പച്ചപ്പിന്റെ വന്യമായ സൗന്ദര്യക്കാഴ്ചകൾ; ഡെലിവറൻസിന്റെ അമ്പതുവർഷം


പി.ജെ. ജോസ്

സാമ്പത്തികമായി വന്‍ വിജയം നേടിയ ഡെലിവറന്‍സ് മികച്ച ചിത്രം, മികച്ച ഡയറക്ടര്‍ , മികച്ച ഫിലിം എഡിറ്റിങ് എന്നീ വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം നേടുകയുമുണ്ടായി. സിനിമാ ചരിത്രത്തില്‍ തിളങ്ങുന്ന സ്ഥാനമാണ് ഡെലിവറന്‍സിനുള്ളത്.

ഡെലിവറൻസ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.imdb.com/title/tt1110043/

ലോകസിനിമാ ചരിത്രത്തില്‍ എല്ലാ അർത്ഥത്തിലും ഒരു നാഴികക്കല്ലാണ് 1972-ല്‍ പുറത്തിറങ്ങിയ 'ഡെലിവറന്‍സ്'. ആദ്യ എക്കോളജിക്കല്‍ ത്രില്ലര്‍, എക്കാലത്തെയും മികച്ച അഞ്ചാമത്തെ ആക്ഷന്‍ ആന്‍ഡ് വാര്‍ ഫിലിം, പ്രകൃതിയുടെ പച്ചപ്പ് ഏറ്റവും ഭംഗിയായി ഒപ്പിയെടുത്ത ആദ്യ സിനിമ തുടങ്ങിയ വിശേഷണങ്ങള്‍ ജോണ്‍ ബൂര്‍മന്‍ സംവിധാനം ചെയ്ത ഈ അമേരിക്കന്‍ സിനിമയ്ക്കുണ്ട്. ജൂലൈ 30-ന് ഡെലിവറൻസ് അതിന്റെ 50 വർഷം ആഘോഷിക്കുകയാണ്.

ജയിംസ് ഡിക്കിയുടെ ഇതേപേരിലുള്ള നോവലിന് അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വില്‍മസ് സിഗ്മണ്ടിന്റെ ഛായാഗ്രഹണവും എറിക് വീസ്ബര്‍ഗിന്റെ സംഗീതവും കൂടിയായപ്പോള്‍ എക്കാലത്തെയും മികച്ച ഒരു ചിത്രം പിറക്കുകയായിരുന്നു.

അറ്റ്‌ലാന്റയില്‍ ഒരു ജലവൈദ്യുത പദ്ധതി നടപ്പിലാക്കുമ്പോള്‍ ഒരു നദി ഇല്ലാതാകും. അതിന് മുമ്പ് ആ നദിയിലൂടെ രണ്ടു ചെറുവള്ളങ്ങളില്‍ പര്യടനം നടത്താന്‍ ശ്രമിക്കുന്ന നാലംഗ സംഘത്തിന്റെ കഥയും അവര്‍ക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമാണ് ഡെലിവറന്‍സിന്റെ കാതല്‍. പ്രകൃതിയുടെ സൗന്ദര്യം ഇത്രയേറെ ഒപ്പിയെടുക്കുന്ന ആദ്യ സിനിമയെന്ന വിശേഷണമാണ് നിരൂപകര്‍ ചിത്രത്തിന് നല്‍കുന്നത്. അത് യാഥാര്‍ത്ഥ്യമാണെന്ന് സിനിമ തെളിയിക്കുന്നു. പരുക്കനും സാഹസികനുമായ ലൂയിസ് മെഡ്‌ലോക്കും (ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്) കൂട്ടുകാരായ എഡ് ജെൻട്രി (ജോണ്‍ വോ), ബോബി ട്രിപ്പ്( നെഡ് ബീറ്റി) ഡ്രൂ ബാലിഞ്ജര്‍ (റോണി കോക്‌സ്) എന്നിവരുമാണ് നദീയാത്രയിലെ അംഗങ്ങള്‍. അതിജീവനമാണ് ലൂയിസിന്റെ ജീവിതത്തിന്റെ ആപ്തവാക്യം. ലൂയിസിന്റെ നേതൃത്തിലാണ് മറ്റുള്ളവരുടെ വിശ്വാസം. രണ്ടു കാറുകളിലായി അവര്‍ പുറപ്പെടുകയാണ്.

യാത്ര അവസാനിക്കുന്ന എയ്ന്‍ട്രിയില്‍ കാറുകള്‍ എത്തിക്കാനായി അവര്‍ രണ്ട് മലയോര മനുഷ്യരെ (ഹില്‍ബില്ലി പീപ്പിള്‍ ) ചുമതലപ്പെടുത്തുന്നു. സായ്പ്പന്‍മാര്‍ റെഡ് ഇന്ത്യക്കാരെ വിവാഹം ചെയ്തുണ്ടായ തലമുറയാണ് ഈ മലയോര മനുഷ്യര്‍. ഇവരെ രണ്ടു കൂട്ടരും അംഗീകരിക്കുന്നില്ല. ഒരു പരുക്കന്‍ ജീവിതമാണ് അവര്‍ നയിക്കുന്നത്. യാത്ര പുറപ്പെടുന്ന സ്ഥലത്തെത്തുമ്പോള്‍ രസകരമായ ഒരു സംഗീതാനുഭവവും സംവിധായകന്‍ സൃഷ്ടിക്കുന്നുണ്ട്. മലയോര വിഭാഗത്തിലെ ഒരു ബാലനും ഡ്രൂവും ചേര്‍ന്ന് ബാംഗോയില്‍ (ഗിറ്റാര്‍ പോലുള്ള ഒരു സംഗീത ഉപകരണം) സംഗീത മഴപെയ്യിക്കുന്നു. നാഗരികരും ഗ്രാമീണരും സംഗീതത്തിലൂടെ ഒന്നാവുകയാണ്.

പാറക്കെട്ടുകളും കുത്തൊഴുക്കും നിറഞ്ഞ നദിയിലൂടെയുള്ള സാഹസികയാത്ര നാലുപേരും ആസ്വദിക്കുകയാണ്. ആദ്യദിനം വലിയ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു പോകുന്നു. രണ്ടാംദിനം എഡും ബോബിയും യാത്രയ്ക്കിടെ അവരുടെ വള്ളം കരയില്‍ അടുപ്പിക്കുന്നു. അവിടെ വനത്തില്‍ നിന്നും രണ്ട് മലയോര മനുഷ്യര്‍ ഇറങ്ങിവരുന്നു. എഡിനോടും ബോബിയോടും സൗഹാർദപരമായ സമീപനമല്ല അവര്‍ സ്വീകരിച്ചത്. അതിലൊരാള്‍ ബോബിയെ ലൈംഗികമായി ഉപദ്രവിക്കുന്നു. രണ്ടാമന്‍ എഡിനെ പീഡിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ അവിടെയെത്തുന്ന ലൂയിസ് ആദ്യത്തെയാളെ അമ്പെയ്തു കൊല്ലുന്നു. രണ്ടാമന്‍ ഇതോടെ വനത്തിലേക്ക് രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ സംഭവങ്ങള്‍ സംഘത്തെ തളര്‍ത്തുന്നു. എങ്കിലും ലൂയിസ് സഹജമായ നേതൃപാടവത്തോടെ പ്രശ്‌നം പരിഹരിക്കുന്നു.

തുടര്‍ന്നുള്ള യാത്രയില്‍ എഡിനൊപ്പം ഡ്രൂവാണ് പങ്കാളിയായത്. മുന്നില്‍ തുഴഞ്ഞിരുന്ന ഡ്രൂ തലകറങ്ങി വെള്ളത്തില്‍ വീഴുന്നു. ഡ്രൂ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ വള്ളങ്ങള്‍ പാറക്കെട്ടിലിടിച്ച് മറ്റു മൂന്നു പേരും വെള്ളത്തില്‍ വീഴുന്നു. ഡ്രൂ ഒഴുക്കില്‍പ്പെട്ടെങ്കിലും മറ്റു മൂന്നുപേരും നീന്തിയെത്തി പാറക്കെട്ടില്‍ പിടിച്ച് രക്ഷപ്പെടുന്നു. ഇതിനിടെ ലൂയിസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇതോടെ സംഘത്തിന്റെ നേതൃസ്ഥാനം എഡ് ഏറ്റെടുത്തു.

രക്ഷപ്പെട്ട രണ്ടാമത്തെ മലയോര മനുഷ്യന്‍ പകവീട്ടാന്‍ വരുമെന്ന പേടിയിലാണ് മൂവരും. അയാളെ തിരഞ്ഞ് എഡ് പാറക്കെട്ട് കയറി മുകളിലെത്തുന്നു. അവിടെ തോക്കുമായി നില്‍ക്കുന്ന ആളെ കണ്ട് എഡ് അയാളെ അമ്പെയ്ത് കൊല്ലുന്നു. ഇതിനിടയില്‍ എഡിനും പരിക്കേല്‍ക്കുന്നു. എഡ് കൊലപ്പെടുത്തിയ ആളെ അവര്‍ നദിയില്‍ മറവു ചെയ്യുന്നു. ഇതിനിടയല്‍ ഡ്രൂവിന്റെ മൃതദേഹവും അവര്‍ കണ്ടെത്തുന്നുണ്ട അതും അവര്‍ നദിയില്‍ താഴത്തുന്നു.

വൈകാതെ ലൂയിസുമായി എഡും ബോബിയും എയ്ന്‍ട്രിയിലേക്ക് നീങ്ങുന്നു. കരയ്‌ക്കെത്തുമ്പോള്‍ അവര്‍ക്ക് മൂന്ന് മരണങ്ങള്‍ക്ക് സമാധാനം പറയണം. അത് പരിഹരിക്കുന്നതിനായി എഡും ബോബിയും ഒരു കഥ മെനയുന്നു. രണ്ട് കൊലപാതകങ്ങള്‍ മൂടിവെയ്ക്കുന്ന അവര്‍ ഡ്രൂ വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്ന കാര്യം മാത്രം ഷെറീഫ് അടക്കമുള്ള (തിരക്കഥാകൃത്ത് ജെയിംസ് ഡിക്കി തന്നെയാണ് ഷെറീഫായി വേഷമിടുന്നത്) അധികാരികളെ അറിയിക്കുന്നു. ഷെറീഫിന് ഇവരുടെ കഥയില്‍ വിശ്വാസം വരുന്നില്ലെങ്കിലും അങ്ങോട്ട് ഇനി തിരിച്ചുവരില്ലെന്ന ഉറപ്പില്‍ വെറുതെ വിടുന്നു.

ഡെലിവറൻസിലെ പ്രധാനതാരങ്ങൾ | ഫോട്ടോ: www.tcm.com/tcmdb/title/22066/deliverance/#overview

ഗ്രാമീണതയുടെ മേല്‍ നാഗരികത നേടുന്ന വിജയമാണ് ഡെലിവറന്‍സിന്റെ കാതല്‍. ഒരു ജലവൈദ്യുത പദ്ധതിക്കായി ഒരു നദിയും വനവും ഇല്ലാതാകുകയാണ്. നഗരവാസികളുടെ സൗകര്യത്തിനായി ഗ്രാമീണര്‍ ബലികഴിക്കപ്പെടുന്നുവെന്ന നിത്യസത്യം ഒരിക്കല്‍ക്കൂടി അരങ്ങേറുന്നു. നാഗരികര്‍ ഏത് സാഹചര്യങ്ങളെയും അതിജീവിക്കുമെന്ന സത്യവും ചിത്രം അടിവരയിട്ടു തെളിയിക്കുന്നു. 1970-ല്‍ പുറത്തിറങ്ങിയ ജെയിംസ് ഡിക്കിയുടെ നോവല്‍ എക്കാലത്തെയും ഒരു ബെസ്റ്റ് സെല്ലറായിരുന്നു. നോവലിനോട് നീതി പുലര്‍ത്തി എക്കാലത്തെയും മികച്ച ഒരു ക്ലാസിക് സിനിമ നിര്‍മിക്കാന്‍ ബൂര്‍മാനുമായി.

ഡെലിവറന്‍സിനെക്കുറിച്ച് രസകരമായ ധാരാളം ചരിത്രങ്ങളുണ്ട്. ചിത്രത്തിന്റെ വിതരണക്കാരായ വാര്‍ണര്‍ ബ്രദേഴസിന് സിനിമ റോമന്‍ പൊളാന്‍സ്കി സംവിധാനം ചെയ്യുന്നതായിരുന്നു താൽപര്യം. ജയിംസ് ഡിക്കിക്കാകട്ടെ സാം പെക്കിന്‍പാ സംവിധായകനാകണമെന്നും. ചിത്രത്തില്‍ ലൂയിസിന്റെ വേഷം ചെയ്യാന്‍ മര്‍ലന്‍ ബ്രാന്‍ഡോയെയും എഡിന്റെ വേഷത്തിന് ലീ മാര്‍വിനെയുമാണ് പരിഗണിച്ചിരുന്നത്. ഇവര്‍ക്കു പകരമായാണ് എഡായി ജോണ്‍ വോയും ലൂയിസായി ബര്‍ട്ട് റെയ്‌നോള്‍ഡ്‌സുമെത്തുന്നത്. തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ട് അഭിനയം തന്നെ നിറുത്താനിരുന്ന ജോണ്‍ വോയ്ക്ക് (പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളിയുടെ അച്ഛൻ) ഡെലിവറന്‍സ് പുതുജീവനാണ് നല്‍കിയത്. റെയ്‌നോള്‍ഡ്‌സാകട്ടെ താരപദവിയിലേക്ക് ഉയരുകയും ചെയ്തു. നെഡ് ബീറ്റിയുടേയും റോണി കോക്‌സിന്റെയും കരിയറിലെ ആദ്യ ചിത്രമായിരുന്നു ഡെലിവറന്‍സും. അവര്‍ക്കും ചിത്രം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

ജയിംസ് ഡിക്കിയുടെ സ്വഭാവത്തിന്റെ നാലു പകര്‍പ്പുകളാണ് ചിത്രത്തിലെ നാലു പ്രധാന കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്നതെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. ബൂര്‍മന്റെയും ഡിക്കിയുടെയും കൂട്ടുകെട്ടിലൂടെ സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ് പിറന്നത്.

ജോര്‍ജിയയെയും സൗത്ത് കരോലൈനയെയും വേര്‍തിരിക്കുന്ന ചച്ചൂഗാ നദിയിലാണ് ഡെലിവറന്‍സിന്റെ ചിത്രീകരണം നടന്നത്. ജോര്‍ജിയയിലെ മലകളുടെയും ചച്ചൂഗാ നദിയുടെയും സൗന്ദര്യം ഇതോടെ ലോകത്തിന് മുന്നിലെത്തി. നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിക്കപ്പെട്ടു. സാഹസിക ടൂറിസത്തിനും ഇവിടെ പ്രസിദ്ധമായി. സിനിമ ഇറങ്ങിയതിന്റെ നാല്‍പ്പതാം വാര്‍ഷികം ചച്ചൂഗയില്‍ ആഘോഷിച്ചിരുന്നു. ചച്ചൂഗയിലെ ആളുകളെ മോശക്കാരായി ചിത്രീകരിച്ചതിന് സിനിമയ്‌ക്കെതിരെ ചില വിമര്‍ശനങ്ങളുമുണ്ടായി.

സാമ്പത്തികമായി വന്‍ വിജയം നേടിയ ഡെലിവറന്‍സ് മികച്ച ചിത്രം, മികച്ച ഡയറക്ടര്‍ , മികച്ച ഫിലിം എഡിറ്റിങ് എന്നീ വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം നേടുകയുമുണ്ടായി. സിനിമാ ചരിത്രത്തില്‍ തിളങ്ങുന്ന സ്ഥാനമാണ് ഡെലിവറന്‍സിനുള്ളത്.

(അവലംബം- ഡെലിവറന്‍സ് സിനിമ, വിക്കിപ്പീഡിയ)

Content Highlights: Deliverance Movie, Classic Movie, John Boorman, Jon Voight, James Dickey, Flashback

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented