മമ്മൂട്ടി വിസമ്മതിച്ചപ്പോൾ മോഹൻലാലിനെ സമീപിച്ചു; കഥപോലും കേൾക്കാതെ ലാൽ സമ്മതം മൂളി


ഡെന്നീസ്‌ ജോസഫ്‌ / പി. പ്രജിത്ത് | prajithp@mpp.co.in

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ അണിയറവിശേഷങ്ങൾ പങ്കുവെക്കുകയാണ് ഡെന്നീസ് ജോസഫ്

മമ്മൂട്ടി (ന്യൂഡൽഹി) , മോഹൻലാൽ സുരേഷ് ​ഗോപിക്കൊപ്പം (രാജാവിന്റെ മകനിൽ നിന്നും) | Photo: Mathrubhumi Archives

ഡെന്നീസ് ജോസഫ് ഓർമകളിലേക്കിറങ്ങുമ്പോൾ നല്ല കേൾവിക്കാരനാകുകയെന്നതു മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. ആദ്യ ഹിറ്റ് നിറക്കൂട്ട്, മമ്മൂട്ടിക്ക് രണ്ടാംവരവ് സമ്മാനിച്ച് ന്യൂഡൽഹി, മോഹൻലാലിനെ താരപദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ. രാജൻ പി. ദേവ് എന്ന നടനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇന്ദ്രജാലം, സെൻസർബോർഡിനോട് കലഹിച്ചെത്തിയ ഭൂമിയിലെ രാജാക്കൻമാർ, രണ്ടാംഭാഗത്തിന് വെമ്പിനിൽക്കുന്ന കോട്ടയം കുഞ്ഞച്ചൻ, മൾട്ടിസ്റ്റാർ സിനിമകളായ നമ്പർ 20 മദ്രാസ് മെയിലും മനു അങ്കിളും. കണ്ണീരിന്റെ നനവോടെമാത്രം ഓർക്കാവുന്ന ആകാശദൂത്... ഡെന്നീസിന്റെ തൂലികയിൽനിന്നും ഉതിർന്നുവീണ ജനപ്രിയസിനിമകളുടെ പട്ടിക ഇങ്ങനെ നീളും

? ഡെന്നീസ് ജോസഫിന്റെ ആദ്യ ഹിറ്റ് ചിത്രം നിറക്കൂട്ടിന്റെ ഓർമകൾ പറഞ്ഞുതുടങ്ങാം...

തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽപ്പോയാണ് ജോഷിയോട് നിറക്കൂട്ടിന്റെ കഥപറയുന്നത്. ആദ്യ എഴുത്തിൽ പേരെടുക്കാത്ത രചയിതാവായതുകൊണ്ട് ജോഷിയിൽനിന്ന്‌ വലിയ മതിപ്പൊന്നും കിട്ടിയില്ല. കഥപറയാൻ സെറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. പെട്ടെന്ന് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ജോഷി മുന്നിലിരിക്കുന്നതെന്ന് എനിക്കുതോന്നി. കാരണം ലൈറ്റ് അപ്പ് ചെയ്ത സെറ്റിൽനിന്ന് അരമണിക്കൂർ എന്നു പറഞ്ഞാണ് ജോഷി എന്റെ അടുത്തേക്കുവന്നത്. അരമണിക്കൂർകൊണ്ട് ഒരു ഫുൾ സ്‌ക്രിപ്റ്റ് വായിച്ചുകേൾക്കുക എന്നു പറയുന്നത് നടപ്പുള്ള കാര്യമല്ലായിരുന്നു. തിരക്കഥ നൽകി. ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്പോൾ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി.

ഉച്ചവരെ ഷൂട്ടില്ലെന്ന് ജോഷി പ്രഖ്യാപിച്ചു. മുഴുവൻ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞത് ഇന്നും എനിക്കോർമയുണ്ട്: ‘‘മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്ക് ചെയ്യാൻകിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു.’’ അതാണ് നിറക്കൂട്ട്. സിനിമ മലയാളത്തിൽ സൂപ്പർ ഹിറ്റായി എന്നു മാത്രമല്ല, തമിഴിലും തെലുഗിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തു.

? മോഹൻലാലിനെ സൂപ്പർ താരപദവിയിലേക്കുയർത്തിയ രചനയെക്കുറിച്ച്

Dennis Joseph Interview Rajavinte Makan Nirakoottu Mammootty Mohanlal
ഡെന്നീസ് ജോസഫ്

ജോഷിയും തമ്പി കണ്ണന്താനവും എടാ പോടാ വിളിക്കുന്ന സുഹൃത്തുക്കളാണ്. അങ്ങനെയാണ് തമ്പിയെ പരിചയപ്പെടുന്നത്. ഒരുദിവസം തമ്പി നേരെ എന്റെ മുറിയിലേക്കുവന്നു. സിനിമയ്ക്കുപറ്റിയ കഥയായിരുന്നു ആവശ്യം, മുൻചിത്രങ്ങളുടെ പരാജയത്തിൽനിന്ന് കരകയറാൻ തമ്പിക്കൊരു ഹിറ്റ് കൂടിയേ മതിയാകൂ. ഞങ്ങൾ പലകഥകളും ആലോചിച്ചു. നായകൻതന്നെ വില്ലനാകുന്ന ഒരു പ്രമേയം സിനിമയാക്കാൻ തീരുമാനമായി. സാധാരണരീതിയിൽ ഒരുവിധം നിർമാതാക്കളൊന്നും അംഗീകരിക്കാൻ സാധ്യതയില്ലായിരുന്നു. പക്ഷേ, തമ്പിക്ക് ആ കഥാസാരം ഇഷ്ടമായി.

മമ്മൂട്ടിയെയായിരുന്നു തമ്പി മനസ്സിൽ കണ്ടിരുന്നത്. പക്ഷേ, മമ്മൂട്ടി സമ്മതിക്കാത്തതിനെത്തുടർന്ന് മോഹൻലാലിനെ നായകനാക്കാൻ തീരുമാനിച്ചു. കഥപോലും കേൾക്കാതെതന്നെ ലാൽ സമ്മതം മൂളി. അതാണ് രാജാവിന്റെ മകൻ. അഞ്ചോ ആറോ ദിവസംകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി എന്റെ മുറിയിൽ വരും. ഞാൻ എഴുതിവെച്ചിരിക്കുന്നത് എടുത്തു വായിക്കും. വായിക്കുക മാത്രമല്ല, വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്‌റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുന്നതുമെല്ലാം ഓർമയിലുണ്ട്. സാമ്പത്തികപ്രയാസങ്ങൾ ഉള്ളതിനാൽ ചെലവുകുറച്ചാണ് രാജാവിന്റെ മകൻ ചിത്രീകരിച്ചത്. തമ്പിയുടെ കാറുവിറ്റും റബ്ബർത്തോട്ടം പണയംവെച്ചുമെല്ലാമാണ് ചിത്രം പൂർത്തിയാക്കിയത്

? പത്രം മുൻനിർത്തിയുള്ള പ്രതികാരകഥയാണ് ന്യൂഡൽഹി. മമ്മൂട്ടിയുടെ രണ്ടാംവരവിന് വഴിയൊരുക്കിയ ചിത്രം. ന്യൂഡൽഹിയെക്കുറിച്ചോർക്കുമ്പോൾ

തല്ലിയവനെ തിരിച്ചുതല്ലുന്ന പ്രതികാരമാണ് ന്യൂഡൽഹിയുടെ പ്രമേയം. പക്ഷേ, അതിന് ഞങ്ങളൊരു പുതിയ കഥാപശ്ചാത്തലം കൊണ്ടുവന്നു. അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരൻ ശ്രമിച്ച കഥ ഞാൻ കേട്ടിരുന്നു. തനിക്കായിമാത്രം ഒരു വാർത്ത സൃഷ്ടിക്കാൻവേണ്ടി സ്വന്തം ഭ്രാന്തൻബുദ്ധിയിൽ പ്രസിഡന്റിനെ കൊല്ലാൻവേണ്ടി ക്വട്ടേഷൻ കൊടുക്കുകയാണ്. കൊലപാതകത്തിന്റെ സ്ഥലവും സമയവുംവരെ നിശ്ചയിച്ചുറപ്പിച്ചശേഷം തലേദിവസംതന്നെ അടിച്ചുവെച്ചു. പക്ഷേ, കൊലപാതകം നടന്നില്ല. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം പത്രം പുറത്തിറങ്ങി. അയാൾ പിടിക്കപ്പെട്ടു. സ്വന്തം മീഡിയ ശ്രദ്ധിക്കാൻവേണ്ടി, വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥ... അതിൽനിന്നാണ് ന്യൂഡൽഹി ജനിക്കുന്നത്. കേരളത്തിൽ നടക്കുന്നതുപോലെ കഥപറഞ്ഞിരുന്നെങ്കിൽ അത് വിശ്വസിക്കാതെപോയേനെ. മാതൃഭൂമിയുടെയോ മനോരമയുടെയോ പത്രാധിപർ ഇങ്ങനെ ചെയ്യുമോ എന്ന് സംശയിച്ച് കഥ തള്ളിക്കളയുമായിരുന്നു. പശ്ചാത്തലം ഡൽഹിയായപ്പോൾ അവിശ്വസനീയകഥയ്ക്ക് വിശ്വസനീയത കൈവന്നു. ന്യൂഡൽഹിക്ക് ഒത്തൊരു ക്ലൈമാക്‌സ് കിട്ടിയില്ല. പലതരത്തിലും ആലോചിച്ച് പലതും എഴുതി. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ അന്നത്തെ പത്രത്തിന്റെ മുൻപേജിൽ ഒരു ബോക്‌സ് ന്യൂസ് കണ്ണിലുടക്കിയത്. ഒരു പ്രിന്ററുടെ കൈപ്പത്തി അറ്റുപോയി. അയാൾ പ്രസ്സിൽ പ്രിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നടന്ന അപകടം. ചതഞ്ഞരഞ്ഞ് കൈയിലെ രക്തംകൊണ്ട് ബുക്‌ലെറ്റിന്റെ ആ രണ്ടുപേജ് അടിച്ചുവന്നു. അതായിരുന്നു ആ വാർത്ത. അതുതന്നെ ഞാൻ ക്ലൈമാക്‌സാക്കി.

? ന്യൂഡൽഹിയുടെ റൈറ്ററെത്തേടി രജനീകാന്തും മണിരത്നവുമെല്ലാം വന്നതായി കേട്ടിട്ടുണ്ട്

ന്യൂഡൽഹി മദിരാശിയിൽ തകർത്തോടുന്ന സമയം. സഫയർ തിയേറ്ററിൽ നൂറുദിവസം ചിത്രം റഗുലർ ഷോ കളിക്കുന്നു. മറ്റൊരു തിരക്കഥയുമായി മദിരാശിയിൽ താമസിക്കുമ്പോൾ റിസപ്ഷനിൽനിന്നൊരു കോൾ, താഴെ ഒരു വി.ഐ.പി. കാണാൻ വന്നിട്ടുണ്ടെന്ന്. ആരോ തമാശകാണിക്കുകയാണെന്നേ കരുതിയുള്ളൂ. വി.ഐ.പി. മുകളിലേക്ക് വന്നോട്ടെയെന്നായിരുന്നു എന്റെ മറുപടി. വാതിൽ തുറന്നപ്പോൾ ഞെട്ടിപ്പോയി. എനിക്കുമുന്നിൽ രജനീകാന്ത്. അദ്ദേഹം എന്നെ കാണാൻ വന്നിരിക്കുകയാണ്. അദ്ദേഹംതന്നെ എന്റെ പേരുവിളിച്ച് ഹസ്തദാനം ചെയ്തു. രജനീകാന്ത് വന്നത് ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശത്തിനാണ്. ഹിന്ദിയിൽ അദ്ദേഹത്തിന് ഹീറോ ആയിട്ട് അഭിനയിക്കണം. പക്ഷേ, അപ്പോഴേക്കും ന്യൂഡൽഹിയുടെ കന്നഡ, തെലുഗ്, ഹിന്ദി പതിപ്പുകളുടെ അവകാശം ഞങ്ങൾ കൊടുത്തുകഴിഞ്ഞിരുന്നു. രജനീകാന്തിനോട് നല്ലവാക്ക് പറഞ്ഞ് പിരിയേണ്ടിവന്നു.

ഹോട്ടൽമുറിയിൽവെച്ചുതന്നെയാണ് മണിരത്നവുമായും സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ നായകൻ, അഗ്നിനക്ഷത്രം എന്നീ ചിത്രങ്ങൾ വലിയ ഹിറ്റായി മാറിയിരിക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. അടുത്തതായി ചെയ്യാൻപോകുന്ന അഞ്ജലിയെന്ന സിനിമയുടെ തിരക്കഥയെഴുത്ത് ഏൽപ്പിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം. എന്നെ തേടിവരാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വാണിജ്യസിനിമകളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഷോലെയുടേതാണ്. അതുകഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ട ഒരു സ്‌ക്രീൻപ്ലേ ന്യൂഡൽഹിയാണ്, അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ ഏറെ ആഹ്ലാദം നൽകിയെങ്കിലും തിരക്കഥാരചനയിൽ ഒന്നിച്ചുപ്രവർത്തിക്കാൻ സമയം അനുവദിച്ചില്ല.

? രാജൻ പി. ദേവും എൻ.എഫ്. വർഗീസും പ്രേക്ഷകമനസ്സിൽ ഇടംനേടുന്നത് ഡെന്നീസ് ജോസഫിന്റെ കഥാപാത്രങ്ങളായാണ്.

രാജൻ പി. ദേവും എൻ.എഫ്. വർഗീസും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന രണ്ടുമുഖങ്ങളാണ്. തമ്പി കണ്ണന്താനത്തിനുവേണ്ടി എഴുതിയ മോഹൻലാൽ ചിത്രം. ഒരുപാട് മാനറിസങ്ങളോടുകൂടിയ വില്ലനെയായിരുന്നു ആവശ്യം. ബോംബെയിലെ അധോലോകനായകനായ ഒരു പാലാക്കാരൻ കാർലോസ്. തിലകനെക്കൊണ്ട് ചെയ്യിക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും അതൊരു ടിപ്പിക്കൽ തിലകൻവേഷമാകുമോ എന്നു സംശയിച്ച് പുതിയൊരാളെ തേടുകയായിരുന്നു. രാജൻ പി. ദേവ് എന്ന നാടകനടനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞെങ്കിലും അദ്ദേഹം അഭിനയിച്ച നാടകങ്ങളൊന്നുംതന്നെ ഞങ്ങൾ കണ്ടിരുന്നില്ല. വാഹനാപകടത്തിൽപ്പെട്ട് കാലിന് പരിക്കേറ്റ് നാടകം കളിക്കാനാകാതെ വിഷമിച്ചിരുന്ന അവസരത്തിലാണ് രാജനെത്തേടി ഞങ്ങളുടെ വിളിയെത്തുന്നത്. മുടന്തൻകാലുമായാണ് വന്നത്. മുടന്ത് മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങൾക്കുവേണ്ടത് അത്തരത്തിലൊരു നടത്തമുള്ള ആളെത്തന്നെയായിരുന്നു.

മദ്രാസിലെ ഹോട്ടലിൽവെച്ച് ആദ്യമായി വേഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ യാദൃച്ഛികമായി സംവിധായകൻ ഹരിഹരൻ അവിടേക്ക് കയറിവന്നു. അദ്ദേഹത്തിന്റെ ഒളിയമ്പുകൾ എന്ന ചിത്രം ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജാലത്തിലെ വില്ലനാകാൻപോകുന്ന രാജൻ പി. ദേവിനെ ഹരിഹരന് പരിചയപ്പെടുത്തി. ഉടനെ അദ്ദേഹം പറഞ്ഞത് എന്നാൽ, ഒളിയമ്പുകളിലും നല്ലൊരു വേഷം കൊടുത്തേക്ക് എന്നാണ്. ആദ്യമായി സിനിമയിലേക്ക് പ്രവേശിക്കുന്ന രാജൻ അങ്ങനെ ഒരേസമയം മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയുടെ ഭാഗമായി.

ആകാശദൂതിലെ പാൽക്കാരനായ വില്ലൻ കൊച്ചുമുതലാളിയായി ആദ്യം കണ്ടത് താഴ്‌വാരം സിനിമയിലെ പ്രതിനായകൻ സലിം ഗൗസിനെയായിരുന്നു. പറഞ്ഞുറപ്പിച്ചെങ്കിലും സിനിമതുടങ്ങുന്നതിനോടടുത്തപ്പോൾ സലിം ഗൗസിന് അസൗകര്യമായി. വ്യത്യസ്തനായൊരു വില്ലനെ തേടുന്നതിനിടയിലാണ് എൻ.എഫ്. വർഗീസിന്റെ പേര് ഉയർന്നുവരുന്നത്. കലാഭവനിലും മിമിക്രി ഗ്രൂപ്പുകളിലുമെല്ലാം സജീവമായിരുന്ന വർഗീസിന്റെ ശബ്ദം അന്നേ ശ്രദ്ധയിൽപ്പെട്ടിരുന്നു. വേഷം നൽകിയ വിവരമറിഞ്ഞപ്പോൾ സന്തോഷം നേരിട്ടറിയിക്കാൻ അന്നുരാത്രിതന്നെ വർഗീസ് പനമ്പള്ളിനഗറിലെ എന്റെ വീട്ടിലേക്കെത്തി. കഥാപാത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ അയാൾ തരിത്തിരുന്നുപോയി. കാരണം എൻ.എഫ്. വർഗീസിന് പൊടിക്കുപോലും ഡ്രൈവിങ് അറിയില്ലായിരുന്നു.

വാഹനമോടിക്കാൻ അറിയാത്തൊരാൾക്ക് കഥാപാത്രത്തെ അവതരിപ്പിക്കാനാകില്ല. വർഗീസ് വല്ലാതായി. തത്‌കാലം ഇക്കാര്യം ആരോടും പറയരുതെന്നും ചിത്രീകരണം തുടങ്ങാൻ ഒരാഴ്ച സമയമുണ്ടല്ലോ അതിനുള്ളിൽ ശരിയാക്കാമെന്നും പറഞ്ഞ് ഇറങ്ങിപ്പോയി. നാലോ അഞ്ചോ ദിവസത്തിനുശേഷം വർഗീസ് വീണ്ടും വന്നു, സ്വന്തമായി ഫോർവീലർ ഓടിച്ചായിരുന്നു ആ വരവ്. ലഭിച്ചവേഷം നഷ്ടപ്പെടാതിരിക്കാൻ അന്നുരാത്രിതന്നെ അയാൾ ഏതോ ഡ്രൈവിങ് സ്‌കൂളിൽ ചേരുകയായിരുന്നു.

Content Highlights: Dennis Joseph sctipt writer Interview, New Delhi, Rajavinte Makan, Nirakoottu, Mammootty, Mohanlal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented