വര- വി.ബാലു
ഡെന്നിസ് ജോസഫിന്റെ മരണപ്പിറ്റേന്ന് ഫേസ്ബുക്കില്‍ ഒരു യുവതിരക്കഥാകൃത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പ്രാസത്തിനുവേണ്ടിയുള്ള പ്രയാസപ്പെടലും വാക്കുകളെ മൂക്കുകയറിട്ട് ഒറ്റക്കുറ്റിയില്‍ തളയ്ക്കാനുള്ള വ്യായാമവും കണ്ട് അവസാനഭാഗത്തേക്ക് വരുമ്പോള്‍ ഇങ്ങനെ വായിക്കാം: 'ഒരിക്കലെന്തോ സംസാരിക്കുന്നതിനിടയില്‍ മമ്മൂക്ക എന്നോട് കാഷ്വലായി പറഞ്ഞു. തനിക്ക് ഡെന്നിസ് ജോസഫിന്റെ എന്തൊക്കയോ മാനറിസങ്ങളുണ്ട്. അതുകേട്ട് കയറിപ്പോയ ഏഴാംസ്വര്‍ഗത്തില്‍ നിന്ന് ഇന്നേവരെ ഇറങ്ങാത്ത ഒരുത്തനാണ് ഞാന്‍.'
ഞെട്ടലൊന്നും തോന്നിയില്ല. കാരണം പതിനാറായിരത്തി പതിനാറാമത്തെ തവണയാണെന്ന് തോന്നുന്നു യാതൊരു ഉളുപ്പുമില്ലാതെ ഇദ്ദേഹം ഇത് പറയുന്നത്. മണിയന്‍പിള്ള രാജുവിന്റെ താരതമ്യം സാക്ഷാല്‍ രഞ്ജിത്തിനോടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ മുമ്പ് നടത്തിയിട്ടുള്ളതുകൊണ്ട് ഇതിലും വലുത് ഇനി വരാനിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുകയേ നിവൃത്തിയുള്ളൂ. ജൈജാന്റിക് ഫിഗേഴ്സ് മാത്രമുള്ള ടോപ്ക്ലാസ്‌കളിയായതിനാല്‍ ശ്രേണീബലം വച്ചും മൂന്ന് പുസ്തകമെഴുതിയിട്ടുള്ളതുകൊണ്ടും ഇനി പിടിവീഴാനുള്ള സാധ്യത എം.ടി.വാസുദേവന്‍നായര്‍ക്കാണ്. കാത്തിരിക്കാം.
ഞാന്‍ എന്ന ഭാവം എന്തിനേയും കയറി ഭരിക്കുകയും ഭോഗിക്കുകയും ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് അങ്ങേയറ്റം അശ്ലീലമാകും. അക്ഷരലോകത്ത്, എഴുതിയവന് വിരേചനസുഖവും വായിക്കുന്നവന് ഓക്കാനവും ഉളവാക്കുന്ന സംഗതിയാണത്. ലക്ഷം പുസ്തകം വായിച്ചെന്ന് ഞെളിഞ്ഞാലും വകതിരിവ് വട്ടപ്പൂജ്യമെങ്കില്‍ പിന്നെ കഥയില്ല. സര്‍വ്വം നിശ്ശൂന്യം. വാക്കിങ് സ്റ്റിക്കിന് പകരം വിശ്വവിജ്ഞാനകോശം കൊണ്ടുനടക്കുന്നു എന്ന് വി.കെ.എന്‍.എഴുതിയത്(കഥ:സിനിമ)തന്നെക്കുറിച്ചാണെന്ന് ധരിച്ചുവശായ ഇത്തരക്കാരുടെ ആത്മരതിയുടെയും പ്രശംസയുടെയും പ്രഖ്യാപനങ്ങള്‍ യഥാര്‍ഥത്തില്‍ അപരന്റെ മുഖത്തേക്ക് തെറിക്കുന്ന സ്വയംപൊട്ടിയൊലിക്കലുകളാണ്.
കോട്ടയത്ത് ജനിച്ചത് കൊണ്ടുമാത്രം ഡെന്നിസ് ജോസഫ് ആകില്ല. വരിക്കാശ്ശേരിമന കണ്ടിട്ടുള്ളതുകൊണ്ട് രഞ്ജിത്തുമാകില്ല. അവര്‍ അവര്‍തന്നെയാണ്. ചുരുങ്ങിയപക്ഷം അവരുടെ ആരാധകര്‍ക്കെങ്കിലും. ഉണ്ണുനൂലി സന്ദേശം ഉദ്ധരിച്ചതുകൊണ്ട് ഉണ്ണിമേരിയേക്കാള്‍ സുന്ദരിയായ ഭാഷയാണ് തന്റേത് ഊറ്റം കൊള്ളുന്നതിനും ഈ സാമാന്യനിയമം ബാധകമാണ്.
മറ്റൊരാളുടെ കഥയ്ക്ക് സംഭാഷണമെഴുതിയോ തിരക്കഥയെ ലോഡ്ജ്മുറിയിലെ കട്ടിലുപോലെ പങ്കിട്ടെടുക്കുകയോ ചെയ്തോ അല്ല ഡെന്നിസ് ജോസഫ് അടയാളപ്പെട്ടത്. അദ്ദേഹത്തെപ്പോലെയിരിക്കുന്നു,സംസാരിക്കുന്നു എന്ന് പൊന്നുതമ്പുരാന്‍പറഞ്ഞാല്‍പ്പോലും സ്വയം ഒന്ന് ആലോചിക്കണം; ഞാന്‍ ഒറ്റയ്ക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ എത്രസിനിമകളുണ്ടെന്ന്! ഈ പൊങ്ങിച്ചാടല്‍ കാണുന്നവര്‍ക്ക് ഓര്‍ക്കാനായി പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ എഴുതിവച്ചിട്ടുണ്ട്:'കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിന് കുന്നിന് മീതേ പറക്കാന്‍ മോഹം...'
ചെറിയപെരുന്നാള്‍ക്കാലമായതിനാല്‍ ഖുര്‍ ആനിലെ സൂറ:അല്‍ ഇസ്രയിലെ വാചകങ്ങള്‍ കൂടി ഓര്‍മയില്‍ വയ്ക്കാവുന്നതാണ്. 'നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്...തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല... ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല....തീര്‍ച്ച..'പബ്ലിസിറ്റി നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും രണ്ടും ഓരോ പ്ലേറ്റ് പോരട്ടേയെന്ന് കണക്കാക്കുന്ന ജനുസിലുള്ളവര്‍ക്ക് കൂടുതല്‍ വിസിബിലിറ്റി കിട്ടാനേ ഇത്തരം വിലയിരുത്തലുകള്‍ ഉപകരിക്കൂ എന്നറിഞ്ഞുതന്നെയാണ്

ഇത്രയും എഴുതിയത്. പറയാനുദ്ദേശിക്കുന്ന വിഷയത്തിന്റെ ആമുഖമായി മാത്രം കണ്ടാല്‍ മതി. അത് ഡെന്നിസ് ജോസഫിനോട് ചെയ്യേണ്ട ഒരു കടമയെക്കുറിച്ചാണ്.
തിരക്കുള്ള തിരക്കഥാകൃത്തായിരുന്ന കാലത്ത് പോലും ലഭിക്കാത്ത സ്വീകാര്യതയാണ് ഡെന്നിസിന് ഇപ്പോള്‍ ലഭിക്കുന്നത്. അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം ഏറ്റവും ജ്വലിച്ചുനിന്ന എണ്‍പതുകളില്‍ ബാല്യവും കൗമാരവും പിന്നിട്ടവരോ അന്ന് ജനിച്ചിട്ടുപോലുമില്ലാത്തവരോ ആണ് ആരാധകരില്‍ അധികവും. അതിനുള്ള പ്രധാനകാരണം സഫാരി ടി.വിയിലെ 'ചരിത്രം എന്നിലൂടെ'എന്ന പരിപാടിയാണ്. 'കോട്ടയത്തിനടുത്ത് ഏറ്റുമാനൂരിലാണ് എന്റെ വീട്' എന്ന ഏറ്റവും ലളിതമായ വാചകത്തില്‍ തുടങ്ങി, 'താങ്ക് യൂ..'എന്ന ഒറ്റവാക്കില്‍ അങ്ങേയറ്റം ലളിതമായി അവസാനിക്കുന്ന 31 എപ്പിസോഡുകളുള്ള ആത്മഭാഷണം ഡെന്നിസ് ജോസഫിന്റെ പുനര്‍ജനനത്തിനാണ് വഴിയൊരുക്കിയത്. യൂട്യൂബിന് സ്തുതി.
മാതൃഭൂമി ബുക്സ് 'നിറക്കൂട്ടുകളില്ലാതെ'എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ഡെന്നിസ് പിന്നെയും പിന്നെയും ആഘോഷിക്കപ്പെട്ടു. റീച്ച് ഇരട്ടിയായി. ഡെന്നിസ് ജോസഫ് അങ്ങനെയൊരു ഒബ്സഷനായി. ആക്സ്മികവിയോഗം കൂടി സംഭവിച്ചപ്പോള്‍ ആ മനുഷ്യന്‍ അസ്ഥിയിലേക്കും ആത്മാവിലേക്കും കൂടുതലൊട്ടി. അതുകൊണ്ടുതന്നെ ഇനി സംഭവിക്കാന്‍ പോകുന്ന ഒന്നിനെക്കുറിച്ച് ആകുലപ്പെടേണ്ടിയിരിക്കുന്നു.
ഡെന്നിസിനെയോര്‍ത്ത് കരഞ്ഞും കരയാതെയും കലങ്ങിയ കണ്ണുകളിലെ വെള്ളത്തില്‍ പണത്തിന്റെ പരല്‍മീന്‍കണ്ണികളെ തിരഞ്ഞുകൊണ്ട് സിനിമയിലുള്ള ചിലരെങ്കിലും ഇറങ്ങിയേക്കാം. ഡെന്നിസിന്റെ ചരിത്രം എന്നിലൂടെ തുടരട്ടെ എന്ന് കരുതുന്ന അല്പബുദ്ധികള്‍. അക്കൂട്ടത്തില്‍ ജീവിച്ചിരിക്കെ അദ്ദേഹത്തെ മറന്നുകളഞ്ഞ ന്യൂജനറേഷനും ഇന്നലത്തെ മഴയില്‍ കുരുത്ത സ്വയം പ്രഖ്യാപിത ഫാന്‍ബോയികളുമുണ്ടായേക്കാം. ഡെന്നിസ് ഒന്നാന്തരം കച്ചവടച്ചരക്കാണ് എന്ന് മറ്റാരേക്കാള്‍ അവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ടാകണം. അങ്ങനെവരുമ്പോള്‍ 'രാജാവിന്റെ മകന്റെ'യും 'ന്യൂഡല്‍ഹിയു'ടേയുമൊക്കെ രണ്ടാംഭാഗം വരുന്നു എന്ന പ്രഖ്യാപനം ഉടന്‍തന്നെ കേള്‍ക്കേണ്ടിവരും പ്രേക്ഷകന്.
പ്രിയപ്പെട്ട മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമാണ്. നിങ്ങളില്ലാതെ ഡെന്നിസിന്റെ ഹിറ്റുകള്‍ക്ക് തുടര്‍ഭാഗം സാധ്യതയില്ല. അതും പറഞ്ഞ് വരുന്നവരെ പടിയ്ക്കകത്ത് കയറ്റരുത്. അതാകും ഡെന്നിസ് എന്ന നിങ്ങളുടെ ആത്മസുഹൃത്തിന് നല്കാവുന്ന ഏറ്റവും വലിയ ആദരം. സാഗര്‍ ഏലിയാസ് ജാക്കിയെക്കുറിച്ച് മാത്രം മോഹന്‍ലാലിന് ഓര്‍ക്കാം. അതില്‍ പ്രണവ് മോഹന്‍ലാല്‍ ഒരു നിമിഷം മാത്രമേയുള്ളൂ. തന്നെക്കടന്ന് പോകുന്ന മോഹന്‍ലാലിന്റെ മുഖത്തേക്ക് പ്രണവിന്റെ ഒരു നോട്ടമുണ്ട്. 'അച്ഛന് ഇങ്ങനെ സ്ലോമോഷനില്‍ നടക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ'എന്ന നിശബ്ദമായ ചോദ്യമാണതില്‍. അത് 'ഇരുപതാംനൂറ്റാണ്ട്' കണ്ട എല്ലാവരുടെയും ഉള്ളിലുയര്‍ന്ന ചോദ്യമാണ്.
മറ്റൊരു അപകടസാധ്യത ബോബി-സഞ്ജയ്മാര്‍ക്കാണ്. അവരുടെ അടുത്ത ബന്ധുവാണ് ഡെന്നിസ്. ആ വഴിയാകുമ്പോള്‍ രണ്ടുണ്ട് ഗുണം. അലമ്പാകില്ല, അനുമതിയും എളുപ്പം. രണ്ടുപേരോടുമായിട്ടാണ്: 'അമ്മാച്ചനെ നമുക്ക് ഒന്ന് ആഘോഷിക്കേണ്ടേ അളിയാ' എന്ന ചോദ്യവുമായി നിങ്ങളുടെ അടുത്തും പലരും എത്താം. 'നിങ്ങളെഴുത്,നമുക്ക് പൊളിക്കാം'എന്ന വാക്കിനുപിന്നിലെ ആര്‍ത്തിപൂണ്ട നാക്കിനെ തിരിച്ചറിയാനുള്ള ജീവിതാനുഭവം ഇത്രയും നാള്‍കൊണ്ട് സമ്പാദിച്ച് കാണുമെന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ സ്വന്തം പേനകളില്‍ എഴുതൂ. ഡെന്നിസ് താഴെവച്ചുപോയ പേന അദ്ദേഹത്തിന്റെ മേശപ്പുറത്ത് തന്നെയിരുന്നോട്ടെ..
ഡെന്നിസിനെ സ്നേഹിക്കുന്നവരോട്: നിങ്ങള്‍ സിനിമാപ്രവര്‍ത്തകനാണെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ റി-റീലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുക.(സ്ഫടികത്തിന്റെ കാര്യം അനുഭവമായുണ്ട്. പുതിയ സിനിമകള്‍ക്ക് തന്നെ തീയറ്റര്‍ കിട്ടാത്ത വെളിച്ചംകെട്ടകാലവും സത്യം തന്നെ. എങ്കിലും ആശിക്കാമല്ലോ) അത് നടക്കുന്നില്ലെങ്കില്‍ യൂട്യൂബിലോ വീട്ടിലോ ഇരുന്ന് കണ്ട് കയ്യടിക്കുക. തിരക്കഥയുടെയും സംവിധാനത്തിന്റെയും രസക്കൂട്ടുകള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുക. പ്രേക്ഷകനാണെങ്കില്‍ ഡെന്നിസ് ജോസഫിന്റെ സിനിമയ്ക്ക് രണ്ടാംഭാഗം എന്ന് കേള്‍ക്കുമ്പോഴേ കൂവാന്‍ തയ്യാറെടുക്കുക.
ഏറ്റവും ഒടുവിലായി എന്നാല്‍ പ്രധാനമായി ഡെന്നിസ് ജോസഫിന്റെ കുടുംബത്തോട്: നിങ്ങളുടെ അപ്പന്‍ എനിക്ക് ഏറ്റുമാനൂരപ്പന്‍ ആയിരുന്നു എന്നുവരെ പറഞ്ഞു കരഞ്ഞുകൊണ്ട് വരുന്നവരെ സൂക്ഷിക്കുക. അവരോട് പറയാനായി നിങ്ങളുടെ അപ്പച്ചന്‍ ഒരു മനോഹരമായ പദം പറഞ്ഞിട്ടാണ് പോയത്...:' താങ്ക് യൂ...'
Content Highlights: Dennis Joseph movies and new generation script writers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..