ദീപക് പരമേശ്വരൻ, മമ്മൂട്ടി, ദുൽഖർ സൽമാൻ
ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയാനൊരുങ്ങവേ ദീപകിനോട് വീണ്ടും ചോദിച്ചു.
-നിങ്ങളുടെ കൈയില്‍ മമ്മൂക്കയുടെ കൂടെയോ ദുല്‍ഖറിന്റെ കൂടെയോ ഉള്ള ഒരു ഫോട്ടോ പോലുമില്ലേ...?
ചോദ്യത്തിലെ അവിശ്വസനീയതയെ എങ്ങനെ മറികടക്കേണ്ടൂ എന്ന നിസ്സഹായതയില്‍ ദീപക് ചിരിച്ചു
-ഇല്ല ചേട്ടാ...സത്യമായിട്ടും ഇല്ല...'പ്രെയ്സ് ദ് ലോര്‍ഡി'ന്റെ സമയത്ത് മമ്മൂക്കയുടെ കൂടെ ഒരെണ്ണം എടുത്തിരുന്നു എന്നാണ് ഓര്‍മ. പക്ഷേ അതൊക്കെ എവിടെയോ പോയി...
ദീപക് യാത്ര പറഞ്ഞിറങ്ങി. പോകുന്നത് ദുല്‍ഖറിനരികിലേക്കാണ്. മലയാളത്തിലെ വന്‍കിടസിനിമകളുടെ ടൈറ്റില്‍ കാര്‍ഡില്‍ 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍' എന്ന് വായിക്കുമ്പോള്‍ ഇനി ഇയാളെ ഓര്‍മിക്കുക. താരങ്ങളുടെ പ്രകാശത്തില്‍ സ്വയം പൊലിക്കാന്‍ ശ്രമിക്കുന്ന അണിയറപ്രവര്‍ത്തകര്‍ ഒരുപാടുള്ള സിനിമാലോകത്ത് സ്വയംനട്ടുനനച്ചുവളര്‍ത്തിയ ആത്മബോധത്തിന്റെ ഒറ്റമരത്തിന് പിന്നില്‍ സ്വസ്ഥനായി മറഞ്ഞുനില്കാന്‍ ആഗ്രഹിക്കുന്ന ഈ ചെറുപ്പക്കാരനാണ് 'ഭീഷ്മപര്‍വ'ത്തിന്റെയും 'കുറുപ്പി'ന്റെയുമൊക്കെ നിര്‍മാണനിര്‍വഹണം. 'ആടുജീവിത'വും 'കിങ് ഓഫ് കൊത്ത'യും 'കാളിയ'നും ഇയാളുടെ തലച്ചോറില്‍ ചാര്‍ട്ടുകളായും കോടികളുടെ കണക്കുകളായും കെട്ടുപിണഞ്ഞുകിടക്കുന്നു. ഏത് പാതിരാത്രിയിലും ദീപകിന്റെ ഫോണറ്റത്ത് മലയാളത്തിലെ ഏത് സൂപ്പര്‍താരത്തെയും കിട്ടും.
എന്നിട്ടും അയാള്‍ പറയുകയാണ്: 'ഞാന്‍ ആര്‍ട്ടിസ്റ്റുകളുടേം ഡയറക്ടേഴ്സിന്റേം കൂടെയൊന്നും ഫോട്ടോ എടുക്കാറില്ല...എന്താണെന്നറിയില്ല...എനിക്കങ്ങനെ തോന്നീട്ടില്ല..നമ്മള്‍ നമ്മുടെ ജോലി ചെയ്യുന്നു,പോകുന്നു...അതിനപ്പുറം അധികമൊന്നും ആലോചിക്കാറില്ല...'
ഇങ്ങനെയും അപൂര്‍വം ചിലരുണ്ട്. അവര്‍ക്ക് സിനിമയെന്നത് സ്വയം വലുതാകാനുള്ള കുറുക്കുവഴിയില്ല. ഫെയ്സ്ബുക്ക് ചുമരുകളില്‍ ഒട്ടിച്ചുവയ്ക്കാനുള്ള സെല്‍ഫിപൊങ്ങച്ചമല്ല. ഒറ്റപ്പടം കഴിയുമ്പോഴേ ഒരുപാട് വാരിപ്പിടിക്കാന്‍ ശ്രമിക്കുന്ന അത്യാഗ്രഹവുമല്ല. അവര്‍ക്കത് അന്നമാണ്. ആത്മാര്‍ഥമായ അര്‍പ്പണവും.
മലയാളത്തില്‍ ഇന്നുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ താരപദവിയുണ്ട് ദീപക് പരമേശ്വരന്. ഒരേസമയം മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന അപൂര്‍വത അവകാശപ്പെടാനാകുന്നയാള്‍. അതിനൊപ്പം പൃഥ്വിരാജും ഫഹദും ടൊവിനോയും നിവിന്‍പോളിയും ക്രഡിറ്റ് ലിസ്റ്റില്‍. ഇതൊക്കെയും വലതുകൈ കൊണ്ട് നിയന്ത്രിക്കുമ്പോള്‍ ഇടം കൈകൊണ്ട് അര്‍ജുന്‍ അശോകനും ശ്രീനാഥ്ഭാസിക്കും സണ്ണിവെയ്നിനുമെല്ലാം ഒപ്പം ദീപക് ജോലി ചെയ്യുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് ചില നിയതമായ വൃത്തങ്ങളുണ്ട്. സര്‍ക്കിളുകള്‍ എന്ന് സിനിമാഭാഷ. സംവിധായകരും താരങ്ങളും നിര്‍മാതാക്കളും ചേര്‍ന്ന് പ്രിയങ്കരനായ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും ഒപ്പം ചേര്‍ത്ത് വരയ്ക്കുന്നതാണത്. പല സര്‍ക്കിളുകളില്‍ പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായിരിക്കും. പക്ഷേ ദീപക് എല്ലാ വൃത്തങ്ങളിലുമുണ്ട്. എല്ലാവര്‍ക്കും പ്രിയങ്കരനാണ് അയാള്‍. എന്നിട്ടും അയാള്‍ പറയുകയാണ്:'ഇങ്ങനെയൊക്കെ സൈഡിലൂടെ പോകുന്നതാണ് ചേട്ടാ എനിക്കിഷ്ടം...'
സിനിമയില്‍ സംവിധായകനും താരങ്ങള്‍ക്കുമിടയിലെ പാലമാണ് പണ്ടുതൊട്ടേ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഇരുകൂട്ടര്‍ക്കുമിടയിലെ സന്ദേശഹരന്‍. 'ഇന്നുരാവിലെ എത്താനാകില്ല' എന്ന് താരം പറയുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളറോടാണ്. അത് സംവിധായകനെ അറിയിക്കേണ്ട ചുമതല അയാള്‍ക്കാണ്. 'നാളെ രാത്രി വൈകിയും ഷൂട്ട് ഉണ്ടാകു'മെന്ന സംവിധായകന്റെ അഭ്യര്‍ഥന ചെവിക്കൊള്ളുകയും അത് താരത്തിലേക്ക് ഈഗോയ്ക്ക് മുറിവേല്ക്കാതെ എത്തിക്കുകയും ചെയ്യേണ്ടിവരും പ്രൊഡക്ഷണ്‍ കണ്‍ട്രോളര്‍ക്ക്. ഇതിനിടയ്ക്ക് ലൊക്കേഷന്‍ കണ്ടെത്തലില്‍ മുതല്‍ മെസ്സിലെ നാലുമണിപ്പലഹാരത്തില്‍ വരെ കണ്ണുണ്ടാകുകയും വേണം. നിര്‍മാതാവിന്റെ കണക്കപ്പിള്ളയ്ക്ക് മുന്നില്‍ ഉത്തരം പറയേണ്ട ഒരേയൊരാളും പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. ക്ഷമ എന്ന വാക്ക് മാത്രം എഴുതിവച്ച ഒരു നിഘണ്ടുവാണ് അയാള്‍. മറ്റൊരു വാക്കിനും അയാളില്‍ സ്ഥാനമില്ല.
കാലം മാറിയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കും സ്വന്തം സംഘമായി. അതുകൊണ്ടുതന്നെ ജോലികള്‍ വീതിച്ചുകൊടുക്കാനാകുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന കൂടുതല്‍ തൂക്കമുള്ള പേരിലേക്ക് അവര്‍ സ്വയം പരിവര്‍ത്തനം നടത്തുന്നു. പല സിനിമകള്‍ക്കും പിന്നിലെ നിക്ഷേപസംരംഭകര്‍ ആയി മാറുന്നു. പക്ഷേ ദീപക് ആ വഴിയിലൂടെയും പോകുന്നില്ല. ഇപ്പോഴുള്ള പേരിലും പദവിയിലും ജീവിതത്തിലും തൃപ്തനാണ് അയാള്‍.
പിറവം രാമമംഗലത്തിനടുത്തുള്ള കിഴുമുറി എന്ന ഗ്രാമത്തില്‍ നിന്ന് കാല്‍നൂറ്റാണ്ടിന് മുമ്പ് സിനിമയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ദീപക്. മഹാരാജാസിലെ പ്രീഡിഗ്രിപഠനം അവസാനിപ്പിച്ചശേഷം തിരുവനന്തപുരത്തെ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി യാത്രയാകുമ്പോള്‍ ആ പ്രായത്തിലുള്ള ആരിലുമുള്ളതു പോലെ അഭിനയമോഹമായിരുന്നു മനസില്‍. പക്ഷേ കാലമെന്ന സംവിധായകന്‍ ദീപകിനെ എത്തിച്ചത് സിനിമയുടെ അയല്‍പക്കത്തുമാത്രമാണ്. എങ്കിലും അവിടെ അയാളെ കാത്ത് രാമു മംഗലപ്പള്ളി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉണ്ടായിരുന്നു.
മാതൃഭൂമി ടെലിവിഷന്റെ 'ശമനതാളം'പരമ്പരയുടെ നിര്‍മാണനിര്‍വഹണത്തില്‍ ദീപക് രാമുവിനൊപ്പം കൂടി. അതിലെ പരിചയം ബാലചന്ദ്രമേനോന്റെ 'കൃഷ്ണ ഗോപാലകൃഷ്ണ' എന്ന സിനിമയിലെത്തിച്ചു. പക്ഷേ 'കട്ട്' എന്ന ഒറ്റവിളിയുടെ മാത്രയില്‍ എല്ലാ വിളക്കുകളും അണഞ്ഞുപോകാറുള്ള സിനിമാലോകത്ത് ദീപകിന് മുന്നിലേക്കും ഇരുള്‍വീണത് പെട്ടെന്നാണ്. പിന്നീടുള്ള കുറച്ചുകാലം അലഞ്ഞുതിരിയലുകളുടേത്.
രാജുനെല്ലിമൂട് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറിലൂടെ ദീപകിന്റെ ജീവിതത്തില്‍ വീണ്ടും വെളിച്ചം നിറഞ്ഞു. രാജുനെല്ലിമൂട് ദീപകിനെ സ്വയം പറക്കാന്‍ പഠിപ്പിക്കുകയാണുണ്ടായത്. മമ്മൂട്ടി നായകനായ 'ഈ പട്ടണത്തില്‍ ഭൂത'ത്തിന്റെ ടൈറ്റില്‍കാര്‍ഡില്‍ പ്രൊഡക്ഷന്‍ മാനേജേഴ്സ് എന്ന പട്ടികയില്‍ ആദ്യ പേരുകാരനായി ദീപു രാമമംഗലം എന്ന പേരും തെളിഞ്ഞു. മമ്മൂട്ടി എന്ന നക്ഷത്രരാജാവിനൊപ്പമുള്ള യാത്രയ്ക്കും അവിടെ തുടക്കം. ദീപു രാമമംഗലം ദീപക് പരമേശ്വരന്‍ ആയതും സക്കറിയയുടെ കഥയില്‍ മമ്മൂട്ടി നായകനായ 'പ്രെയ്സ് ദി ലോഡ്' എന്ന സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ ദീപകിന്റെ ആദ്യ സ്വതന്ത്രസംരംഭം ആയതും ഒരുപക്ഷേ കാലം എഴുതിവെച്ച തിരക്കഥയിലെ മറ്റൊരു സീന്‍.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ ആദ്യ സിനിമയായ 'മണിയറയിലെ അശോകന്‍'മുതല്‍ ദീപക് ആണ് നിര്‍മാണമേല്‍നോട്ടം. 'സല്യൂട്ട്' മാത്രം മറ്റൊരാള്‍. 'കിങ് ഓഫ് കൊത്ത'യിലൂടെ ദുല്‍ഖര്‍ വീണ്ടും മലയാളത്തിന്റെ ഡോണ്‍ ആകാനൊരുങ്ങുമ്പോള്‍ മംഗലാപുരത്തും കന്യാകുമാരിയിലുമൊക്കെ ലൊക്കേഷന്‍ തേടിയുള്ള യാത്രയിലാണ് ദീപക്. മലയാളസിനിമയുടെ രണ്ട് തലമുറയിലെ ഏറ്റവും ജ്വലനശേഷിയുള്ള പിതാവിനും പുത്രനുമിടയില്‍ അങ്ങേയറ്റം പരിശുദ്ധനായി ഒരാള്‍.
അമല്‍ നീരദിനെപ്പോലുള്ള സംവിധായകരുടെ ഇഷ്ടകഥാപാത്രവുമാണ് ദീപക്. സി.ഐ.എ യിലാണ് തുടക്കം. വരത്തനും കടന്ന് ഭീഷ്മയിലെത്തുമ്പോള്‍ ആ കൂട്ടുകെട്ടിന് ഇഴമുറുക്കമേറെ. 'ആടുജീവിതം'എന്ന സ്വപ്നപദ്ധതിക്കായി ബ്ലസി ഒപ്പം കൂട്ടിയതും ദീപകിനെത്തന്നെ. ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളില്‍ ഇതിനകം ദീപക് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. ഏറ്റവും കൂടുതല്‍ പഴികേള്‍ക്കാന്‍ സാധ്യതയുള്ള ഒരു ജോലിയുമായി അധികമൊന്നും ആഗ്രഹിക്കാതെ മുന്നോട്ടുപോകുമ്പോള്‍ ദീപക് ഇങ്ങനെ പറയുന്നു:'കൃത്യമായ പ്ലാനിങ് ഉള്ള സംവിധായകനുണ്ടെങ്കില്‍ സിനിമയില്‍ പേടിക്കാനില്ല. അങ്ങനെയൊരു പ്ലാനിങ് ഇല്ലാതാകുമ്പോഴാണ് കോടികള്‍ നഷ്ടപ്പെടുന്നത്. എന്റെ ഭാഗ്യത്തിന് അങ്ങനെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് പേരുദോഷമുണ്ടായിട്ടില്ല..'
പ്രൊഡക്ഷന്‍ കണ്‍ട്രോളറായി അഞ്ചാമത്തെ സിനിമയില്‍ പ്രോജക്ട് ഡിസൈനറും ഏഴാമത്തേതില്‍ പ്രൊഡ്യൂസറുമാകാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ നിന്ന് മാറി ഈ ചെറുപ്പക്കാരന്‍ തന്റെ ഒറ്റമരത്തണലില്‍ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അയാളുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് ഒരുപക്ഷേ മലയാളസിനിമയുടെ ഡയറക്ടറി തന്നെയായിരിക്കാം. അവരില്‍ ആരുടെയും കലണ്ടറില്‍ അയാള്‍ക്ക് ഇടമുണ്ടാകും. എന്നിട്ടും അയാള്‍ പറയുന്നു:'തത്കാലത്തേക്ക് വേറെ ഒരു പ്ലാനുമില്ല..ഇപ്പോഴുള്ളതുപോലെ തന്നെ പോട്ടെ...'
ഈ വരികളെഴുതുമ്പോള്‍ ദീപകിനെ വിളിച്ചു. അയാളപ്പോള്‍ കൊച്ചിയിലെ നിരത്തിലൂടെ കാറോടിക്കുകയാണ്. 'കാളിയന്‍'എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ മീറ്റിങ്ങിലേക്കുള്ള വഴിയില്‍. 'ഓാാാ...അങ്ങനെ എഴുതാന്‍ മാത്രമൊക്കെയുണ്ടോ ചേട്ടാ...' എപ്പോഴത്തേയും പോലെ തണുത്ത നിസ്സംഗത നിറഞ്ഞ വാക്കുകള്‍. അത്രയും പറഞ്ഞശേഷം അയാള്‍ കാര്‍വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് യാത്രതുടരുകയാകണം. പൃഥ്വിരാജിന് മുന്നില്‍ ചെന്നവസാനിക്കേണ്ട യാത്രയാണത്...
Content Highlights: Deepak Parameswaran, Malayala Cinema, Production Controller, Mammootty Dulquer Salman Film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..