാതെയായി. സിഗരറ്റ് ഇല്ലാതെ ഒരു മണിക്കൂര്‍ പള്ളിയില്‍ പോയി നില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. സിനിമാ തിയറ്ററില്‍ ഇന്റര്‍വെല്‍വരെ സിഗരറ്റ് വലിക്കാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. അങ്ങനെ ഈ ഡിപ്പെന്റന്‍സി ഒരു ഘട്ടത്തിന് അപ്പുറത്തേക്ക് എത്തി. ഞാന്‍ പിടിവിട്ട് പോകുകയാണെന്ന് എനിക്ക് തന്നെ മനസിലായി തുടങ്ങി. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഫ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും കളയുകയാണെന്ന്. കാരണം മദ്യപാനം തുടങ്ങാന്‍ പലര്‍ക്കും ജീവിതത്തില്‍ ഓരോ കാരണങ്ങള്‍ കാണും. ഞാന്‍ വളരെ സമാധാനവും സൗഭാഗ്യവും ഉള്ള ഒരു കുടുംബ ജീവിതം നയിച്ചുകൊണ്ടിരിക്കുകയും മക്കളുമായി സന്തോഷത്തോടെ ജീവിക്കുകയും അത്യാവശം സിനിമകള്‍ ചെയ്യുകയും ചെയ്യുന്ന ഘട്ടത്തിലാണ് നൂറു ശതമാനം അഡിക്ഷനിലേക്ക് പോകുന്നത്.

കൈവിട്ട് പോകുമെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ വേണ്ടി ഞാന്‍ പല ഉപാധികളും സ്വീകരിച്ചു. ചില പ്രകൃതി ചികിത്സാ കേന്ദ്രങ്ങളില്‍ പോയി നോക്കി. ചില പ്രശസ്ത ഹോമിയോ ഡോക്ടര്‍മാരെ കണ്ടു. മദ്യപാനം നിര്‍ത്താമെന്ന് പറഞ്ഞ് ചികിത്സിക്കുന്ന പല സൈക്യാട്രിസ്റ്റുമാരെയും കണ്ടു. പല ക്രിസ്ത്യന്‍ ധ്യാന ഗുരുക്കളെയും ഹൈന്ദവ സിദ്ധന്‍മാരെയും കണ്ടു. അങ്ങനെ എല്ലാ തരത്തിലുമുള്ള ആളുകളെയും പോയി കണ്ട് ഇതില്‍ നിന്നുള്ള മോചനത്തിനുവേണ്ടി ശ്രമിച്ചു നോക്കി. ഇതിന്റെ ഇടയില്‍ എന്റെ ഫാദര്‍ മരിച്ചു. കൃത്യമായ ഇടവേളകളില്‍ ഞാന്‍ ഓരോ അസുഖവും ബാധിച്ച് മാസത്തില്‍ ഒരിക്കല്‍ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട അവസ്ഥയിലേക്കെത്തി.

സി.കെ ജീവന്‍ എന്ന എന്റെ സുഹൃത്തായിരുന്നു അന്ന് പലപ്പോഴും എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നത്. ഭാര്യ ഈ സമയത്ത് വളരെ നിസഹായയായി കാരണം. ചെറിയ മക്കള്‍, ഞാന്‍ 100 ശതമാനവും അഡിക്ഷനിലേക്ക് പോകുന്നു. എന്നാല്‍ കള്ളുകുടിച്ച് വീട്ടില്‍ കിടന്ന് അടിയും തല്ലുമുണ്ടാക്കുന്ന പ്രശ്നക്കാരനല്ലാത്തത് കൊണ്ട് അങ്ങനെ ഒരു പരാതിയും ആരും പറയില്ല. പക്ഷേ ഞാന്‍ രോഗിയാകുന്നു. പിന്നെ പിന്നെ മദ്യപാനം നിര്‍ത്താന്‍ ശ്രമിച്ചിട്ട് പറ്റാത്തത് മാത്രമല്ല. മദ്യപാനം നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നത് പോലും എനിക്ക് പേടിയായി തുടങ്ങി. ഇന്ന് രാവിലെ കഴിച്ചില്ലെങ്കില്‍ ഞാനെങ്ങനെ പിടിച്ചുനില്‍ക്കും? മദ്യപാനം നിന്നുപോയാല്‍ ഞാനെങ്ങനെ ജീവിക്കും? എന്ന ഒരു അവസ്ഥയിലേക്കെത്തി. ആ സമയത്ത് ഞാന്‍ സിനിമകള്‍ ചെയ്തില്ല. പലരും കരുതിയത് എനിക്ക് സിനിമകള്‍ ഇല്ല എന്നാണ്. അത് തെറ്റായിരുന്നു. ജോഷിയും സിബി മലയിലും അടക്കമുള്ള ആളുകള്‍ എന്നെ അന്വേഷിച്ച് വീട്ടിലെത്തി. ഇവരൊക്കെ എന്ന ഉപേക്ഷിച്ച് പോകേണ്ട ഒരു അവസ്ഥയിലേക്ക് ഞാനെത്തി. കാരണം എണീക്കാന്‍ പോലും പറ്റുന്നില്ല. ഇതിനിടയ്ക്ക് മറ്റൊരു സംഭവം ഉണ്ടായി. കോട്ടയം കുഞ്ഞച്ചന്‍ ചെയ്ത സമയത്ത് അടുത്ത ഒരു സിനിമയ്ക്ക് വേണ്ടി ആരോമ മണിസാര്‍ എനിക്ക് ഒരു അഡ്വാന്‍സ് തന്നിരുന്നു. അത് പിന്നീട് ഷാജി കൈലാസിന് ഒരു പ്രൊജക്ട് എന്ന രീതിയിലേക്ക് മാറ്റി. അങ്ങനെ എഫ്ഐആര്‍ എന്ന സിനിമ എഴുതാന്‍ ഇരുന്നു. ആ സമയം തമ്പി കണ്ണന്താനം ഉള്‍പ്പെടെ എന്നോട് ഏറ്റവും അടുപ്പമുള്ള മനുഷ്യര്‍ എന്നെകൊണ്ട് എഴുതിക്കാനുള്ള ശ്രമം നടത്തികൊണ്ടിരുന്നു.

പക്ഷേ ഞാന്‍ ഇതിലൊന്നും വഴങ്ങുന്നില്ല, വഴങ്ങുന്നില്ലെന്ന് പറഞ്ഞാല്‍ എനിക്ക് പറ്റുന്നില്ല. അപ്പോഴേക്കും സാമ്പത്തിക പ്രശ്നങ്ങളും വന്നുതുടങ്ങി. കാരണം വലിയ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയ ആളായിരുന്നില്ല ഞാന്‍. അതുകൊണ്ട് തന്നെ സിനിമകള്‍ ചെയ്യേണ്ടത് ആവശ്യവുമാണ്. അരോമ മണിസാറിന്റെ പടം എഴുതാന്‍ തുടങ്ങി. വീട്ടില്‍ വെച്ചു തന്നെയാണ് എഴുതുന്നത്. വീട് വിട്ട് അങ്ങനെ പുറത്തുപോകാറില്ല. ഞാന്‍ എഴുതാന്‍ വേണ്ടി പണ്ട് ഒരു ഔ്ട്ട് ഹൗസ് ഒക്കെ പണിതിരുന്നു. അവിടെ അസിസ്റ്റന്റുമാരായ ഒന്ന് രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന്റെ മുകള്‍ നിലയിലെ ബെഡ്റൂമില്‍ ഒരു എഴുത്തുമുറിയുണ്ട്. അവിടെ നിന്ന് ഞാന്‍ പുറത്ത് ഇറങ്ങുന്നേയില്ല. ആരോമ മണിയുടെ പടം, ഏകദേശം ആറുമാസത്തോളം അവര്‍ കാത്തിരുന്നു. ഞാന്‍ ആകെ 14 സീനോ മറ്റോ ആണ് എഴുതിയത്. പതിനാല് സീനൊക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും ഞാന്‍ മലയാള അക്ഷരങ്ങളൊക്കെ മറന്നുപോയി. അതിനര്‍ത്ഥം ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഓര്‍ക്കുന്നു എന്നല്ല. എഴുത്ത് മറന്നുപോയി. എനിക്ക് എഴുതാന്‍ പറ്റുന്നില്ല.സീന്‍ നമ്പര്‍ 7 എന്ന് എഴുതുമ്പോള്‍ സ എന്ന അക്ഷരം മറന്നുപോയി. ഉടനെ ഞാന്‍ ഒരു അര പെഗ്ഗ് എടുത്ത് കഴിക്കും. അപ്പോള്‍ ഒരു മിനിട്ട് ഒരു നോര്‍മാലിറ്റി കിട്ടും. അങ്ങനെ 24 മണിക്കൂര്‍ മദ്യമില്ലെങ്കില്‍ ഞാന്‍ ഇല്ല എന്ന ഒരു അപ്നോര്‍മല്‍ അവസ്ഥയിലേക്ക് എത്തി. അങ്ങനെ എനിക്ക് തന്നെ ഭയമായി തുടങ്ങി. കിടന്നാല്‍ ഉറക്കമില്ല. മദ്യപിച്ചാലും മദ്യപിച്ചില്ലെങ്കിലും ഉറക്കമില്ല. എന്റെ ഈ ഒരു അവസ്ഥ എനിക്ക് മറ്റൊരാളെയും പറഞ്ഞ് ബോധ്യപ്പെടുത്താനും പറ്റുന്നില്ല. കാരണം മദ്യപാനം നിര്‍ത്താന്‍ പോയിട്ട് നിര്‍ത്തണമെന്ന് ആഗ്രഹിക്കാന്‍ പോലും പറ്റുന്നില്ല എന്നതാണ് എന്റെ പ്രശ്നമെന്ന് പറഞ്ഞാല്‍ ഒരാള്‍ക്ക് പോലും അത് ഉള്‍കൊള്ളാന്‍ പറ്റിയെന്ന് വരില്ല.

നിനക്ക് വെള്ളമടിക്കാതെ ഇരുന്നാല്‍, നീ വിചാരിച്ചാല്‍ ഒരു രണ്ടോ മൂന്നോ ന്യൂഡല്‍ഹി എഴുതിക്കൂടേ എന്നൊക്കെ ആള്‍ക്കാര്‍ ചോദിക്കുന്നുണ്ട്. അവരുടെ വ്യൂപോയിന്റില്‍ അത് ശരിയുമാണ്. ഒന്നോ രണ്ടോ അല്ല ഒരു ആയിരം ന്യൂഡല്‍ഹി എഴുതണമെന്ന് എനിക്കുണ്ട്. പക്ഷേ ന്യൂ എന്നെഴുതണമെങ്കില്‍ ന എങ്ങനെ എഴുതണമെന്ന് അറിഞ്ഞുകൂടാത്ത അവസ്ഥ. അക്ഷരം മാത്രമല്ല മറന്നുപോകുന്നത് ടോട്ടലി നമ്മള്‍ ബ്ലാങ്കാവുന്നൊരു അവസ്ഥയിലേക്കെത്തി. മമ്മിയുടെയും ഡാഡിയുടെയും മുമ്പില്‍ ഞാന്‍ മദ്യപിച്ചില്ലെങ്കില്‍ പോലും ദിവസങ്ങളോ മാസങ്ങളോ അപ്സ്റ്റെയറില്‍ നിന്ന് പുറത്തിറങ്ങാത്ത അവസ്ഥയില്‍ ഞാന്‍ കുഴപ്പത്തിലാണെന്ന് അവര്‍ക്ക് മനസിലായി. അവര്‍ക്ക് ഭയമായിത്തുടങ്ങി. വീട്ടുകാരും നാട്ടുകാരുമൊക്കെ ചെറിയ തോതില്‍ അറിഞ്ഞു തുടങ്ങി. എന്റെ അസിസ്റ്റന്റും ഡ്രൈവറുമൊക്കെ സ്ഥിരം രാവിലെയും വൈകിട്ടും ബ്രാണ്ടിക്കടയില്‍ നിന്നൊക്കെ വാങ്ങിക്കുന്നത് നാട്ടുകാരും കാണുന്നുണ്ട്.

പനച്ചിക്കല്‍ അച്ചനെപ്പോലുള്ള വലിയ ധ്യാനഗുരുക്കന്‍മാര്‍ വന്ന് ഒരുപാട് തവണ പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്തു. എന്നിട്ടും തിരിച്ചുവരാന്‍ പറ്റാതിരുന്ന ഒരു അവസരത്തില്‍ എനിക്ക് മനസിലായി ഞാന്‍ തീരുകയാണെന്ന് ...എന്റെ മരണം. ഇതിനിടയില്‍ എന്റെ മൂന്നാമത്തെ മകനും ഉണ്ടായി. അവന് ഒരു വയസ് ആയിട്ടില്ല. ഇനി എനിക്ക് അധിക ദിവസങ്ങളില്ലെന്ന് എനിക്ക് മനസിലായി. കുടിയ്ക്കാന്‍ പറ്റുന്നില്ല കുടിച്ചില്ലേല്‍ ജീവിക്കാന്‍ പറ്റുന്നില്ല. വലിക്കാന്‍ പറ്റുന്നില്ല, വലിച്ചില്ലേല്‍ ജീവിക്കാന്‍ പറ്റുന്നില്ല. കാണാവുന്ന ദൂരത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി നില്‍ക്കുന്നു. ഞാന്‍ ഒന്ന് മരിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് എനിക്ക് തോന്നി. സ്വഭാവികമായി ഞാന്‍ മരിക്കുമെന്നോ അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നോ സ്വയം തോന്നിത്തുടങ്ങിയ ഒരു ഘട്ടമെത്തി. ഇനി പത്തോ പതിനഞ്ചോ ദിവസം മാത്രമാണ് ആയുസുള്ളു എന്നൊരു മാനസികാവസ്ഥയിലേക്ക് ഞാന്‍ എത്തി. ധൈര്യക്കുറവുകൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതിരുന്നൊരു ആളാണ് ഞാന്‍. എഴുന്നേറ്റ് നിന്നാല്‍ വീഴുമെന്ന അവസ്ഥയിലായിരുന്നു. പതുക്കെ ഭിത്തിയില്‍ പിടിച്ചാണ് ഞാന്‍ ബാത്ത്റൂമില്‍ പൊയ്ക്കൊണ്ടിരുന്നത്. ബാത്ത് റൂമില്‍ പോയി വീഴാതെ നിന്നൊന്ന് കുളിയ്ക്കണമെങ്കില്‍ രണ്ട് പെഗ്ഗ് അടിയ്ക്കണം. രണ്ട് പെഗ്ഗ് കഴിച്ചാല്‍ അതിന്റെ കിക്ക് കഴിയുന്നത് വരെ എനിക്ക് അല്‍പം നടക്കാന്‍ പറ്റും.

ഈ സംഭവം നടക്കുമ്പോള്‍ ആറുമാസത്തോളമായി ഞാന്‍ വീടിന്റെ മുകള്‍ നിലയിലുള്ള എന്റെ ബെഡ്റൂമില്‍ നിന്ന് താഴെക്ക് ഇറങ്ങിയിട്ട്. ആരോമ മണിയും സിബിയും ജോഷിയും ഒക്കെ മുകളില്‍ എന്റെ മുറിയില്‍ വന്നാണ് കാണുന്നത്. ആളുകളൊക്കെ വെള്ളമടിച്ച് പണി ഉഴപ്പുന്നു എന്നാണ് മനസിലാക്കിയത്. അരോമ മണിയൊക്കെ അത്തരത്തില്‍ റിയാക്ട് ചെയ്യാന്‍ തുടങ്ങി. എന്നോട് നേരിട്ടല്ലെങ്കില്‍ പോലും മോശം റിയാക്ഷന്‍സ് വന്നു തുടങ്ങി അത് സ്വഭാവികമാണ്. ഒരു പടത്തിന്റെ പകുതിയോളം അഡ്വാന്‍സ് വാങ്ങിയിട്ട് ആറുമാസംകൊണ്ട് വെറും നാല് സീനെ എഴുതിയുള്ളു എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും ദേഷ്യം വരും.ഞാനായിരുന്നുവെങ്കില്‍ ഇതേ രീതിയില്‍ തന്നെ പ്രതികരിക്കൂ. ഏതാണ്ട് തീര്‍ന്നുപോയി എന്ന് തോന്നിയ ഒരു ദിവസം. എന്റെ ഒരു ബന്ധു എന്നെ കാണാന്‍ വന്നതാണ്. എന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠനാണ്. വക്കച്ചായന്‍ എന്നാണ് പേര്. അദ്ദേഹം മുറിയില്‍ വന്നപ്പോള്‍ ഞാന്‍ വെറുതേ അങ്ങോട്ട് ചോദിച്ചു. വക്കച്ചായന്‍ പോകുന്ന പ്രാര്‍ത്ഥനാ സ്ഥലത്ത് എന്നയൊന്നു കൊണ്ടുപോകാമോ എന്ന്. എന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊരു ചോദ്യം അദ്ദേഹം ഒഴിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ പുള്ളി പറഞ്ഞു. നേരത്തെ പോയ സ്ഥലത്തല്ല പോകുന്നത്. മറ്റൊരിടത്ത് ഒരു വീട്ടില്‍ കുറച്ച് പേര്‍ ചേര്‍ന്ന് പ്രാര്‍ത്ഥനാ ഗ്രൂപ്പ് നടത്തുകയാണെന്ന്. കോര ജേക്കപ്പ് എന്നൊരാളാണ് ബൈബിള്‍ ക്ലാസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ പ്രശ്നങ്ങളുള്ളവരാണ് അവിടെ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നെ ഒന്നു കൊണ്ടുപോകാമൊ എന്ന് ഞാന്‍ ചോദിച്ചു. കോര സാറില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വക്കച്ചായന്‍ എന്നെ കൂട്ടികൊണ്ടുപോയി. ആറുമാസത്തിനുശേഷം അസിസ്റ്റന്റും ഡ്രൈവറും ചേര്‍ന്ന് കൈപിടിച്ച് എന്നെ വീടിന്റെ സ്റ്റെപ്പ് ഇറക്കി. അപ്പോള്‍ ധൈര്യത്തിന് വേണ്ടി ഞാന്‍ അടിച്ചിരുന്നു. എന്റെ മമ്മിയൊക്കെ ദയനീയമായി നോക്കികൊണ്ടിരിക്കുകയാണ് കാരണം ഏക മകനാണ് ഈ അവസ്ഥയില്‍ നടന്നുപോകുന്നത്.

ഒരു കാറില്‍ കയറി കുടമാളൂരെത്തി. കുരിശും മറ്റും വച്ച് ചെറിയ റിച്ച്വല്‍സൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ പോകുന്നത്. പക്ഷേ സാധാരണ ഒരു വീടും ഒരു ഓഫീസ് മുറിയുമാണ് എന്നെ കാത്തിരുന്നത്. എന്നെക്കാള്‍ പ്രായം കുറഞ്ഞ വളരെ പ്രസന്നനും സുന്ദരനുമായ ചെറുപ്പക്കാരന്‍ അതായിരുന്നു കോര ജേക്കബ്. അയാള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. ചോദിക്കുന്നതിന് മുന്നെ തന്നെ ഞാന്‍ എന്റെ അവസ്ഥയും ജീവിത രീതിയുമൊക്കെ അദ്ദേഹത്തോട് പറഞ്ഞു. ഈ എഫ് ഐആര്‍ എങ്ങനെയെങ്കിലും എഴുതി തീര്‍ക്കണം അത് കഴിഞ്ഞ് എന്തായാലും വിരോധമില്ലെന്നും ഞാന്‍ പറഞ്ഞു. കാരണം എഴുതികൊടുക്കാനും നിവൃത്തിയില്ല,വാങ്ങിച്ച അഡ്വാന്‍സ് തിരിച്ചുകൊടുക്കാനും നിവൃത്തിയില്ല. ഈ വെള്ളമടിയും സിഗരറ്റ് വലിയും എങ്ങനെ എങ്കിലും നിര്‍ത്തി തരണം അതിന് എന്തെങ്കിലും ചെയ്യണം. ഞാന്‍ പറഞ്ഞെതെല്ലാം പുള്ളി ചെറു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. ആദ്യം പരിചയപ്പെട്ടത് മുതല്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞയാളാണെങ്കില്‍ പോലും ഞാന്‍ അദ്ദേഹത്തെ കോര സാര്‍ എന്നാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ പുള്ളിയെന്നോട് ചോദിച്ചു. ഈ എഫ്ഐആര്‍ ഉടനെ എഴുതണോ.. തത്ക്കാലം അതങ്ങ് വിട്ടേക്ക്.. എഴുതണ്ട എന്ന് പുള്ളി തീര്‍ത്ത് പറഞ്ഞു. പക്ഷേ എനിക്ക് കോണ്‍ഫിഡന്‍സുള്ള കഥയായിരുന്നു എഫ്ഐആര്‍. പടം ഓടുമെന്നും വിജയിക്കുമെന്നും വീണ്ടും ശക്തനായ റൈറ്ററായി മാറുമെന്നും വെള്ളമടി നില്‍ക്കുമെന്നും ഒക്കെയുള്ള കാല്‍പ്പനിക സങ്കല്‍പ്പത്തിലായിരുന്നു ഞാന്‍. ഞാന്‍ പറഞ്ഞു പറ്റില്ല എഴുതണം പണം മേടിച്ചു പോയി.. അപ്പോള്‍ പുള്ളി പറഞ്ഞു പണം ഞാന്‍ തരാം മടക്കി കൊടുത്തേക്കെന്ന്. അപ്പോഴും ഞാന്‍ പറഞ്ഞു എനിക്ക് എഴുതണം വെള്ളമടി നിര്‍ത്തണം ഞാന്‍ എന്താണ് ചെയ്യേണ്ടത്. അപ്പോള്‍ പുള്ളി പറഞ്ഞു. ഒന്നും ചെയ്യേണ്ട പൊയ്ക്കോളാന്‍. ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും വരാന്‍ പറഞ്ഞു. ബൈബിളിലെ ഒന്നു രണ്ട് കാര്യങ്ങള്‍ പറഞ്ഞ് തന്നിട്ട് പൊയ്ക്കോളാന്‍ പറഞ്ഞു. എനിക്ക് കടുത്ത നിരാശ തോന്നി. ഞാന്‍ വീണ്ടും പറഞ്ഞു, എനിക്ക് വെള്ളമടിയും സിഗരറ്റുവലിയും നിര്‍ത്തണം. അപ്പോള്‍ പുള്ളിപറഞ്ഞു അത് നിര്‍ത്താന്‍ വേണ്ടി നിങ്ങള്‍ സ്ട്രെയിന്‍ ചെയ്യുകയൊന്നു വേണ്ട. പോകാന്‍ നേരത്ത് ഒരു ധൈര്യത്തിനായി ഞാന്‍ ചോദിച്ചു. ഞാന്‍ എന്താ പ്രാര്‍ത്ഥിക്കേണ്ടത്. കുറെ കാലമായില്ലേ നിങ്ങള്‍ പ്രാര്‍ത്ഥനയും പൂജയും ഒക്കെ ചെയ്യുന്നു. കുറച്ച് ദിവസം പ്രാര്‍ത്ഥിക്കാതെ ഇരിക്കാന്‍ പറ്റുമോയെന്ന് പുള്ളി ദേഷ്യപ്പെട്ടു. എനിക്ക് വല്ലാത്ത നിരാശ തോന്നി. കാരണം പുള്ളി തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നിര്‍ത്താനുള്ള ശക്തി ലഭിക്കുമെന്നൊക്കെ ധരിച്ചാണ് ഞാന്‍ പോയത്. പുള്ളി കാര്യമായി ആശ്വസിപ്പിച്ചില്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ എനിക്ക് വലിയ ആശ്വാസം തോന്നി.

7 മണിയായപ്പോള്‍ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. ഏഴു മണി എന്ന് പറഞ്ഞാല്‍ അടുത്ത പെഗ്ഗ് കഴിച്ചിരിക്കണം. ഉടനെ ഞാന്‍ സിഗരറ്റ് എടുത്തു. രണ്ടു പുകയെടുത്ത് പിന്നെ ചുമയക്കാന്‍ തുടങ്ങി. അത് മാറ്റിവെച്ച് പെഗ്ഗ് എടുത്തു. കഴിച്ച് തുടങ്ങിയപ്പോഴേക്കും ചര്‍ദ്ദിക്കാന്‍ തുടങ്ങി ഞാന്‍ അങ്ങനെ ചര്‍ദ്ദിക്കുന്ന ആളല്ല. ഇത് സംഭവിക്കുന്നത് ഒരു ഡിസംബര്‍ 22 നാണ്. പിന്നീട് ആ പെഗ്ഗ് കഴിക്കാന്‍ പറ്റുന്നില്ല ആ സിഗരറ്റ് വലിക്കാനും. ഈ സംഭവം നടന്നിട്ട് ഇന്നേക്ക് 19 വര്‍ഷം കഴിഞ്ഞു. ഇന്നേ വരെ പിന്നീട് ഒരു തരത്തിലുള്ള മദ്യമോ സിഗരറ്റോ ഞാന്‍ ഉപയോഗിച്ചിട്ടില്ല. എനിക്ക് പറ്റുന്നില്ല എന്നതായിരുന്നു ആദ്യത്തെ അനുഭവം. പക്ഷേ രണ്ടാമത്തെ ദിവസം മുതല്‍ വലിക്കണം, കുടിയ്ക്കണം എന്നൊക്കെയുള്ള എന്റെ ആഗ്രഹമാണ് നഷ്ടപ്പെട്ടു പോയത്. എന്റെ ആഗ്രഹവും ഡിപ്പെന്റന്‍സിയും സ്വിച്ച് ഇട്ടപോലെ അവസാനിച്ചു. സാര്‍ നിരുത്സാഹപ്പെടുത്തിയിട്ടും പതുക്കെ ഞാന്‍ വാശിപിടിച്ച് ആ പടം എഴുതി തീര്‍ത്തു. പക്ഷേ പുറത്തിറങ്ങുന്നതിനെക്കുറിച്ച് അപ്പോഴും ആലോചിക്കാന്‍ വയ്യ. പക്ഷേ കോരസാര്‍ ധൈര്യം തന്നു അങ്ങനെ ഞാന്‍ തിരുവനന്തപുരത്ത് പോയി. ഒരു ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ആ പടം എഴുതി തീര്‍ത്തത്. ആ സിനിമ ഒരു ആവറേജ് പടമെന്ന നിലയില്‍ ഓടി. തിരികെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴും എനിക്ക് നടക്കാന്‍ പഴയതുപോലെ പറ്റുമായിരുന്നില്ല. ഇതിന്റെ ഇടയില്‍ ഏന്റെ മൂന്ന് കുട്ടികളും മൂന്ന് രീതിയില്‍ അസുഖബാധിതരായി. പതുക്കെ സഹായികളുടെ ആവശ്യമില്ലാതെ ഞാന്‍ നടക്കാന്‍ തുടങ്ങി, സ്വന്തമായിയാത്ര ചെയ്യാന്‍ തുടങ്ങി. കുട്ടികളും ആരോഗ്യം വീണ്ടെടുത്തു. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കോരസാറിനോടാണ്.''

കടപ്പാട്:സഫാരി ടെലിവിഷന്‍( ചരിത്രം എന്നിലൂടെ)

Content Highlights: Dennis Joseph Script writer about his addiction to cigarette and alcohol, survival, deaddiction

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented